Friday, 22 Nov 2024
AstroG.in

വിനായക ചതുര്‍ത്ഥിയിലെ പ്രാർത്ഥന വേഗംഫലിക്കും; മൂലമന്ത്ര ജപം 41 ദിവസം

പുതുമന മഹേശ്വരൻ നമ്പൂതിരി
ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസത്തെ ഗണേശപൂജയും വിനായകനെ സംബന്ധിച്ച പ്രാർത്ഥനകളും അതിവേഗം ഫലിക്കും. വിനായകചതുർത്ഥിദിവസം ചെയ്യുന്ന എല്ലാ വഴിപാടുകൾക്കും വിശേഷ ഫലസിദ്ധി പറയാറുണ്ട്. ഈ ദിവസം വ്രതമെടുക്കുന്നത് തടസങ്ങൾ അകറ്റി ജീവിത വിജയം സമ്മാനിക്കും. 2023 ആഗസ്റ്റ് 20,
ഞായറാഴ്ചയാണ് ഇത്തവണ വിനായക ചതുർത്ഥി.

കാര്യസിദ്ധിക്ക് അപ്പം, മേദകം നിവേദ്യം
ഗണപതിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് അപ്പം, മേദകം നിവേദ്യം. വിനായക ചതുര്‍ത്ഥി ദിവസം എല്ലാ ഗണപതി ക്ഷേത്രങ്ങളിലും അപ്പം, മേദകം നിവേദ്യം നടത്താറുണ്ട്. ഇഷ്ടകാര്യ വിജയത്തിനും, തടസങ്ങൾ മാറുന്നതിനും ഈ വഴിപാട് നല്ലതാണ്. ഗണപതി ഭഗവാന് കറുകമാല സമർപ്പിക്കുന്നത് വളരെ വിശേഷമാണ്. വിനായക ചതുര്‍ത്ഥി ദിവസം രാവിലെ കുളിച്ച് ഗണേശ ഭഗവാന് കറുകമാല ചാര്‍ത്തിയാൽ രോഗശാന്തിയും അഭീഷ്ടസിദ്ധിയും കരഗതമാകും. എല്ലാ ഗണപതി ക്ഷേത്രങ്ങളിലെയും മുഖ്യ സമർപ്പണമാണ് കറുകമാല.

ഗണപതിഹോമത്തിന് വിശേഷഫലം
വിനായകചതുർത്ഥി ദിവസത്തെ മറ്റൊരു പ്രധാന വഴിപാടാണ് ഗണപതിഹോമം. ഗൃഹത്തിലും ക്ഷേത്രത്തിലും ഗണപതി ഹോമം നടത്താം. ഗൃഹത്തിൽ വച്ച് ഗണപതിഹോമം നടത്താൻ കഴിയാത്തവർ ഏതെങ്കിലും ക്ഷേത്രത്തിൽ ഗണപതിഹോമത്തിൽ പങ്കെടുത്താലും മതി. എന്നാൽ വ്രതനിഷ്ഠയോടെ വിനായകചതുർത്ഥി ആചരിച്ചാൽ ഫലപ്രാപ്തി കൂടും. ഉദ്ദിഷ്ടകാര്യജയം, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, അഭിവൃദ്ധി, സത്സന്താനസൗഭാഗ്യം, രോഗനിവാരണം വിദ്യാഭിവൃദ്ധി തുടങ്ങിയ ഗുണാനുഭവങ്ങളുണ്ടാകും. വിനായക ചതുർത്ഥി വ്രതമനുഷ്ഠിക്കുന്നവർ ചതുർത്ഥിയുടെ തലേദിവസം മുതൽ വ്രതമെടുക്കണം.

മൂലമന്ത്ര ജപം 41 ദിവസം
വിനായകചതുർത്ഥി മുതൽ 41 ദിവസം തുടർച്ചയായി ഭഗവാന്റെ മൂലമന്ത്രമായ ഓം ഗം ഗണപതയേ നമഃ ജപിച്ചാൽ വിഘ്നങ്ങൾ അകലും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, യാത്രകൾ, തുടങ്ങി എല്ലാക്കാര്യങ്ങളിലെയും തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രജപം ഉത്തമമാണ്. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ ആരാധിക്കുന്നത്, ആ ദേവത നമ്മെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. മൂലമന്ത്ര ജപത്തിൽ ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ഓം ഗം ഗണപതയേ നമഃ എന്ന ഗണപതിയുടെ മൂലമന്ത്രം 108 തവണ വീതമാണ് എല്ലാ ദിവസവും ജപിക്കേണ്ടത്. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും.

ദ്വാദശനാമ മന്ത്രങ്ങൾ
കാര്യവിജയത്തിന് ഏവർക്കും ചൊല്ലാവുന്നതാണ്
ഭഗവാന്റെ ദ്വാദശനാമ മന്ത്രങ്ങൾ. ഈ 12 മന്ത്രങ്ങൾ വിനായക ചതുർത്ഥി തുടങ്ങി 28 ദിവസം മൂന്ന് നേരവും ജപിക്കണം. വ്രതചര്യ നിർബന്ധമില്ല. പാപശാന്തി, മന:ശാന്തി, കാര്യസിദ്ധി എന്നിവക്ക് ഗുണകരമാണ്.

ഓം വക്രതുണ്ടായ നമഃ
ഓം ഏകദന്തായ നമഃ
ഓം കൃഷ്ണപിംഗാക്ഷായ നമഃ
ഓം ഗജവക്ത്രായ നമഃ
ഓം ലംബോദരായ നമഃ
ഓം വികടായ നമഃ
ഓം വിഘ്നരാജായ നമഃ
ഓം ധൂമ്രവർണ്ണായ നമഃ
ഓം ഫാലചന്ദ്രായ നമഃ
ഓം വിനായകായ നമഃ
ഓം ഗണപതയേ നമഃ
ഓം ഗജാനനായ നമഃ

Story Summary: Vinayaka Chaturthi 2023; Date, Significance and Special Mantras to recite

error: Content is protected !!