Friday, 22 Nov 2024
AstroG.in

രാവിലത്തെ പ്രദക്ഷിണം രോഗം മാറ്റും, മദ്ധ്യാഹ്നത്തിൽ കാര്യസിദ്ധി; ഗണപതിക്ക് ഒന്ന് ശിവന് മൂന്ന്

അശോകൻ ഇറവങ്കര
ക്ഷേത്രദർശനം നടത്തുമ്പോൾ ഒഴിച്ചുകൂടാനാകാത്ത ആചാരമാണ് പ്രദക്ഷിണം. ആചാരപരമായ പലചടങ്ങുകളിലും ഉദാഹരണത്തിന് തർപ്പണം, ശ്രാദ്ധം മുതലായവയിലെല്ലാം പ്രദക്ഷിണത്തിന് പ്രാധാന്യമുണ്ട്. “പ്രദക്ഷിണം” എന്ന നാലക്ഷരത്തിൽ ഓരോന്നിനും ഓരോ അർത്ഥങ്ങൾ നമ്മുടെ ആചാര്യന്മാർ കല്പിച്ചുകൊടുത്തിട്ടുണ്ട്
” ‘പ്ര’ച്ഛിന്നത്തി ഭയം സർവ്വേ. ‘ദ’രോ മോക്ഷദായക: ‘ക്ഷി” കാരാത് ക്ഷീയതേ രോഗോ ‘ണ’ കാര: ശ്രീ പ്രദായക:”
( പ്രദക്ഷിണം കൊണ്ട് ഭയം നശിക്കുകയും മോക്ഷം ലഭിക്കുകയും രോഗം നശിക്കുകയും ഐശ്വര്യം ലഭിക്കുകയും ചെയ്യുന്നു)

“യാനി യാനി ച പാപാനി ജന്മാന്തരകൃതാനി ച താനി താനി വിനശ്യന്തി പ്രദക്ഷിണ പദേ പദേ “
( പ്രദക്ഷിണം വയ്ക്കുമ്പോൾ മുൻജന്മ ദുഷ്കൃതങ്ങൾ കൊണ്ടുള്ള പാപങ്ങൾ നശിക്കുന്നു)

എങ്ങനെയാണ് പ്രദക്ഷിണം ചെയ്യേണ്ടത് എന്ന് ആചാര്യന്മാർ പറയുന്നുണ്ട്.
” പദാത് പദാന്തരം ഗച്ഛേത് കരൗ ചലന വർജ്ജിതൗ സ്തുതിർ വാചി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം”
( രണ്ടു കൈകളും ചലിപ്പിക്കാതെയും, വാക്കുകൾ മുഴുവനും ദേവതയുടെ സ്തോത്രങ്ങളോ മൂലമന്ത്രങ്ങളോ ആക്കുകയും, ഹൃദയത്തിൽ ദേവതയെ ധ്യാനിക്കുകയും ചെയ്തു കൊണ്ട് ഓരോ കാൽപാദവും പതുക്കെ ചലിപ്പിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യണം )

പ്രസവം അടുത്തിരിക്കുന്ന ഒരു സ്ത്രീ അവരുടെ തലയിൽ എണ്ണ നിറച്ച ഒരു കുടമോ, പാത്രമോ വഹിച്ചുകൊണ്ട് സാവധാനത്തിൽ എപ്രകാരമാണോ നടക്കുന്നത് അപ്രകാരമാണ് പ്രദക്ഷിണം ചെയ്യേണ്ടത്.

ക്ഷേത്രത്തിൽ ആദ്യം ആൽമരത്തെയും ഉപദേവന്മാരെയും തൊഴുത് പുറത്തെ പ്രദക്ഷിണം കഴിഞ്ഞ്, ധ്വജസ്തംഭത്തെ നമസ്കരിച്ചു വേണം അകത്ത് പ്രവേശിക്കുവാൻ. പ്രദക്ഷിണം ചെയ്യുമ്പോൾ ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിന് നാല് ശാസ്താവിന് അഞ്ച്, സുബ്രഹ്മണ്യന് ആറ്, ഭഗവതിക്കും, ആലിനും ഏഴ്, എന്ന പ്രകാരത്തിൽ വേണം ചെയ്യേണ്ടത്. ആലിനെ പ്രദക്ഷിണം ചെയ്യുമ്പോൾ, അതിൽ കുടികൊള്ളുന്ന മൂന്നു ദേവന്മാരെയും സ്മരിക്കണം.
“മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ അഗ്രത: ശിവരൂപായ വൃക്ഷരാജാ യ തേ നമഃ”
എന്നുള്ള ശ്ലോകം ജപിക്കണം.
ശിവന് പ്രദക്ഷിണം ചെയ്യുമ്പോൾ സോമസൂത്രം (ഓവ്) മറികടക്കാതെ ശ്രദ്ധിക്കണം.

രാവിലെയുള്ള പ്രദക്ഷിണം കൊണ്ട് രോഗം നശിക്കുകയും, മദ്ധ്യാഹ്നത്തിൽ ചെയ്യുന്നതുകൊണ്ട് ആഗ്രഹനിവൃത്തിയും, സായാഹ്നത്തിൽ ചെയ്യുന്നത് കൊണ്ട് പാപനാശവും, രാത്രിയിൽ ചെയ്യുന്നതുകൊണ്ട് മോക്ഷ പ്രാപ്തിയും ലഭിക്കുന്നു.

Story Summary: Significance of Pradishanam


error: Content is protected !!