Friday, 22 Nov 2024
AstroG.in

രാഹു , കേതു ദോഷങ്ങൾ തീരാൻ ശിവ പ്രീതി പോംവഴി

ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങളാണ്
രാഹുവും കേതുവും. പൊതുവേ ക്ലേശഫലങ്ങൾ കൂടുതലായി നൽകുന്നവയാണ് ഈ ഗ്രഹങ്ങൾ. ശുഭ ഭാവത്തിൽ ശുഭ ഫലദായകരായി നിൽക്കുമ്പോൾ സദ്ഫലങ്ങൾ നൽകുമെങ്കിൽ പോലും ഇടയ്ക്കിടെ എന്തെങ്കിലും ദുരിതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. ഒരാൾക്ക് ചിന്തിക്കുന്നതിനും കാര്യങ്ങൾ ഗ്രഹിക്കുന്നതിനും വേണ്ട കഴിവ് കുറയുന്നതാണ് രാഹു – കേതു ദോഷ ബാധയുടെ പ്രധാനലക്ഷണം. രാഹു, കേതു ദോഷ പരിഹാരത്തിനുള്ള പ്രധാന മാർഗ്ഗം ശിവപ്രീതി നേടുകയാണ്.

സൂര്യനും ചന്ദ്രനുമാണ് ജ്യോതിഷ പ്രകാരം രാഹു കേതുക്കളുടെ ശത്രുക്കൾ. ദുർവാസാവിൻ്റെ
ശാപം കാരണം ജരാനരകൾ ബാധിച്ച ദേവന്മാർ അമരത്വത്തിനായി അസുരന്മാരുടെ കൂടി സഹായത്തോടെ പാലാഴി കടഞ്ഞ് അമൃത് നേടി. അസുരന്മാരെ കബളിപ്പിച്ച് മോഹിനി അതുമായി
കടന്ന് ദേവന്മാർക്ക് വിളമ്പാൻ തുടങ്ങിയപ്പോൾ സർവഭാനു എന്ന അസുരൻ വേഷപ്രച്ഛന്നനായി
സർപ്പരൂപത്തിൽ പന്തിയിൽ കടന്ന് ആദ്യം തന്നെ അമൃത് നേടി. പെട്ടെന്ന് സൂര്യചന്ദ്രന്മാർ ഇക്കാര്യം മോഹനിയായ വിഷ്ണുവിനെ അറിയിച്ചു. ഭഗവാൻ ഉടൻ സുദർശനം പ്രയോഗിച്ച് സർവഭാനുവിൻ്റെ കഴുത്തറുത്തു. അതിനകം തന്നെ അമൃത് കഴിച്ച് അമരത്വം നേടിയതിനാൽ മരിച്ചില്ല. അങ്ങനെ തല രാഹുവും ഉടൽ കേതുവുമായി. ഭൂമിയിൽ മനുഷ്യ ജീവിതത്തിൻ്റെ ഭാഗധേയങ്ങൾ നിശ്ചയിക്കാനുള്ള ചുമതലയും ഇവർക്ക് ലഭിച്ചു. അതു കാരണം രാഹുവും കേതുവും അപഹാരമായ സ്വാധീനമാണ് മനുഷ്യ ജീവതത്തിൽ ചെലുത്തുന്നത്. അതു കൊണ്ടു തന്നെ എല്ലാവരും ഭയത്തോടെ മാത്രമാണ് എപ്പോഴും വക്രത്തിൽ സഞ്ചരിക്കുന്ന ഈ നിഴൽ ഗ്രഹങ്ങളെ കാണുന്നത്.

അതൃപ്തി, മോഷണം, തിന്മ, ഭയം, വിധേയത്വം, ആശയക്കുഴപ്പം, രാഷ്ട്രീയം, മാന്ത്രികം, മനോരോഗം, ഗൂഢ കർമ്മങ്ങൾ ഇവയുടെ പ്രതീകമാണ് രാഹു. കേതുവാകട്ടെ നഷ്ടം, ജീവിത വിരക്തി, നിർമ്മമത, അലച്ചിൽ, സങ്കീർണ്ണത എന്നിവയുടെയും കാരകനാന്ന്. മോക്ഷം തരുന്നതും സന്ന്യാസ ജീവിതത്തിന് കാരണമാകുന്നതും കേതുവിൻ്റെ സ്വാധീനമാണ്. ജാതകത്തിൽ കേതു നല്ല സ്ഥാനത്തുള്ളവർ ഉന്നത സ്ഥാനങ്ങളിലെത്തും; പ്രത്യേകിച്ച് ആത്മീയമായി.

ദുഷ്ഫലങ്ങൾക്കൊപ്പം ചില സദ്ഫലങ്ങൾ നൽകാനും കഴിവുള്ളവയാണ് രാഹു കേതുക്കൾ. മറ്റ് ഗ്രഹങ്ങൾ സമ്മാനിക്കുന്ന ദോഷഫലങ്ങൾ രാഹു പ്രീതി വരുത്തിയാൽ കുറയ്ക്കാൻ കഴിയും. കേതുവിന്റെ അനുഗ്രഹം നേടിയാൽ മറ്റ് ഗ്രഹങ്ങൾ നൽകേണ്ട സദ്ഫലങ്ങൾ ഉറപ്പിക്കാനും വർദ്ധിപ്പിക്കാനും സാധിക്കും. രാഹുവിൻ്റെ പ്രീതി നേടാനും രാഹു ദോഷം കുറയ്ക്കാനും ദേവീ ഉപാസന ഉത്തമമാണ്. ശനിയാഴ്ചകളിൽ വ്രതമെടുത്ത് സ്വരസ്വതി ദേവിയെ ഭജിച്ചാൽ നല്ല ഫലം ലഭിക്കും. ചൊവ്വാഴ്ചകളിൽ രാഹുകാലത്ത് നാരങ്ങാവിളക്ക് തെളിച്ചാൽ രാഹു ദോഷങ്ങൾ ഒഴിഞ്ഞു പോകും. കേതു ദോഷങ്ങൾ തീർക്കാൻ ഗണപതി ഭഗവാനെ ഉപാസിച്ചാൽ മതി. രാഹുകേതുക്കളുടെ അനുഗ്രഹം ഒരു പോലെ ലഭിക്കുന്നതിന് ശ്രീപരമേശ്വരനെയാണ് ഭജിക്കേണ്ടത്.

രാഹു, കേതു ദോഷപരിഹാരത്തിന് ഉത്തമമായ ഈശ്വര സന്നിധി ശ്രീ കാളഹസ്തിയാണ്.
ശ്രീ (ചിലന്തി ), കാള (സർപ്പം ), ഹസ്തി (ആന) ഇവർ മൂന്നും ശ്രീ പരമേശ്വനെ പൂജിച്ച് മോക്ഷം നേടിയ
സന്നിധിയാണിത്. തിരുപ്പതിക്ക് അടുത്തുള്ള ശ്രീ കാളഹസ്തിയിൽ ശിവൻ വായൂ രൂപത്തിൽ സ്ഥിതി ചെയ്യുന്നു. രാഹു കേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമായ കാളഹസ്തി ദക്ഷിണ കൈലാസം എന്നും അറിയപ്പെടുന്നു. ഇവിടെ രാഹു, കേതു പുജ നടത്താൻ ഉത്തമം ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, പൗർണ്ണമി, ചൊവ്വാഴ്ച, ആയില്യം നക്ഷത്ര ദിവസം , സൂര്യഗ്രഹണ – ചന്ദ്രഗ്രഹണ ദിനങ്ങൾ എന്നിവയാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള ശ്രീ കാളഹസ്തിയിേക്ക് ചെന്നൈയിൽ നിന്നുള്ള കുറഞ്ഞ ദൂരം 115 കിലോമീറ്റർ. തിരുപ്പതിയിൽ നിന്ന് 38, പാലക്കാട് നിന്നും 580, തിരുവനന്തപുരത്തു നിന്നും 830 കിലോമീറ്ററുണ്ട്.

കഷ്ടപ്പാടുകളിൽ മുങ്ങി പോയവർക്ക് രാഹു, കേതുക്കളുടെ അനുഗ്രഹം മുക്തി നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റി സമ്പത്തും സമുദ്ധിയും കെെ വരാൻ രാഹു കേതു പ്രീതി സഹായിക്കുമത്രേ. ഇതിനായി രാഹുവിനെയും കേതുവിനെയും ഇഷ്ട മന്ത്രങ്ങൾ ചൊല്ലി ഭക്തി പൂർവ്വം ഉപാസിച്ച് പ്രസാദിപ്പിക്കണം. രാഹുകേതുക്കൾ പ്രസാദിച്ചാൽ അപ്രതീക്ഷിതമായി സമ്പത്തുണ്ടാകും എന്ന് അനുഭവസ്ഥർ ശരിവയ്ക്കുന്നു. രാഹുവിന്റെയും കേതുവിന്റെയും മൂലമന്ത്രങ്ങൾ :

മൂലമന്ത്രങ്ങൾ
ഓം രാഹവേ നമ:
ഓം കേതവേ നമ:

രാഹു ഗായത്രി
ഓം നീലവർണ്ണായ വിദ്മഹേ
സൈംഹികേയായ ധീമഹി
തന്നോ രാഹു പ്രചോദയാത്

കേതു ഗായത്രി
ഓം ചിത്രഗുപ്തായ വിദ്മഹേ
ചന്ദ്ര ഉച്ചായ ധീമഹി
തന്നോ കേതു പ്രചോദ യാത്

ദാരിദ്ര്യ ദുരിതം അനുഭവിക്കുന്നവർ ആദ്യം ഈ മന്ത്രങ്ങൾ ജപിച്ച് രാഹുകേതുക്കളെ പ്രീതിപ്പെടുത്തണം. തുടർന്ന് എല്ലാം ത്യജിച്ച, ചുടല ഭസ്മം ധരിച്ച, ശ്മശാനവാസിയായ ശിവനെ സങ്കല്പിപിച്ച് തുടർച്ചയായി 41ദിവസം ഭജിക്കണം. ‘എല്ലാം കളഞ്ഞ് എരുതിലേറി വരുന്ന ശംഭോ’ എന്ന് വിളിച്ച് പ്രാർത്ഥിച്ചാൽ ശിവഭഗവാൻ തീർച്ചയായും അനുഗ്രഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് ശിവമന്ത്രങ്ങൾ ചൊല്ലി പ്രാർത്ഥന പൂർത്തിയാക്കണം.

പറ്റുമെങ്കിൽ ഈ ദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ പാലും തേനും അഭിഷേകവും നടത്തണം. മുടങ്ങാതെ 41ദിവസം ഈ സങ്കല്പത്തിൽ ശിവപൂജ ചെയ്താൽ ജീവിതത്തിൽ നല്ല നല്ല, സന്തോഷകരമായ അനുഭവങ്ങൾ കണ്ടു തുടങ്ങും. സമ്പത്ത്, മനോബലം, വീര്യം, സന്തോഷം, സമാധാനം ഇവയെല്ലാം കൈവരും. ഏതൊരു കാലത്തും ഈ ഉപസനയിലൂടെ നേടുന്ന ശിവപ്രീതി ധനാഗമനത്തിനു വഴി തുറക്കുന്നതിനൊപ്പം രാഹു, കേതു, ശനി ഗ്രഹങ്ങൾ സൃഷ്ടിക്കുന്ന ദോഷങ്ങളുടെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യും.

Story Summary: Significance of Rahu, Kethu Graha Dosham and it’s Remedies

error: Content is protected !!