വിനായക പൗര്‍ണ്ണമി ദുർഗ്ഗയ്ക്കും
വിശേഷം; ഐശ്വര്യവും ധനവും നേടാം
ജ്യോതിഷരത്നം വേണു മഹാദേവ്
ഈശ്വരചൈതന്യം അളവറ്റ തരത്തിൽ നിറഞ്ഞു നിൽക്കുന്ന വൈശാഖ മാസ പൗർണ്ണമി ദുർഗ്ഗാ ദേവിയുടെയും ഗണപതി ഭഗവാന്റെയും പ്രീതി നേടാൻ ഏറെ ഉത്തമമാണ്. ചില അവസരങ്ങളിൽ മേട മാസത്തിൽ വരുന്ന വൈശാഖ പൗര്‍ണ്ണമി ഇത്തവണ ഇടവ മാസത്തിലാണ്. വിനായക പൗര്‍ണ്ണമി, ബുദ്ധ പൂർണ്ണിമ എന്നീ പേരുകളിൽ വ്രതാനുഷ്ഠാനങ്ങളോടെ ഇത് അനുഷ്ഠിക്കാറുണ്ട്. ഐശ്വര്യവും ധനസമൃദ്ധിയും വ്രതാനുഷ്ഠാനത്തിന്റെ ഫലമായി പറയുന്നു.
ശ്രീകൃഷ്ണന്റെ ഉപദേശാനുസരണം കുചേലൻ വിനായക പൗർണ്ണമി വ്രതമെടുത്താണ് ദാരിദ്ര്യ മോചനം നേടിയതെന്ന് ഐതിഹ്യമുണ്ട്. വൈശാഖ മാസത്തിൽ പൗര്‍ണ്ണമിയും വിശാഖം നക്ഷത്രവും ഒത്തുചേരുന്ന ദിനമാണ് ബുദ്ധപൂര്‍ണ്ണിമ ആചരിക്കുന്നത്. സിദ്ധാര്‍ത്ഥൻ ശ്രീബുദ്ധനായി ജ്ഞാനോദയം നേടിയ ദിനമാണത്രെ ഇത്. 2022 മേയ് 16, ഇടവമാസം 2 നാണ് ഇത്തവണ വൈശാഖ പൗർണ്ണമി.
അല്ലെങ്കിൽ തന്നെ എപ്പോഴും ദുർഗ്ഗാ ക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും അതിവിശേഷമാണ് പൗർണ്ണമി. ശിവന്‍ ചന്ദ്രക്കലാധരനായത് തന്നെയാണ് കാരണം. പല പ്രധാന ദുർഗ്ഗാ ക്ഷേത്രങ്ങളിലും പൗർണ്ണമി നാളിൽ ഐശ്വര്യ പൂജ പ്രധാനമാണ്. സ്ത്രീകളാണ് ഐശ്വര്യ സമൃദ്ധി നൽകുന്ന വിളക്ക് പൂജയിൽ പ്രധാനമായും പങ്കെടുക്കുന്നത്. ദുര്‍ഗ്ഗാ ഭഗവതിയുടെ പ്രീതി നേടാൻ പൗര്‍ണ്ണമി വ്രതമെടുക്കുന്നത് അത്യുത്തമമാണ്. ചന്ദ്രന്‍ പൂർണ്ണ ബലം നേടുന്ന പൗര്‍ണ്ണമി നാളിൽ ചന്ദ്രദശാദോഷം അനുഭവിക്കുന്നവരും ജാതകത്തിൽ ചന്ദ്രന് ബലക്കുറവ് കാണുന്നവരും വ്രതം അനുഷ്ഠിക്കണം. ഇവർ ദുർഗ്ഗാ ഭഗവതിയെ ഉപാസിച്ച് പ്രീതിപ്പെടുത്തിയാൽ ജീവിത ഐശ്വര്യങ്ങളും മന:ശക്തിയും കൈവരും. സങ്കീർണ്ണമായ പ്രശ്നപരിഹാരങ്ങൾ പരിഹരിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും രോഗശമനത്തിനും സമൃദ്ധിക്കും
പൗർണ്ണമി വ്രതമെടുക്കാവുന്നതാണ്.
പൗര്‍ണ്ണമി വ്രതം ഒരിക്കലായും പൂർണ്ണ ഉപവാസമായും ആചരിക്കാം. സാധാരണ വ്രതനിഷ്ഠകൾ പാലിക്കണം. ചിലർ പൗർണ്ണമിക്ക് മൗനവ്രതം നോൽക്കാറുണ്ട്. തലേന്ന് ഉച്ചയ്ക്ക് മാത്രം ആഹാരം കഴിച്ചും രാത്രിയിൽ ഉപവസിച്ചും അല്ലെങ്കിൽ പഴങ്ങൾ കഴിച്ചും വ്രതമെടുക്കുന്നവര്‍ പൗര്‍ണ്ണമിനാളിൽ ഉദയത്തിന് മുൻപ് കുളിച്ച് ശുദ്ധമായി വിളക്ക് തെളിച്ച് ഗണപതി ഭഗവാനെ വന്ദിക്കണം. തുടർന്ന് ദേവീ സ്മരണയോടെ നെറ്റിയിൽ കുങ്കുമം ചാർത്തണം. തുടർന്ന് ദുർഗ്ഗാ ഭഗവതിയെ പ്രാർത്ഥിക്കണം. ദുർഗ്ഗാ മന്ത്രങ്ങള്‍, ലളിതസഹസ്രനാമം എന്നിവ ജപിക്കുന്നത് ഐശ്വര്യദായകമാണ്. രാവിലെയും വൈകിട്ടും ദുർഗ്ഗാക്ഷേത്രദര്‍ശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ കഴിക്കണം. പൗര്‍ണ്ണമി ദിനങ്ങളില്‍ സന്ധ്യക്ക് ക്ഷേത്രദര്‍ശനം നടത്തുന്നത് പുണ്യകരമായി പണ്ടുപണ്ടേ വിശ്വസിച്ചു പോരുന്നു. അന്ന് സന്ധ്യയ്ക്ക് ക്ഷേത്രങ്ങളിലെ വിളക്ക് പൂജയോടെ പൗർണ്ണമി വ്രതാനുഷ്ഠാനം പൂര്‍ണ്ണമാകും.
ഭൂമിയിലെ എല്ലാ ചരാചരങ്ങളെയും ബാധിക്കുന്നതാണ് ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍. വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഇതുമായി ബന്ധമുണ്ട്. അമാവാസി ദിവസം മാനസിക വിഷമങ്ങളും മന: പ്രയാസവും ആസ്ത്മ പോലുള്ള രോഗങ്ങളും ചില ആളുകളെ വല്ലാതെ ബുദ്ധിമുട്ടിക്കും. എന്നാൽ പൗർണ്ണമി പലർക്കും ആനന്ദദായകമാണ്. മസ്തിഷ്കോർജ്ജം വർദ്ധിക്കുന്ന ദിവസമാണിത്. അതിനാലാണ് അന്ന് നവോന്മേഷം കൈവരുന്നത്.
ഓം ഗം ഗണപതയേ നമഃ
ഓം ദും ദുർഗ്ഗായ നമഃ
ഓം നമഃ ശിവായ
ജ്യോതിഷരത്നം വേണു മഹാദേവ്,
+91 9847475559
Story Summary: Significance of Vishakha Powrnami