Saturday, 23 Nov 2024
AstroG.in

രാഹുവും കേതു പ്രീതി നേടേണ്ട 7 നക്ഷത്രക്കാർ ഇവർ

ജ്യോതിഷരത്നം വേണുമഹാദേവ്
നവഗ്രഹങ്ങളിൽ ഏറ്റവും ഭയത്തോടെ കാണുന്ന രണ്ടു ഗ്രഹങ്ങളാണ് രാഹുവും കേതുവും. എന്നാൽ ഛായാഗ്രഹങ്ങളായ ഇവർ വെറും ഉപദ്രവകാരികൾ മാത്രമല്ല ഇവരെക്കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് ജ്യോതിഷം പറയുന്നു. വിഷ വൈദ്യന്മാർ, ശസ്ത്രക്രിയയിൽ വിദഗ്ധരായ ഡോക്ടർമാർ , ദേവീക്ഷേത്രങ്ങളിലെ പൂജാരിമാർ , രാഷ്ട്രീയ രംഗത്ത് ശോഭിക്കുന്നവർ എന്നിവർ രാഹുവിന്റെ അനുഗ്രഹം ഉള്ളവരാണ്. ശനിയെപ്പോലെ രാഹുവിനെയും ചൊവ്വയെപ്പോലെ കേതുവിനെയും കാണണം എന്നാണ് പ്രമാണം. ശനിവത് രാഹു, കുജവത് കേതു എന്നൊരു ചൊല്ലു തന്നെയുണ്ട്. ശനിയാഴ്ചയാണ് രാഹുവിന്റെ ദിവസം. ശനിയുടെ കറുപ്പും നീലയും തന്നെ രാഹുവിന്റെയും നിറം. ചൊവ്വാഴ്ചയാണ് കേതുവിന്റെ ദിനം. വസ്ത്രത്തിൽ ചൊവ്വയുടെ ചുവപ്പും കേതുവിന് പ്രധാനമാണ്; പിന്നെ കറുപ്പും. ശനി ദശ 19 വർഷം; രാഹു ദശ 18 വർഷം. കേതു, ചൊവ്വ ദശകൾ 7 വർഷം വീതം. മേടം മുതൽ കന്നിവരെ രാശികളിൽ രാഹുവിന് ബലം; കേതുവിന് ബലം തുലാം മുതൽ മീനം വരെ രാശികളിൽ . തിരുവാതിര, ചോതി, ചതയം രാഹുവിന്റെ നക്ഷത്രങ്ങൾ. ഈ നക്ഷത്രങ്ങളിൽ രാഹു നിന്നാൽ ആ നക്ഷത്ര ജാതർക്ക് ഗുണം ചെയ്യും. എന്നാൽ കേതുവിന്റെ നക്ഷത്രങ്ങളായ അശ്വതി, മകം, മൂലം നക്ഷത്രങ്ങളിൽ രാഹു നിൽക്കുന്നത് തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്ക് ദോഷമാണ്. ദുർഗയാണ് രാഹുവിന്റെ ദേവത. രാഹുദോഷങ്ങൾ ശമിക്കാൻ ഛിന്നമസ്ത ദേവിയെയും നാഗദേവതകളെയും ഭജിക്കണം. ആയില്യം നാളിൽ സർപ്പസന്നിധികളിൽ ദർശനം, ഞായർ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ രാഹുകാലത്ത് ദേവീ ക്ഷേത്രത്തിൽ നാരങ്ങാ വിളക്ക് എന്നിവ നടത്തുന്നത് മികച്ച രാഹുദോഷ പരിഹാരമാണ്.

രാഹുമൂലമന്ത്രം
ഓം രാംരാഹവേ നമ:

രാഹു ഗായത്രി
ഓം സൈംഹികേയായ വിദ്മഹേ
തമോമയായ ധീമഹി
തന്നോ രാഹു പ്രചോദയാത്

കേതു ജ്ഞാനകാരകനാണ്. തെളിവാർന്ന ബുദ്ധസാമർത്ഥ്യത്തിനും, ഏകാഗ്രചിന്തയ്ക്കും പഠിച്ച കാര്യങ്ങൾ ദീർഘകാലം ഓർമ്മയിൽ നിൽക്കുവാനും കേതുവിന്റെ അനുഗ്രഹത്താൽ സാദ്ധ്യമാണ്. അശ്വതി, മകം, മൂലം ഇവയാണ് കേതുവിന്റെ നാളുകൾ. ഈ ദിവസങ്ങളിൽ കേതുവിന് ബലം കാണും. പകലത്തെക്കാൾ രാത്രിയിലാണ് കേതുവിന് ശക്തി.

ജാതി – മതം മാറി വിവാഹം കഴിക്കുന്നവരിലും അവരുടെ സന്തതികളിലും കേതുവിന്റെ സ്വാധീനമുണ്ടാകും. പ്രവചനം, മന്ത്രവാദം, താന്ത്രിക ശാസ്ത്രം, ഇതെല്ലാം കേതുവിന്റെ നിയന്ത്രണത്തിലാണ്. ഗണപതി, ചാമുണ്ഡി, കാലെഭൈരവൻ, ധൂമാവതി എന്നിവരാണ് കേതുവിന്റെ ദേവതകൾ. ജാതകത്തിൽ കേതുവിന്റെ സ്ഥാനം മോശമാണെങ്കിൽ അവർക്ക് വിവാഹജീവിതം നടക്കാൻ പ്രയാസമാണ്. നടന്നാൽ തന്നെ അത് സമാധാനമില്ലാത്ത ഒരു ജീവിതവുമായിരിക്കും. കേതു ദോഷമുള്ളവർ രണ്ടു പക്ഷത്തിലെയും ചതുർത്ഥി നാളിൽ ഗണപതിയെ ഉപാസിക്കുന്നതും ഗണപതി ഹോമം നടത്തുന്നതും നല്ലതാണ്. ആയില്യം, അശ്വതി, മകം, മൂലം, ജന്മനക്ഷത്ര ദിവസം എന്നിവ കേതു ദോഷങ്ങൾ തീർക്കാൻ ഉത്തമമാണ്.

കേതു മൂല മന്ത്രം
ഓം കേതവേ നമ:

കേതു ഗായത്രി
ഓം ചിത്രഗുപ്തായ വിദ്മഹേ
ചന്ദ്ര ഉച്ചായ ധീമഹി
തന്നോ കേതു പ്രചോദയാത്

ഇരു സർപ്പങ്ങളാൽ പിന്നിപ്പിണഞ്ഞ് അതിനു നടുവിൽ ശ്രീകൃഷ്ണന്റെ കാളിയമർദ്ദനത്തിന്റെ ശൈലിയിലാണ് രാഹുവിന്റെ നില്പ്. യമകണ്ഠനേരമാണ് രാഹുവിനെ ആരാധിക്കുവാൻ നല്ല നേരം. ഓരോ ദിവസവും ഈ സമയം വ്യത്യസ്തമായിരിക്കും. കലണ്ടറിൽ ഓരോ ദിവസത്തിന്റെ താഴെ ഈ നേരം കുറിച്ചിട്ടിട്ടുണ്ട്. കേതുവിന്റെ സ്വഭാവഗുണങ്ങളും അനുഗ്രഹശേഷിയും ഏതാണ്ട് രാഹുവിന്റേത് പോലെ തന്നെയാണ്.

പകർച്ചവ്യാധികൾ കൂടുതലും രാഹുകേതുക്കൾ കാരണമാണ് സൃഷ്ടിക്കപ്പെടുന്നത്. ചുരുക്കത്തിൽ ജാതകത്തിൽ രാഹു കേതു ദോഷം കാണുന്നവരും ആയില്യം, തിരുവാതിര, ചോതി, ചതയം, അശ്വതി, മകം, മൂലം നക്ഷത്രജാതരും രാഹു കേതു പ്രീതികരമായ കർമ്മങ്ങളും ഉപാസനയും പതിവാക്കുന്നത് ഏറ്റവും ഉത്തമമാണ് രാഹു കേതുവിന് പല ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും കാളഹസ്തിയിലെ രാഹു – കേതു ക്ഷേത്രമാണ് ലോകപ്രശസ്തം. തമിഴ്‌നാടിന്റെയും ആന്ധ്ര പ്രദേശിന്റെയും അതിർത്തിയിൽ തിരുപ്പതിക്ക്
അടുത്താണ് ഈ ക്ഷേത്രം.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 98474 75559

error: Content is protected !!