Sunday, 6 Oct 2024
AstroG.in

വായുവേഗത്തിൽ ആഗ്രഹസാഫല്യം;
ഹനുമദ് ഭജനയ്ക്ക് അത്യുത്തമ ദിനം ഇതാ

മംഗള ഗൗരി

ശ്രീരാമജയം എന്ന ഒരൊറ്റ സ്തുതി കൊണ്ടുതന്നെ സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയെ അഭീഷ്ടസിദ്ധിക്ക് ഭജിക്കാൻ പറ്റിയ ഏറ്റവും ഉത്തമമായ ദിവസമാണ് ധനുമാസത്തിലെ മൂലം നക്ഷത്രത്തിൽ വരുന്ന ഹനുമദ് ജയന്തി. നമ്മുടെ സങ്കടങ്ങൾ ശ്രീരാമദാസനായ ഹനുമാൻ സ്വാമിയോട് പറഞ്ഞ് പ്രാർത്ഥിച്ചാൽ മതി തീർച്ചയായും ഫലമുണ്ടാകും. ആഞ്ജനേയ ഭക്തരെല്ലാം ഭഗവാന്റെ ജയന്തി മഹോത്സവം വഴിപാടുകളും ഭജനകളുമായി കൊണ്ടാടാൻ ഈ ദിവസം ഹനുമദ് ക്ഷേത്രങ്ങളിലേക്ക് ഒഴുകും. കരുത്തിന്റെയും ബുദ്ധിയുടെയും അചഞ്ചലമായ ഭക്തിവിശ്വാസത്തിന്റെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ അലങ്കാരവും ആയുധവും തിന്മയെ നിഗ്രഹിക്കുന്ന ഗദയാണ്. ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയെ ഭജിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും ആർക്കും കരഗതമാകും. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് അനേക കോടി ഭക്തരുടെ അനുഭവമാണ്. വായുവേഗത്തിൽ അഭീഷ്ട സിദ്ധി നേടാൻ സഹായിക്കുന്ന അതിശക്തമായ രണ്ട് ഹനുമദ് മന്ത്രങ്ങളുണ്ട് : രണ്ടു മന്ത്രങ്ങളും ഹനുമദ് ജയന്തി ദിവസം അല്ലെങ്കിൽ വ്യാഴാഴ്ച തുടങ്ങി നിത്യവും 36 തവണ വീതം ജപിച്ചാൽ അതിവേഗം ആഗ്രഹങ്ങൾ സാധിക്കും.
1
ത്വമസ്മിൻ കാര്യ നിര്യോഗേ
പ്രമാണം ഹരിസത്തമ
ഹനുമാൻ യത്നമാസ്ഥായ
ദുഖക്ഷയ കരോ ഭവ:

2
അസാദ്ധ്യ സാധക സ്വാമി
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാ സിന്ധോ
മദ്കാര്യം സാധയ പ്രഭോ

കേരളത്തിലും തമിഴ്നാട്ടിലുമാണ് പ്രധാനമായും ഹനുമാൻ സ്വാമിയുടെ ജയന്തി ധനു മാസത്തിൽ കൊണ്ടാടുന്നത്. ഇത്തവണ ധനുവിലെ മൂലം നക്ഷത്രം വരുന്നത് 2022 ഡിസംബർ 23 നാണ്. അന്ന് അമാവാസി കൂടിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ് ഹനുമദ് ജയന്തി ആഘോഷം ഉത്തരേന്ത്യയിൽ ഹനുമദ് ജയന്തി ചൈത്രമാസത്തിലെ പൂർണ്ണിമയായ ചിത്രാപൗർണ്ണമിക്കാണ് – ഈ ദിവസം
മീനം – മേട മാസത്തിൽ വരും. അടുത്ത ചിത്രാപൗർണ്ണമി വരുന്നത് 2022 ഏപ്രിൽ 6 നാണ്. ഹനുമദ് ജയന്തിനാളിൽ ഭഗവാന്റെ അഷ്ടോത്തര ശതനാമാവലി ജപിക്കുന്നത് ശ്രേഷ്ഠമാണ്.
https://youtu.be/3bMpHuZLDus

കേരളത്തിൽ ആലത്തിയൂർ, കണ്ണൂർ മക്രേരി, കവിയൂർ ശിവക്ഷേത്രം, തിരുവനന്തപുരം പാളയം ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ നാഗനല്ലൂർ, നാമക്കൽ, ശുചീന്ദ്രം, തൃക്കാവിയൂർ തുടങ്ങിയ സന്നിധികളിലും ധനുവിലെ മൂലം നക്ഷത്ര ദിവസമായ 2022 ഡിസംബർ 23 ന് ജയന്തി ആഘോഷം നടക്കും. കേരളത്തിലെ ഏറ്റവും പ്രധാന ഹനുമദ് സന്നിധിയായ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂരിനടുത്താണ്. ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഹനുമാൻ സ്വാമിക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. ആലത്തിയൂർ പെരുംതൃക്കോവിൽ എന്നും ഇത് അറിയപ്പെടുന്നു.

കണ്ണൂരില്‍ നിന്നും 18 കിലോമീറ്ററുണ്ട് മക്രേരി ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലേക്ക്. സുബ്രഹ്മണ്യനാണ് ഇവിടെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രത്യേകം പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം അതിശക്തമാണ്.

തിരുവല്ലക്ക് സമീപം കവിയൂരില്‍ ശിവക്ഷേത്രം ആണെങ്കിലും പ്രസിദ്ധി ഹനുമാന്‍ സ്വാമിക്കാണ്. അരയടിയുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹമാണ് ഇവിടുത്തെ ഹനുമാൻ. ധനുമാസത്തിലെ മൂലം നക്ഷത്രത്തിന് എല്ലാ വർഷവും ഇവിടെ ഹനുമദ്ജയന്തി അതിഗംഭീരമായി ആഘോഷിക്കുന്നു. ഏഴുദിവസത്തെ ചടങ്ങുകൾ ഉണ്ട്. ഏഴാം ദിവസം കളഭാഭിഷേകം, ഘോഷയാത്ര, പുഷ്പാഭിഷേകം എന്നീ ചടങ്ങുകളുണ്ട്.

തിരുവനന്തപുരം പാളയം ഒടിസി ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പൊതു പുഷ്പാഭിഷേകമാണ് ജയന്തി ആഘോഷത്തിന്റെ പ്രത്യേകത. അന്ന് അഷ്ടാഭിഷേകം, ദ്രവ്യകലശം, വട നിവേദ്യം, വടമാല, അപ്പം, അവിൽ നിവേദ്യം, ഇടിച്ചു പിഴിഞ്ഞ പായസം, അരവണ, വിശേഷാൽ പാൽപായസം, പഞ്ചാമൃതം, അവിൽ പന്തിരുന്നാഴി നിവേദ്യം തുടങ്ങിയ വഴിപാടുകൾ ഉണ്ടാകും. നെൽപ്പറ, അവിൽ പറ, ഉഴുന്ന പറ എന്നിവ നടത്താൻ സൗകര്യം കാണും. ഡിസംബർ 23 ന് രാത്രി 7:30 നാണ് പൊതു പുഷ്പാഭിഷേകം.

ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഹനുമാന്റെ എറ്റവും വലിയ വിഗ്രഹമുള്ളത്. 18 അടി ഉയരത്തില്‍ സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപമാണ് ഇവിടെയുള്ളത്. ഡിസംബർ 23 ന് ആണ് ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ ആഞ്ജനേയ ജയന്തി ആഘോഷം. അന്ന് പുലർച്ചെ 5ന് ശ്രീരാമന് അഭിഷേകം നടക്കും.

ശ്രീ ഹനുമത് സ്‌തോത്രം

അതുലിത ബലധാമം
ഹേമശൈലാഭ ദേഹം
ധനുജവനകൃശാനം ജ്ഞാനിനാമഗ്രഗണ്യം
സകലഗുണ നിധാനം വാനരാണാമധീശം
രഘുപതി പ്രിയഭക്തം
വാതജാതം നമാമി

ഗോഷ്പദീകൃത വാരശീം ദശകീകൃതരാക്ഷസം
രാമായണ മഹാമാലാരത്‌നം വന്ദേനിലാത്മജം
അഞ്ജനാനന്ദനം വീരം
ജാനകീ ശോകനാശനം
കപീശമക്ഷഹന്താരം
വന്ദേ ലങ്ക ഭയങ്കരം
ഉല്ലംഘ്യ സിന്ധോഃ സലിലം സലിലം
യഃ ശോകവഹ്നീം ജനകാത്മജായാഃ
ആദായ തേ നൈവ ദദാഹലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം

ആഞ്ജനേയ മതി പാടലാലനം
കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാത തരു മൂല വാസിനം
ഭാവയാമി പവമാനനന്ദനം

യത്ര യത്ര രഘുനാഥ കീർത്തനം
തത്ര യത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂർണ്ണലോചനം
മാരുതിം നമതരാക്ഷരാസന്തകം

മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാനമാമി

ശത്രുച്ഛേദൈക മന്ത്രം സകലമുപനിഷത്
വാക്യസംപൂജ്യമന്ത്രം
സംസാരോത്തരമന്ത്രം
സമുചിത സമയേ
സംഗനിർയ്യാണമന്ത്രം

സർവൈശ്വര്യൈക മന്ത്രം വ്യസനഭൂജഗ
സന്തുഷ്ട സന്ത്രാണ മന്ത്രം
ജിഹ്വേ ശ്രീരാമ മന്ത്രം ജപ
ജപ സതതം
ജന്മ സാഫല്യ മന്ത്രം

മംഗള ഗൗരി

Story Summary: 2022- 23 Hanuman Swami Jayanthi Festival in Kerala and Tamil Nadu

Copyright 2022 Neramonline.com. All rights reserved


ഹനുമദ് അഷ്ടോത്തരം തടസ്സങ്ങളെല്ലാം വായുവേഗത്തിൽ മാറ്റും | Hanuman Ashtothara Shata Namavali

error: Content is protected !!