Saturday, 23 Nov 2024
AstroG.in

വഴിപാടുകൾക്ക് അനുഗ്രഹം ഉറപ്പ്; പെട്ടെന്ന് ഫലം കിട്ടാൻ ഇതാണ് വഴി

ശ്രീകുമാർ ശ്രീ ഭദ്ര

അഭീഷ്ട സിദ്ധിക്കായി ആരാധനാ മൂർത്തികളുടെ തിരുമുമ്പിൽ ഭക്തർ കഴിവിനൊത്ത വിധം സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. ഭക്തരെ ക്ഷേത്ര പൂജയുടെ ഭാഗമാക്കുകയാണ് വഴിപാടിന്റെ ലക്ഷ്യം. പൂർണ്ണമായ സമർപ്പണത്തോടെയുള്ള ആരാധന എന്ന് വേണം വഴിപാടിനെ കണക്കാക്കാൻ. ആരാധന മൂർത്തിയിൽ തികഞ്ഞ വിശ്വാസത്തോടെ, ഏകാഗ്രതയോടെ, ത്യാഗമനോഭാവത്തോടെ, ഭക്തിയോടെ, നിരന്തരമായ പ്രാർത്ഥനയോടെ നടത്തുന്ന വഴിപാടിന് അനുകൂല ഫലം ഉറപ്പാണ്. ക്ഷേത്രങ്ങളിൽ പൊതുവേ നടത്തുന്ന വഴിപാടുകൾ എട്ടു തരമാണ്. പുഷ്പാഞ്ജലി, അഭിഷേകം, ചന്ദന മുഴുക്കാപ്പ് ചാർത്ത്, നിവേദ്യം, വിളക്ക്, തുലാഭാരം, പട്ട് – ഹാരം സമർപ്പണം, ഹോമം എന്നിവ.

  1. പുഷ്പാഞ്ജലി
    ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ നടത്തുന്ന വഴിപാടാണ് പുഷ്പാഞ്ജലി. അർച്ചന എന്നും ഇതിനെ പറയും. മൂർത്തിക്ക് പൂക്കൾ അർപ്പിച്ച് നടത്തുന്ന ഈ വഴിപാട് തന്നെ പല തരമുണ്ട്. 108 മന്ത്രങ്ങൾ ജപിച്ചുള്ള അഷ്ടോത്തര ശതനാമാർച്ചന, 300 മൂർത്തീ മന്ത്രങ്ങൾ ജപിച്ച് സമർപ്പിക്കുന്ന ത്രിശതി , 400 മന്ത്രങ്ങൾ ജപിക്കുന്ന ചതുശതി, 1000 നാമങ്ങൾചൊല്ലുന്ന സഹസ്രനാമം എന്നിവ ഏറെ പ്രസിദ്ധമാണ്. വേദ മന്ത്രം ജപിച്ചു സമർപ്പിക്കുന്നതാണ് സൂക്താർച്ചനകൾ. ഭാഗ്യസൂക്തം, പുരുഷസൂക്തം, ഐകമത്യസൂക്തം, കുമാരസൂക്തം തുടങ്ങിയ വേദ മന്ത്രങ്ങൾ ജപിക്കുന്ന അർച്ചനകൾ ഇതിൽ ഉൾപ്പെടും.

2. അഭിഷേകം
കടുശർക്കര, ദാരുബിംബങ്ങൾ ഒഴികെയുള്ള വിഗ്രഹങ്ങളിൽ നടത്തുന്നതാണ് അഭിഷേകം. ജലം,
പാൽ, നെയ്, എണ്ണ, ഇളനീർ, പനിനീർ, പഞ്ചാമൃതം, ഭസ്മം കളഭം, പുഷ്പം, തേൻ,പഞ്ചഗവ്യം എന്നിവ കൊണ്ടെല്ലാം ദേവീ ദേവന്മാർക്ക് അഭിഷേകം നടത്തുന്നു.

3. കളഭം ചാർത്തൽ
ദേവബിംബം പൂർണ്ണമായോ മുഖം മാത്രമായോ ചന്ദനം ചാർത്തുന്നതാണ് കളഭം ചാർത്തൽ.

4. ഹോമം
ഇഷ്ട ദേവതയ്ക്ക് ആഗ്രഹസാഫല്യത്തിന് സമർപ്പിക്കുന്ന വഴിപാടാണ് ഹോമം. വിഘ്ന നിവാരണത്തിന് ഗണപതി ഹോമം, മൃത്യു ദോഷം മാറ്റാൻ മൃത്യുഞ്ജയ ഹോമം, രോഗമുക്തിക്ക് സുദർശന ഹോമം, ഇഷ്ട കാര്യസിദ്ധിക്ക് ഭഗവതി സേവ എന്നിവ പ്രസിദ്ധമാണ്. ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം തുടങ്ങിയവ കൂട്ടത്തിൽ നടത്താം.

5. വിളക്ക് സമർപ്പണം
നെയ് , എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ സമർപ്പിക്കുന്നതാണ് വിളക്ക് സമർപ്പണം. ശ്രീകോവിലിന് അകത്തും പുറത്തും വിളക്കിന് എണ്ണ സമർപ്പിക്കാറുണ്ട്. ശ്രീകോവിലിൽ നെയ് വിളക്കാണ് പ്രധാനം. പിൻവിളക്ക് ശിവക്ഷേത്രത്തിൽ ദേവീ സങ്കല്പത്തിൽ സമർപ്പിക്കുന്ന വഴിപാടാണ്. നീരാജനം നാളികേര മുറിയിൽ എള്ള് കിഴി കെട്ടി ശാസ്താവിനും ശിവനും ഹനുമാനും ശനീശ്വരനും സമർപ്പിക്കുന്ന വഴിപാടാണ്.

6. ഹാരം, പട്ട് സമർപ്പണം
ഒരോ മൂർത്തികൾക്കും ഇഷ്ടമുള്ള വിവിധസാമഗ്രികൾ ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് മറ്റൊരു പ്രധാന വഴിപാട്. ഗണപതി ക്ഷേത്രങ്ങളിലെ പ്രധാന സമർപ്പണം ആണ് നാളികേരം. ദേവിക്കും മുരുകനും പ്രധാനമാണ് പട്ടു സമർപ്പണം. തൃക്കൈവെണ്ണ ഹനുമാൻ സ്വാമിക്കും, ശ്രീകൃഷ്ണനും മറ്റും വിശേഷമാണ്. തെറ്റി, കൂവളം, തുളസി, അരളി തുടങ്ങിയവയുടെ ഹാരങ്ങൾ ഓരോരോ ദേവതകൾക്കും സമർപ്പിക്കുന്ന വഴിപാടുകളാണ്.

7. തുലാഭാരം
വിവിധ സാമഗ്രികൾ കൊണ്ട് ഇഷ്ട ദേവതയ്ക്ക് സമർപ്പിക്കുന്ന തുലാഭാരമാണ് മറ്റൊരു പ്രസിദ്ധ വഴിപാട്. ഒരോ മൂർത്തികളുടെയും മുന്നിൽ സമർപ്പിക്കുന്ന തുലാഭാരത്തിനും ഓരോ സാമഗ്രികൾ കൊണ്ട് നൽകുന്ന തുലാഭാരത്തിനും വ്യത്യസ്ത ഫലമാണ്.

8. നിവേദ്യം
പവിത്രമായ നിവേദ്യങ്ങൾ ഓരോ മൂർത്തീഭേദമനുസരിച്ച് വഴിപാട് സമർപ്പിക്കുന്നു. തിരു മധുരം, മലർ നിവേദ്യം, വെള്ള നിവേദ്യം, പാൽ പായസം, നെയ്പായസം, കൂട്ടു പായസം, കടുംപായസം, പഞ്ചാമൃതം, അപ്പം, അരവണ, അട, മോദകം, ലഡു, അവിൽ, വിവിധ ഫലങ്ങൾ, പഴങ്ങൾ എന്നിവ സമർപ്പിക്കുന്നു.

അന്നദാനം, ആയില്യ പൂജ, നൂറുംപാലും തുടങ്ങി ഇനിയും ഒരോരോ വഴിപാടുകള്‍ ചെയ്യാറുണ്ട്. പക്ഷെ പലർക്കും അറിയില്ല ഈ വഴിപാടുകളുടെ ഫലങ്ങള്‍. ഫലം അറിഞ്ഞ് വഴിപാടുകൾ നടത്തിയാൽ, ഒരോ വിഷമത്തിനും അതിനനുസരിച്ച് പരിഹാരം ചെയ്താൽ അതിവേഗം ഫലസിദ്ധിയുണ്ടാകും. ചില വഴിപാടുകളും
ഫലങ്ങളും:

ഗണപതി ഹോമം: വിഘ്ന നിവാരണം

പുഷ്പാഞ്ജലി: ആയുരാരോഗ്യ സൗഖ്യം

രക്തപുഷ്പാഞ്ജലി: ശത്രു ദോഷ മുക്തി

സ്വയംവര പുഷ്പാഞ്ജലി: വിവാഹ തടസ്സം നീങ്ങാൻ

സഹസ്രനാമ പുഷ്പാഞ്ജലി: ഐശ്വര്യം

ഭാഗ്യസൂക്ത പുഷ്പാഞ്ജലി: ഭാഗ്യം, സമ്പല്‍ സമൃദ്ധി

ഐകമത്യസൂക്ത പുഷ്പാഞ്ജലി: ഗൃഹത്തില്‍ ശാന്തി, കലഹ മോചനം

പുരുഷസൂക്ത പുഷ്പാഞ്ജലി: ഇഷ്ടസന്താനലബ്ധി

ആയുര്‍സൂക്ത പുഷ്പാഞ്ജലി: ദീര്‍ഘായുസ്

ശ്രീസൂക്ത പുഷ്പാഞ്ജലി: സമ്പല്‍ സമൃദ്ധി.ഐശ്വര്യം

ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി: സര്‍വ്വാഭീഷ്ട സിദ്ധി. ദാരിദ്ര്യ മോചനം

സാരസ്വത പുഷ്പാഞ്ജലി: വിദ്യാലാഭം

വില്വപത്ര പുഷ്പാഞ്ജലി: കൂവളത്തില കൊണ്ട് നടത്തുന്ന പുഷ്പാഞ്ജലി ശിവ സായൂജ്യമേകും

പാലഭിഷേകം: മന:ശാന്തി

ചന്ദനാഭിഷേകം: ധന വര്‍ദ്ധന

പഞ്ചാമൃത അഭിഷേകം: ദീര്‍ഘായുസ്സ്

ഇളനീര്‍ അഭിഷേകം: ഉയർന്ന പദവി
സല്‍ സന്താനഭാഗ്യം

ഭസ്മാഭിഷേകം: ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും

പഞ്ചഗവ്യ അഭിഷേകം: പാപ മോചനം

തീര്‍ത്ഥാഭിഷേകം: മനശുദ്ധി

തേനഭിഷേകം: സ്വരമാധുരി

മഞ്ഞള്‍പ്പൊടി അഭിഷേകം: വശീകരണം

ശര്‍ക്കര അഭിഷേകം: ശത്രു വിജയം നേടും

പച്ചകര്‍പ്പൂരാഭിഷേകം: ഭയമോചനം

തൈരഭിഷേകം: മാതൃഗുണം

വലംപിരി ശംഖ് അഭിഷേകം: ഐശ്വര്യം

കലശാഭിഷേകം: ഉദ്ദിഷ്ട കാര്യസിദ്ധി

നവാഭിഷേകം: സമ്പല്‍സമൃദ്ധി

നെയ്യഭിഷേകം: സന്താന ഭാഗ്യം, ഗൃഹ ഐശ്വര്യം

പനിനീര്‍ അഭിഷേകം: സരസ്വതി കടാക്ഷം, പ്രശസ്തി

എണ്ണ അഭിഷേകം: ശാരീര സൗഖ്യം

ഗണപതിക്ക് മുഴുക്കാപ്പ്: വിഘ്നനിവാരണം

വിളക്ക് വഴിപാട് : ദുഃഖ നിവാരണം

പിന്‍വിളക്ക്: മംഗല്യസിദ്ധി, ദാമ്പത്യ ഐക്യം

നെയ് വിളക്ക്: നേത്രരോഗ ശാന്തി

ചുറ്റു വിളക്ക്: , പാപമോചനം, കീർത്തി, മനശ്ശാന്തി

നാരങ്ങ വിളക്ക്: വിവാഹഭാഗ്യം,രാഹുദോഷ നിവാരണം,

നിറമാല: അഭീഷ്ട സിദ്ധി

പഞ്ചസാര തുലാഭാരം: പ്രമേഹ രോഗ ശമനം

കദളിപ്പഴം തുലാഭാരം: രോഗ മുക്തി

ശര്‍ക്കര തുലാഭാരം: ഉദര രോഗ ശമനം

ഉപ്പ് തുലാഭാരം: ഐശ്വര്യം

കയറ് തുലാഭാരം: ശ്വാസകോശരോഗമുക്തി

വെള്ളം തുലാഭാരം: നീര്‍രോഗ ശമനം
പൂവന്‍പഴം തുലാഭാരം: വാത രോഗ ശമനം

കുരുമുളക് തുലാഭാരം: ഉഷ്ണ രോഗശമനം

ചേന തുലാഭാരം: ചര്‍മ്മ രോഗ ശമനം

കറുക ഹോമം: രോഗ ശമനം, ബാലാരിഷ്ട മുക്തി.

മൃത്യുഞ്ജയ ഹോമം : രോഗമുക്തി പാപമോചനം

തിലഹോമം : പിതൃപ്രീതി

കാളികഹോമം: ശത്രുദോഷ ശമനം

സുദര്‍ശന ഹോമം : രോഗ ശാന്തി

അഘോര ഹോമം : ആഭിചാരബാധ, ശത്രുദോഷം എന്നിവയുടെ നിവാരണം

ആയില്യ പൂജ : ത്വക് രോഗ ശമനം, സര്‍പ്പ പ്രീതി, സര്‍പ്പ ദോഷം നീങ്ങല്‍

ഉമാമഹേശ്വര പൂജ : മംഗല്യ തടസ്സം ഒഴിവാക്കാന്‍

ലക്ഷ്മി നാരായണ
പൂജ: ദുരിതനിവാരണം, ശത്രു നിവാരണം

നൂറും പാലും: രാഹു ദോഷം, സന്താനലാഭം, രോഗ ശാന്തി,

ഭഗവതി സേവ: ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം

ബ്രഹ്മരക്ഷസ്സ് പൂജ : സ്ഥലദോഷം, നാല്ക്കാലി രക്ഷ

നിത്യ പൂജ : സര്‍വ്വവിധ ഐശ്വര്യം

ഉദയാസ്തമന പൂജ :ദീര്‍ഘായുസ്സ്, ശത്രുദോഷ നിവാരണം, സര്‍വ്വഐശ്വര്യം

ഉഷ പൂജ :രോഗ ശാന്തി, ഗൃഹ-ദ്രവ്യ ലാഭം, മനസമാധാനം

അത്തഴാപൂജ : ആയൂരാരോഗ്യസൗഖ്യം

നീരാജനം: ശനിദോഷ നിവാരണം, രോഗമുക്തി,
മന:ശാന്തി

ഗണപതിക്ക് അപ്പം: വിഘ്നനിവാരണം , വിദ്യാഗുണം, ആരോഗ്യ ദൃഢത

കദളിപ്പഴം നിവേദ്യം: വിദ്യാലാഭം

വെണ്ണ നിവേദ്യം: ദാരിദ്ര്യം മോചനം

വെള്ള നിവേദ്യം: ദാരിദ്ര്യം മോചനം

അവില്‍ നിവേദ്യം: ദാരിദ്ര്യ മോചനം

പഞ്ചാമൃതം: ആഗ്രഹസാഫല്യം

ചന്ദനം ചാര്‍ത്ത്: ഉഷ്ണ, ചര്‍മ്മ രോഗ ശമനം

ദേവിക്ക് മുഴുക്കാപ്പ്: ദീര്‍ഘായുസ്സ്

ശിവന് മുഴുക്കാപ്പ്: രോഗ ശാന്തി, ദീര്‍ഘായുസ്സ്

കാവടിയാട്ടം: ഐശ്വര്യലബ്ധി

മുട്ടറൂക്കല്‍: തടസ മോചനം

താലി സമർപ്പണം: മംഗല്യ ഭാഗ്യം

വെടി വഴിപാട് : കാര്യസാധ്യം

പായസം വഴിപാട്: ധനധാന്യ ഐശ്വര്യ വര്‍ദ്ധന

ശ്രീകുമാർ ശ്രീ ഭദ്ര, +91 94472 23407

Story Summary : Different types of offerings and benefits

Copyright 2021 Neramonline.com. All rights reserved

error: Content is protected !!