Saturday, 21 Sep 2024
AstroG.in

വിവാഹകാര്യത്തിൽ വില്ലൻ ചൊവ്വ മാത്രമാണോ?

പലരുടെയും ധാരണ ചൊവ്വ ദോഷമാണ്  വിവാഹകാര്യത്തിൽ  വില്ലനാകുന്നത് എന്നാണ്. എന്നാൽ ചൊവ്വ മാത്രമാണ് വില്ലൻ എന്നു കരുതുന്നത് ശരിയല്ല. എല്ലാ ദോഷവും ദോഷം തന്നെയാണ്. പല തരത്തിലുള്ള വിവാഹതടസങ്ങളിൽ ഒന്ന് മാത്രമാണ്  ചൊവ്വാദോഷം. ഈ  ദോഷപരിഹാരത്തിന്  ആദിത്യനും ചൊവ്വയ്ക്കും ഗ്രഹശാന്തി ഹോമം നടത്തുയാണ് ആദ്യം  വേണ്ടത്. സുബ്രഹ്മണ്യനാണ് ചൊവ്വയുടെ ദേവത. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയുമാണ് പ്രീതിപ്പെടുത്തേണ്ടത്. പവിഴമാണ് രത്‌നം. പവിഴം ധരിക്കുകയും ദാനം ചെയ്യുകയും വേണം. പഞ്ചഭൂതങ്ങളിൽ അഗ്‌നിയെയാണ് ചൊവ്വ പ്രതിനിധീകരിക്കുന്നത്. ഗ്രഹശാന്തി ഹോമത്തിനൊപ്പം നെയ് ദാനം ചെയ്യുന്നതും തടസം അകറ്റും. ഭഗവതിക്ക്  നെയ്‌വിളക്ക് തെളിക്കുന്നതും നല്ലതാണ്. ദുർഗ്ഗാദേവിയുടെയും സുബ്രഹ്മണ്യന്റെയും ഏതെങ്കിലും നാമം നിത്യവും ജപിക്കുകയും  വേണം. ചൊവ്വാഴ്ച വ്രതമെടുക്കുന്നത് ചൊവ്വദോഷത്തിന് ഉത്തമപരിഹാരമാണ്.ഓരോരുത്തരുടെയും ജാതകം വ്യത്യസ്തമാണ്. അവരവരുടെ  ജാതകങ്ങളിലുള്ളതാണ് അനുഭവത്തിൽ വരുന്നത്.

അതിനാൽ വിവാഹം വൈകുന്നവർ അതിന് പ്രത്യേക കാരണമുണ്ടോ എന്ന് ഒരു നല്ല ജ്യോത്സനെ  കണ്ട് ജാതകം പരിശോധിപ്പിച്ച് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വേണ്ടതു ചെയ്താൽ തീർച്ചയായും  ഫലമുണ്ടാകും. ഇത്തരം പരിശോധനയ്ക്ക് ശേഷം മതി ക്ഷേത്രവഴിപാടുകൾ .  എന്തൊക്കെ വഴിപാടുകൾ ആണ് വേണ്ടതെന്ന് ജ്യോത്സ്യർ പറഞ്ഞു തരും. തിരുവനന്തപുരംആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ പൊങ്കാല വിവാഹ തടസം അകലാൻ ഏറ്റവും ഉത്തമമാണ്. പൊട്ടും താലിയും സാരിയും നടയ്ക്കുവയ്ക്കുക ദേവീമാഹാത്മ്യാർച്ചന നടത്തുക ഇവയും പ്രധാനമാണ്. പെൺകുട്ടികൾ ശിവക്ഷേത്രദർശനം നടത്തി തിങ്കളാഴ്ച ദിവസം വ്രതമെടുക്കുന്നത് മംഗല്യതടസം അകലാനും മംഗല്യസിദ്ധിക്കും ഗുണകരമാണ്. ചെങ്ങന്നൂർ ദേവിയുടെ നിർമ്മാല്യദർശനം, പുഷ്പാഞ്ജലി എന്നിവ വിവാഹതടസം അകലാൻ വിശേഷപ്പെട്ട വഴിപാടാണ്. ഏതൊരു ദേവീക്ഷേത്രത്തിലും ദേവീമാഹാത്മ്യ അർച്ചന നടത്തുന്നതും ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നതും വിവാഹതടസം അകറ്റും.

-വിഷ്ണു നമ്പൂതിരി

error: Content is protected !!