Sunday, 29 Sep 2024
AstroG.in

വിവാഹതട‌സം മാറും, ഇഷ്ട മാംഗല്യം നടക്കും; മീനപ്പൂരത്തിന് ഇത് ചെയ്യുക

പള്ളിക്കല്‍ സുനില്‍
വിവാഹതട‌സം മാറാനും ഇഷ്ട വിവാഹം നടക്കാനും പ്രണയ സാഫല്യത്തിനും പാര്‍വ്വതി ദേവിയെ ഉപാസിക്കാൻ ഏറ്റവും നല്ല ദിവസമാണ് മീനപ്പൂരം. പ്രപഞ്ച സൃഷ്ടാക്കളായ പാര്‍വ്വതീ പരമേശ്വരന്‍മാരുടെ കൂടിച്ചേരലിന്റെ പുണ്യ ദിനമാണ് മീനത്തിലെ പൂരം നക്ഷത്രം. സതീദേവിയുടെ വിയോഗ ശേഷം എല്ലാം ത്യജിച്ച് വൈരാഗിയായി മാറിയ ശ്രീ പരമേശ്വനെ കൊടും തപസ്സ് ചെയ്ത് പാർവതി ദേവി സ്വന്തമാക്കിയ മീനപ്പൂരം അതിവേഗം മഹേശ്വര പ്രീതി നേടാൻ കഴിയുന്ന ദിവസമാണ്. എല്ലാ ആഗ്രഹങ്ങളുടെയും ദേവനായ കാമദേവനെ തന്റെ തപസ്സ് മുടക്കിയതിന്റെ രോഷത്തിൽ പരമശിവന്‍ ഭസ്മീകരിക്കുകയും പിന്നീട് പാർവതിയുടെ ആവശ്യ പ്രകാരം പുനര്‍ജന്മം നല്‍കുകയും ചെയ്ത ദിവസവുമാണ് മീനപ്പൂരം. ഈ സവിശേഷ ദിവസത്തെ പ്രാർത്ഥനയ്ക്കും വ്രതാനുഷ്ഠാനത്തിനും അതിവേഗം ഫലസിദ്ധി കൈവരും എന്ന് അനുഭവസ്ഥര്‍ പറയുന്നു.

2022 മാർച്ച് 17 വ്യാഴാഴ്ചയാണ് ഇത്തവണ മീനപ്പൂരം. മത്സ്യ–മാംസാദി ഭക്ഷണം ഒഴിവാക്കി തലേന്ന് ഒരിക്കൽ എടുത്ത് സാധാരണ വ്രതനിഷ്ഠകൾ പാലിക്കണം. ഈ ദിവസം ഉമാമഹേശ്വരന്മാരെ പ്രീതിപ്പെടുത്തുന്ന വഴിപാട് നടത്തുകയും മന്ത്രങ്ങള്‍ ജപിക്കുകയുമാണ് പ്രധാനമായി ചെയ്യേണ്ടത്. ശിവന്റെയും പാര്‍വ്വതീ ദേവിയുടെയും അഷേ്ടാത്തരനാമവും ജപിക്കണം. എല്ലാ മാസവും പൂരം പ്രധാനമാണെങ്കിലും മീനത്തിലെ പൂരം ഉത്കൃഷ്ടമാണ്.

മീനത്തിലെ പൂരം തുടങ്ങി ഏഴ് മാസം പൂരം വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുന്നവരുടെ ഏത് ആഗ്രഹവും സാക്ഷാത്കരിക്കുമെന്നാണ് വിശ്വാസം. വിവാഹതടസം മാറാനും ഇഷ്ട വിവാഹലബ്ധിക്കും മീനപ്പൂരം ഉറപ്പായും സഹായിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

പരമശിവനെ ഭര്‍ത്താവായി ലഭിക്കാൻ പാര്‍വ്വതീദേവി ദീർഘകാലം ഉപാസിച്ചെങ്കിലും ഭഗവാനെ തപസിൽ നിന്ന് ഉണർത്താൻ കഴിഞ്ഞില്ല. ഈ സന്ദർഭത്തിലാണ് ലോകത്തിന് മുഴുവൻ ഉപദ്രവകാരിയായി മാറിയ താരകാസുര നിഗ്രഹത്തിന് ശിവപാർവതി പുത്രജനനം സംഭവിക്കേണ്ടത് അനിവാര്യമായത്. അതിന് വേണ്ടി ദേവന്മാരുടെ നിരന്തരമായ പ്രേരണയാൽ കാമദേവന്‍ ശിവഭഗവാന് നേരെ പുഷ്പബാണം അയച്ചു. ബാണമേറ്റ് മനസ്സിളകിയ ഭഗവാന്റെ തപസ്സ് മുടങ്ങി. കോപിഷ്ഠനായ ശിവഭഗവാന്‍ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിച്ചു. പുഷ്പബാണത്തിന്റെ ശക്തിയാൽ ഭഗവാന്‍ ദേവിയില്‍ പ്രണയപരവശനായി പാർവതിയെ വിവാഹം കഴിച്ചു.

സന്തോഷവതിയായി മാറിയ പാർവതി ദേവിയോട് കാമദേവന്റെ ഭാര്യ രതീദേവി തന്റെ ഭര്‍ത്താവിനെ പുനരുജ്ജീവിപ്പിക്കണമെന്ന് അപേക്ഷിച്ചു. തുടർന്ന് പാര്‍വ്വതീദേവി ഭഗവാനെ ശാന്തനാക്കിയ ശേഷം കാമദേവനെ ജീവിപ്പിക്കാന്‍ ആവശ്യപ്പെടുകയും ഭഗവാന്‍ അപ്രകാരം ചെയ്യുകയും ചെയ്തു. അങ്ങനെ കാമദേവന് പുനര്‍ജന്മം ലഭിക്കുകയും താരകാസുര നിഗ്രഹത്തിന് ശിവ പാർവതി പുത്രജനനം സംഭവിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ പ്രപഞ്ചം മുഴുവനും സുഖവും സന്തോഷവും പ്രതീക്ഷയും തിരിച്ചുകിട്ടി. ഈ ആഹ്‌ളാദം പങ്കിടാനാണ് മീനപ്പൂരം ആഘോഷപൂര്‍വം കൊണ്ടാടുന്നത്.

പള്ളിക്കല്‍ സുനില്‍
(ഭാഗവത സപ്താഹ ആചാര്യൻ)

+91 9447310712

Story Summary: Meenappooram For Removing
Obstacles in Marriage

Copyright 2022 Neramonline.com. All rights reserved


error: Content is protected !!