Saturday, 23 Nov 2024
AstroG.in

രോഗ ഭയം മാറാൻ 3 ധന്വന്തരി മന്ത്രങ്ങൾ

ജരാനരകളില്‍ നിന്നും ദേവന്മാരെ രക്ഷിക്കാന്‍ നടത്തിയ പാലാഴിമഥനത്തിന്റെ അന്ത്യത്തിൽ അമൃതകലശവുമായി ഉയര്‍ന്നു വന്ന വിഷ്ണുവിന്റെ അംശാവതാരമാണ് ധന്വന്തരി മൂര്‍ത്തി.
ദുര്‍വാസാവിന്റെ ശാപഫലമായി ദേവേന്ദ്രനും മറ്റ് ദേവന്മാര്‍ക്കുമെല്ലാം ജരാനര ബാധിച്ചു. ആരോഗ്യം ക്ഷയിച്ച അവര്‍ ശാപമോക്ഷത്തിന് യാചിച്ചപ്പോള്‍ പാലാഴി കടഞ്ഞ് അമൃത് കഴിക്കാന്‍ മഹര്‍ഷി ഉപദേശിച്ചു. ത്രിമൂര്‍ത്തികളുടെ അനുഗ്രഹത്തോടെ ദേവന്മാര്‍ പാലാഴി കടയാന്‍ അസുരന്മാരെയും ക്ഷണിച്ചു. അങ്ങനെ അവർ മന്ദരപര്‍വ്വതത്തെ കടക്കോലാക്കി; വാസുകിയെ കയറാക്കി മഥനം നടത്തി. വാസുകിയുടെ തല അസുരന്മാരും, വാല്‍ ദേവന്മാരും പിടിച്ച് മഥിച്ചപ്പോള്‍ പര്‍വ്വതം തഴ്ന്നു. അത് ഉയര്‍ത്താന്‍ വിഷ്ണു കൂര്‍മ്മമായി അവതരിച്ചു. വീണ്ടും മഥനം തുടര്‍ന്നു. അതിരൂക്ഷമായ കടയലില്‍ അസ്വസ്ഥമായ വാസുകി മാരകമായ കാളകൂടം ഛര്‍ദ്ദിച്ചു. ലോകനാശകാരകമായ ആ വിഷം പരമശിവന്‍ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാന്‍ പാര്‍വതി ശിവന്റെ കഴുത്തും പുറത്തേക്കു പോകാതിരിക്കാന്‍ വിഷ്ണു വായയും പൊത്തി. അങ്ങനെ വിഷം കണ്ഠത്തില്‍ കല്ലിച്ച് ഭഗവാന്‍ നീലകണ്ഠനായി. ഈ ദിവസമാണ് ശിവരാത്രി.

വീണ്ടും മഥനം തുടര്‍ന്നപ്പോള്‍ പലതരം ദിവ്യവസ്തുക്കള്‍ ഉയര്‍ന്നുവന്നു. അവസാനം അമൃത് കുംഭവുമായി ധന്വന്തരിയും വന്നു. ഉടന്‍ അസുരന്മാര്‍ അമൃത് തട്ടിയെടുത്ത് പാതാളത്തിലേക്ക് പോയി. ദേവന്മാര്‍ വീണ്ടും വിഷ്ണുവിനെ അഭയം പ്രാപിച്ചു. വിഷ്ണു മോഹിനിയായി അസുരന്മാരുടെ അടുത്തെത്തി തന്ത്രപൂര്‍വം അമൃത് കൈക്കലാക്കി ദേവന്മാര്‍ക്ക് കൊടുത്തു. അത് കഴിച്ച് അവര്‍ ജരാനരകളില്‍ നിന്നും മുക്തരായി ആരോഗ്യം വീണ്ടെടുത്തു. അങ്ങനെ ധന്വന്തരി ദേവന്മാരുടെ വൈദ്യനും ആയുസ്സിന്റെ വേദമായ ആയൂര്‍വേദത്തിന്റെ ദേവനുമായി. ആയുര്‍വേദ ചികിത്സ ആരംഭിക്കും മുന്‍പ് മഹാചാര്യന്മാര്‍ ധന്വന്തരിയെ സ്മരിക്കാറുണ്ട്. ചതുര്‍ബാഹു രൂപത്തിലാണ് ധന്വന്തരി ഭഗവാനെ പൂജിക്കുന്നത്. ഭഗവാന്റെ 4 കൈകളില്‍ ഓരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. പാല്‍പ്പായസം, കദളിപ്പഴം എന്നിവയാണ് പ്രധാന നേദ്യങ്ങള്‍.

രോഗമുക്തിക്ക് ചികിത്സയോടൊപ്പം പ്രധാനമായും ധന്വന്തരിയെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. പ്രത്യേകിച്ച് രോഗങ്ങള്‍ ഇല്ലെങ്കില്‍ പോലും മഹാമാരി ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഇക്കാലത്ത് ധന്വന്തരി മൂര്‍ത്തിയെ നിത്യവും ഭജിക്കുന്നത് സര്‍വരോഗ മുക്തിക്ക് ഉത്തമമാണ്. ഔഷധം കഴിക്കുന്നതിനൊപ്പം ധന്വന്തരി മന്ത്രം ജപിക്കുന്നത് പെട്ടെന്നുള്ള രോഗശാന്തിക്ക് അത്യുത്തമമാണ്. എന്തായാലും ശാരീരികമായ രോഗക്ലേശങ്ങളും സംഘര്‍ഷം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികവിഷമങ്ങളും ഉള്ളവര്‍ക്ക് അമൃത് തന്നെയാണ് ധന്വന്തരി മന്ത്രം. ഓം നമോ ഭഗവതേ എന്നു തുടങ്ങുന്ന പ്രസിദ്ധ മന്ത്രത്തിനൊപ്പം 2 ധന്വന്തരി മന്ത്രങ്ങൾ കൂടി ഇവിടെ ചേർക്കുന്നു. ഇത് മൂന്നും എല്ലാ ദിവസവും 9, 21, 41, 54,108 തവണ കഴിവിനൊത്ത വിധം ജപിക്കണം. കൂടുതല്‍ തവണ ജപിച്ചാൽ മാനസികമായും ശാരീരികമായും ശക്തി നേടി അതിവേഗം രോഗവും രോഗഭയവും
മാറ്റിയെടുക്കണം.

1
ഓം നമോ ഭഗവതേ
വാസുദേവായ ധന്വന്തരയേ
അമൃത കലശ ഹസ്തായ
സര്‍വാമയ വിനാശായ
ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമ:

2
സുദര്‍ശന ബുധാ കുംഭ
ജളൂകാ ശംഖ പാണയേ
ആദി വൈദ്യായ ഹരയേ
ശ്രീ ധന്വന്തരയേ നമ:

3
അച്ചുതാനന്ദ ഗോവിന്ദ
വിഷ്ണോ നാരായണാമൃത
രോഗാന്‍ മേ നാശയാശേഷാ
നാശു ധന്വന്തരേ ഹരേ

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847475559

error: Content is protected !!