രാമായണ പാരായണം തുടങ്ങും മുമ്പ്ഇക്കാര്യങ്ങൾ നിർബ്ബന്ധമായും ചെയ്യണം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
പുണ്യകാലമായ കര്‍ക്കടക മാസത്തിൽ രാമായണം പാരായണം ചെയ്യുന്നത് എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും പാപശാന്തിക്കും കാര്യസിദ്ധിക്കും ഗുണകരമാണ്. ഭൂമി മലയാളത്തിന് കര്‍ക്കടകം രാമായണ മാസമാണ്. രാമനാമങ്ങൾ ഭക്ത്യാദരപൂർവ്വം നാടെങ്ങും നിറയുന്ന കര്‍ക്കടകത്തില്‍ ഒരാളെങ്കിലും രാമായണപാരായണം നടത്താത്ത ഹിന്ദു ഭവനങ്ങൾ കേരളത്തിൽ കുറവാണ്. മലയാളികളുടെ ജീവിതവുമായി അത്രമേൽ ബന്ധമുണ്ട് രാമായണത്തിന്. കര്‍ക്കടകം ഒന്നാം തീയതി മുതല്‍ മാസം മുഴുവനും പാരായണം ചെയ്താണ് രാമായണ വായന പൂര്‍ത്തിയാക്കേണ്ടത്. യുദ്ധകാണ്ഡം കഴിയും വരെ വായിക്കുകയാണ് കൂടുതല്‍ ആളുകളും ചെയ്തുവരുന്നത്. ചിലരാകട്ടെ ഉത്തരരാമായണവും പാരായണം ചെയ്യുന്നു. ആദ്ധ്യാത്മിക സ്ഥാപനങ്ങളില്‍ ഈ പുണ്യ മാസത്തിൽ രാമായണസംബന്ധമായ മത്സരങ്ങളും പല കലോത്സവങ്ങളും ഈ മാസത്തിൽ സംഘടിപ്പിക്കാറുണ്ട്. പുതു തലമുറക്ക് രാമായണത്തെ അറിയുന്നതിനും പഠിക്കുന്നതിനും ഇത് സഹായിക്കുന്നു. ഒരേസമയം പുണ്യം നേടുന്നതിനും പാപശാന്തിക്കും ധാർമ്മികവും ആത്മീയവുമായ ഔന്നത്യം നേടാനും ഈ മാസം പ്രയോജനകരമാണ്.
കർക്കടകത്തിന്റെ പ്രത്യേകത
തുഞ്ചത്ത് എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ് കേരളത്തില്‍ കൂടുതൽ പേരും പാരായണം ചെയ്യുന്നത്. കര്‍ക്കടകം ഒന്ന് മുതല്‍ മാസം മുഴുവനും പാരായണം ചെയ്യുകയാണ് ഏറ്റവും പ്രചാരമുള്ള രീതി. ഭഗവാൻ ശ്രീരാമൻ കർക്കടക ലഗ്നത്തിലാണ് ഭൂജാതനായത്. സാധാരണ 31 അല്ലെങ്കിൽ 32 ദിവസമുള്ള കര്‍ക്കടക മാസം പൂർണ്ണമായും, ഒരു ദിവസം മാത്രമായും 3,5,7 തുടങ്ങിയ യഥാശക്തി ദിനമായും നിത്യവും രാമായണം പാരായണം ചെയ്യാം. ഒരു ദിവസം രാവിലെ തുടങ്ങി രാത്രിവരെ പാരായണം ചെയ്യുന്ന സമ്പ്രദായവും ഉണ്ട്. ഒരു മാസം മുഴുവനായും സമയം കിട്ടാത്തവരാണ് ഈ ചിട്ട നോക്കുന്നത്. 3,5,7 തുടങ്ങി ദിനങ്ങളായി ചെയ്യുമ്പോള്‍ ബുധന്‍, വ്യാഴം ഇതിലേതെങ്കിലും ദിവസം പാരായണം തുടങ്ങാം. പുണര്‍തം നക്ഷത്രം ശ്രീരാമന്റെ നക്ഷത്രമാണ്. ഈ ദിവസവും പാരായണം തുടങ്ങാന്‍ ഉത്തമമാണ്. വാത്മീകി മഹർഷി രാമായണം എഴുതിയ ശേഷം ലവകുശന്മാരെക്കൊണ്ട് ആദ്യമായി വായിപ്പിച്ചത് ഒരു കർക്കടക മാസത്തിൽ ആയിരുന്നത്രേ.
ഓരോ ഭാഗത്തിനും പ്രത്യേകം ഫലം
രാമായണത്തിലെ ഓരോ ഭാഗം വായിക്കുന്നതിനും പ്രത്യേകം ഫലസിദ്ധിയും ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളിലൂടെ അവര്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ ധാരാളം ഭക്തര്‍ക്ക് ക്ഷിപ്രഫലം നല്കിയിട്ടുമുണ്ട്. ഏറെ ശ്രദ്ധയോടെ പാരായണം ചെയ്താല്‍ രാമായണം കൊണ്ടുമാത്രം അസാധ്യമായ ഏതൊരു കാര്യവും നേടി ജീവിതവിജയം സ്വന്തമാക്കാം എന്നത് സത്യമാണ്. ഈ വർഷം 31 ദിവസങ്ങളാണ് കർക്കടകത്തിൽ ഉള്ളത്. ഈ ദിവസങ്ങളിൽ ഖണ്ഡശയായി ദിവസവും രാമായണം വായിച്ച് അവസാന ദിവസം ശ്രീരാമ പട്ടാഭിഷേക ഭാഗം പാരായണം ചെയ്ത് പൂർത്തിയാക്കുകയാണ് പതിവ്.
ഗ്രന്ഥപൂജ ഉത്തമം
കർക്കടക മാസം ആരംഭിക്കും മുൻപ് രാമായണ ഗ്രന്ഥം ശ്രീരാമക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ നല്കി പൂജിപ്പിക്കണം. പൂജാരിക്ക് ദക്ഷിണ നൽകി ഗ്രന്ഥം സ്വീകരിക്കാം. മൂലമന്ത്രവും യഥാശക്തി രാമനാമങ്ങളും ജപിച്ച് വേണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഗ്രന്ഥം പട്ടില്‍പൊതിഞ്ഞ് സൂക്ഷിക്കുന്നത് ഉത്തമം. സംസ്‌കൃത രാമായണവും വായിക്കുന്നവരുണ്ട്. ഗ്രന്ഥം
അധികം പഴകി ദ്രവിക്കാത്തതും കീറാത്തതും ആകണം.
പതിനൊന്ന് പേർ നിൽക്കുന്ന ചിത്രം വേണം പതിനൊന്ന് പേർ നിൽക്കുന്ന – ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, ഗണപതി, ബ്രഹ്മാമാവ്, പരമശിവൻ, നാരദൻ – ശ്രീരാമ പട്ടാഭിഷേകത്തിൻ്റെ ചിത്രം വൃത്തിയാക്കി എടുക്കണം. കർക്കടകപ്പുലരിയിൽ രാവിലെ കുളിച്ച് പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ ഈ ചിത്രം വച്ച് നിലവിളക്ക് വച്ച് അതിൽ തിരിയിട്ട് നെയ്യോ എണ്ണയോ ഒഴിച്ചു വിളക്ക് കൊളുത്തണം. അതിനു മുന്നില്‍ വെറും പലകയിലോ, പട്ട് വിരിച്ചോ, പായയിലോ ഇരുന്ന് പാരായണം തുടങ്ങാം. ശുഭ്രവസ്ത്രം ധരിച്ചിരുന്ന് തന്നെ വേണം പാരായണം.
ഗുരുവിനെയും ഇഷ്ടദേവതകളെയും പാരായണത്തിന് മുൻപ് സങ്കല്പിച്ച് പ്രാര്‍ത്ഥിക്കണം. ഗണപതി, സരസ്വതി, എഴുത്തച്ഛൻ എന്നിവരെ എന്തായാലും സ്മരിക്കണം ശ്രദ്ധയോടെ, ഏകാഗ്രതയോടെ പാരായണം ചെയ്യണം. അക്ഷരത്തെറ്റ് ഉണ്ടാകരുത്. വാക്കുകള്‍ മുറിയരുത്. വളരെ ഉച്ചത്തിലോ, തീരെ ശബ്ദം കുറച്ചോ പാരായണം പാടില്ല. മിതമായും, ഭംഗിയായും പാരായണം ചെയ്യണം.
ഗ്രന്ഥം പീഠത്തിൽ വയ്ക്കണം
ഗ്രന്ഥം നിലത്ത് വയ്ക്കരുത്. സരസ്വതീ പീഠം, വ്യാസപീഠം എന്നൊക്കെ വിവിധനാമങ്ങളില്‍ അറിയപ്പെടുന്ന ഗ്രന്ഥപീഠത്തില്‍ വയ്ക്കുന്നത് ഉത്തമമാണ്. ഗ്രന്ഥപീഠം ഇല്ലാത്തവര്‍ക്ക് ഒരു തളികയിലോ പലകയിലോ ഗ്രന്ഥം വയ്ക്കാം. പാരായണം ചെയ്യുന്നതിനിടക്ക് ചുമയ്ക്കുക, തല ചൊറിയുക, കൈ കടിക്കുക, തുമ്മുക ഇതൊന്നും പാടില്ല. യാദൃശ്ചികമായി സംഭവിച്ചാല്‍ കൈകഴുകിയിട്ട് വേണം വീണ്ടും പാരായണം ചെയ്യാന്‍.
പല ദിവസങ്ങളിലായി വായിക്കുന്നവര്‍ ഓരോ ഭാഗം/കഥ പൂര്‍ത്തിയാക്കി മാത്രമേ അതാത് ദിവസം നിര്‍ത്താവൂ. എങ്ങുമെത്താതെ അനിശ്ചിതമായി നിര്‍ത്തരുത്. പുല, വാലായ്മ ഉള്ളപ്പോഴും ആർത്തവാശുദ്ധിയായോ അശുചിയായോ ഇരിക്കുമ്പോഴും പാരായണം പാടില്ല. രാമായണ പാരായണത്തിന് മുമ്പും പിമ്പും യഥാശക്തി തവണ രാമനാമജപം ചെയ്യുന്നത് നല്ലതാണ്.
മൂലമന്ത്രം
രാം രാം രാമായ നമഃ ജപിച്ചാല്‍ ഏറ്റവും നല്ലത്.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 094-470-20655
Story Summary: Ramayanam reading rules, rituals and benefits