ലക്ഷം ദോഷങ്ങൾ അകറ്റാൻ പറ്റിയ ദിവസം ഗുരു പൂർണ്ണിമ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഗുരു ഈശ്വരതുല്യനാണ്. നമ്മുടെ പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വേദവിചാരം. ദൈവത്തെക്കുറിച്ച് ആദ്യം പറഞ്ഞു തന്നത് ഗുരുവാണ്. ഗുരുമുഖത്തു നിന്നാണ് ഈശ്വരശക്തിയുടെ ആവിർഭാവം. അതിനാലാണ് ഗുരു ഈശ്വര തുല്യനാകുന്നത്. ഏത് വിദ്യ അഭ്യസിക്കുന്നതിനും ഗുരുവിന്റെ അനുഗ്രഹം വേണം. ജീവിതായോധനത്തിനുള്ള പഠനമായാലും വേദപഠനമായാലും കലയായാലും എല്ലാത്തിനും ഗുരു വേണം. ഗുരുവിൽ നിന്നും തുടങ്ങുക എന്നാൽ അറിവിൽ നിന്നും ആരംഭിക്കുക എന്നാണ് അർത്ഥം. ഭാരതം അറിവിന്റെ ദേവന്മാരായി കണക്കാക്കുന്നത് ശിവാംശമായ ദക്ഷിണാമൂർത്തിയെയും വിഷ്ണു ചൈതന്യമായ വേദവ്യാസനെയുമാണ്. ഋഷീശ്വരന്മാരുടെ പരമ്പരതേടിപ്പോയാൽ ആ ചങ്ങല ചെന്നവസാനിക്കുന്നത് വേദവ്യാസനിലാണ്.
18 പുരാണങ്ങളും അതിലുപരി ശ്രീമദ്ഭാഗവതവും ലോകത്തിന് നൽകിയ ഈ മഹർഷിവര്യൻ അവതാരമെടുത്ത ദിവസമാണ് ആഷാഢത്തിലെ പൗർണ്ണമിയായ ഗുരുപൂർണ്ണിമ അഥവാ വ്യാസപൂർണ്ണിമ.
വ്യാസന്റെ അനുഗ്രഹം നേടിയാൽ എല്ലാ വിദ്യയും സിദ്ധിക്കും. എല്ലാ ദോഷങ്ങളും അകന്ന് ഐശ്വര്യം കരഗതമാകും. ഗുരുവിന്റെ ഇഷ്ടവും പ്രീതിയുമുണ്ടെങ്കിലേ വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കൂ. ത്രിമൂർത്തികളും കുടികൊള്ളുന്ന ഗുരുവിൽ പരബ്രഹ്മത്തെ ദർശിക്കാം. ഗുരു ഒരേ സമയം രക്ഷിതാവും ശിക്ഷകനുമാണ്. ഗുരുവിന്റെ കടാക്ഷമുണ്ടെങ്കിൽ ലക്ഷക്കണക്കിന് ദോഷങ്ങൾ പോലും നമ്മെ ബാധിക്കാതെ ഒഴിഞ്ഞു പോകും. ഗുരുസ്മരണയോടെ ഈശ്വരോചിതമായി ജീവിക്കുന്ന മിക്കവരുടെയും അനുഭവമാണിതെന്ന് ചുറ്റിലും നോക്കിയാൽ ബോദ്ധ്യപ്പെടും. അതിനാൽ വിദ്യ പൂർണ്ണമാകാൻ, സാർത്ഥകമാകാൻ ഗുരു
പരമ്പരകളുടെ പരമാചാര്യന്മാരെ വന്ദിച്ചു കൊണ്ട് ഈ വ്യാസപൂർണ്ണിമ മംഗളകരമായി തുടങ്ങാം:
ഗുരു വന്ദനമന്ത്രം
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരവേ നമഃ
അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ പലപ്പോഴും ഗുരുനിന്ദയ്ക്ക് കാരണമാകാറുണ്ട്. അതിന്റെ ഫലമായി ഗുരുവിന്റെ വിപ്രതിപത്തിയുണ്ടാകാം. അതികഠിനമായ ദോഷങ്ങളിൽ ഒന്നാണ് ഗുരുശാപം. ഇതിന്റെ ഫലമായി പല അനർത്ഥങ്ങളുമുണ്ടാകാം. അത്തരത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന എല്ലാവർക്കും ഗുരുപ്രീതിയും ഈശ്വരാനുഗ്രഹവും നേടാൻ പറ്റിയ ദിവസവുമാണിത്; 2020 ജൂലൈ 5 ഞായറാഴ്ച.
ഏത് വിദ്യ പഠിച്ചവരും അതാത് മേഖലയിലെ ഗുരുവിനെ കണ്ട് വ്യാസപൂർണ്ണിമ ദിവസം അനുഗ്രഹം വാങ്ങണം. ഈ ദിവസം ഗുരുവിനെ വണങ്ങുന്നവരുടെ സർവ്വദോഷങ്ങളും അകലും. അവർക്ക് ഐശ്വര്യവും സമൃദ്ധി കൈവരും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദുരിതങ്ങൾ എന്നിവയെല്ലാം മാറും. അന്നും തലേന്നും മത്സ്യവും മാംസവും മൈഥുനവും ത്യജിക്കണം. തലേന്ന് രാത്രി പഴവും ലഘുഭക്ഷണവും ആകാം. ഗുരുപൂർണ്ണിമ ദിവസം വിഷ്ണുവിനെ സ്മരിച്ച് വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. തലേന്ന് ഉറങ്ങും മുൻപ് ഇനി പറയുന്ന അഷ്ടാക്ഷരീ മന്ത്രവും ദ്വാദശാക്ഷരീ മന്ത്രവും കഴിയുന്നത്ര ജപിക്കണം.
ഓം നമോ നാരായണായ,
ഓം നമോ ഭഗവതേ വാസുദേവായ
ഗുരുപൂർണ്ണിമ ദിവസം ഇനി പറയുന്ന മന്ത്രങ്ങൾ കഴിയുന്നത്ര തവണ ജപിക്കുക. പരമശിവന്റെയും വിഷ്ണുവിന്റെയും അവതാരങ്ങളായ ദക്ഷിണാമൂർത്തിയുടെയും വേദവ്യാസന്റെയും മാത്രമല്ല നിത്യജീവിതത്തിലെ ലൗകികവും ആദ്ധ്യാത്മികവുമായ എല്ലാ ഗുരുക്കന്മാരുടെയും അനുഗ്രഹം സിദ്ധിക്കുന്നതിന് ഈ പ്രാർത്ഥന സഹായിക്കും:
ഓം നമോ ഭഗവതേ
വ്യാസായ വ്യാസരൂപായ
വിശ്വബ്രഹ്മണേ നമഃ
ഓം വിഷ്ണവേ നമ:
ഓം നമോ വിശ്വരൂപായ
വിശ്വായ വിശ്വാത്മനേ നമഃ
ഓം നമ: ശിവായ
ഓം നമോ ഭഗവതേ
കേശവായ മാധവായ
മധുസൂദനായ ശ്രീം നമഃ
ഗുരുപൂർണ്ണിമ ദിവസം ചില മന്ത്രജപങ്ങൾ ആരംഭിക്കുന്നതിന് ഉത്തമമാണ്:
1
വേദവ്യാസ മൂലമന്ത്രം
ഓം വ്യാംവേദവ്യാസായ നമഃ എന്നതാണ് വേദവ്യാസന്റെ മൂലമന്ത്രം. ഗുരുപൂർണ്ണിമദിവസം ഈ മന്ത്രം 1008 പ്രാവശ്യം ജപിക്കുക. തുടർന്ന് എന്നും രാവിലെ 48 പ്രാവശ്യം ജപിക്കുകയുമാകാം. വ്രതമെടുത്താൽ നല്ലത്. ഇല്ലെങ്കിലും ദോഷമില്ല. ഐശ്വര്യസമൃദ്ധി, പാപശാന്തി എന്നിവയാണ് ഫലം.
2
പൂർണ്ണമന്ത്രം
ഓം നമോ ഭഗവതേ
വിഷ്ണവേ മധുസൂദനായ നാരായണായ ചന്ദ്രാത്മനേ വ്യാസരൂപായ പൂർണ്ണായ നമഃ
എന്ന പൂർണ്ണമന്ത്രം 36 വീതം 28 ദിവസം ജപിക്കുക. ഗുരുപൂർണ്ണിമ ദിവസം ജപം ആരംഭിക്കുക. ദാരിദ്ര്യവും കഷ്ടപ്പാടും മാറും.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 094-470-20655