രാത്രിയിൽ ബലി ഇടരുത്; സ്വന്തം വീട് ഏറ്റവും ഉത്തമം
അനിൽ വെളിച്ചപ്പാടൻ
പിതൃകർമ്മത്തിന് “ഇല്ലം-വല്ലം-നെല്ലി” എന്നായിരുന്നു പണ്ടുമുതലേയുള്ള പ്രമാണം. അതായത് സ്വന്തം വീട്, തിരുവല്ലം ക്ഷേത്രം, തിരുനെല്ലി ക്ഷേത്രം. ഇതിൽ പോലും പറഞ്ഞതും വിശ്വസിച്ചതും ആചരിച്ചതും ആദ്യം, ‘സ്വന്തം വീടെന്ന്’ തന്നെയാണ്. സ്വന്തം ഗൃഹമാണ് ബലിയിടാൻ ഏറ്റവും ഉത്തമം. അപ്പോൾ അന്യദേശത്ത് കഴിയുന്ന വീടില്ലാത്തവർ എന്തു ചെയ്യും? ക്ഷേത്രമുണ്ടെങ്കിൽ അവിടെ ചെയ്യാൻ ശ്രമിക്കുക. അതിനും യാതൊരു സാദ്ധ്യതയുമില്ലെങ്കിൽ സ്വന്തം മുറിയിൽ ഇരുന്നെങ്കിലും പിതൃകർമ്മം ചെയ്ത് പ്രാർത്ഥിക്കണം. എവിടെയാണെങ്കിലും പിതൃകർമ്മം ചെയ്യുകയാണ് പ്രധാനം.
തെക്കോട്ട് തിരിഞ്ഞുനിന്നാണ് പിതൃകർമ്മം ചെയ്യേണ്ടത്. തെക്കും വടക്കും അറിയാത്തവർക്ക് വടക്കുനോക്കിയന്ത്രം വച്ച് ദിക്ക് കണ്ടുപിടിക്കാം. ഇപ്പോഴത്തെ മിക്ക സ്മാർട്ട് ഫോണിലും കോമ്പസുണ്ട്. ഒരു കഷണം പച്ചക്കറിയോ ഒരു പഴമോ കൊണ്ടുപോലും പിതൃകർമ്മം ചെയ്ത് സായൂജ്യം നേടാമെന്ന് പറവൂർ ശ്രീധരൻ തന്ത്രി പറഞ്ഞിട്ടുണ്ട്. വീടിന്റെ മുറ്റത്തോ, ഉള്ളിലോ, ടെറസ്സിലോ തെക്കോട്ട് തിരിഞ്ഞുനിന്ന് മുന്നിൽ തുമ്പ് തെക്കോട്ട് നീട്ടി വാഴയിലയിട്ട് അതിൽ പൂവും പിണ്ഡവും വച്ച് പിതൃക്കൾക്ക് ബലിയിടുന്നതാണ് ബലിയിട്ടുന്നവർക്കും കുടുംബത്തിനും പരമ്പരകൾക്കും ശ്രേയസ്കരം .
കേരളത്തിൽ ഇപ്പോൾ മിക്ക സ്‌ഥലങ്ങളിലും വാവുബലി കർമ്മികളുടെ എണ്ണം കൂടിവരികയാണ്. എന്നാൽ ഇവരിൽ പലരും ബലി വിധികൾ ശരിയായി പാലിക്കാറില്ല. പലരും ബലികർമ്മം രാത്രിയും വൈകുന്നേരവുമെല്ലാം ചെയ്ത് ദോഷം വിളിച്ചു വരുത്തുക കൂടി ചെയ്യുന്നുണ്ട്. ഈ രീതി എന്തായാലും അവസാനിപ്പിക്കണം. പിതൃകർമ്മ വിധികൾ വിവരിക്കുന്നഎല്ലാ ഗ്രന്ഥങ്ങളിലും സൂര്യോദയശേഷം മാത്രമാണ് ബലികർമ്മം പറഞ്ഞിട്ടുള്ളത്. അപ്പോൾ എന്തിനാണ് പാതിരാത്രിയിലൊക്കെ ബലികർമ്മം ചെയ്ത് നമ്മൾ വെറുതെ പിതൃ ദോഷം ഏറ്റുവാങ്ങുന്നത്?അസമയത്ത് ചെയ്ത് ദുരിതം കൂട്ടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് സ്വന്തം സൗകര്യത്തിന് സ്വയം ഈ ക്രിയ ചെയ്ത് പ്രാർത്ഥിക്കുന്നതാണ്. ബലിയിടേണ്ട സാമാന്യ വിധി പറയാം :
തെക്കോട്ട് തിരിഞ്ഞുനിന്ന് ഒരു വാഴയിലയുടെ തുമ്പ് തെക്കോട്ട് നീട്ടിയിട്ട്, അതിന്റെ നടുക്ക് അരിമാവും എള്ളും കൊണ്ട് ഒരേയൊരു പിണ്ഡം ഉരുട്ടിയത് ഭക്തിയോടെ വച്ച് “പരേതാത്മാക്കൾ നാരായണലോകത്ത് സസന്തോഷം വാഴട്ടെ ” എന്ന് പ്രാർത്ഥിച്ച്, അതിൽ പൂവിട്ട് പ്രാർത്ഥിച്ച്, ഗ്ലാസ്സിലെ അല്ലെങ്കിൽ കിണ്ടിയിലെ വെള്ളം തളിച്ച്, ചന്ദനത്തിരി ഉഴിഞ്ഞ്, കർപ്പൂരം കത്തിച്ച് ഉഴിഞ്ഞ് പ്രാർത്ഥിച്ച് ശേഷം ഇവ എടുത്ത് പക്ഷികൾക്കോ മത്സ്യങ്ങൾക്കോ ഭക്ഷണമായി കൊടുക്കണം. അല്ലെങ്കിൽ ഇവയൊക്കെ വൃത്തിയുള്ള മറ്റൊരു സ്‌ഥലത്തോട്ട് മാറ്റി വക്കാം. അല്ലെങ്കിൽ ഓരോരോ പ്രദേശത്ത് ഇപ്പോൾ വാവുബലി കർമ്മങ്ങൾ സ്വന്തമായി ചെയ്യുന്നത് എങ്ങനെയാണോ അപ്രകാരം ചെയ്യാവുന്നതാണ്. നമ്മൾ നമ്മുടെ പരേതാത്മാക്കൾക്കുവേണ്ടി സ്വന്തമായി നൽകുന്ന ബലികർമ്മവും പ്രാർത്ഥനയും മാത്രമായിരിക്കും അവരെ കൂടുതൽ സന്തോഷിപ്പിക്കുന്നത്.
സ്വന്തമായി വാവുബലി കർമ്മം ചെയ്യുന്നവർക്ക് മന്ത്രജപങ്ങളോ മറ്റ് തന്ത്രങ്ങളോ ആവശ്യമില്ല. സ്വന്തം കുടുംബത്തെ ആത്മാക്കളെ സായൂജ്യരാക്കാൻ ദശാംഗങ്ങളോ മുദ്രകളോ പിടിക്കേണ്ടതുമില്ല. അതൊക്കെ ചെയ്യുന്നത് മറ്റുളളവർക്കുവേണ്ടി ചെയ്യുന്നവരാണ്. അതായത് കർമ്മികളാണ് ദശാംഗങ്ങൾ പിടിച്ചുള്ള മന്ത്ര-തന്ത്ര-കർമ്മങ്ങൾ ചെയ്യുന്നത്. പിതൃക്കൾക്കായി പ്രാർത്ഥിക്കാൻ നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ പിന്നെ അതിന് ഇടനിലക്കാരുടെ ആവശ്യമില്ല.
ഇവയൊന്നും സ്വന്തമായി ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ വാവുബലി ദിവസം സൂര്യോദയശേഷം മാത്രം ക്ഷേത്രങ്ങൾ ഒരുക്കുന്ന ബലിസ്‌ഥാനത്ത് പോയി ബലികർമ്മം ചെയ്യണം.
മരണശേഷം വീട്ടിൽ ചെയ്യുന്ന മാസബലി അഥവാ പക്കബലി സൂര്യോദയശേഷം മാത്രമാണ് ചെയ്തിരുന്നത്. കർക്കടകവാവിലെ ബലികർമ്മവും സൂര്യൻ ഉദിച്ചശേഷം മാത്രമാണ് ചെയ്തു വന്നത്. എന്നാൽ ചിലരുടെ കച്ചവട താല്പര്യാർത്ഥം ബലികർമ്മ വിധികളെപ്പോലും കാറ്റിൽപ്പറത്തി, വിശ്വാസികളോട് യാതൊരു പ്രതിബദ്ധതയും കാണിക്കാതെ പാതിരാത്രി മുതൽ ബലികർമ്മം നടത്തി വരുന്നു. ചെയ്യിക്കുന്നവർക്കും ചെയ്യുന്നവർക്കും അവരുടെ തലമുറകൾക്കും നടത്തപ്പെടുന്ന ആ നാടിനുതന്നെയും പിതൃശാപം വരുത്തിവെക്കുന്ന രീതി നല്ലതായിരിക്കില്ലെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.
“ഉത്തമൗ പ്രാഹ്ന പൂർവ്വാഹ്നൗമദ്ധ്യാഹ്‌നേ മദ്ധ്യമസ്മൃതാഃനിന്ദ്യോ അപരാഹ്നോസായാഹ്നേതു വിവർജ്ജയേൽ”
എന്ന ആചാര്യവചനപ്രകാരം സൂര്യോദയം മുതൽ ആദ്യത്തെ 12 നാഴിക അതായത് ഉദയം കഴിഞ്ഞ്5 മണിക്കൂർ 20 മിനിറ്റ് ഉത്തമകാലവും പിന്നെയുള്ള 2 നാഴിക അതായത് 48 മിനിറ്റ് മദ്ധ്യമവും ആകുന്നു. ശേഷം വരുന്ന സമയമെല്ലാം വർജ്ജ്യമെന്നും ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. അപ്പോൾ എങ്ങനെയാണ് വൈകിട്ടും പാതിരാത്രിയിലും ഉദയത്തിനുമുമ്പും പിതൃബലി ചെയ്യുന്നത്? കർക്കടകവാവുബലി അസമയത്തും ചെയ്യുന്ന രീതി മാറുക തന്നെ വേണം.
സൂര്യോദയശേഷം ആദ്യത്തെ 10 നാഴിക, അതായത് 4 മണിക്കൂർ ദൈവിക കർമ്മങ്ങൾക്കും പിന്നെയുള്ള പത്ത് നാഴിക പിതൃകർമ്മങ്ങൾക്കും എന്ന് പ്രതിപാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്. അപ്പോഴും ഇപ്പോൾ ചെയ്യുന്നപോലുള്ള പാതിരാത്രിയിലെ ബലികർമ്മങ്ങൾ പറഞ്ഞിട്ടില്ല എന്നും ഓർക്കണം.
ക്ഷേത്രങ്ങൾ ഇല്ലാത്ത സ്‌ഥലങ്ങളിലെ കടൽക്കരയിൽ പന്തലുകെട്ടിയും, നദീതീരങ്ങളിലും അങ്ങനെ എവിടെയൊക്കെ ഇരുന്നുകൊണ്ട് വിശ്വാസികളെ വാവുബലി ഇടാൻ ക്ഷണിക്കുന്ന പ്രവണത കണ്ടുതുടങ്ങിയിട്ട് കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിൽ മാത്രം സൂര്യോദയശേഷം ബലികർമ്മങ്ങൾ ചെയ്യാനുള്ള ഒരു പദ്ധതിയാണ് ആദ്യം ഉരുത്തിരിയേണ്ടത്. വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് ചെയ്യണമെങ്കിൽ അതാത് പ്രദേശത്തെ ക്ഷേത്രങ്ങളുടെ അനുവാദം വാങ്ങണം. ആ ക്ഷേത്രഭാരവാഹികൾ പറയുന്ന സമയക്രമം പാലിക്കുകയും വേണം. സമയത്തിലെ ഏകീകരണം തന്ത്രികൾ, ജ്യോതിഷികളുമായും പഞ്ചാംഗ ഗണിതാക്കളുമായും ആലോചിച്ച് തീർപ്പാക്കിയാൽ ഇനിയുള്ള വാവുബലി കർമ്മങ്ങളെങ്കിലും ദോഷപ്രദമല്ലാത്ത സമയത്ത് ചെയ്യാൻ സാധിച്ചേക്കും.
തെറ്റായ ആചാരങ്ങളും അതിലും തെറ്റായ ബലികർമ്മങ്ങളുംകൊണ്ട് നാടും രാജ്യവും നശിക്കുന്ന കാഴ്ച ഇനിയും ഉണ്ടാകാതിരിക്കാൻ ആചാര്യന്മാർ പറഞ്ഞ കൃത്യമായ ബലികർമ്മങ്ങൾ ആചരിക്കാൻ ശ്രദ്ധിക്കാം.
ബലികർമ്മത്തിനുള്ള ഉത്തമ സമയങ്ങൾ പഞ്ചാംഗത്തിൽ ഉൾപ്പെടുത്തുന്നില്ല എന്നത് ഒരു പോരായ്മയാണ്. ബാക്കി എല്ലാ ശുഭസമയങ്ങളും ഉൾപ്പെടുത്തുന്ന ഇവർ, ബലികർമ്മം നടത്തുന്നതിന് ഉത്തമമായ സമയം എന്തുകൊണ്ടാണ് എഴുതാത്തത്? ബലികർമ്മങ്ങളിലെ ചിട്ടകൾ വിശ്വാസികൾക്ക് പകർന്നുനൽകാൻ കേരളത്തിലെ പഞ്ചാംഗ ഗണിതാക്കൾ മുന്നോട്ട് വന്ന് വാവുബലിയിലെ അനാചാരങ്ങൾ തുടച്ചുനീക്കി, നാടിന് ഐശ്യര്യം പ്രദാനം ചെയ്യുന്ന ശുഭസമയങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് ഞങ്ങൾ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം സവിനയം അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു.
അനിൽ വെളിച്ചപ്പാടൻ