Friday, 22 Nov 2024
AstroG.in

വാവുബലി വ്യാഴാഴ്ച പുലർച്ചെ
തുടങ്ങും; ഉത്തമ സമയം ഇതാണ്

അനിൽ വെളിച്ചപ്പാടൻ

2022 ജൂലൈ 28 വ്യാഴാഴ്ചയാണ് കർക്കടകവാവ്. പുലർച്ചെ 03:21 മുതൽ 11:35 വരെയാണ് ബലിയിടാൻ ഉത്തമ കാലം. മനുഷ്യര്‍ക്ക് അഞ്ച് യജ്ഞങ്ങളാണ് വിധിച്ചിട്ടുള്ളത് – ബ്രഹ്മയജ്ഞം, ദേവയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം, പിതൃയജ്ഞം എന്നിവ. പരമാത്മാവിനെ അറിയാനുള്ള യജ്ഞം ബ്രഹ്മയജ്ഞം. ആരാധിക്കുന്ന ദേവതകളെ പൂജിക്കുന്നത് ദേവയജ്ഞം. എല്ലാവരെയും തന്നെപ്പോലെ കണ്ട് സ്‌നേഹിച്ച് കഴിയുന്ന ഉപകാരങ്ങൾ ചെയ്യുന്നത് മനുഷ്യയജ്ഞം. ഈശ്വരന്റെ സൃഷ്ടിയായ ഒരു ജീവനെയും ഉപദ്രവിക്കാതെ സംരക്ഷിക്കുന്നതാണ് ഭൂതയജ്ഞം. നമ്മുടെ ജന്മത്തിന് കാരണമായ മാതാപിതാക്കൾക്കും പൂർവികർക്കും നാം ചെയ്യേണ്ട കര്‍ത്തവ്യ നിര്‍വഹണമാണ് പിതൃയജ്ഞം. എല്ലാ യജ്ഞത്തേക്കാളും പ്രധാനം പിതൃയജ്ഞമാണ്. സ്ഥൂല ശരീരം വിട്ടുപോയ പൂര്‍വ്വികരാണ് പിതൃക്കള്‍. ഈ ആത്മാക്കളുടെ പ്രീതിയും ആശീര്‍വാദവും പിന്‍തലമുറയുടെ ജീവിത സൗഭാഗ്യത്തിന് ആവശ്യമാണ്. ദാമ്പത്യ ജീവിതം, സന്താനഭാഗ്യം തുടങ്ങിയവയുടെ പ്രാധാന്യം ഇതാണ്

എല്ലാ മാസവും രണ്ടു വാവുണ്ട്. കറുത്തവാവും വെളുത്തവാവും – അമാവാസിയും പൗര്‍ണ്ണമിയും. ഇതില്‍ അമാവാസി പിതൃക്കളുടെ തിഥിയാണ്. ഈ തിഥിയില്‍ ചെയ്യുന്ന ബലിയാണ് വാവുബലി. എല്ലാ അമാവാസിയും വാവ് ബലിക്ക് ഉചിതമാണ്. എന്നാല്‍ ഉത്തരായണത്തിലെ മകരവും, ദക്ഷിണായനത്തിലെ കര്‍ക്കടക വാവുമാണ് പ്രധാനം. കേരളത്തിൽ കര്‍ക്കടക വാവിനും ഉത്തരേന്ത്യയില്‍ മകരവാവിനുമാണ് കുടുതൽ പ്രാധാന്യം. ഇവിടെ കര്‍ക്കടകം അരിഷ്ട കാലമായതിനാൽ അതില്‍നിന്നും കരകയറാനും പിതൃപ്രീതിക്കും കര്‍ക്കടക വാവുബലി ഒഴിച്ചുകൂടാൻ കഴിയാത്തതാണെന്ന ബോധമാണ് കര്‍ക്കടക വാവിന് ഇവിടെ ഇത്ര പ്രാധാന്യമുണ്ടാകാൻ കാരണം.

എല്ലാ പിതൃക്കൾക്കും വേണ്ടിയുള്ളതാണ് വാവ് ബലി. ചെയ്യാനുള്ള കർമ്മങ്ങൾ യഥാവിധി ചെയ്ത് സ്നേഹിച്ച് സുഖ ദു:ഖങ്ങളിൽ കൂടെ നിന്ന് പിന്നെയൊരു ദിവസം അകാലങ്ങളിലേക്ക് പറന്നു പോയവരെ നാം എങ്ങനെ മറക്കും. ശ്രാദ്ധം അവിടെ ആരംഭിക്കുന്നു.

ഇല്ലം, വല്ലം, നെല്ലി ഇതാണ് ബലിയിടുന്നതിന്റെ പ്രമാണം. അതിനാൽ വാവുബലിയും വീട്ടിൽ ഇടാം. വീടാണ് ഏറ്റവും പ്രധാനം. പണ്ട് വീട്ടില്‍ ബലിയിടുന്നതായിരുന്നു രീതി. അന്ന് പരിഹാര ക്രിയകൾക്ക് മാത്രമാണ് ക്ഷേത്രത്തില്‍ ബലിയിട്ടിരുന്നത്. ബലി തീർത്ഥങ്ങളിലേക്കും ക്ഷേത്ര പരിസരങ്ങളിലേക്കും മാറിയത് വീടുകളിൽ സൗകര്യം കുറയുകയും യാത്രാസൗകര്യം കൂടുകയും ചെയ്തതോടെ ആണ്. എന്നാൽ സ്വയം ചെയ്യുന്ന സദ്കർമ്മങ്ങൾ എപ്പോഴും നമുക്ക് കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകും. അതുകൊണ്ട് സ്വന്തമായി വീട്ടിൽ ബലികർമ്മം ചെയ്യുന്നതിൽ ഒരാശങ്കയും വിഷമവും വേണ്ടതില്ല.
തലേന്ന് ഒരു നേരം മാത്രം അരിയാഹാരം ഭക്ഷിച്ച്, മറ്റ് സമയത്ത് പഴങ്ങൾ കഴിച്ച് മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഉപേക്ഷിച്ച് വ്രതമെടുത്ത് വേണം ബലിയിടാൻ.

ബലിക്ക് ആവശ്യമുള്ള സാധനങ്ങൾ

നിലവിളക്ക്
കിണ്ടി അല്ലെങ്കിൽ ഗ്ലാസ്സ്
3 ചെറു പഴം
വാഴയില 2 (തൂശനില)
കുറച്ച് തുളസിയില, കുറച്ച് പൂവ്,
50 ഗ്രാം എള്ള്
(അല്പം വെള്ളം ചേർത്ത് ഒരു ചെറിയ
പാത്രത്തിൽ വയ്ക്കണം)
5 ഉരുള ചോറ്
(വേവിച്ച് വറ്റിച്ച ചോറിൽ എള്ള് ചേർത്ത് കുഴച്ച് ഉരുളയാക്കിയത് 5 )
കുറച്ച് ചോറും എള്ളും
(ഉരുളയാക്കാതെയുള്ളത്)
ഉപ്പില്ലാതെ വേവിച്ചെടുത്ത 3 അട
(ബലികർമ്മം കഴിഞ്ഞ് വീട്ടിൽ ‘ചാവ് വയ്ക്കാൻ’ ഉള്ളതാണ് അട)

ബലിയിടാൻ പോകുന്ന സ്ഥലം വൃത്തിയാക്കി വെള്ളം തളിക്കണം. നിലവിളക്കിൽ 5 തിരിയിട്ട് കൊളുത്തി, അതിന് മുന്നിൽ വാഴയിലയിട്ട്, കിണ്ടിയിലെ/ ഗ്ലാസ്സിലെ വെള്ളത്തിൽ ഗംഗാദേവിയെ ഭജിച്ച് അല്പം തുളസിയിലയിട്ട്, ആ തീർത്ഥം ശരീരത്തിലും പൂജാസാധനങ്ങളിലും ബലിചെയ്യുന്ന സ്‌ഥലത്തും തളിച്ച് ശുദ്ധി വരുത്തി, അവിടെ അല്പം പൂവ് വയ്ക്കണം.

നിലവിളക്കിന് മുന്നിൽ ഒരു വാഴയിലയിൽ ഗണപതി ഒരുക്കും പിന്നെ അതിന് കിഴക്കായി മറ്റൊരു വാഴയില തെക്കുഭാഗത്തേക്ക് തുമ്പ് വരുന്ന രീതിയിലും വയ്ക്കണം. ആ വാഴയിലയുടെ പിന്നിൽ (വടക്കുവശം) നമ്മൾ തെക്കോട്ട് നോക്കി സ്വസ്‌ഥമായി ഇരുന്ന് (മുട്ടിൽ ഊന്നി ഇരിക്കാൻ മിക്കവർക്കും പൊതുവെ പ്രയാസമായിരിക്കുമല്ലോ) നമുക്ക് ഏറ്റവും ലളിതമായി ബലികർമ്മം ചെയ്തു തുടങ്ങാം.

അഞ്ച് പിണ്ഡം തയ്യാറാക്കി വച്ചതിൽ നിന്നും ഒരെണ്ണം എടുത്ത് നമ്മുടെ കുടുംബത്തിലെയും അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെയും പരമ്പരയിലെയും സകല പിതൃക്കളെയും സങ്കല്പിച്ച് അവർക്കായി ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞ് ഇലയുടെ മദ്ധ്യഭാഗത്തായി ആദ്യ പിണ്ഡം വയ്ക്കണം.

രണ്ടാമത്തെ പിണ്ഡം കയ്യിലെടുത്ത് അച്ഛന്റെയും അമ്മയുടെയും കുലത്തിൽ മരണപ്പെട്ടവർക്കും ഗുരുക്കന്മാർക്കും അവരുടെ കുലത്തിൽപ്പെട്ട പിതൃക്കൾക്കും സകല ആശ്രിതർക്കും മോക്ഷത്തിനായി ഞാൻ ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ആദ്യം വച്ച പിണ്ഡത്തിന്റെ മുന്നിൽ അതായത് തെക്ക് വശത്തായി രണ്ടാമത്തെ പിണ്ഡം വയ്ക്കണം.

മൂന്നാമത്തെ പിണ്ഡം കയ്യിലെടുത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും കുലത്തിലെ ഏതെങ്കിലും പിതൃക്കൾ നരകയാതന അനുഭവിക്കുന്നെങ്കിൽ അവരുടെ മോചനത്തിനായും ഞാൻ ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞ് മൂന്നാമത്തെ പിണ്ഡം വയ്ക്കണം. ഇപ്പോൾ ആ മൂന്ന് പിണ്ഡവും തെക്കുവടക്ക് ക്രമത്തിൽ ആയിട്ടുണ്ടാകും.

നാലാമത്തെ പിണ്ഡമെടുത്ത് എന്റെയും മാതാവിന്റെയും പിതാവിന്റെയും കുലം വിട്ടൊഴിഞ്ഞ് പോയവരും കുലം ഇല്ലാതായവരുടെയും പിതൃ-പ്രീതിക്കായും മോക്ഷത്തിനായും ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നടുക്ക് ആദ്യം വച്ച പിണ്ഡത്തിന്റെ ഇടതുഭാഗത്ത് അതായത് കിഴക്ക് ഭാഗത്ത് വയ്ക്കണം.

അഞ്ചാമത്തെ പിണ്ഡമെടുത്ത് എന്റെ ബന്ധത്തിലെയും അന്യരുടെ ബന്ധത്തിലേയും സകല പിതൃക്കൾക്കുമായി ധർമ്മപിണ്ഡം സമർപ്പിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് നടുക്ക് ആദ്യം വച്ച പിണ്ഡത്തിന്റെ വലതുഭാഗത്ത് അതായത് പടിഞ്ഞാറ് ഭാഗത്തായി വയ്ക്കണം. ഇപ്പോൾ നടുക്കും കിഴക്കുപടിഞ്ഞാറുമായി മൂന്ന് പിണ്ഡം ഉണ്ടായിരിക്കും.

അഞ്ച് പിണ്ഡവും പിന്നെ കുറെ ചോറും എള്ളും കുഴച്ചതും ആദ്യമെടുത്ത് ഒരു പാത്രത്തിൽ വച്ചിരുന്നല്ലോ. അതിൽ ഇനി ബാക്കിയുള്ളത് കുറച്ച് ചോറ് മാത്രമായിരിക്കും. ആ ചോറ് എല്ലാം കൂടി കയ്യിലെടുത്ത് (ഉരുള ആക്കരുത്) എല്ലാ പിണ്ഡങ്ങളുടെയും മുകളിലായി ചൊരിഞ്ഞിട്ട് ഇവയും കൂടി സ്വീകരിച്ച് സന്തോഷമാകണം എന്ന് പിതൃക്കളോട് പ്രാർത്ഥിക്കണം.

അതിനുശേഷം കുറച്ച് എള്ളും വെള്ളവും ചേർത്ത് (ഇവ ഒരു പാത്രത്തിൽ കലർത്തി ആദ്യം തന്നെ വച്ചിട്ടുണ്ടല്ലോ) ആ അഞ്ച് പിണ്ഡങ്ങളുടെയും പുറത്തായി വിതറുക.

പിന്നെ ഞങ്ങളെക്കൊണ്ട് കഴിയുന്നത്ര രീതിയിൽ പിതൃക്കൾക്കായുള്ള എല്ലാ പൂജാരീതികളും സമർപ്പിക്കുന്നു എന്ന് മനസ്സിൽ പ്രാർത്ഥിച്ച്, അല്പം പൂവെടുത്ത് മുന്നിലെ പിണ്ഡത്തിലേക്കിട്ട് കുമ്പിട്ട് പിതൃക്കളെ പ്രാർത്ഥിച്ച് തൊഴുത്, പിന്നെ ഈ കർമ്മത്തിൽ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ മഹാദേവൻ ക്ഷമിച്ചുകൊള്ളണം എന്നുകൂടി പ്രാർത്ഥിക്കണം. എഴുന്നേറ്റ് ആ പിണ്ഡത്തിന് 3 പ്രാവശ്യം വലംവയ്ക്കണം. പിന്നെ അതിൽ നിന്നും ഒരു പൂവെടുത്ത് മൂക്കിനോട് ചേർത്ത് മണപ്പിച്ചശേഷം ആ പൂവ് തലയിൽ വയ്ക്കണം.

പിന്നെ ഇല കൂട്ടി എല്ലാ പിണ്ഡവും ഇലയിൽ മടക്കിയെടുത്ത് അത് തലയിൽ വച്ച് വസ്തുവിന്റെ അല്ലെങ്കിൽ ബലികർമ്മം ചെയ്യുന്നതിന്റെ തെക്കുപടിഞ്ഞാറേ ഭാഗത്ത് വയ്ക്കണം.

ശേഷം വീട്ടിൽ പൂജാമുറിയിൽ അല്ലെങ്കിൽ അതിന് പറ്റിയ സ്‌ഥലത്ത്‌ ഉപ്പില്ലാതെ വേവിച്ചെടുത്ത 3 അട, ചാവ് വെക്കണം. അതിനു ശേഷം ബലിയിട്ടപ്പോൾ തെളിച്ച നിലവിളക്ക് അനക്കി, തിരി അണച്ച്, വിളക്ക് എടുക്കാവുന്നതാണ്. ചാവ് വച്ചത് ഒരുമണിക്കൂർ കഴിഞ്ഞ് എടുക്കാം.

വിദേശത്തോ, ഫ്‌ളാറ്റിലോ, മുറികളിലോ ബലി കർമ്മം ചെയ്യുന്നവർ സൗകര്യപ്രദമായ രീതിയിൽ അവയൊക്കെ നീക്കം ചെയ്യണം. കാക്കയും മറ്റ് പക്ഷികളുമൊന്നും ഇല്ലാത്ത സ്‌ഥലങ്ങളിൽ ആളുകൾക്ക് പിന്നെ ഇവയൊക്കെ സൗകര്യമായി നീക്കം ചെയ്യാം. പറ്റുെങ്കിൽ കായലിലോ കടലിലോ മത്സ്യങ്ങൾക്ക് നൽകാം. അതാത് സ്‌ഥലങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ, നിയമങ്ങൾ, സൗകര്യം എന്നിവ പാലിക്കാൻ മറക്കരുത്.

ശ്രദ്ധിക്കുക: ഇതിൽ പവിത്രം, കൂർച്ചം, ബലി കർമ്മത്തിനുള്ള മന്ത്രങ്ങൾ എന്നിവയൊന്നും എഴുതിയിട്ടില്ല. കാരണം, ആദ്യമായി സ്വന്തമായിട്ട് ഇങ്ങനെയൊരു ബലികർമ്മം ചെയ്യുന്നവർക്ക് മന്ത്രങ്ങൾ സഹിതമായി ഇവ ചെയ്യാൻ പ്രയാസമായിരിക്കും. അതിനാൽ പിതൃക്കൾക്കും ദേവതകൾക്കും ഒപ്പം നമുക്കും മനസ്സിലാകുന്ന രീതിയിൽ ഏറ്റവും ലളിതമായി പ്രാർത്ഥനകൾ നടത്തി കർമ്മങ്ങൾ ചെയ്യുന്നതാണ് ഏറ്റവും ശുഭകരം. വിശ്വാസികൾക്ക് ദശാംഗങ്ങൾ
പിടിച്ചുള്ള കർമ്മങ്ങൾ ആവശ്യമില്ല. അവയെല്ലാം കർമ്മികൾക്കാണ് പറഞ്ഞിട്ടുള്ളത്. ഒരു പഴമോ പച്ചക്കറിയോ കൊണ്ടുപോലും പിതൃകർമ്മം ചെയ്യാമെന്ന് പറവൂർ ശ്രീധരൻ തന്ത്രിയും പറഞ്ഞിട്ടുള്ളതാകുന്നു.

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം,
കരുനാഗപ്പള്ളി

+919497134134, 0476-296 6666
https://uthara.in/

Story Summary: Time, Significance, Rituals of Karkkadaka Vavu Bali


error: Content is protected !!