Friday, 20 Sep 2024
AstroG.in

രാമനാമജപം ദുഖമോചനത്തിന് ഒറ്റമൂലി

കലിയുഗത്തിൽ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ  സുഗമമായി ഈശ്വരസാക്ഷാൽക്കാരം നേടാൻ   ഒരു ഒറ്റമൂലിയുണ്ട്. അതാണ് രാമനാമജപം. അതിന് പറ്റിയ ഏറ്റവും നല്ല സമയമാണ് എങ്ങും രാമമന്ത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന കർക്കടകമാസം. കര്‍ക്കടകം ഒന്ന് മുതല്‍ മാസം മുഴുവനും മിക്ക ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണം  പാരായണം ചെയ്യുന്നതിനാലാണ് കർക്കടകത്തിന് രാമായണമാസം എന്ന പേര് ലഭിച്ചത്. 
രാമായണത്തിലെ ഓരോ ഭാഗം വായിക്കുന്നതിനും പ്രത്യേകം ഫലസിദ്ധി ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളിലൂടെ അവര്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ ധാരാളം ഭക്തര്‍ക്കും ക്ഷിപ്രഫലം നല്കിയിട്ടുണ്ട്. അതിനാല്‍ ശ്രദ്ധയോടെ പാരായണം ചെയ്താല്‍ രാമായണം കൊണ്ടുമാത്രം അസാധ്യമായ ഏതൊരു കാര്യവും നേടി ജീവിത വിജയം സ്വന്തമാക്കാം.

രാമനാമജപ മാഹാത്മ്യം എത്ര  വിവരിച്ചാലും അധികമാകില്ല. മഹർഷി  ആരുടെ മുഖത്തുനോക്കി  മാനിഷാദാ എന്നുച്ചരിച്ചുവോ ആ കാട്ടാളൻ, നിഷാദൻ,  രത്‌നാകരൻ രാമനാമം ഉച്ചരിച്ച്  വാത്മീകി എന്ന ദേവർഷിയായി തീർന്ന സംഭവം മാത്രം മതി രാമനാമം എത്ര മഹനീയമാണെന്ന് ബോദ്ധ്യപ്പെടാൻ.   രാമാ എന്നുപോലും ജപിക്കുവാൻ സുകൃതമില്ലാത്തതിനാൽ കാട്ടാളൻ ജപിച്ചത് മരാ മരാ… മരാ എന്ന്. അങ്ങനെ മരാ നിരന്തരം ജപിച്ച് അത് രാമാ എന്നായി. കാട്ടാളൻ മഹാമഹർഷിയായി മാറി. രാമചരിതമായ   രാമായണവും  എഴുതി.അതുപോലെ ശാപഗ്രസ്തയായി ശിലയായിതീർന്ന അഹല്യ രാമനാമം ജപിച്ച് മോക്ഷം നേടി. വനചരിയായ തപസ്വിനി   ശബരി രാമനാമ ജപത്താൽ മുക്തി പ്രാപിച്ചു. അങ്ങനെ രാമനാമ മാഹാത്മ്യത്തിന് എത്രയെത്ര ഉദാഹരണങ്ങൾ. 

ശ്രീരാമചന്ദ്രൻ മഹാവിഷ്ണുവാണ്;  പരമാത്മാവാണ്. ആനന്ദചിത്തനാണ്. ആദിയും അന്തവുമില്ലാത്തവനാണ്. ഭഗവാന്റെ മായകൊണ്ടാണ് ഈ ജഗത്തിനെ സൃഷ്ടിച്ചത്.  സർവ്വഭൂതങ്ങളുടെയും അന്തരംഗത്തിൽ രാമൻ കുടികൊള്ളുന്നു. അവയുടെ എല്ലാപ്രവർത്തനവും ഭഗവാൻ നിർവഹിക്കുന്നു. ശ്രീരാമചന്ദ്രൻ ജ്ഞാനസ്വരൂപനാണ്.  മഹാവിഷ്ണുവിന് ജ്ഞാനം അജ്ഞാനം എന്ന രണ്ട് അവസ്ഥകളില്ല.

ആരുടെ പാദരേണുക്കൾ ഏറ്റതുകൊണ്ടാണോ ഗംഗ പവിത്രയായത് ആരുടെ പാദരേണുകൾ ഏൽക്കാനാണ് ബ്രഹ്മാദികൾ കൊതിക്കുന്നത് ആരുടെ നാമമാണോ ശ്രീപരമേശ്വരൻ ഉരുവിടുന്നത് അതാണ് ശ്രീരാമചന്ദ്രൻ. ശ്രീമൻ നാരായണൻ പരബ്രഹ്മസ്വരൂപൻ, അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകൻ, ഉത്തരകോസലവാസൻ, കൗസല്യഗർഭാധിവാസൻ, ദശരഥനന്ദനൻ, രാക്ഷസകുലാന്തകൻ, വിശ്വാമിത്രയജ്ഞപരിപാലകൻ, താടകാസംഹാകരൻ, അഹല്യാമോക്ഷദായകൻ, മിഥിലാരാജ്യഗമനൻ, ത്രംബകചാപഖണ്ഡിതൻ, സീതാപരിഗ്രഹണമൂർത്തി, ഭാർഗ്ഗവരാമഗർവ്വശമനൻ എന്നീ നാമങ്ങളുടെ ഉടമയും ഭക്തജനങ്ങളുടെ ഹൃദയേശ്വരനുമാണ് ശ്രീരാമചന്ദ്രൻ.

ദുഷ്ടരെ നിഗ്രഹിച്ചും ശിഷ്ടരെ രക്ഷിച്ചും ലോകപരിപാലനം നടത്തുന്നവനും സർവ്വലോക ചരാചരസംരക്ഷകനും ഭേദമില്ലാത്തവനും  ദേശകാലാവസ്ഥകളെ വിട്ടു നിൽക്കുന്നവനും സർവ്വജീവജാലങ്ങളുടെയും ജീവാത്മാവായിട്ടുള്ളവനും, ആദിമദ്ധ്യാന്തമില്ലാത്തവനും, സർവ്വചരാചരങ്ങൾക്കും നാഥനായിട്ടിരിക്കുന്നവനുമാണ് ശ്രീരാമചന്ദ്രൻ.

നിരന്തരം രാമനാമം ജപിക്കുന്നവൻ ജനനമരണചക്രത്തിൽ നിന്നും വളരെ എളുപ്പത്തിൽ രക്ഷപ്പെടും. എവിടെ രാമനാമം ജപിക്കുന്നുവോ അവിടെ മഹാവിഷ്ണുവിന്റെ സുദർശനചക്രം ഭക്തരക്ഷക്കായി കറങ്ങിതിരിയുന്നുണ്ടാകും. ഒരുവൻ എത്ര ദീനനും ദു:ഖിതനും സാധുവുമാകട്ടെ, നിരന്തരമായിട്ടുള്ള രാമനാമജപം അവനെ സുരക്ഷിതമായ തീരങ്ങളിലേക്ക് നയിക്കും.
രാമന്റെയും സീതയുടെയും കഥയാണ് രാമായണം. എല്ലാ നല്ല ഗുണങ്ങളുടെയും സ്വരൂപമായ, മാതൃകാ പുരുഷോത്തമനായ ശ്രീരാമ നാമജപം എല്ലാത്തരം പാപങ്ങളിൽ നിന്നും മനുഷ്യരെ എപ്പോഴും രക്ഷിക്കും. ഇത്ര എളുപ്പം ചെയ്യാവുന്ന, സുഗമമായ അപകടരഹിതമായ മറ്റൊരു സാധനയില്ല. മന:ശുദ്ധിക്ക് ഏറ്റവും ഉചിതമായിട്ടുള്ളത് രാമനാമജപമാണ്. ഇതിന് പ്രത്യേക ഒരുക്കങ്ങളോ ചെലവോ വേണ്ടതില്ല.രാമനാമം വെറുതെ ജപിച്ചാൽ പോലും അതിവിശിഷ്ട ഫലമേകും. ബോധപൂർവ്വം, ഭക്തിയോടെ ജപിച്ചാൽ ഫലം അനന്തം. രാമനാമജപത്തിൽ നിന്നും കിട്ടുന്ന സുഖത്തോട് താരതമ്യപ്പെടുത്താൻ ഒന്നുമില്ല. സ്വർഗ്ഗസുഖം കൂടി ഇക്കാര്യത്തിൽ തുച്ഛം.

എന്താണീ സ്വർഗ്ഗസുഖം? ഭൂമിയിലേക്കാൾ ഒരുപടി ഉയർന്ന സുഖം. അത്രതന്നെ. സ്വർഗ്ഗത്തിലും ഭൂമിയിലും വിഷയാനന്ദം അനുഭവിക്കുന്നതിൽ ഒരു വ്യത്യാസവുമില്ല. ദേവേന്ദ്രനായാലും കഴുതയായാലും വിഷയസുഖം ഇരുവർക്കും ഒരുപോലെ.
ഇന്ദ്രൻ സ്വർഗ്ഗത്തിൽ ആനന്ദം കൊണ്ട് രസിക്കുമ്പോൾ കഴുത ഇങ്ങുതാഴെ ചെളിയിൽ ഉരുണ്ട് പിരണ്ട് അതേ ആനന്ദം അനുഭവിക്കുന്നു. എന്നാൽ സ്വർഗ്ഗസുഖവും നിത്യമല്ല. സ്വർഗ്ഗവാസികൾക്കും തങ്ങളുടെ സുകൃതം ക്ഷയിച്ചാൽ താഴേക്ക് പോരണം. പിന്നെന്തിന് ആ താല്ക്കാലിക സുഖത്തിനായി തത്രപ്പെടണം? 

സമസ്തവും ഭഗവാനിൽ സമർപ്പിക്കുക. അവിടുന്നല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിൽ ഇല്ലെന്ന് അറിയുക. അത് മനസിലാക്കി എല്ലാവരേയും സ്‌നേഹിക്കുക. അങ്ങനെ മനസും ശരീരവും ശ്രീകൃഷ്ണ ഭഗവദ് പാദാരവിന്ദങ്ങളിൽ സമർപ്പിക്കുക. അതിൽ നിന്നും ഉളവാക്കുന്ന ആനന്ദം അനുപമം, അക്ഷയം. ഇടതടവില്ലാതെ രാമനാമം ജപിച്ചാൽ ആനന്ദദായകമായ ആ സുന്ദരരൂപം മനസിൽ തെളിഞ്ഞുവരും. മനസും ശരീരവും ശുദ്ധമാക്കി വെയ്ക്കുക. രാമായണമെന്നമഹാസാഗരത്തിൽ മുങ്ങിതപ്പുക. അപ്പോൾ മനുഷ്യമനസിൽ അടിഞ്ഞുകൂടികിടക്കുന്ന അഴുക്കുകൾ കഴുകികളയാനുള്ള വാസനാദ്രവ്യങ്ങൾ  നമുക്ക് ലഭിക്കും. മനസിലെ അഴുക്കുകൾ അതുപയോഗിച്ച് കഴുകിക്കളയുക. സ്വകർമ്മം അനുഷ്ഠിക്കുക. ഒഴിവുനേരങ്ങളിൽ സദാ രാമനാമം ഉരുവിടുക.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേകൃഷ്ണ…ഹരേകൃഷ്ണ…കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഈ മന്ത്രം ചൊല്ലുക. ചൊല്ലികൊണ്ടേ ഇരിക്കുക. ഇതിൽപരം മോക്ഷദായകമായ ഒരു ഒറ്റമൂലി ഇല്ലെന്ന് നിസംശയം പറയാം. 

– പാലക്കാട് ടി.എസ് ഉണ്ണി: 9847118340

error: Content is protected !!