Sunday, 6 Oct 2024
AstroG.in

രാഹു പിണങ്ങിയാൽ രക്ഷ നാരങ്ങാവിളക്ക്

എപ്പോഴും മനപ്രയാസം നിങ്ങളെ പിൻതുടരുന്നുവോ? കടം, നഷ്ടം, മോഷണം, ചതി ഇതെല്ലാം ഒഴിയുന്നില്ലെ? ത്വക് രോഗവും ശ്വാസകോശ പ്രശ്നങ്ങളും രഹസ്യ രോഗങ്ങളും യൂറിനറി പ്രശ്നങ്ങളും അഗ്നിഭയവും ശത്രുക്കളും  കേസും വഴക്കും ശല്യം ചെയ്യുന്നുവോ? വിവാഹം വൈകുന്നോ? ജാതിയോ മതമോ മാറിയാണോ വിവാഹം കഴിച്ചത്? ദാമ്പത്യത്തിൽ കല്ലുകടി കളുണ്ടോ? 

ഇങ്ങനെയൊക്കെയാണെങ്കിൽ മനസ്സിലാക്കുക:  നിങ്ങളുടെ ജാതകത്തിൽ രാഹു  പിണങ്ങി നിൽക്കുകയാണ്. ജാതകത്തിൽ 6, 8, 12 ഭാവങ്ങളിൽ നിൽക്കുന്ന രാഹുവും ഈ രാശികളിൽ ഗോചരാൽ എത്തുന്ന രാഹുവും  വല്ലാതെ ദോഷം ചെയ്യും. എന്നാൽ നല്ല സ്ഥാനത്താണ് രാഹുവെങ്കിൽ സിനിമയിലും രാഷ്ട്രീയത്തിലും മറ്റും മിന്നിത്തിളങ്ങും. 

രാഹു ദോഷപരിഹാരത്തിന് പല മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം  ദുർഗ്ഗാദേവിയെയും ഗണപതി ഭഗവാനെയും പ്രീതിപ്പെടുത്തുകയാണ്. ഈ ദേവതകളുടെ ക്ഷേത്രങ്ങളിൽ  ദർശനം, അർച്ചന, വഴിപാടുകൾ ഇവ മുടക്കരുത്.

ഓം ഗം ഗണപതയേ നമ:, ഓം ദും ദുർഗ്ഗായെ നമ:,  ഓം രാഹ വേ നമ: എന്നീ മന്ത്രങ്ങൾ പതിവായി ജപിക്കണം.

ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന നാരങ്ങാവിളക്കാണ് മറ്റൊരു പ്രധാന പരിഹാരമാർഗ്ഗം. നവഗ്രഹങ്ങളില്‍ ഒന്നായി കണക്കാക്കുന്നുണ്ടെങ്കിലും രാഹു ഒരു തമോ ഗ്രഹമാണ്.  ലോകത്തിന് അനിഷ്ടകാരിയായ ഒരു ഗ്രഹമായിട്ടാണ് രാഹുവിനെ കണക്കാക്കുന്നത്. രാഹുര്‍ദശയിലും മറ്റു ദശകളില്‍ രാഹുവിന്റെ അപഹാര കാലത്തും ഛിദ്രത്തിലും നമുക്ക് അഹിതവും അനിഷ്ടകരവുമായ കാര്യങ്ങള്‍ സംഭവിക്കും. ഓരോ ദിവസവും രാഹുവിന്റെ നിഴലാട്ടം ഉണ്ടാക്കുന്ന അനിഷ്ട സംഭവങ്ങള്‍ പരിഹരിക്കാനാണ് രാഹുകാലത്ത് നാരങ്ങാവിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത്. 

ദുര്‍ഗ്ഗാപൂജനതഃ പ്രസന്ന ഹൃദയാഃ എന്നാണ് നവഗ്രഹ മംഗളാഷ്ടകത്തില്‍ രാഹുവിനെപ്പറ്റി പറയുന്നത്. രാഹുര്‍ ദോഷ പരിഹാരത്തിന് ദേവീ പൂജ ഉത്തമം എന്നാണിതിന്റെ അര്‍ത്ഥം. 

രാശിചക്രത്തില്‍ രാഹുവിന് സ്വന്തമായ ക്ഷേത്രമില്ല. എങ്കിലും ദേവിയുടെ പ്രാതിനിധ്യം വഹിക്കുന്ന ശുക്രന്റെ സ്വക്ഷേത്രമായ ഇടവത്തിലാണ് രാഹുവിന് സ്ഥാനം കല്പിച്ചിരിക്കുന്നത്. അതായത് ദേവിയുടെ സ്വക്ഷേത്രമായ രാശിയില്‍ ആശ്രിതനായി സ്ഥിതി ചെയ്യുന്നവനാണ് രാഹു.  ഇങ്ങനെ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് രാഹുര്‍ദോഷ പരിഹാരത്തിന് ദേവിയെ ആരാധിക്കുക തന്നെ വേണം എന്ന്  പറയുന്നത്. 

അമ്ല ഗുണ പ്രധാനമായ നാരങ്ങാ ചിരാതിന്റെ രൂപത്തിലാക്കി അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ചാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്. അത്യധികം അമ്ല ഗുണമുള്ള നാരങ്ങയുടെ തൊലിയില്‍ എണ്ണയോ നെയ്യോ ചേരുമ്പോള്‍ അതിന്റെ ഫലം തീവ്രമാകുന്നു. 

ശക്തി സ്വരൂപിണിയായ ദേവിയെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന രാജസ പൂജയുടെ ഭാഗമായാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്. ലഘുവായ ഒരു ഹോമത്തിന്റെ ഫലം ഇതുമൂലം ഭക്തര്‍ക്ക് ലഭിക്കുന്നു. അഗ്നിഭഗവാനെ സാക്ഷിനിര്‍ത്തി മന്ത്രോച്ചാരണത്തോടെ ദേവിയെ സ്തുതിച്ചാല്‍ രാഹു ദോഷം അകന്നു പോകുമെന്നാണ് വിശ്വാസം. 

വെള്ളി, ചൊവ്വ ദിവസങ്ങളാണ് നാരങ്ങാ വിളക്കു കത്തിക്കാന്‍ ഉത്തമം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തുടങ്ങുന്ന രാാഹുകാലത്ത്  നാരങ്ങാ വിളക്ക് കത്തിച്ചുള്ള പൂജ പല ദേവീക്ഷേത്രങ്ങളിലും വളരെ പ്രധാനമാണ്. നൂറുകണക്കിനാളുകളാണ് ഈ പൂജയിൽ പങ്കെടുക്കുന്നത്.

– സരസ്വതി.ജെ കുറുപ്പ്

ഫോൺ: 9074580476

error: Content is protected !!