Friday, 22 Nov 2024
AstroG.in

രോഗശാന്തിയും ദുരിതശാന്തിയും തരും രമ ഏകാദശി വ്യാഴാഴ്ച

ജ്യോതിഷരത്‌നം വേണു മഹാദേവ്
ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. തികഞ്ഞ ചിട്ടയോടെ ഏകാദശി വ്രതം അനുഷ്ഠിക്കുകയും, വിഷ്ണു ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ പ്രസ്തുത ദിവസം യഥാശക്തി ജപിക്കുകയും ചെയ്താൽ മഹാവിഷ്ണു പ്രീതിയിലൂടെ എല്ലാവിധ ദുരിതങ്ങള്‍ക്കും പരിഹാരവും അളവറ്റ ഐശ്വര്യവും, ജീവിതാന്ത്യത്തില്‍ മോക്ഷവും ലഭിക്കും.

ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിനങ്ങളില്‍
നീളുന്നതാണ് ഏകാദശിവ്രതം. ഏകാദശി നോൽക്കുന്ന
ഭക്തർ തികഞ്ഞ ഏകാഗ്രതയോടെ ഈ ദിവസങ്ങളിൽ വിഷ്ണുമന്ത്രങ്ങൾ ജപിച്ചും വ്രതനിഷ്കൾ പാലിച്ചും കഴിയണം. എല്ലാ മാസത്തിലെയും രണ്ടു പക്ഷത്തിലെയും ഏകാദശിക്ക് വ്രതമെടുക്കാം.

2023 നവംബർ 9 ന് കറുത്തപക്ഷത്തിൽ വരുന്ന ഏകാദശിയെ രമാഏകാദശി എന്ന് പറയും. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിക്ക് പ്രബോധിനി ഏകാദശി എന്നും പേരുണ്ട്. ശരിയായ രീതിയിൽ ഈ ഏകാദശി നോറ്റാൽ രോഗശാന്തിയും ദുരിതശാന്തിയും വിശേഷഫലങ്ങളാണ്. വിഷ്ണു പത്നിയും ഐശ്വര്യ ദേവതയുമായ മഹാലക്ഷ്മിയുടെ പേരാണ് രമ. ഈ ഏകാദശി ദിവസം വിഷ്ണു ഭഗവാനെ കേശവനായും രാമനായും സങ്കല്പിച്ച് ഭജിച്ചാൽ ധനവും ഐശ്വര്യവും സമൃദ്ധിയും കരഗതമാകും എന്ന് വിശ്വസിക്കുന്നു. ചതുർമാസ്യ കാലത്തെ അവസാന ഏകാദശിയാണ്
ദീപാവലിക്ക് നാലു നാൾ മുൻപ് സമാഗതമാകുന്ന രമാ ഏകാദശി.

ഏകാദശി വ്രതമെടുക്കുന്നവർ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ഏകാദശിയുടെ തലേന്ന് ദശമി ദിവസവും ദ്വാദശി ദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ഏകാദശി ദിവസം പൂർണ ഉപവാസം വേണം. കഴിയാത്തവർക്ക്
ഒരു നേരം പഴങ്ങളോ മറ്റോ കഴിക്കാം. ഈ ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. തുളസി നനച്ച് തുളസിത്തറയ്ക്കു ഏഴ് പ്രദക്ഷിണം വയ്ക്കണം. പ്രദിക്ഷണ വേളയിൽ തുളസി മന്ത്രം ജപിക്കണം. ബ്രഹ്മചര്യ നിഷ്ഠ പാലിക്കണം.

ഏകാദശി നോൽക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹരിവാസരമാണ്. ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറുമടങ്ങിയ 12 മണിക്കൂറാണ് ഹരിവാസരം.
ഇത്തവണ ഹരിവാസര വേള നവംബർ 9 വ്യാഴാഴ്ച വെളുപ്പിന് 4 മണി 6 മിനിട്ടിനും വൈകിട്ട് 5 മണി 8 മിനിട്ടിനും മദ്ധ്യേയാണ്. ഈ സമയത്ത് ആഹാരവും ഉറക്കവും പാടില്ല. വിഷ്ണു സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് പൂർണ ഉപവാസമാണ് ഉത്തമം. അപ്പോൾ വിഷ്ണു ദ്വാദശനാമമന്ത്രം ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും.

ഏകാദശിക്ക് വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അര്‍ച്ചന നടത്തണം. വിഷ്ണുസഹസ്രനാമം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഓം നമോ നാരായണയാ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ 108 പ്രാവശ്യം ജപിക്കണം. ദ്വാദശി ദിവസം രാവിലെ വ്രതം മുറിക്കാം.

നെയ്‌വിളക്ക്, ത്രിമധുരം, വെണ്ണനിവേദ്യം, പാൽ, പഴം നിവേദ്യം പഞ്ചസാര നിവേദ്യം, പാൽപ്പായസ നിവേദ്യം, മഞ്ഞപട്ട് ചാർത്തുക, തുളസിമാല ചാർത്തുക, താമരപ്പൂവ് കൊണ്ട് അർച്ചന ചെയ്യുക, പാലഭിഷേകം എന്നീ വഴിപാടുകൾ ഏകാദശി ദിവസം നടത്തുന്നത് ഐശ്വര്യദായകമാണ്. ധനുവിലെ കൃഷ്ണപക്ഷത്തിലെ ഉല്പത്തി ഏകാദശി ധനുമാസത്തിലെ തന്നെ വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി, വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്നിവ ഏറെ വിശേഷമാണ്.

തുളസി മന്ത്രം
പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

വിഷ്ണു ദ്വാദശനാമ മന്ത്രം
ഓം കേശവായ നമഃ
ഓം നാരായണ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ശ്രീധരായ നമഃ
ഓം വാമനായ നമഃ
ഓം ഹൃഷി കേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
ജ്യോതിഷരത്‌നം വേണു മഹാദേവ്

  • 91 9847475559

Story Summary : Importance of Rama Ekadashi falls on
11th day in the Kartik month during the Krishna Paksha.


error: Content is protected !!