Saturday, 23 Nov 2024
AstroG.in

രോഗമുക്തിക്കും മരണഭീതിയകറ്റാനും ഇപ്പോൾ എന്നും ഇത് ജപിക്കൂ

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
മരണഭയത്തിൽ നിന്നും മുക്തി നേടുന്നതിന് നിത്യവും ജപിക്കാവുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. യജുർവേദം മൂന്നാം അദ്ധ്യായത്തിലെ അറുപതാം മന്ത്രമാണിത്. ഇതിന്റെ ഋഷി വസിഷ്ഠനും ദേവത രുദ്രനും ഛന്ദസ് ത്രിഷ്ടുപ്പുമാണ്.

ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാ മൃതാത്

വളരെ ശക്തമായ ഈ മന്ത്രത്തിൽ ത്ര്യംബകനെയാണ് പൂജിക്കുന്നത്. ദീർഘായുസ് ലഭിക്കും എന്നതാണ് ഈ മന്ത്രത്തിന്റെ ഫലസിദ്ധി. കോവിഡ് മഹാമാരി മരണഭയം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ ആയുർബലം വർദ്ധിപ്പിക്കാൻ എല്ലാവരും മഹാമൃത്യുഞ്ജയ മന്ത്രം എന്നും ജപിക്കുന്നത് നല്ലതാണ്. ജാതകദോഷങ്ങൾ, ഗോചരാലുള്ള ദോഷങ്ങൾ, ആധികൾ തുടങ്ങിയവയാൽ മനസ് ചഞ്ചലമാകുന്നവർക്ക് നിരന്തരമായ മൃത്യുഞ്ജയ മന്ത്രം എല്ലാം കൊണ്ടും രക്ഷയാണ്.

ജനിച്ചാൽ മരണം ഉറപ്പാണ്. എന്നാൽ ആ മരണം ഒരു വെള്ളരി പഴുത്ത് പാകമെത്തി അതിന്റെ ഞെട്ടിൽ നിന്നും സ്വയം വേറിട്ട് വീഴും പോലെ സ്വാഭാവികമായും അതിന് കൽപ്പിച്ചിട്ടുള്ള സമയത്തുമേ സംഭവിക്കാവൂ എന്നാണ് ഈ പ്രാർത്ഥന. അതിന് മുൻപ് മരണം സംഭവിക്കരുത് എന്നർത്ഥം. വെള്ളരി വള്ളിയിൽ നിന്നും വേർപെടും പോലെ, തികച്ചും സ്വാഭാവികവും സഹജവുമായ മരണമേ തനിക്ക് സംഭവിക്കാവൂ എന്നത്രേ ഇതിന്റെ ആശയം. അതായത് അകാലമൃത്യു, അപകടമരണം, അവിചാരിത മരണം തുടങ്ങിയവ ഒന്നും സംഭവിക്കരുത് എന്ന്
പ്രാർത്ഥന.

മൃത്യുവിന്റെ നടത്തിപ്പുകാരൻ യമദേവനാണ്. ആ കാലനെയും വരുതിക്ക് നിറുത്തുന്ന ശിവ ഭഗവാനിൽ അഭയം പ്രാപിക്കുകയാണ് മൃത്യുഞ്ജയ മന്ത്രത്തിലൂടെ. മഹാമൃത്യുഞ്ജയ മന്ത്രം ഉപയോഗിച്ച് പുഷ്പാഞ്ജലിയും പൂജയും ഹോമവുമെല്ലാം നടത്താറുണ്ട്. രോഗശാന്തിക്കായി പരക്കെ നടത്തുന്ന മൃത്യുഞ്ജയ ഹോമം പ്രസിദ്ധമാണ്. ഇതിന്റെ ധ്യാനമന്ത്രം ജപിക്കുകയും മൂലമന്ത്രം ജപിച്ച് കൂവളക്കായ്, പായസം, എള്ള്, പാൽ, നെയ്, കറുക, തൈര്, പ്ലാശിൻ ചമത, പേരാൽ ചമത, കരിങ്ങാലിച്ചമത എന്നീ ദശദ്രവ്യങ്ങൾ ഓരോന്നും ആയിരം പ്രാവശ്യം വീതം ഹോമിക്കുകയും ചെയ്താൽ മന്ത്രസിദ്ധി നേടാം എന്ന് കരുതുന്നു.

ഇപ്പോൾ സാധാരണക്കാർക്ക് മഹാമാരി സൃഷ്ടിക്കുന്ന ഭീതി അതിജീവിക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം എല്ലാ ദിവസവും കഴിയുന്നത്ര തവണ ജപിക്കുന്നത് ഗുണം ചെയ്യുക തന്നെ ചെയ്യും.

ജ്യോതിഷാചാര്യൻ കെ.ദേവീദാസ് ,
+91 8848873088

error: Content is protected !!