Saturday, 23 Nov 2024
AstroG.in

വിനായക ചതുർത്ഥിക്ക് ചന്ദ്രനെ നോക്കിയാൽ മാനഹാനിയും ദു:ഖവും സംഭവിക്കുന്നതെന്ത് ?

ജ്യോതിഷരത്നം വേണു മഹാദേവ്
വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ നോക്കിയാൽ മാനഹാനിയും ദുഃഖവും നേരിടുമെന്ന വിശ്വാസത്തിന് പിന്നിൽ വ്യത്യസ്തമായ ഐതിഹ്യങ്ങളുണ്ട് : പണ്ടൊരു ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചത്രേ. തന്റെ വയർ കുലുക്കിയുള്ള നൃത്തത്തെ പരിഹസിച്ച്
ചിരിച്ച ചന്ദ്രനോട് ക്ഷമിക്കാൻ ഭഗവാൻ തയ്യാറായില്ല. അങ്ങനെ ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം മാനഹാനിയും ദുഃഖവും അനുഭവിക്കുമെന്ന് ഗണപതി ഭഗവാൻ ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. വിഷമിച്ചു പോയ മഹാവിഷ്ണു മഹാദേവനോട് ഒരു പരിഹാരം ആരാഞ്ഞപ്പോൾ ഗണപതി വ്രതം നോൽക്കാൻ ഉപദേശിച്ചു. ശിവന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതി വ്രതം അനുഷ്ഠിച്ചു ദോഷം മാറ്റി. വിനായക ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണരുത് എന്ന് പറയുന്നതിന് പിന്നിലെ ഒരു ഐതിഹ്യം ഇതാണ്.

ബ്രഹ്മവൈവർത്ത പുരാണം പറയുന്ന കഥ വേറെയാണ്: അവതാരദിനമായ ചതുർത്ഥിക്ക് വീടുകൾ തോറും സഞ്ചരിച്ച് ഭക്തർ നൽകിയ അപ്പവും മോദകവും അളവില്ലാതെ കഴിച്ച് രാത്രിയിൽ തന്റെ വാഹനമായ എലിയുടെ പുറത്തുകയറി വീട്ടിലേക്ക് പുറപ്പെട്ടു. വഴിയിൽ ഒരു പാമ്പിനെ കണ്ട എലി ഭയന്ന് തെറിച്ചു വീണു. കൊമ്പു കൊണ്ടതു കൊണ്ട് വയർ പൊട്ടി മോദകവും അപ്പവും പുറത്തു വന്നു. താഴെ പോയെങ്കിലും അതെല്ലാം വയറ്റിനുള്ളിലിട്ട് ആ പാമ്പിനെ പിടിച്ചു ഗണപതി വയറ് വരിഞ്ഞു കെട്ടി. ഇതെല്ലാം കണ്ട് ആകാശത്തിൽ നിന്ന് ചന്ദ്രൻ ചിരിച്ചു. കോപാകുലനായ ഗണപതി തന്റെ കൊമ്പു പറിച്ച് ചന്ദ്രനെ എറിഞ്ഞ ശേഷം ഇനി ചതുർത്ഥി ദിവസം നിന്നെ ആരും നോക്കാതെ പോകട്ടെ എന്നു ശപിച്ചു. അഥവാ നോക്കുന്നവർക്ക് വർഷം മുഴുവൻ അപമാനവും ദുഃഖവും നേരിടട്ടെ എന്നും കല്പിച്ചു. അതിനു ശേഷം ഗണപതി ഭക്തർ ആരും അന്ന് ചന്ദ്രനെ കാണില്ല.

ഗണേശ പുരാണത്തിൽ പറയുന്ന കഥ മറ്റൊന്നാണ്:
ഗണപതി കാണാതെ രണ്ടാമത്തെ മകൻ സുബ്രഹ്മണ്യന് മഹാദേവൻ ഒരു പഴം കൊടുത്തെന്നും അത് പറഞ്ഞ് ചന്ദ്രൻ ഗണപതിയെ കളിയാക്കി ചിരിച്ചെന്നും ഇതിൽ ദേഷ്യപ്പെട്ട് ഭഗവാൻ ചന്ദ്രനെ ശപിച്ചെന്നുമാണ് ആ കഥ.

വിനായക ചതുർത്ഥി ദിവസം ചന്ദ്രനെ കണ്ടതു കൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ സ്യമന്തകം മണിയുടെ അപവാദത്തിൽ പെട്ടതെന്ന് കഥയുണ്ട്. പാർവ്വതിദേവി, ധർമ്മപുത്രർ, രുഗ്മിണീദേവി, ശ്രീകൃഷ്ണൻ, ഹനുമാൻ, ഹരിശ്ചന്ദ്രൻ, നളൻ തുടങ്ങി ഒട്ടേറെ ദിവ്യാത്മാക്കൾ അനുഷ്ഠിച്ച വ്രതമാണ് വിനായക ചതുർത്ഥി. 2023 ആഗസ്റ്റ് 20 നാണ് ഇത്തവണ വിനായക ചതുർത്ഥി .

കറുകമാല, ചുവന്നപട്ട്, ചെമ്പരത്തിപൂവ് എന്നിവ ഗണപതിക്ക് ഏറ്റവും പ്രിയമാണ് വസ്തുക്കളാണ്. അഭീഷ്ടസിദ്ധിക്ക് ബാലഗണപതിയെയും ഭയത്തിൽ നിന്നും മോചനത്തിന് ശക്തിഗണപതിയെയും സമ്പത്തിനും ഐശ്വര്യത്തിനും ലക്ഷ്മീ വിനായകനെയും വിഘ്‌നനിവാരണത്തിന് വിഘ്‌ന ഗണപതിയെയും സന്താനലാഭത്തിന് ഹരിദ്രാ ഗണപതിയെയും ദു:ഖങ്ങൾ ശമിക്കാൻ സങ്കടഹര ഗണപതിയെയും ആഗ്രഹങ്ങൾ സഫലമാകാൻ സിദ്ധിഗണപതിയെയും വശ്യത്തിന് ത്രൈലോക്യ മോഹന ഗണപതിയെയും കലാപരമായ നേട്ടങ്ങൾക്ക് നൃത്ത ഗണപതിയെയും സുഖകരമായ ജീവിതത്തിന് വിജയ ഗണപതിയെയും ജീവിത വിജയത്തിന് മഹാഗണപതിയെയും രോഗമുക്തിക്ക് തരുണ ഗണപതിയെയും പ്രാർത്ഥിക്കണം. ഇത്തരത്തിൽ മുപ്പത്തിരണ്ടോളം ഭാവങ്ങളുണ്ട് ഗണപതി ഭഗവാന്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017

Story Summary: What happens if we see Moon on Ganesha Chaturthi ?

error: Content is protected !!