Saturday, 23 Nov 2024
AstroG.in

വാർഷിക ഷഷ്ഠി ഈ മാസം തുടങ്ങാം; ഈ നക്ഷത്രക്കാർ നോറ്റാൽ മഹാഭാഗ്യം

ഡോ. എസ്. അനിതകുമാരി

ചൊവ്വാ ദോഷങ്ങളാൽ ദുരിതം അനുഭവിക്കുന്നവരും സന്താനങ്ങൾ കാരണം ക്ലേശിക്കുന്നവരും മക്കൾ ഇല്ലാത്തതിൽ വിഷമിക്കുന്നവരും വൃശ്ചിക മാസത്തിൽ ആരംഭിച്ച് തുലാമാസത്തിൽ അവസാനിക്കുന്ന വിധം 12 ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ഇക്കൂട്ടർക്ക് സുബ്രഹ്മണ്യ ഭജനത്തിലൂടെ, ഷഷ്ഠി വ്രതത്തിലൂടെ അതിവേഗം ദോഷനിവ‍ൃത്തി വരുമെന്നാണ് വിശ്വാസം.

ശ്രീപരമേശ്വരന്റെ ഉപദേശം സ്വീകരിച്ച് പാർവതീ ദേവി ഒൻപത് വർഷം കൊണ്ട് 108 ഷഷ്ഠിവ്രതം നോറ്റ് സർപ്പരൂപത്തിൽ മറഞ്ഞ മകനെ വീണ്ടെടുത്ത ദിവസം എന്ന മാഹാത്മ്യമാണ് വൃശ്ചികത്തിലെ ചമ്പാഷഷ്ഠിക്ക് കല്പിച്ചിട്ടുള്ളത്. ബ്രഹ്മാവിനെ ബന്ധിച്ചതിന്റെ പ്രായച്ഛിത്തമായാണ് സുബ്രഹ്മണ്യൻ സ്വയം സർപ്പരൂപം സ്വീകരിച്ചത്. അതിനാൽ 9 വർഷം കൊണ്ട് 108 ഷഷ്ഠി പൂർത്തിയാക്കുന്ന തരത്തിൽ വ്രതം അനുഷ്ഠിക്കുന്ന ഭക്തരുമുണ്ട്. സുബ്രഹ്മണ്യ പ്രീതിക്കുള്ള അതിശക്തമായ അനുഷ്ഠാനമാണ് ഷഷ്ഠി വ്രതം. തലേന്ന് പഞ്ചമിയിൽ ഒരിക്കലെടുത്ത് ഷഷ്ഠി ദിവസം രാവിലെ കുളിച്ച് മുരുക ക്ഷേത്രത്തിൽ തൊഴുത് പൂജകളിൽ പങ്കെടുത്ത് ഉച്ചയ്ക്ക് അവിടുത്തെ നിവേദ്യച്ചോറുണ്ട് പാരണ വിടാം. ഒരു നേരം അരിയാഹാരവും മറ്റ് സമയത്ത് ഫലങ്ങളും കഴിക്കാം.

പഞ്ചമി, ഷഷ്ഠി ദിനങ്ങളില്‍ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ കുറഞ്ഞത് 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഓം ശരവണ ഭവഃ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും അരിഷ്ടതകൾ മാറി മന:സുഖം നേടാൻ നല്ലതാണ്. മാസന്തോറും വെളുത്ത പക്ഷത്തില്‍ വരുന്ന ഷഷ്ഠിയാണ് ആചരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനമാണ് തുലാമാസത്തിൽ വരുന്ന സ്‌കന്ദഷഷ്ഠി. 6 ഷഷ്ഠി അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി വ്രതം. ഒരു വർഷത്തെയും ഒൻപത് വർഷത്തെയും ഷഷ്ഠി വ്രതത്തിന് ആരംഭം കുറിക്കുന്നു എന്നതാണ് വൃശ്ചിക ഷഷ്ഠിയുടെ പ്രാധാന്യം. കുമാര ഷഷ്ഠി, ചമ്പാഷഷ്ഠി എന്നിങ്ങനെ അറിയപ്പെടുന്ന ഈ വ്രതം 2021 ഡിസംബർ 9 നാണ് ആചരിക്കുന്നത്.

അശ്വതി, കാർത്തിക, മകം, ഉത്രം, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രജാതർ എല്ലാ മാസവും ഷഷ്ഠി വ്രതം നോറ്റാൽ അവർക്ക് ജീവിതത്തിൽ മേൽക്കുമേൽ അഭിവൃദ്ധിയും മഹാഭാഗ്യവുമുണ്ടാകും. ഉത്രാടം, മൂലം, ഉത്തൃട്ടാതി, അനിഴം നക്ഷത്രക്കാർ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ ജീവിത ദുരിതങ്ങൾക്ക് ശമനമുണ്ടാകും. മാത്രമല്ല ഇവർക്ക് ധാരാളം ശുഭാനുഭവങ്ങളും ലഭിക്കും.

ചൊവ്വാദോഷ മുക്തി, കാര്യവിജയം, കുടുംബസൗഖ്യം, സന്താനഭാഗ്യം, സർപ്പദോഷ ശാന്തി, ജീവിതസൗഭാഗ്യം എന്നിവയ്ക്ക് അത്യുത്തമമാണ് ഷഷ്ഠി വ്രതാനുഷ്ഠാനം. ഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍ത്തൃ , സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ലെന്നും വിശ്വസിക്കപ്പെടുന്നു. കുടുംബ ഐക്യത്തിനും ഐശ്വര്യം നേടുന്നതിനും ഒരു സുബ്രഹ്മണ്യ സ്തുതിയും മന്ത്രവും ഇവിടെ ചേർക്കുന്നു. സുബ്രഹ്മണ്യ ഗായത്രി ദിവസവും 21 തവണ ജപിക്കുന്നത് ചൊവ്വാ ദോഷം പരിഹരിക്കുന്നതിന് ഉത്തമമാണ്.

സുബ്രഹ്മണ്യ സ്തുതി
കനകകുണ്ഡലമണ്ഡിതഷണ്‍മുഖം
വനജരാജിത ലോചനം
നിശിത ശസ്ത്രശരാസനധാരിണം ശരവണോദ്ഭവമീശസുതം ഭജേ
സുബ്രഹ്മണ്യ മന്ത്രം
ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം
കുമാര ഗുരുവരായ സ്വാഹാ

സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

ഡോ. എസ്. അനിതകുമാരി, അസ്ട്രോളജർ
+91 9846561867

For Video Consultation with Dr.S. Anithakumari :
visit: www.astrog.in

Story Summary: Significance and Benefits Of Kumara Shashi Vritham ( Vrichka Shashi )

error: Content is protected !!