Friday, 22 Nov 2024
AstroG.in

വിദ്യാവിജയവും ഗൃഹ ഐശ്വര്യവും നേടാൻ ഇതാണ് നല്ല വഴി

ജോതിഷരത്നം വേണുമഹാദേവ്
പഠിച്ചതെല്ലാം മറക്കാതിരിക്കാൻ സരസ്വതി ദേവിയെ മാത്രമല്ല ദക്ഷിണാമൂർത്തിയെ ഉപാസിക്കുന്നതും അത്യുത്തമമാണ്. സാഹചര്യങ്ങൾ കാരണമോ ഗ്രഹപ്പിഴ, ബുധമൗഢ്യദോഷങ്ങൾ എന്നിവയാലോ വിദ്യാപരമായ ക്ലേശങ്ങൾ നേരിടുന്നവരും ഗൃഹ സൗഖ്യക്കുറവ് അനുഭവിക്കുന്നവരും ആദിഗുരുവായ ദക്ഷിണാമൂർത്തിയെ ഉപാസിക്കണം. ശ്രീപരമേശ്വരന്റെ ജ്ഞാന, വൈദ്യ രൂപമാണിത്. ഋഷീശ്വരന്മാർക്ക് അറിവു നൽകാൻ അരയാൽ ചുവട്ടിൽ ചിന്മുദ്രയോടെ ദക്ഷിണ ദിക്ക് നോക്കിയിരുന്ന ഭഗവാനാണ് ദക്ഷിണാമൂർത്തി എന്ന് വിശ്വസിക്കുന്നു. അതല്ല സതീദേവിയുടെ വിയോഗശേഷം അരയാൽ ചുവട്ടിൽ ദക്ഷിണദിക്കിലേക്ക് നോക്കി ധ്യാനലീനനായി മാറിയ ശിവരൂപമാണെന്നും വിശ്വാസമുണ്ട്. സന്ന്യാസഭാവത്തിലുള്ള ഈ മൂർത്തിയിൽ നിന്നാണ് ദേവഗുരു ബൃഹസ്പതിയും മൂകാംബികയും വിദ്യ അഭ്യസിച്ചതെന്ന് ഐതിഹ്യമുണ്ട്. രണ്ട് ഐതിഹ്യങ്ങളിലും ഈ മൂർത്തി വിദ്യാദായകൻ മാത്രമല്ല പരമ ഗുരുവുമായി മാറുന്നു. ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും ദക്ഷിണാമൂർത്തി മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഫലപ്രദമാണ്. ഗൃഹത്തിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കുന്നതിനും രോഗങ്ങൾ അകറ്റാനും ഉപാസിക്കാം. ഗുരുപൂജയ്ക്ക് ദക്ഷിണാമൂർത്തിയെയാണ് സങ്കല്പിക്കുന്നത്. ബ്രഹ്മമുഹൂർത്തത്തിലാണ് ഗുരുപൂജ നടത്തുന്നത്.

ദക്ഷിണാമൂർത്തിയെന്നാൽ ദക്ഷിണഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്ന ശിവമൂർത്തി എന്നാണ് വാക്കിന്റെ
അർത്ഥം. തെക്കുദർശനമായുള്ള ശിവക്ഷേത്രങ്ങളാണ് ഏറ്റുമാന്നൂരും തൃശൂർ വടക്കുംനാഥനും. വിദ്യാവിജയം ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവയ്ക്ക് ഈ
ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിക്കണം.

സരസ്വതി ദേവിയുടെ കൂടി ഭാവമായ മൂകാംബിക
സന്നിധിയിൽ വിദ്യ തുടങ്ങിയാൽ അപാരമായ വിദ്യാ വിജയവും വാഗ് വിലാസവും സർഗ്ഗശേഷിയും ലഭിക്കും. ലക്ഷക്കണക്കിന് ആളുകളുടെ അനുഭവമാണിത്. വിദ്യാവിജയത്തിന് ആശ്രയിക്കാവുന്ന മറ്റൊരു മൂർത്തി ബുധഗ്രഹത്തിന്റെ ദേവതയായ ശ്രീകൃഷ്ണനാണ്. കൃഷ്ണപ്രീതിക്ക് വിദ്യാരാജഗോപാലാർച്ചന നടത്തി പ്രാർത്ഥിച്ചാൽ വിദ്യാർത്ഥികൾക്ക് നല്ല ബുദ്ധിയും പരീക്ഷാവിജയവും ലഭിക്കും. ചുരുക്കിപ്പറഞ്ഞാൽ
വിദ്യാവിജയത്തിന് ആരാധിക്കാവുന്ന മൂർത്തികളും ദേവതകളുമാണ് ദക്ഷിണാമൂർത്തി, മൂകാംബികാദേവി, ശ്രീകൃഷ്ണ ഭഗവാൻ തുടങ്ങിയവർ. ദക്ഷിണാമൂർത്തി ഉപാസനയ്ക്ക് ഉത്തമമായ ചില മന്ത്രങ്ങൾ :

ദക്ഷിണാമൂർത്തി മൂലമന്ത്രം
ഓം ദക്ഷിണാമൂർത്തയേ നമ:
(എല്ലാ ദിവസവും 108 തവണ ജപിക്കുക )

ദക്ഷിണാമൂർത്തി ധ്യാനം
ബ്രഹ്മ ഋഷി : ഗായത്രി ച്ഛന്ദ:
ദക്ഷിണാമൂർത്തി ദേവത
മുദ്രാ പുസ്തക വഹ്നി നാഗ വില സദ്
ബാഹും പ്രസന്നാനനം
മുക്താഹാര വിഭൂഷണം ശശികലാ
ഭാസ്വത് കിരീടോജ്വലം
അജ്ഞാനാപഹമാദിമാദിമഗിരാ –
മർഥം ഭവാനീപതിം
നൃഗ്രോധാന്തനിവാസിനം പരഗുരും
ധ്യായാമ്യഭീഷ്ടാപ്തയോ

(അഭയ മുദ്ര, ജ്ഞാനമുദ്ര, പുസ്തകം, അഗ്നി, സർപ്പങ്ങൾ എന്നിവയാൽ ശോഭിക്കുന്ന കൈകളോടു കൂടിയവനും പ്രസന്നവദനനും മുത്തുമാല അണിഞ്ഞവനും ചന്ദ്രക്കലയാൽ ശോഭിക്കുന്ന ഉജ്വലമായ കിരീടമണിഞ്ഞവനും അജ്ഞാനത്തെ നശിപ്പിക്കുന്നവനും ആദി പുരുഷനും ഓങ്കാരപ്പൊരുളും പാർവതിയുടെ ഭർത്താവും വൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുന്നവനും പരമ ഗുരുവുമായ ദക്ഷിണാമൂർത്തി ഭഗവാനെ ആഗ്രഹ ലാഭത്തിനായി പ്രാർത്ഥിക്കുന്നു)

ദക്ഷിണാമൂർത്തിമന്ത്രം
ഓം നമോ ഭഗവതേ
ദക്ഷിണാമൂർത്തയേ
മഹ്യാമേധാം പ്രജ്ഞാം
പ്രയശ്ച സ്വാഹാ

ദക്ഷിണാമൂർത്തി ഗായത്രി
ഓം ജ്ഞാനമുദ്രായ വിദ്മഹ
തത്ത്വബോധായ ധീ മഹി
തന്നോ ദേവ: പ്രചോദയാത്

ദക്ഷിണാമൂർത്തി സ്തുതി
ഗുരവേ സർവലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവ വിദ്യാനാം
ഭക്ഷിണാമൂർത്തയേ നമ:

(സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും എല്ലാ വിദ്യകളുടെയും അധിപനും തെക്ക് ദർശനമായിരുന്ന് ജ്ഞാനം നൽകുന്നവനുമായ ഭഗവാനെ നമിക്കുന്നു)

ജോതിഷരത്നം വേണുമഹാദേവ്, +91 984-747-5559

error: Content is protected !!