Saturday, 23 Nov 2024
AstroG.in

രോഗഭയം അകറ്റാൻ എന്നും ഈ മന്ത്രം ജപിക്കൂ

ടി. ജനാർദ്ദനൻ നായർ
സർവരോഗ നിവാരകനായ ധന്വന്തരി മൂർത്തിയെ ഉപാസിക്കുവാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ദീപാവലി. ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്നും ദിവ്യമായ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി. ആയുർവേദത്തിന്റെ ദേവനായതിനാൽ രോഗമുക്തിക്കായി ചികിത്സയുടെ കൂടെ വൈദ്യന്മാരും രോഗികളും ധന്വന്തരിയെയും ആരാധിക്കുക പതിവാണ്. പാലാഴിയിൽ നിന്നും ഉത്ഭവിച്ച മഹാലക്ഷ്മിയെ പോലെ ദീപാവലിയോട് അനുബന്ധിച്ചാണ് ധന്വന്തരിയെയും സവിശേഷമായി ആരാധിക്കുന്നത്. ദീപങ്ങൾ തെളിച്ചും പുഷ്പങ്ങൾ അർപ്പിച്ചും പടക്കവും കതിനാവെടിയും പൊട്ടിച്ചും ധന്വന്തരിയെ ഈ ദിവസം ആരാധിക്കുന്നത് തമിഴ് നാട്ടിലെ ചില സ്ഥലങ്ങളിൽ പതിവാണ്.

ചതുർബാഹു രൂപത്തിലാണ് ധന്വന്തരി മൂർത്തിയെ ആരാധിക്കുന്നത്. മേൽ കയ്യിൽ സുദർശനചക്രവും ഇടത് വശത്തെ മേൽക്കരത്തിൽ ശംഖും വലത്തുഭാഗത്തെ കീഴ്കൈയിൽ ഓലഗ്രന്ഥവും ഇടത്തുവശത്തെ കീഴ്കരത്തിൽ അമൃതകുംഭവുമായാണ് ഭക്തരെ അനുഗ്രഹിക്കുവാൻ ക്ഷേത്രങ്ങളിൽ ഭഗവാൻ വാണരുളുന്നത്. കയ്യിലെ ഓലക്കെട്ട് വൈദ്യശാസ്ത്ര ഗ്രന്ഥമത്രേ. പല രോഗങ്ങൾക്കും പ്രയോഗിക്കുവാനുള്ള അമൂല്യമായ വസ്തുക്കളുടെ വിവരണമാണ് ഇതിലുള്ളത്. അതിനാലാണ് വൈദ്യന്മാരെല്ലാം തന്നെ ധന്വന്തരിയെ പൂവിട്ടു പൂജിക്കുന്നത്. വൈദ്യശാസ്ത്ര നിപുണനായതിനാലാവാം ധ്വന്വന്തരിയുടെ ശരീരം ദൃഢമാണ്. വിശാലമായ പരന്ന മാറിടം, വടിവൊത്ത ശരീരം, ശ്രീകൃഷ്ണനെ പോലെ നീലവർണ്ണം, ബലിഷ്ഠമായ കരങ്ങൾ, ചുവന്ന കണ്ണുകൾ, സിംഹ ഗാംഭീര്യം, മഞ്ഞ വസ്ത്രം, കറുത്തിരുണ്ട ചുരുൾമുടി, ശിരസിൽ സ്വർണ്ണകിരീടം, കാതുകളിൽ മുത്തു കടുക്കൻ ഇതൊക്കെയാണ് ധ്വന്വന്തരിയുടെ പൂർണ്ണരൂപ സങ്കല്പം.

രോഗമില്ലാത്ത ആരോഗ്യ പൂർണ്ണമായ ജീവിതവും ദീർഘായുസും ആഗ്രഹിക്കുന്നവരെല്ലാം ധന്വന്തരി മൂർത്തിയെ ഉപാസിക്കണം. തമിഴ്‌നാട്ടിലെ ഡിണ്ടിക്കലിന് സമീപമുള്ള ധർമ്മപുരിയിലെ സുന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ ധ്വന്വന്തരിക്കായി പ്രത്യേക ശ്രീകോവിൽ തന്നെയുണ്ട്. ഇവിടെ എല്ലാ അമാവാസി ദിനത്തിലും മൂലികാഭിഷേകമാണ് വിശേഷം. അതുതന്നെയാണ് പ്രസാദമായും ഭക്തർക്ക് നൽകുന്നത്. ആ പ്രസാദം സേവിച്ച് ബാക്കി ശരീരത്തിൽ പുരട്ടിയാൽ തീരാത്ത വ്യാധികൾ ഒന്നും തന്നെയില്ലെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് നാട്ടിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രാങ്കണത്തിൽ ധന്വന്തരിയുടെ പ്രതിഷ്ഠയുണ്ട്.

കോയമ്പത്തൂരിൽ രംഗനാഥപുരത്ത് ആര്യ വൈദ്യ ഫാർമസിയുടെ ധന്വന്തരി ക്ഷേത്രമുണ്ട്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ധന്വന്തരി ക്ഷേത്രം ചേർത്തല മരുത്തോർവട്ടത്താണ്. എറണാകുളം തോട്ടുവാ, പള്ളുരുത്തി, ആലപ്പുഴ മണ്ണാഞ്ചേരി, ഗുരുവായൂരിനടുത്തുള്ള നെല്ലുവായ്, പെരിങ്ങാവ്, ആനക്കൽ , കൂഴക്കോട്, കോട്ടക്കൽ, കണ്ണൂരിലെ ചിറയ്ക്കൽ, പത്തനംതിട്ടയിലെ ഇലന്തൂർ പരിയാരം, തിരുവഞ്ചൂർ പാറുമ്പുഴക്കര , കൂത്താട്ടുകുളം ശ്രീധരീയത്തിലെ നെല്യക്കാട്ട്, മാവേലിക്കരയിലെ പ്രായിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് കേരളത്തിലെ മറ്റ് പ്രസിദ്ധ ധന്വന്തരി സന്നിധികൾ. മിക്കവാറും എല്ലാ വിഷ്ണു ക്ഷേത്രങ്ങളിലും ഭഗവാനെ ധന്വന്തരി സങ്കല്പത്തിൽ ഭക്തർക്ക് വഴിപാട് നടത്തി ആരാധിക്കാം.
എല്ലാ ദിവസവും ധന്വന്തരി ധ്യാനവും മന്ത്രവും ധന്വന്തരി ഗായത്രിയും ജപിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിന് നല്ലതാണ്.

ധന്വന്തരി ഗായത്രി
ഓം വാസുദേവായ വിദ്മഹേ
വൈദ്യ രാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്

ധന്വന്തരി ധ്യാനം
ശംഖം ചക്രം ജളൂകം
ദധതമമൃത
കുംഭം ച ദോർ ഭിശ്ചതുർഭി:
സൂക്ഷ്മ സ്വച്ഛാ തി ഹൃദ്യാം
ശുക പരി വിലസൻ മൗലി
മംഭോജനേത്രം
കാളാംഭോ ദോ ജ്വലാഭം
കടിതട വിലസത് ചാരു
പീതാംബരാഢ്യാം
വന്ദേ ധന്വന്തരിം തം
നിഖില ഗദവന
പ്രൗഢാദാവാഗ്നി ലീലം

ധന്വന്തരി മന്ത്രം
ഓം നമോ ഭഗവതേ
വാസുദേവായ ധന്വന്തരയെ
അമൃതകലശ ഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യ നാഥായ
മഹാവിഷ്ണവേ നമ:

ടി. ജനാർദ്ദനൻ നായർ

error: Content is protected !!