രാമായണ വായന ആഗ്രഹലബ്ധിക്ക് ഉത്തമം; ഓരോ ഭാഗത്തിനും പ്രത്യേകം ഫലങ്ങൾ
അതിവിശിഷ്ടമായ രാമായണ പാരായണം പല ദോഷപരിഹാരങ്ങൾക്കും അത്യുത്തമമാണെന്ന് ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. ഉത്തരകാണ്ഡം
ഉൾപ്പെടെയുള്ള രാമായണത്തിലെ ഏഴു കാണ്ഡങ്ങളിൽ സുപ്രധാനം സുന്ദരകാണ്ഡമാണ്. ഹനുമാൻ സ്വാമി ലങ്കയിലെത്തി സീതയെ കാണുന്നതും മറ്റുമടങ്ങിയ ഈ ഭാഗം വ്രതശുദ്ധിയോടെ വിധിപ്രകാരം പാരായണം ചെയ്താൽ ഐശ്വര്യം, ശത്രുജയം, ദുഃഖമോചനം, ഗൃഹസമ്പാദനം, ഉദ്ദിഷ്ട കാര്യസിദ്ധി ബുദ്ധിമാന്ദ്യനിവാരണം, ദൈവദോഷ ശാന്തി, ബന്ധുസമാഗമം തുടങ്ങി സകല സൗഭാഗ്യവും ലഭിക്കും. മലയാളികൾ പൊതുവേ കർക്കടക മാസത്തിലെ പ്രധാന ആചാരമായാണ്
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണ പാരായണത്തെ കാണുന്നത്. എന്നാൽ കർക്കടകം കഴിഞ്ഞും രാമായണം വായിക്കുന്നതിൽ ഒരു അപാകതയുമില്ല.
നെയ് ഒഴിച്ച് കത്തിച്ച നിലവിളക്കിന് മുന്നിലിരുന്ന് വേണം പാരായണം. ശ്രീരാമചന്ദ്രൻ , സീതാദേവി, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, ഗണപതി, ബ്രഹ്മാവ് പരമശിവൻ, നാരദൻ എന്നീ പതിനൊന്ന് ദേവതകളും ദിവ്യാത്മാക്കളും നിൽക്കുന്ന പട്ടാഭിഷേകത്തിൻ്റെ ചിത്രത്തിന് മുന്നിലാണ് 7 തിരിയിട്ട് വിളക്ക് തെളിക്കേണ്ടത്. സൗകര്യവും സാമ്പത്തിക ശേഷിയും അനുവദിക്കുമെങ്കിൽ നിവേദ്യങ്ങളും ഹാരവും പുഷ്പങ്ങളും ഒരുക്കി പാരായണാരംഭം
വിശേഷമാക്കാം. പാരായണത്തിനുള്ള ഗ്രന്ഥം വിശുദ്ധമായി പട്ടിൽ പൊതിഞ്ഞ് പീഠത്തിൽ സൂക്ഷിക്കണം. പേജുകൾ കീറിയതോ ഇളകിയതോ ആയ പുസ്തകം ഒഴിവാക്കണം. അക്ഷരശുദ്ധി വേണം. ഏകാഗ്രതയുണ്ടാകണം. രാമ രാമ ജപിച്ചു
കൊണ്ട് വേണം എന്നും പാരായണം തുടങ്ങാൻ. കലഹം , യുദ്ധം തുടങ്ങിയ അശുഭ വിവരണ സന്ദർഭങ്ങളിൽ അടുത്ത ദിവസം തുടങ്ങാൻ പാരായണം നിറുത്തരുത്. രാവിലെയും
വൈകിട്ടും രാത്രിയിലുമെന്നില്ലാതെ എപ്പോൾ
വേണമെങ്കിലും രാമായണം ജപിക്കാം. ഹനുമാൻ സ്വാമിയുടെ സന്ധ്യാവന്ദനം മുടങ്ങിപ്പോകും എന്നു കരുതിയാണ് ത്രിസന്ധ്യയ്ക്ക് രാമായണം
വായിക്കരുതെന്ന് പറയുന്നത്. രാമനാമം എവിടെ ഉയരുന്നോ അവിടെ ഹനുമാൻ സ്വാമി എല്ലാം മറന്നു നിൽക്കും എന്നാണ് വിശ്വാസം.
രാമായണം പാരായണം ചെയ്താൽ ഉണ്ടാകുന്ന അഭീഷ്ടസിദ്ധിയെക്കുറിച്ച് ശ്രീപരമേശ്വരൻ പാർവ്വതി ദേവിയോട് രാമായണത്തിൽ തന്നെ പറയുന്നുണ്ട്.
മുക്തി, മൈത്രി, ധനധാന്യ സമൃദ്ധി, ശത്രുനാശം, ആരോഗ്യം, ദീർഘായുസ് എന്നിവയാണ് രാമായണം ശ്രദ്ധയോടെ ഭക്തിയോടെ വായിച്ചാൽ ലഭിക്കുന്നത്. വിദ്യ ആഗ്രഹിക്കുന്നവർക്ക് വിദ്യയും സന്താനങ്ങളെ ആഗ്രഹിക്കുന്നവർക്ക് സന്താനങ്ങളേയും രാമായണ പാരായണത്തിലൂടെ ലഭിക്കുമെന്ന് ഭഗവാൻ അരുളിച്ചെയ്തിട്ടുണ്ട്.
രാമായണത്തിലെ ഓരോ ഭാഗവും പാരായണം ചെയ്യുന്നതിന് പ്രത്യേകം ഫലങ്ങൾ കല്പിച്ചിട്ടുണ്ട്.
സന്താന സൗഭാഗ്യത്തിന് പുത്രലാഭാലോചന, സുഖപ്രസവത്തിന് ശ്രീരാമാവതാരം, കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ബാല്യവും കൗമാരവും, വിരഹദു:ഖം മാറാൻ ഹനുമാൻ്റെ പ്രത്യാഗമനം എന്നീ ഭാഗങ്ങൾ പാരായണം ചെയ്യണം.
സന്താന സൗഭാഗ്യത്തിന് ബാലകാണ്ഡത്തിലെ ‘ പുത്രലാഭാലോചന മുതൽ പുത്രകാമേഷ്ടി തീരുന്ന ഭൂതലത്തിങ്കലെല്ലാമന്നു തൊട്ടനു ദിനം ഭൂതിയും വർദ്ധിച്ചതു ലോകവുമാനന്ദിച്ചു എന്ന വരികൾ വരെ വായിക്കുന്നതു ഫലപ്രദമാണ്.
സുഖപ്രസവത്തിനും ബാലപീഡകൾ ഒഴിയുന്നതിനും ശ്രീരാമാവതാരം ഭാഗം പാരായണം ചെയ്യണം.
ഗർഭവും പരിപൂർണമായ് ചമഞ്ഞകാലം എന്നതു മുതൽ നാമധേയവും നാലു പുത്രന്മാർക്കും വിധിച്ചേവം ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാൻ എന്നതു വരെ പാരായണം ചെയ്യണം.
കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക്, ബാല്യവും കൗമാരവും എന്ന ഭാഗത്തിലെ ദമ്പതിമാരെ ബാല്യം കൊണ്ടേവം രഞ്ജിപ്പിച്ചു മുതൽ യാഗരക്ഷ എന്ന ഭാഗത്തിലെ ദേവ നിർമ്മിതകളീവിദ്യകളെന്നു രാമദേവനു മനുജനു മുപദേശിച്ചു മുനി എന്ന വരികൾ വരെ പാരായണം ചെയ്യണം.
വിരഹദു:ഖം നീങ്ങാൻ സുന്ദരകാണ്ഡത്തിലെ
ഹനുമദ് – സീതാ സംവാദ ഭാഗത്ത്
ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- എന്നതു മുതൽ ഹനുമാൻ്റെ പ്രത്യാഗമനത്തിലെ അതായത് സുന്ദരകാണ്ഡം അവസാന ഭാഗത്തെ തവചരണ നളിന മധുനൈവ വന്ദിച്ചിതു ദാസൻ ദയാനിധേ പാഹിമാം പാഹിമാം വരെ വായിക്കുന്നത് ശ്രേഷ്ഠമാണ്.
ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി നിറവേറ്റുന്നതിന് ഹനുമദ് – സീതാസംവാദം പാരായണം ചെയ്യുന്നതിന് കഴിഞ്ഞാൽ ഫലപ്രാപ്തി ഉറപ്പാണ്.
ശ്രീരാമ പട്ടാഭിഷേകം എന്ന ഭാഗം പാരായണം ചെയ്ത ശേഷം ഉത്തരരാമായണം വായിക്കരുത്. ഉത്തരരാമായണം വായിക്കണമെന്നുള്ളവർ
അത് വായിച്ച ശേഷം ബാലകാണ്ഡം തുടങ്ങിയാൽ മതി. ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞ് വാനരാദികൾക്ക് ഭഗവാൻ കൊടുത്ത അനുഗ്രഹവും ശ്രീരാമൻ്റെ രാജ്യഭാരഫലവും രാമായണ മാഹാത്മ്യവും പാരായണം ചെയ്ത ശേഷമേ കർപ്പൂരം തെളിച്ച് രാമായണം പൂർത്തിയാക്കാവൂ.
ആറ്റുകാൽ ദേവീദാസൻ
91 98475 75559