വസന്ത പഞ്ചമി നാളിൽ
വാണീദേവതയെ പൂജിച്ചാൽ
ജ്യോതിഷരത്നം വേണു മഹാദേവ്
മാഘ മാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി നാളിൽ നടക്കുന്ന ആഘോഷമാണ് വസന്തപഞ്ചമി. വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ഈ ദിവസം ശ്രീ പഞ്ചമി എന്നും അറിയപ്പെടുന്നു. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായ ഉത്തര ഭാരതത്തിലെ ആഘോഷമാണിത്. അവിടെ, പുസ്തകം പൂജിക്കുന്നതും വിദ്യാരംഭം കുറിക്കുന്നതും വസന്ത പഞ്ചമി നാളിലാണ്. കേരളത്തിലും മറ്റും ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകൾ നടത്താറുണ്ട്. ഇവിടെ കാര്യമായ ആഘോഷമൊന്നും ഇല്ലെങ്കിലും സ്വരസ്വതി പ്രീതി നേടാനുള്ള ഉപാസനകൾക്ക് ഉത്തമ ദിവസമാണിത്.
ഒഡീഷയിലും ബംഗാളിലുമെല്ലാം വീടുകളിലും പൊതുസ്ഥലങ്ങളിലും വിദ്യാദേവതയുടെ വിഗ്രഹവും ചിത്രവും വച്ച് വിപുലമായാണ് ദേവിയെ പൂജിക്കുന്നത്. ബ്രഹ്മാവിന്റെ വദനത്തിൽ നിന്നും സരസ്വതി ദേവി അവതരിച്ചത് മാഘത്തിലെ ശുക്ലപക്ഷം അഞ്ചാം നാളിലായിരുന്നു എന്നാണ് വിശ്വാസം. 2021 ഫെബ്രുവരി 16 നാണ് ഇത്തവണ ശ്രീ പഞ്ചമി. ശ്രീ ശബ്ദത്തിന് ലക്ഷ്മിയെന്നും സരസ്വതിയെന്നും അർത്ഥമുണ്ട്. അതിനാൽ ഇവിടെ ശ്രീ എന്ന പദത്തിന് സരസ്വതി എന്ന അർത്ഥം സ്വീകരിക്കാം. കാളിദാസന് മുന്നില്‍ ദേവി പ്രത്യക്ഷയായി വരം നല്‍കിയതു വസന്തപഞ്ചമിനാളിലാണെന്നും കരുതുന്നു.
കേരളത്തിൽ വിദ്യയുടെ വിസ്മയലോകത്തേക്ക് കുരുന്നുകളെ ആനയിക്കാൻ പുണ്യദിനമായി വിജയദശമി നിശ്ചയിച്ചപ്പോള്‍ ഉത്തരഭാരതത്തില്‍ അതിന് തിരഞ്ഞെടുത്തത് ദേവിയുടെ അവതാര ദിനമായ വസന്തപഞ്ചമിയിലാണ്. സത്വഗുണ പ്രധാനയായ ശുഭ്രവസ്ത്ര ധാരിണിയായ സരസ്വതിയെ ശ്രീപഞ്ചമി നാളില്‍ രാവിലെ പൂജിക്കേണ്ടതാണ്. വസന്തകാലം ആരംഭിക്കുന്ന മാഘമാസത്തിലെ വസന്തപഞ്ചമി നാൾ എല്ലാം മഞ്ഞ നിറം കൊണ്ട് അലങ്കരിച്ചാണ് ഉത്തര ഭാരതം കൊണ്ടാടുന്നത്. ഭക്തർ മഞ്ഞപ്പട്ടുടയാട അണിഞ്ഞ് സ്വയം കനക പ്രഭ ആർജ്ജിച്ച് മഞ്ഞ പൂക്കളും മഞ്ഞ വസ്ത്രങ്ങളും മഞ്ഞ നിറമുള്ള മധുരപലഹാര നിവേദ്യങ്ങളും വിദ്യാദേവതയ്ക്ക് സമർപ്പിക്കുന്നു. എന്നാൽ ഭഗവാൻ ശ്രീനാരായണന്റെ കല്പനപ്രകാരം വെള്ളത്താമരയിൽ ഇരിക്കുന്ന ദേവിയെ വെളുത്ത പൂക്കൾ കൊണ്ട് ആരാധിക്കുക എന്നതാണ് ശ്രേഷ്ഠം.
ഐശ്വര്യത്തിന്റെയും ശുഭപ്രതീക്ഷകളുടെയും ഉത്സവം കൂടിയാണ് ഉത്തര ഭാരതത്തിൽ വസന്ത പഞ്ചമി. ഈ ദിവസം പുസ്തകവും പേനയുമെല്ലാം ദേവിക്ക് സമർപ്പിച്ച് പൂജിക്കുന്നതിലൂടെ വിദ്യാലാഭവും ജ്ഞാനസിദ്ധിയും മോക്ഷവും കരഗതമാകും എന്നാണ് വിശ്വാസം. സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനാണ് ആദ്യമായി വാണീ പൂജ ചെയ്തതെന്ന് ദേവീ ഭാഗവതം പറയുന്നു. വിജയദശമി ദിനത്തിലും മാഘമാസ പഞ്ചമിയിലും ഭക്തർ സരസ്വതി പൂജ ചെയ്യണമെന്ന് ഭഗവാൻ കല്പിച്ചിട്ടുണ്ട്. വ്രതശുദ്ധിയോടെ ജലം, പുഷ്പം ധൂപം, നിവേദ്യം എന്നിവ സമർപ്പിച്ച് ഷോഡശ പൂജ ചെയ്യണം എന്നാണ് വിധി. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ വരെ വാണീ പൂജ ചെയ്തതിട്ടുണ്ട്. ഈ ദിവസം ദേവീ ക്ഷേത്രദര്‍ശനം നടത്തുന്നതും പ്രഭാതത്തിൽ സരസ്വതി സ്‌തോത്രങ്ങളും മന്ത്രങ്ങളും നിഷ്ഠയോടെ ജപിക്കുന്നതും വിശേഷ ഫലദായകമാണ്.
വസന്തപഞ്ചമിയുടെ നാല്‍പതാം ദിനമാണ് ഫാല്‍ഗുന മാസത്തിലെ പൗർണ്ണമിയിൽ വരുന്ന ഹോളി. ഭക്ത പ്രഹ്ലാദനെ അഗ്നിക്ക് ഇരയാക്കാന്‍ മുതിർന്ന ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയുടെ രൂപം വസന്തപഞ്ചമി നാൾ മുതലാണ് ഉത്തരഭാരതത്തിൽ ഒരുക്കി തുടങ്ങുന്നത്. ഹോളിയുടെ അന്ന് അത് കത്തിച്ചുകളയും. കാമദേവനേയും, രതീദേവിയേയും ചിലർ പൂജിക്കുന്ന ദിനം കൂടിയാണ് വസന്തപഞ്ചമി. അതിനാൽ കമിതാക്കൾക്കും ശ്രീ പഞ്ചമി വിശേഷമാണ്.
ഇനി പറയുന്ന സരസ്വതി മന്ത്രങ്ങൾ വാണീ പൂജാ ദിനങ്ങളിൽ കഴിയുന്നത്ര തവണ ജപിച്ചാൽ ദേവീകൃപ പൂർണ്ണമായും ലഭിക്കും:
സര്വസതീവന്ദനം
മാണിക്യവീണാമുപലാളയന്തിം
മദാലസാം മഞ്ജുള
വാഗ്വിലാസാം
മാഹേന്ദ്ര നീലദ്യുതി കോമളാംഗീം
മാതംഗ കന്യാം മനസാസ്മരാമി
സരസ്വതി മൂലമന്ത്രം
ഓം സം സരസ്വത്യൈ നമ:
ഗായത്രി
ഓം ഭൂർഭുവസുവ:
തത്സവിതുർവരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്
സരസ്വതി ഗായത്രി
ഓം വാഗീശ്വര്യൈ വിദ്മഹേ
വാഗ്വാദിന്യൈ ധീമഹേ
തന്നോ സരസ്വതി പ്രചോദയാത്
സരസ്വതി സ്തുതി
സരസ്വതി നമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതുമേ സദാ
ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017