രോഗശാന്തി, ആയുര്‍സിദ്ധി, ദുരിതശാന്തി; മൃത്യുഞ്ജയമന്ത്ര ധാരയ്ക്ക് പെട്ടന്ന് ഫലം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം കൊണ്ട് ധാര നടത്തുന്നത് ഇഷ്ട കാര്യവിജയത്തിന് ഉത്തമമാണ്. മൃത്യുഞ്ജയമന്ത്രം ജപിച്ച് ശിവലിംഗത്തിൽ ജലം, പാല്‍, കരിക്ക് എന്നിവ കൊണ്ട് ധാര ചെയ്യുന്നതാണ് മൃത്യുഞ്ജയമന്ത്ര ധാരയുടെ രീതി. ഇതിന് ആദ്യം 1008 പ്രാവശ്യം മൃത്യുഞ്ജയ മന്ത്രം ജപിച്ച് ജലധാര ചെയ്യും. തുടർന്ന് അത്രയും തവണ വീതം പാലും കരിക്കന്‍ വെള്ളവും കൊണ്ട് ധാര നടത്തും. ഇത് മൂന്നും ഒരു ദിവസം തന്നെ നടത്തുന്നതാണ് ഉത്തമം. തുടർച്ചയായി
3 ദിവസം അല്ലെങ്കിൽ 3 തിങ്കളാഴ്ച അതുമല്ലെങ്കിൽ ജന്മനാൾ കണക്കാക്കി 3 മാസമായോ ഓരോ ദ്രവ്യം ഒരോ പ്രവശ്യവും എന്ന രീതിയില്‍ ചെയ്യുകയുമാകാം. ത്ര്യംബകം യജാമഹേ എന്ന മന്ത്രം കൊണ്ടാണ് ധാരജപം ചെയ്യണ്ടത്. വിഗ്രഹത്തില്‍ പൂജ നടത്തി വിഗ്രഹത്തിന് മുകളില്‍ ധാര പാത്രം വെച്ച് ദ്രവ്യം നിറച്ചു അതില്‍ ദര്‍ഭ കൊണ്ട് തൊട്ടു മന്ത്രം ജപിക്കണം. ജപിക്കുന്ന വേളയില്‍ ഇടമുറിയാതെ ദ്രവ്യം ശിവലിംഗത്തില്‍ വീഴണം. പിന്നീട് പൂജ പൂര്‍ത്തിയാക്കണം.
രോഗശാന്തി, ആയുര്‍സിദ്ധി, ദുരിതശാന്തി, പാപശാന്തി, എന്നിവയ്ക്ക് വളരെ ഗുണകരമാണ് മൃത്യുഞ്ജയമന്ത്ര ധാര. ദോഷം വളരെക്കൂടുതലാണെങ്കിൽ 1008, 3008, 5008, 10008, 12008 എന്ന രീതിയില്‍ ജപസംഖ്യ വർദ്ധിപ്പിക്കാറുണ്ട്. ജപ ദിനം മൂന്നിന് പകരം 5, 7, 9, 11, 12, 18, 21 എന്ന ക്രമത്തിൽ കൂട്ടുകയും ചെയ്യാം. കൂടുതല്‍ സംഖ്യ ജപിക്കേണ്ടി വരുമ്പോള്‍ ജപിക്കാൻ ആളുകളുടെ എണ്ണം കൂട്ടണം.
ശിവ ക്ഷേത്രങ്ങളിൽ അഭിഷേകത്തിന്റെ ഭാഗമായാണ് ധാര നടത്തുന്നത്. രാവിലെയാണ് നല്ല സമയം. പ്രത്യേക സന്ദർഭങ്ങളിൽ വൈകുന്നേരവും ധാര നടത്താറുണ്ട്. ഉദാഹരണത്തിന് പ്രദോഷ ദിവസം സന്ധ്യയ്ക്ക് പ്രദോഷപൂജയുണ്ട്. അതിന്റെ കൂടെ അഭിഷേകങ്ങൾ നടത്താറുണ്ട്. അക്കൂട്ടത്തിലും ധാര നടത്താം. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം അഭിഷേകം ഇല്ലാത്തത് കൊണ്ട് രാവിലത്തെ അഭിഷേകം കഴിഞ്ഞതിന് ശേഷം രാവിലെ നടത്തുന്ന പൂജകളുടെ ഭാഗമായി ധാര നടത്തുകയാണ് പതിവ്. ധാര ഏഴു പ്രാവശ്യമായിട്ടോ പന്ത്രണ്ട് പ്രാവശ്യമായിട്ടോ ചെയ്യാം. ഇങ്ങനെ നടത്തുമ്പോൾ തിങ്കളാഴ്ച ദിവസങ്ങളിലോ മാസത്തിൽ ഒന്നു വീതമോ ചെയ്യാം. മാസത്തിൽ ഒന്നാണെങ്കിൽ ജന്മനക്ഷത്ര ദിവസം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
മൃത്യുഞ്ജയ മന്ത്രം എന്നും രാവിലെ 36 തവണ വീതം ജപിക്കുന്നത് അത്ഭുതകരമായ ഈശ്വരാനുഗ്രഹം ലഭിക്കുന്നതിന് നല്ലതാണ്. കുറച്ചു നാൾ ഈ ക്രമത്തിൽ മന്ത്ര ജപം തുടർന്നാൽ അത്ഭുതകരമായ ദൈവീക ശക്തി ഭക്തർക്ക് അനുഭവിച്ചറിയാം. രോഗശാന്തി, ആരോഗ്യ സിദ്ധി ഇവയ്ക്ക് ഗുണകരമാണ് ഈ വേദ മന്ത്രം.
മൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവ്വാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയമാമൃതാത്
- തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655
Story Summary: Importance, Procedure and Benefits of Mrityunjaya Mantra Dhara
Copyright 2022 Neramonline.com. All rights reserved