രാഹു നന്മയും തിന്മയും തരും; കേതുഅനുഗ്രഹിച്ചാൽ ബുദ്ധി, ഓർമ്മശക്തി
മംഗള ഗൗരി
നവഗ്രഹങ്ങളിൽ രാഹുവിനെയും കേതുവിനെയും തമോഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. മിക്കവരും ഭയപ്പാടോടെയാണ് രാഹു കേതുക്കളെ കാണുന്നത്. എന്നാൽ കേതു ജ്ഞാനകാരകനാണ്. തെളിവാർന്ന ബുദ്ധിസാമർത്ഥ്യത്തിനും, ഏകാഗ്രചിന്തയ്ക്കും, പഠിച്ച കാര്യങ്ങൾ ദീർഘകാലം ഓർമ്മയിൽ നിൽക്കാനും കേതുവിന്റെ അനുഗ്രഹത്താൽ സാധിക്കും. ജാതകത്തിൽ കേതു ദോഷസ്ഥാനത്താണെങ്കിൽ അവർക്ക് വിവാഹജീവിതം നടക്കാൻ പ്രയാസമാണ്. നടന്നാൽ തന്നെ അത് സമാധാനമില്ലാത്ത ജീവിതം ആയിരിക്കും.
രാഹുകേതുക്കള്‍ ചന്ദ്രന്റെ ദൃഷ്ടി ആയതിനാല്‍ മനസുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഈ ഗ്രഹങ്ങളുടെ ജാതകത്തിലെ സ്ഥാനം മനസിനെയും ബാധിക്കും. രാഹുകേതുക്കള്‍ക്ക് രാശിചക്രത്തിൽ സ്വന്തം സ്ഥാനം ഇല്ല. ഏത് രാശിയില്‍ നില്‍ക്കുന്നോ ആ രാശിയുടെ ഫലവും ആ ഭാവാധിപതിയുടെ ഫലവും കൊണ്ട് വിവാഹത്തെയും ദിക്കിനെയും കുറിച്ചുള്ള സാമാന്യ ചിത്രം പറയാന്‍ കഴിയും.
ഇരു സർപ്പങ്ങളാൽ പിന്നിപ്പിണഞ്ഞ് അതിനു നടുവിൽ ശ്രീകൃഷ്ണന്റെ കാളിയമർദ്ദനത്തിന്റെ ശൈലിയിലാണ് രാഹുവിന്റെ നിൽപ്പ്. രാഹു നന്മയും തിന്മയും തരുന്ന ഗ്രഹമാണ്. ഏഴിൽ രാഹു നിന്നാൽ സമുദായാചാരങ്ങൾ പാലിക്കാത്ത വിവാഹാദി കാര്യങ്ങൾ നടക്കാം.
12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ച് നൂറുംപാലും വഴിപാട് നടത്തിയാൽ രാഹു കേതു ദോഷം, നാഗദോഷം എന്നിവ മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍, വിവാഹ തടസ്സം എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തരാക്കുന്നതും ശ്രേയസ് നൽകും. സുബ്രഹ്മണ്യ സ്വാമി, ഹനുമാൻസ്വാമി, ശിവൻ, മഹാവിഷ്ണു എന്നിവരെ ഭജിക്കുന്നതും വഴിപാട് നടത്തുന്നതും ഉത്തമമാണ്.
രാഹുകാലമാണ് രാഹുവിനെ ആരാധിക്കുവാൻ നല്ല നേരം. യമഗണ്ഡകാലമാണ് കേതുവിനെ ഭജിക്കാൻ ഉത്തമം. ഓരോ ദിവസവും രാഹുകാലവും യമഗണ്ഡ കാലവും വരുന്ന സമയം വ്യത്യസ്തമായിരിക്കും. ചില കലണ്ടറുകളിൽ ഓരോ ദിവസത്തിന്റെയും താഴെ ഈ നേരം കുറിച്ചിട്ടിരിക്കും. നേരം ഓൺലൈനിൽ നിത്യേന പ്രസിദ്ധീകരിക്കുന്ന സജീവ് ശാസ്താരം തയ്യാറാക്കുന്ന നിത്യജ്യോതിഷം പംക്തിയിൽ കൃത്യമായ രാഹുകാലവും യമഗണ്ഡകാലവും എല്ലാ ദിവസവും നൽകുന്നുണ്ട്. രാഹുകാലവും യമഗണ്ഡകാലം അഥവാ കേതുകാലവും പകലിൻ്റെ 1.5 മണിക്കൂർ ദൈർഘ്യത്തിൽ വരുന്നതാണ്. രാഹുവിനും കേതുവിനുമാണ് യഥാക്രമം ഈ നേരത്തിൻ്റെ അധിപത്യം. യമഗണ്ഡ കലാം സൂചിപ്പിക്കുന്നത് ‘സൃഷ്ടിയുടെ മരണം’ എന്നാണ്. അതിനാൽ ഈ സമയത്ത് മംഗളകർമ്മങ്ങൾ ഒന്നും നടത്താറില്ല. കേതുകാലത്ത് അന്ത്യകർമ്മങ്ങളോ ശവസംസ്കാര ചടങ്ങുകളോ നടത്തപ്പെടുന്നു, ഇത് ഒരു ജീവിത ചക്രത്തിൻ്റെ അവസാനത്തെ സൂചിപ്പിക്കുന്നു. ആ ആത്മാവ് മോക്ഷം നേടുമെന്ന് കരുതുന്നു.
രാഹുകേതുക്കൾക്ക് പല ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും കാളഹസ്തിയിലെ രാഹുകേതു ക്ഷേത്രമാണ് ലോക പ്രശസ്തം. തിരുപ്പതിക്ക് സമീപം തമിഴ്‌നാട് ആന്ധ്രാ അതിർത്തിയിലാണ് ഈ ക്ഷേത്രം.
രാഹുകാലം
ഞായർ: 04:30 PM മുതൽ 06:00 PM വരെ
തിങ്കൾ: 07:30 AM മുതൽ 00:09 AM വരെ
ചൊവ്വ: 03:00 PM മുതൽ 04:30 PM വരെ
ബുധൻ: 12:00 PM മുതൽ 1:30 PM വരെ
വ്യാഴം: 1:30 PM മുതൽ 03:00 PM വരെ
വെള്ളി: 10:30 AM മുതൽ 12:00 AM വരെ
ശനി: 09:00 AM മുതൽ 10:30 AM വരെ
യമഗണ്ഡകാലം
ഞായർ: 12:00 PM മുതൽ 1:30 PM വരെ
തിങ്കൾ: 10:30 AM മുതൽ 12 PM വരെ
ചൊവ്വ: 09 AM മുതൽ 10:30 AM വരെ
ബുധൻ: 7:30 AM മുതൽ 9 AM വരെ
വ്യാഴം: 06 AM മുതൽ 7:30 AM വരെ
വെള്ളി: 3:00 PM മുതൽ 4:30 PM വരെ
ശനി: 01:30 PM മുതൽ 3 PM വരെ
( ഉദയം 6 മണി എന്ന കണക്കിൽ )
Story Summary: Significance of Rahu Ketu Worshipping and Importance of Rahu Kalam and Yama Kanda Kalam
Copyright 2024 Neramonline.com. All rights reserved