രോഗശാന്തിക്കും വിജയത്തിനും തിങ്കളാഴ്ച ഭസ്മാഭിഷേകം
ശിവപൂജയിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഭസ്മാഭിഷേകം. ഭസ്മം കൊണ്ട് ശിവന് അഭിഷേകം ചെയ്യുന്നത് ശിവപ്രീതിക്ക് ഗുണകരമാണ്. വിശേഷദിനങ്ങളില്‍ കലശ പൂജയായും ഭസ്മാഭിഷേകം ക്ഷേത്രങ്ങളില്‍ നടത്തിറുണ്ട്. നിത്യേന രാവിലെ അഭിഷേക ചടങ്ങിന് ശേഷം ഭസ്മവും ഭഗവാന് അഭിഷേകം ചെയ്യുന്നു. ഇങ്ങനെ ശിവലിംഗത്തില്‍ സ്പര്‍ശിച്ച ഭസ്മം കുളിച്ച് ശുദ്ധമായി എന്നും ധരിക്കുന്നത് രോഗശാന്തി, കാര്യവിജയം ,പാപശാന്തി എന്നിവയ്ക്ക് നല്ലതാണ്. പാപശാന്തി ലഭിച്ചാൽ മാത്രമേ ജീവിത ദുരിതങ്ങൾ ഒഴിഞ്ഞു പോകൂ. തുടർച്ചയായി 12 തിങ്കളാഴ്ചകളില്‍ ഭസ്മാഭിഷേകം വഴിപാടായി നടത്തുന്നത് വിശേഷഫലം നൽകും. രോഗശാന്തിക്കും പ്രത്യേകമായ കാര്യങ്ങളിലെ വിജയത്തിനും ഈ വഴിപാട് നടത്തുന്നത് ക്ഷിപ്രഫലം നൽകും. ദൃഢമായ വിശ്വാസത്തോടും ഭക്തിയോടും വഴിപാട് നടത്തിയാലെ സദ്ഫലം ലഭിക്കൂ.
ശിവരാത്രിനാളിലും തിരുവാതിര ദിവസവും ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത ഭസ്മം ധരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പൂര്‍വ്വജന്മാര്‍ജ്ജിത ദുരിതങ്ങളും പാപങ്ങളുമകന്ന് സൗഖ്യം ഉണ്ടാകും. എപ്പോഴും ഭസ്മം ധരിക്കുന്ന വ്യക്തിയെ മഹാദേവന്‍ കാത്തു രക്ഷിക്കുമെന്നാണ് വിശ്വാസം. വിദ്യാപരമായ ദൃഷ്ടിദോഷങ്ങൾ മാറുന്നതിന് ഭസ്മജപം നല്ലതാണ്. ഒരു നല്ല കർമ്മിയാണ് ഇത് ചെയ്യേണ്ടത്. പത്മം വരച്ച് ദക്ഷിണാമൂര്‍ത്തിയെ ആവാഹിച്ച് പൂജിച്ച് ഭഗവദ് പാദത്തില്‍ സങ്കല്പിച്ച് ഭസ്മം വച്ച് ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍ത്തയേ രുദ്രായ ഉഗ്രായ പാശുപതയേ ശിവായ നമ: എന്ന മന്ത്രം കൊണ്ട് 108 പ്രാവശ്യം അര്‍ച്ചന ചെയ്യും. ഭസ്മം തൊട്ട് 1008 പ്രാവശ്യം ഈ മന്ത്രം ജപിച്ച് പൂജ പൂര്‍ത്തിയാക്കും. ഈ ഭസ്മം കുട്ടികള്‍ക്ക് നെറ്റിയില്‍ തൊടാനും സേവിക്കാനും നല്കിയാല്‍ വിദ്യാപരമായ കണ്‍ദോഷങ്ങളും അലസതയുും മാറി വിദ്യാവിജയം ഉണ്ടാകും.
–തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655