Friday, 22 Nov 2024
AstroG.in

വശ്യശക്തിക്ക് ദീപാവലി മുതൽ ജപിക്കാം ഗോപാലസുന്ദര മന്ത്രം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
നൃത്തം, സംഗീതം, അഭിനയം, സാഹിത്യം, സിനിമ, ടി വി മേഖലകളിലും രാഷട്രീയത്തിലും കായിക രംഗത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ഏറ്റവും അത്യാവശ്യമാണ് വശ്യശക്തി. ഇക്കൂട്ടരുടെ കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കാനും, ആദരിക്കാനും, ഒരു ആകർഷണത്വം തോന്നുന്നതിനും ഏറ്റവും നല്ല മാർഗ്ഗമാണ് ഗോപാലസുന്ദര മന്ത്രം ജപം.

ഓരോ വ്യക്തിയിലുമുള്ള പാപഭാരങ്ങൾ അവരെ ബാധിക്കുന്ന ശാപദോഷങ്ങൾ, കൺ (ദൃഷ്ടി) ദോഷങ്ങൾ എന്നിവ കാരണം ഉണ്ടാകുന്ന നെഗറ്റീവ് ഊർജ്ജം അവരുടെ എല്ലാവിധ ശ്രേയസിനെയും നന്മയെയും നശിപ്പിക്കും. ഇത് അവരുടെ ഭാഗ്യം തടസപ്പെടുത്തും. അതു കാരണം സ്വാഭാവികമായി ലഭിക്കാവുന്ന നേട്ടങ്ങൾ പോലും അവർക്ക് നഷ്ടപ്പെടും.ഈ ദുരവസ്ഥ മാറ്റാൻ ഗോപാലസുന്ദരമന്ത്രം പ്രയോജനപ്പെടും. ഉത്തമനായ ഒരു ഗുരുവിന്റെ മന്ത്രോപദേശം സ്വീകരിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സാധന ചെയ്യുക. നൃത്തം, സംഗീതം, അഭിനയം, രാഷ്ട്രീയം തുടങ്ങി വശ്യശക്തിയും ജനപ്രീതിയും ആവശ്യമായ ഏത് രംഗത്തും ശോഭിക്കാൻ കഴിയും. ആരെയും ആകർഷിക്കാൻ കഴിയുന്ന വശ്യത ഉറപ്പായും ലഭിക്കും. ദീപാവലി, വ്യാഴം, വെള്ളി, തിങ്കൾ, ഞായർ കാർത്തിക, തിരുവോണം, പൗർണ്ണമി ദിവസങ്ങൾ ഗുരുവിൽ നിന്നും മന്ത്രം സ്വീകരിക്കാൻ ഉത്തമമാണ്. ഈറനോടെയോ അതിന് സൗകര്യമില്ലാത്തവർക്ക് വെള്ളവസ്ത്രം ധരിച്ചോ ജപം ചെയ്യാം. 64 ദിവസം രണ്ട് നേരവും 36 തവണ വീതം ജപിക്കണം. സ്ത്രീകൾ അശുദ്ധി ദിവസം ജപിക്കേണ്ട. അശുദ്ധി മാറിക്കഴിഞ്ഞു ജപം തുടർന്ന് 64 ദിവസങ്ങൾ പൂർത്തിയാക്കിയാൽ മതി. പക്ഷേ ഓരോരുത്തരുടെയും ജപസംഖ്യയും ദിവസവും ഗുരുവിന്റെ നിർദ്ദേശപ്രകാരം ചിട്ടപ്പെടുത്തുകയാണ് അഭികാമ്യ. എല്ലാവർക്കും ഒരു പോലെ ആകില്ല എന്ന് സാരം :

ഗോപാലസുന്ദര മന്ത്രം
ഓം ക്ലീം കൃഷ്ണായ
നഗ്നായ സുര സുന്ദരാംഗായ
കാമായ ക്‌ളീം ക്‌ളീം
ഗോപാലായ നമ:

ഇത് ഒരു ഗുരുവിൽ നിന്ന് മന്ത്രോപദേശമായി സ്വീകരിച്ച് മാത്രമേ ജപിക്കാവൂ.

വശ്യഗോപാലപൂജ
അതു പോലെ തന്നെ കലാരംഗത്തും രാഷ്ട്രീയത്തിലും മറ്റും പ്രവർത്തിക്കുന്നവർക്ക് വളരെ ഗുണകരമാണ് വശ്യഗോപാലപൂജ. ജനാംഗീകാരത്തിനും പ്രശസ്തിക്കും ഈ പൂജ നടത്തുന്നത് ഗുണകരം. അഷ്ടദളപത്മത്തിൽ ശ്രീകൃഷ്ണഭഗവാനെ ആവാഹിച്ച് പൂജിച്ച് ഓം ക്ലീം കൃഷ്ണായ ഭുവനസുന്ദരായ നമഃ എന്ന മന്ത്രം കൊണ്ട് 336 പ്രാവശ്യം തുളസിയിലെ പുഷ്പാഞ്ജലി ചെയ്യുക. ദീപാവലി വ്യാഴാഴ്ച, ഞായർ, ബുധൻ എന്നീ ദിവസങ്ങൾ ഈ കർമ്മത്തിന് ഉത്തമമാണ്. പൂജ സ്വയം ചെയ്യരുത്. ഒരു കർമ്മിയെ കൊണ്ട് ചെയ്യിക്കുക.

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Gopala Sundara Mantra Recitation for Achieving Success in Art, Music Acting, Cinema, TV , Literature and Politics

error: Content is protected !!