Sunday, 29 Sep 2024
AstroG.in

വിനായക ചതുര്‍ത്ഥി വഴിപാട് ഫലം

ചിങ്ങമാസത്തിൽ കറുത്ത വാവ് കഴിഞ്ഞ്  അത്തം നക്ഷത്രവും ചതുർത്ഥി തിഥിയും  ഒത്തുവരുന്ന ദിവസമാണ് വിനായക ചതുർത്ഥി. പ്രഥമപൂജക്ക് യോഗ്യനായി ശിവന്‍ ഗണപതിയെ ലോകസമക്ഷം അംഗീകരിച്ച ദിവസമായും ഗണപതിയുടെ ജന്മദിനമായുംവിനായക ചതുര്‍ത്ഥിയെ കണക്കാക്കുന്നു. ഭഗവാന്റെ ജന്മനക്ഷത്രം അത്തം ആയതിനാൽ അത്തം ചതുർത്ഥിയെന്നും വെളുത്ത പക്ഷത്തിലെ  ഈ ദിവസം അറിയപ്പെടുന്നു. 

ഗണേശ ഭക്തര്‍ ഭക്ഷണപ്രിയനായ ഗണപതിക്ക്  മോദകം, കൊഴുക്കട്ട, ഇലയട, ഉണ്ണിയപ്പം, എള്ളുണ്ട തുടങ്ങി ധാരാളം നിവേദ്യങ്ങൾ ചതുർത്ഥി നാളിൽ വഴിപാടായി സമർപ്പിക്കും. ഇതിനൊപ്പം അന്ന്  ഗണപതിഹോമം കൂടി നടത്തി ഭക്തിയോടെ പ്രാർത്ഥിച്ചാൽ സർവാഭീഷ്ട സിദ്ധിയാണ് ഫലം.
ഗണേശ ആരാധനയ്ക്ക് ഏറ്റവും ഫലസിദ്ധി ലഭിക്കുന്ന ദിവസമായതിനാൽ  അന്ന്  ഭക്തരെല്ലാം ക്ഷേത്രദര്‍ശനവും നിവേദ്യസമര്‍പ്പണവും നടത്താറുണ്ട്. വ്രതശുദ്ധിയോടെയാണ് പ്രാർത്ഥനയും ദർശനവുമെങ്കിൽ പെട്ടെന്ന് ഫലം കിട്ടും.എല്ലാമാസത്തിലെയും ചതുര്‍ത്ഥിക്ക് ഇത്ര പ്രാധാന്യമില്ല.  ചതുര്‍ത്ഥി ദിനങ്ങളിലെല്ലാം ഗണേശഭഗവാനെ ആരാധിച്ചാൽ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാകും. വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥിയാണ് എല്ലാവരും ആചരിക്കേണ്ടത്.

ഏത് പൂജയുടെയും ആരംഭത്തില്‍ ഗണപതിയെ ആരാധിക്കുന്നത് ഭഗവാന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. എല്ലാദേവന്മാരിലും പ്രഥമ പൂജ്യന്‍ എന്നതിനാല്‍ തന്നെ വിനായക ചതുര്‍ത്ഥി എല്ലാ ക്ഷേത്രങ്ങളിലും ആചരിക്കുന്നു. ഹോമം, പൂജ, നാമജപം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

ക്ഷേത്രങ്ങളിൽ വിനായകചതുർഥി ദിവസം  രാവിലെ ഗണപതിഹോമം   വളരെ പ്രധാനമാണ്. 8,36,108,336,1008 തുടങ്ങി ഒരോ ക്ഷേത്രത്തിലും വഴിപാടിനും കഴിവനുമനുസരിച്ച് നാളികേരം ഗണപതിഹോമത്തിന് ഉപയോഗിക്കുന്നു. നാളികേരം അരിഞ്ഞ് അവല്‍, മലര്‍, ശര്‍ക്കര, കദളിപ്പഴം, കരിമ്പ്, എള്ള്, തേന്‍, നെയ്, കല്‍ക്കണ്ടം, മുന്തിരി തുടങ്ങിയ ദ്രവ്യങ്ങള്‍ ചേര്‍ത്താണ്   നിവേദ്യം തയ്യാറാക്കുന്നത്. ഈ നിവേദ്യം ഹോമകുണ്ഡത്തില്‍ മന്ത്രം ജപിച്ച് സമര്‍പ്പിക്കും. ചതുര്‍ത്ഥിദിവസം ക്ഷേത്രത്തില്‍ നടക്കുന്ന ഗണപതിഹോമത്തില്‍ ഭക്തർ എന്തുവന്നാലും പങ്കെടുക്കണം.

ഇനി പറയുന്ന ഗണപതി ഗായത്രികൾ 108 തവണ വീതം വിനായകചതുർഥി ദിവസം ആഗ്രഹസാഫല്യത്തിനും വിഘ്ന നിവാരണത്തിനും ജപിക്കണം

ആഗ്രഹസാഫല്യം

ഓം ഏക ദന്തായ

വിദ് മഹേ വക്ര തുന്ധായ

ധീമഹി തന്നോ ദന്തിഃ പ്രചോദയാത്

വിഘ്‌നനിവാരണം

ഓം ലംബോദരായ

വിദ് മഹേ വക്ര തുണ്ഡായ

ധീമഹി തന്നോ ദന്തിഃ പ്രചോദയാത് 

ചതുര്‍ത്ഥി ദിവസം ചെയ്യാവുന്ന വഴിപാടുകള്‍
കറുക പുഷ്പാഞ്ജലി….. വിഘ്‌നനിവാരണം
മുക്കുറ്റി പുഷ്പാഞ്ജലി…. കാര്യലാഭം
അഷ്‌ടോത്തരാര്‍ച്ചന….. മന:ശാന്തി
ദ്വാദശ മന്ത്രാര്‍ച്ചന……വിജയലബ്ധി
ഗണേശ സൂക്താര്‍ച്ചന….ദാരിദ്രശാന്തി
സഹസ്ര നാമാര്‍ച്ചന…..ഐശ്വര്യം
കറുകമാല…. പാപശമനം
മുക്കുറ്റിമാല….ആരോഗ്യം, തടസമോചനം 
ഗണപതിഹോമം…. വിഘ്‌ന നിവാരണം
ഉണ്ണിയപ്പം നിവേദ്യം….. ഇഷ്ടകാര്യവിജയംമോദകനിവേദ്യം……സുഖസമൃദ്ധി
പൂമൂടല്‍……  ശാരീരിക, മാനസിക സുഖം
എള്ളുണ്ട നിവേദ്യം…. ഭാഗ്യം വർദ്ധന
ലഡു നിവേദ്യം…..  ധനാഭിവൃദ്ധി
ചെമ്പരത്തിമാല….  ശത്രു നിവാരണം
നെല്‍പറ….. ധനം നിലനില്‍ക്കാന്‍
താമരമാല…..ധനംവരുന്നതിന്
പാലഭിഷേകം…  മന:ശാന്തി

– തന്ത്രരത്നംപുതുമന മഹേശ്വരൻ നമ്പൂതിരി     

മൊബൈൽ: +91 094-470-20655

error: Content is protected !!