Sunday, 6 Oct 2024
AstroG.in

രാഹുകാലം എന്തിനെല്ലാം ഒഴിവാക്കണം?

എല്ലാ ശുഭകാര്യങ്ങൾക്കും രാഹുകാലം ഒഴിവാക്കുന്നത് മലയാളികളുടെ പതിവാണ്. യാത്ര, ഗൃഹപ്രവേശം, വിവാഹം, തൊഴിൽ പ്രവേശം തുടങ്ങി സകല നല്ല കാര്യത്തിനും  രാഹുകാലം ഒഴിവാക്കും. പറഞ്ഞ് പറഞ്ഞ് എല്ലാവർക്കും ഭയങ്കര പേടിയാണ് രാഹുവിനെ. എന്നാൽ  ഇങ്ങനെ പേടിക്കാൻ തക്ക പ്രാധാന്യം ഈ രാഹുകാലത്തിനുണ്ടോ?

രാഹുകാലത്ത് നാമനിർദ്ദേശപത്രിക സമർപ്പിച്ചതുകൊണ്ട് തിരഞ്ഞെടുപ്പിൽ തോറ്റെന്ന് ചിലർ പറയാറുണ്ട്; രാഹുകാലത്ത് യാത്ര പുറപ്പെട്ടതിനാൽ പോയ കാര്യം സാധിച്ചില്ലെന്നും യാത്രാക്ലേശം ഉണ്ടായെന്നും വാഹനം  അപകടത്തിൽ പെട്ടെന്നും രാഹുകാലത്ത് കേസു കൊടുത്തതിനാൽ വ്യവഹാരം പരാജയമായെന്നും പലരും വന്ന് പറയാറുണ്ട്. 

ഇതിൽ എന്തെങ്കിലും കാര്യമുണ്ടോ? ഉണ്ടെങ്കിൽ രാഹുകാലദോഷം അകറ്റാൻ എന്തെങ്കിലും വഴിയുണ്ടോ? 
ഇക്കാര്യങ്ങൾ പരിശോധിക്കും മുൻപ് ഒരു കാര്യം തീർത്തു പറയാം:  
കാര്യമായി ഗുണഫലങ്ങൾ നൽകാത്ത ഗ്രഹമാണ് രാഹു. എന്നാൽ ദോഷഫലങ്ങൾ കൊടുക്കുകയും ചെയ്യും. ഒരാളുടെ ജാതകത്തിൽ രാഹു ചില ഭാവങ്ങളിൽ ചില ഗ്രഹങ്ങളോട് യോഗം ചെയ്ത് പ്രത്യേകം ഭാവബലത്തോടെ നിന്നാൽ ചില പ്രത്യേക ദോഷാനുഭവങ്ങളുണ്ടാകും. ദശാകാലം കൂടി പ്രതികൂലമായാൽ അത്തരം ദുരിതങ്ങൾ ശക്തമാകും. രോഗ ദുരിതങ്ങളും മറ്റ് വിഷമതകളുമാണ് പ്രധാനം. അതിനാലാണ് ജ്യോതിഷികൾ പോലും രാഹുവിനെ ഭയപ്പെടുന്നത്.

എന്നാൽ നിത്യജീവിതത്തിൽ സകലരും  രാഹുകാലത്തെ ഭയക്കേണ്ട കാര്യമുണ്ടോ  എന്ന് ചോദിച്ചാൽ ഉത്തരം ഇതാണ്: യാത്ര തുടങ്ങാൻ രാഹുകാലം ഒഴിവാക്കണം.  കേരളീയ ആചാരമനുസരിച്ച് യാത്രയ്ക്ക് മാത്രമേ രാഹുകാലം വർജ്ജിക്കേണ്ടതുള്ളൂ. എന്നാൽ ഇപ്പോൾ മിക്കയാളുകളും സകല ശുഭകർമ്മങ്ങൾക്കും രാഹുകാലം ഉപേക്ഷിക്കുന്നുണ്ട്. അതിന്റെ കാര്യമില്ല. രാഹുകാലദോഷം അകറ്റാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചാൽ യാത്രാക്ലേശം അനുഭവിക്കുകയല്ലാതെ മറ്റുവഴിയില്ല എന്നാണ് ഉത്തരം. 

ഒരു പകലിനെ എട്ടായി ഭാഗിച്ചാൽ ഓരോ ഭാഗവും സൂര്യൻ, ചന്ദ്രൻ , കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി തുടങ്ങി രാഹുവരെയുള്ള എട്ടു ഗ്രഹങ്ങളുടെ ഉദയകാലമാണ്. ഓരോ ആഴ്ചയിലും അതാതു വാരാധിപന്മാരുടെ ഉദയമാണ് ആദ്യം. പിന്നീട് ക്രമമനുസരിച്ച് ഞായറാഴ്ച പകലിന്റെ എട്ടാം ഭാഗത്തിലും തിങ്കളാഴ്ച രണ്ടാം ഭാഗത്തിലും ചൊവ്വാഴ്ച ഏഴാം ഭാഗത്തിലും ബുധനാഴ്ച അഞ്ചാം ഭാഗത്തിലും വ്യാഴാഴ്ച ആറാം ഭാഗത്തിലും വെള്ളിയാഴ്ച നാലാം ഭാഗത്തിലും ശനിയാഴ്ച മൂന്നാം ഭാഗത്തിലും രാഹുവിന്റെ ഉദയം വരുന്നു. രാഹുവിന്റെ ദൃഷ്ടി ഭൂമിയിൽ പതിക്കുന്ന സമയം എല്ലാ ശുഭകാര്യങ്ങൾക്കും ഉചിതമല്ലെന്ന് തെറ്റിദ്ധാരണയാണ്.  പക്ഷേ രാഹുവും കേതുവും ഏത് മുഹൂർത്തത്തിന്റെയും ലഗ്‌നത്തിൽ നിൽക്കുന്നത് ദോഷമാണ്. എന്നാൽ സൂര്യന്റെയോ ചന്ദ്രന്റെയോ ഗ്രഹണം കഴിഞ്ഞ് ആറു മാസത്തിന്‌ ശേഷം ബലവാനായ ശുഭഗ്രഹം ലഗ്‌നത്തിൽ നിൽക്കുമ്പോൾ രാഹുവോ കേതുവോ ആ രാശിയിൽ നിന്നാൽ ശുഭകർമ്മങ്ങൾക്ക് ഉത്തമമാണ്. അതുകൊണ്ട് എല്ലാ നല്ല കാര്യങ്ങൾക്കും ജീവിതത്തിലെ പ്രധാനപ്പെട്ട  തുടക്കങ്ങൾക്കും മുഹൂർത്തം നിശ്ചയിക്കുന്നത് ഈ കാര്യങ്ങൾ പരിശോധിച്ച് തന്നെ വേണം; മുഹൂർത്ത വിഷയത്തിൽ പാണ്ഡിത്യമുള്ള, ശുഭസമയം കുറിക്കാൻ കഴിവുള്ള ആചാര്യന്മാർ തന്നെ അതിന് വേണം. അതിനു പറ്റാത്തതു കൊണ്ടാകണം എല്ലാവരും എല്ലാക്കാര്യങ്ങൾക്കും രാഹുകാലം പൂർണ്ണമായും ഒഴിവാക്കുന്നത്. ഹിന്ദുമത വിശ്വാസികൾ അല്ലാത്തവർ പോലും രാഹുകാലം നോക്കാറുണ്ട്. 

രാഹുകാലം സുര്യോദയം അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഉദയം ആറുമണിക്ക് എന്ന കണക്കിനുസരിച്ച് ഞായറാഴ്‌ച വൈകിട്ട് 4.30 മുതൽ 6 വരെയും  തിങ്കളാഴ്ച രാവിലെ 7.30 മുതൽ 9 വരെയും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്  3 മുതൽ 4.30 വരെയും  ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ 1.30 വരെയും  വ്യാഴാഴ്ച 1.30 മുതൽ 3 വരെയും വെള്ളിയാഴ്ച 10.30 മുതൽ 12 വരെയും ശനിയാഴ്ച 9.00 മുതൽ 10.30 വരെയുമാണ് രാഹുകാലം.

എന്നാൽ സൂര്യോദയത്തിന്റെയും ദിനമാനത്തിന്റെയും വ്യത്യാസം അനുസരിച്ച് രാഹു കാലത്തിന് അല്പം വ്യത്യാസം അങ്ങോട്ടോ ഇങ്ങോട്ടോ വരാം. ഉദാഹരണത്തിന്  ഈ തിരുവോണ ദിവസമായ ചിങ്ങം 26-ാം തീയതി തൃശൂരിൽ സൂര്യോദയം 6.18 മണിക്കാണ്. അപ്പോൾ അന്ന് ബുധനാഴ്ച തൃശൂരിൽ രാഹുകാലം ഉച്ചയ്ക്ക് 12.18 മുതൽ 1.48 വരെയായിരിക്കും. 

– ചന്തിരൂർ വിജയൻ, ആലപ്പുഴ

Mobile:    + 91 9447153512

(ജ്യോതിഷ പണ്ഡിതനും നാഡീജ്യോതിഷത്തിൽ അഗാധ പാണ്ഡിത്യവുമുള്ള  ചന്തിയൂർ വിജയൻ കൃത്യമായ ഫല പ്രവചനങ്ങളിലൂടെ ആയിരക്കണക്കിന് ആളുകളുടെ  വിശ്വാസം ആർജ്ജിച്ച ആചാര്യനാണ്.) 

error: Content is protected !!