Sunday, 6 Oct 2024
AstroG.in

ലളിതാസഹസ്രനാമം ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യവും ആപത്തും ഉണ്ടാകില്ല

ദേവീ ഭക്തരുടെ അമൂല്യ നിധിയാണ് ശ്രീ ലളിതാ സഹസ്രനാമ മഹാമന്ത്രം.ബ്രഹ്മാണ്ഡപുരാണത്തിലുള്ള ഈ വിശിഷ്ട സ്തോത്രം പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, മഹാരോഗ ദുരിതങ്ങൾ എന്നിവയുണ്ടാകില്ല. കോടി ജന്മങ്ങളിൽ ചെയ്ത പാപങ്ങൾ പോലും നശിക്കും. ഗ്രഹദോഷം, ജാതകദോഷം മുതലായവ ഇല്ലാതാകും. ദീർഘായുസ്, സൽസന്താനലബ്ധി , ബുദ്ധിശക്തി, സൗഭാഗ്യം മുതലായവ സിദ്ധിക്കും. ഗൃഹസ്ഥാശ്രമികൾക്ക് സർവേശ്വരിയുടെ പ്രീതി ലഭിക്കാൻ ഏറ്റവും നല്ലത് ലളിതാസഹസ്ര നാമജപമാണെന്ന് വിശ്വസിക്കുന്നു.

എല്ലാ സഹസ്രനാമങ്ങളിലും വച്ച് അത്യുത്തമമാണ് വിഷ്ണുവിൻ്റെ നാമങ്ങൾ. ആയിരം വിഷ്ണു നാമങ്ങളേക്കാൾ ശ്രേഷ്ഠമാണ് ഒരു ശിവനാമം, ആയിരം ശിവനാമങ്ങളേക്കാൾ ശ്രേഷ്ഠമാണ് ദേവിയുടെ ഒരു നാമം. ദേവീസഹസ്ര നാമങ്ങൾ അനേകമുണ്ടെങ്കിലും അതിലേറ്റവും പുണ്യ പ്രദമാണ് ലളിതാസഹസ്രനാമത്തിലെ ഓരോ നാമവും. കാരണം ഇതിലെ ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല.

ശ്രീ ലളിതാമഹാത്രിപുരസുന്ദരിയെ ആരാധിക്കുന്ന ഈ സ്തോത്രത്തിലെ ഒരോ നാമവും ഒരോ മന്ത്രമാണ്. ഇത്തരത്തിൽ വിശിഷ്ടമായ ശ്രീലളിതാ സഹസ്രനാമ സ്തോത്രം ഭക്തിയുള്ള ആർക്കും പതിവായി ജപിക്കാം. യാതൊരു വിധ ആപത്തുകളും അവരെ ബാധിക്കില്ല. പതിവായി ലളിതാ സഹസ്രനാമ സ്തോത്രം ജപിക്കുന്ന വീട്ടിൽ, കലഹമോ അന്നവസ്ത്രാദികൾക്ക് പ്രയാസമോ ഉണ്ടാകില്ലെന്നത് അനേക ലക്ഷം ആളുകളുടെ അനുവഭവമാണ്.

ഗൃഹസ്ഥാശ്രമികളുടെ കാമധേനു എന്ന് ആചാര്യന്മാർ വിശേഷിപ്പിച്ചിട്ടുള്ള ഈ സ്തോത്ര ജപം അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതിന് ധാരാളമാണ്. ശരീരശുദ്ധിയും മനശ്ശുദ്ധിയും ലളിതാ സഹസ്രനാമം ജപിക്കുന്നവർക്ക് ഉണ്ടായിരിക്കണം. സ്ത്രീ പുരുഷ ഭേദമില്ലാതെ ആബാലവൃദ്ധ ജനങ്ങൾക്കും ഇത് എപ്പോൾ വേണെങ്കിലും ജപിക്കാം. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയാണ് ഫലങ്ങൾ. ദിവസവും ജപിക്കാൻ കഴിയാത്തവർ ചൊവ്വ, വെള്ളി ദിനങ്ങളിലും, ജന്മനക്ഷത്ര ദിവസവും നവമി, ചതുർദ്ദശി, പൗർണ്ണമി നാളുകളിലും ഈ സഹസ്രനാമ സ്തോത്രം ജപിക്കുന്നതിലൂടെ സകല ഗ്രഹപ്പിഴകളും അകന്ന് ആഗ്രഹ സാഫല്യം സിദ്ധിക്കും.

ചന്ദ്രൻ , ശുക്രൻ , കുജൻ, രാഹു എന്നീ ഗ്രഹങ്ങളുടെ ദശാകാലത്ത് ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിച്ചാൽ എല്ലാവിധ ഗ്രഹദോഷങ്ങളും അകന്നു പോകും. ന്യാസവും ധ്യാനവും ചൊല്ലി എന്നും പ്രഭാതത്തിൽ ജപിക്കുന്നതാണ് കൂടുതൽ നല്ലത്. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് ലളിതാ ദേവി. അതുകൊണ്ട് സാത്വികമായ ദേവീപൂജകൾക്ക് ലളിതാസഹസ്രനാമം ഉപയോഗിക്കുന്നുണ്ട്. ലളിതാസഹസ്രനാമം പോലെ പ്രാധാന്യമുള്ളതാണ് ത്രിശതി. സഹസ്രനാമം ജപിക്കാൻ സമയക്കുറവ് ഉള്ളവർക്ക് ത്രിശതി ജപിക്കാവുന്നതാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!