Saturday, 23 Nov 2024
AstroG.in

രോഗദുരിതശാന്തിക്ക് ഏറ്റവും ഗുണകരം ധന്വന്തരി മന്ത്രജപം, താമരമാല ചാർത്തൽ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ദേവാസുരന്മാർ പാൽക്കടൽ കടഞ്ഞപ്പോൾ അമൃതകലശവുമായി ഉയർന്നുവന്ന ദിവ്യ തേജസാണ് ധന്വന്തരി മൂർത്തി. മഹാവിഷ്ണുവിന്റെ അംശാവതാരം എന്ന് വിശ്വസിക്കുന്ന ധന്വന്തരി മൂർത്തിക്ക് നാല് കരങ്ങളുണ്ട്. മുകളിലെ വലത് കൈയിൽ സുദർശന ചക്രവും ഇടത്തുവശത്തെ മേൽക്കരത്തിൽ ശംഖും ധരിച്ച ഭഗവാന്റെ വലത് ഭാഗത്ത് താഴെയുള്ള കൈയിൽ താളിയോല ഗ്രന്ഥമുണ്ട്. ഇടത് വശത്തെ കീഴ്കരത്തിൽ അമൃതകുംഭം വഹിക്കുന്നു. ഇത്തരത്തിൽ ഭക്തരെ അനുഗ്രഹിക്കുന്ന ഭഗവാന്റെ കൈയിലെ താളിയോലക്കെട്ട് വൈദ്യശാസ്ത്ര ഗ്രന്ഥമാണത്രേ. വിവിധ രോഗങ്ങൾ ചികിത്സിക്കാനുള്ള അമൂല്യമായ ചെടികളുടെ പേരുകളും മരുന്നു കൂട്ടുകളുടെ വിവരണവുമാണ് ഇതിലുള്ളതെന്ന് വിശ്വസിക്കുന്നു.

ആര്യവൈദ്യത്തിന്റെ കുലഗുരുവും രോഗങ്ങൾ ഹരിക്കുന്ന മൂർത്തിയുമായത് കൊണ്ടാണ് ആയുർവേദ വൈദ്യന്മാരെല്ലാം തന്നെയും ചില അലോപ്പതി ചികിത്സകരും ധന്വന്തരിയെ പൂജിക്കുന്നത്. ആരോഗ്യത്തിന്റെ ദേവൻ ആയതിനാലാകണം ധ്വന്വന്തരിയുടെ ശരീരം ദൃഢമാണ്. വിശാലമായ പരന്ന മാറിടം, വടിവൊത്ത ശരീരം, ശ്രീകൃഷ്ണനെ പോലെ നീലവർണ്ണം, ബലിഷ്ടമായ നാല് കരങ്ങൾ, ചുവന്ന കണ്ണുകൾ, സിംഹഗാംഭീര്യം, മഞ്ഞ വസ്ത്രധാരി, കറുത്തിരുണ്ട ചുരുൾമുടി, അതിന് മുകളിൽ സ്വർണ്ണകിരീടം, കാതുകളിൽ മുത്തു കടുക്കൻ – ഇങ്ങനെ സങ്കല്പിച്ചാൽ ധ്വന്വന്തരിയുടെ ഒരു പൂർണ്ണരൂപമായി. രോഗമില്ലാത്ത, ആയുരാരോഗ്യ സമ്പന്നമായ ഒരു നല്ല
ജീവിതം കാംക്ഷിക്കുന്നവരെല്ലാം ധന്വന്തരിമൂർത്തിയെ ആരാധിക്കണം.

ധന്വന്തരി മന്ത്രം
രോഗദുരിതങ്ങൾ ശല്യപ്പെടുത്തുന്ന ഘട്ടങ്ങളിൽ അതിൽ നിന്ന് മോചനം നേടാൻ എല്ലാവരും ധന്വന്തരി ഉപാസന ശക്തമാക്കണം. ഇതിനായി ഇനി പറയുന്ന ധന്വന്തരി മന്ത്രം നിത്യേന 2 നേരവും 36 വീതം സ്വയം ജപിക്കുക. രോഗദുരിതശാന്തിക്ക് ഏറ്റവും ഗുണകരമായ മാർഗ്ഗമാണിത്. വെളുത്ത പക്ഷത്തിലെ ദശമിനാളില്‍ ജപം തുടങ്ങുന്നത് എറ്റവും ഉത്തമം. നെയ്‌ വിളക്ക് കൊളുത്തിവച്ച് അതിന് മുമ്പിലിരുന്ന് ജപിക്കുന്നത് ഉത്തമം:

ഓം നമോ ധന്വന്തരയേ
വിശ്വരൂപാത്മനേ ശ്രീം ധന്വന്തരയേ
ജ്ഞാനായ ജ്ഞാനമാര്‍ഗ്ഗായ
സര്‍വ്വരോഗ ശമനം കുരു കുരു സ്വാഹാ

താമരമാല സമർപ്പണം
രോഗ ദുരിതങ്ങള്‍, മറ്റ് കഷ്ടപ്പാടുകള്‍ എന്നിവ നീങ്ങുന്നതിന് വിഷ്ണുക്ഷേത്രത്തി ധന്വന്തരി മൂർത്തിക്ക് താമരമാല ചാർത്തുന്നത് ഉത്തമമാണ്. പല തരത്തിലുള്ള അസുഖങ്ങളാൽ, കഷ്ടപ്പാടുകളാൽ ക്ലേശിക്കുന്നവർക്ക് ക്ഷിപ്ര രക്ഷാകവചമാണ് ധന്വന്തരമൂർത്തി. ബുധൻ വ്യാഴം ദിവസങ്ങളിലാണ് താമരമാല ചാർത്തേണ്ടത്. മന:ശാന്തിക്കും മനോരോഗ ശാന്തിക്കും പാപ ശമനത്തിനും ഏറ്റവും വിശേഷമത്രെ
ധന്വന്തരിക്ക് തുളസിമാല ചാർത്തൽ . 3, 5, 7, 9, 12 തുടങ്ങി യഥാശക്തി ദിനം ധന്വന്തരിക്ക്, വിഷ്ണു ഭഗവാന് ഈ വഴിപാട് നടത്താം.

സപ്തമന്ത്രങ്ങള്‍
ധന്വന്തരി മൂർത്തിയുടെ കടാക്ഷം നേടുന്നതിന് ഇനി സപ്തമന്ത്രങ്ങള്‍ ജപിക്കുന്നത് ഏറെ ഫലപ്രദമാണ്. ഈ 7 മന്ത്രങ്ങളും 3 പ്രാവശ്യം വീതം നിത്യേന ജപിക്കുക. ധന്വന്തരി പ്രീതിയിലൂടെ ആരോഗ്യ ലബ്ധിയുണ്ടാകും.

ഓം കേശവായ നമഃ:
ഓം വിഷ്ണുവേ നമഃ
ഓം മഹായോഗിനേ നമഃ
ഓം സര്‍വ്വരത്മകായ നമഃ
ഓം ചിതേ നമഃ
ഓം മധുപ്രിയായ നമഃ
ഓം ചിതേ നമഃ
ഓം മധുപ്രിയായ നമഃ

  • തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 94470 20655

Story Summary: Dhanwantari Worshipping for curing illness


error: Content is protected !!