Saturday, 11 May 2024
AstroG.in

രോഗങ്ങൾ അകറ്റാൻ ഈ മന്ത്രം എന്നും 9 തവണ ജപിക്കുക

ആയുരാരോഗ്യ സൗഖ്യത്തിന് പ്രാർത്ഥിക്കേണ്ട ദേവനാണ് ധന്വന്തരി. രോഗ ക്ലേശങ്ങൾ ബുദ്ധിമുട്ടിക്കുമ്പോൾ നല്ല ചികിത്സയ്ക്കും പരിചരണത്തിനുമൊപ്പം മഹാവിഷ്ണുവിന്റെ അംശമായ ധന്വന്തരിയെ പ്രാർത്ഥിച്ച് പൂജിക്കുക കൂടി ചെയ്താൽ പെട്ടെന്ന് രോഗമുക്തി ലഭിക്കും. 

പാലാഴിമഥന വേളയിൽ  അമൃതകുംഭവുമായി ഉയർന്നുവന്ന വിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരി. ദേവന്മാരുടെ വൈദ്യനും  ആയൂർവേദത്തിന്റെ ദേവനുമാണ്. ചതുർബാഹു രൂപത്തിലാണ് ധന്വന്തരിയെ പൂജിക്കുന്നത്. നാല് കൈകളിൽ ഓരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയുണ്ട്. 

രോഗ ദുരിത മോചനത്തിന് ധന്വന്തരിയെപൂജിക്കും മുൻപ് അമ്മയെയും അച്ഛനെയും ഗുരുവിനെയും ഗണപതി ഭഗവാനെയും കുലദേവതയെയും സ്മരിച്ച് വന്ദിക്കണം. ധന്വന്തരി പൂജയ്ക്ക് ഏറ്റവും നല്ല ദിവസം വ്യാഴാഴ്ചയാണ്. വിഷ്ണുവിന്റെ അംശാവതാരമായതിനാൽ ബുധനാഴ്ചയും നല്ലതാണ്. വെണ്ണയും കദളിപ്പഴവുംപാൽപ്പായസവുമാണ്  ധന്വന്തരി പൂജയിലെ നിവേദ്യങ്ങൾ. പുഷ്പാർച്ചനയ്ക്ക് കൃഷ്ണ തുളസിയാണ് വേണ്ടത്. മന്ദാരം, ചെത്തി എന്നിവയും ഉപയോഗിക്കാറുണ്ട്. ചന്ദനവും കുങ്കുമവുമാണ് അർച്ചനാ ദ്രവ്യങ്ങൾ. 

പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. വർഷത്തിൽ ഒരു തവണ ഏഴ് വ്യാഴാഴ്ച തുടർച്ചയായി ധന്വന്തരീ പൂജ ചെയ്താൽ അത് ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കും ആയുരാരോഗ്യ സൗഖ്യമുണ്ടാകും. ഈ പൂജ  നല്ലൊരു പൂജാരിയെ വീട്ടിൽ വരുത്തി ചെയ്യിക്കാം. അല്ലെങ്കിൽക്ഷേത്രങ്ങളിൽ വഴിപാടായി ചെയ്യിക്കാം. മിക്ക വിഷ്ണു അവതാര ക്ഷേത്രങ്ങളിലും ധന്വന്തരി പൂജ നടത്താറുണ്ട്.ഏത് മാസവും ദിവസവും ഈ പൂജ നടത്താം. വ്യാഴവും ബുധനുമാണ് കൂടുതൽ നല്ലതെന്ന് മാത്രം. ക്ഷേത്രത്തിലാണ് പൂജ നടത്തുന്നതെങ്കിലും നമ്മൾ പൂജാദിവസം രാവിലെ കുളിച്ച്  ശുദ്ധമായി നെയ് വിളക്കോ ശുദ്ധമായ നല്ലെണ്ണ വിളക്കോ വീട്ടിൽ തെളിക്കണം. ധന്വന്തരിയെ ധ്യാനിച്ച് മന്ത്രങ്ങൾ ജപിക്കണം. 

ധന്വന്തരി മന്ത്രം

ഓം നാരദ ഋഷി:

അതി ജഗതി ഛന്ദ:

ധന്വന്തരി 

മഹാവിഷ്ണുർ ദേവത

ഓം നമോ ഭഗവതേ 

വാസുദേവായ 

ധന്വന്തരയേ 

അമൃതകലശ ഹസ്തായ 

സർവാമയ വിനാശായ 

ത്രൈലോക്യ നാഥായ 

ഭഗവതേ നമ:

പൂജയുടെ ഭാഗമല്ലാതെ തന്നെധന്വന്തരി മന്ത്രം ദിവസവും ജപിക്കുന്നത് സർവരോഗ ശമനത്തിനും, സർവൈശ്വര്യത്തിനും  കാരണമാകുന്നു. ഉത്കണ്ഠ, മാനസിക സംഘർഷം, രോഗദുരിതം, ഭയം  എന്നിവ കാരണം വിഷമിക്കുന്നവർ ധന്വന്തരി  മന്ത്രം എന്നും കുറഞ്ഞത് ഒൻപത് തവണ  ജപിക്കണം   

ചേർത്തല  മരുത്തോർ‌വട്ടത്ത് പ്രസിദ്ധമായ  ധന്വന്തരി ക്ഷേത്രമുണ്ട്. കോട്ടയത്ത്  തിരുവഞ്ചൂരിനടുത്ത്  പാറമ്പുഴക്കരയിലെ വൈകുണ്ഠപുരം ധന്വന്തരി ക്ഷേത്രവും കീർത്തി കേട്ടതാണ്. മാവേലിക്കരയിലാണ് മറ്റൊരു ധന്വന്തരി സന്നിധി. കണ്ണൂര്‍ ചിറക്കൽ, തൃശൂർ പെരിങ്ങാവ്, നെല്ലുവ, പെരുമ്പാവൂരിൽ  തോട്ടുവ എന്നിവിടങ്ങളിലെ ധന്വന്തരി ക്ഷേത്രങ്ങളും പ്രസിദ്ധമാണ്.

– സരസ്വതി ജെ.കുറുപ്പ് 
+91 90745 80476

error: Content is protected !!