Monday, 7 Oct 2024
AstroG.in

വിവാഹയോഗം, കാലം, കളത്രക്ലേശം, വിവാഹ സംഖ്യ എല്ലാം അറിയാം

ജോതിഷി പ്രഭാ സീന സി.പി

പെൺകുട്ടികൾക്ക് വിവാഹ പ്രായമായാൽ രക്ഷിതാക്കൾക്ക് ആധിയാണ്. വിവാഹം എന്നു നടക്കും, നല്ല ഭർത്താവിനെ കിട്ടുമോ, സ്വസ്ഥതയും സമാധാനവും ഉള്ള ജീവിതം അവർക്ക് ലഭിക്കുമോ, ആരെങ്കിലുമായി പ്രേമത്തിലാകുമോ ഇത്യാദി ചിന്തകളാൽ ടെൻഷൻ അടിച്ചു കൊണ്ടിരിക്കും. പ്രായം കുറച്ചുകൂടി മുന്നോട്ട് പോയാൽ ആധി കൂടി ഒരു വല്ലാത്ത മാനസിക അവസ്ഥയിൽ എത്തും. ഇങ്ങനെ വിഷമിക്കുന്നവരെ സഹായിക്കാൻ ഒരു ഉത്തമ ജോതിഷന് കഴിയും. ആഴത്തിലുള്ള ജാതക വിശകലനത്തിലൂടെ കാര്യങ്ങൾ കണ്ടെത്താൻ അവർക്ക് സാധിക്കും.

ഏഴാം ഭാവം

പ്രധാനമായും വിവാഹം, ഭാര്യ, ഭർത്താവ് , ദാമ്പത്യസുഖം ഇവയെ പ്രതിനിധീകരിക്കുന്നത് ഏഴാംഭാവമാണ്.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് വിവാഹം. ഇത് സ്നേഹം, വിശ്വാസം, പ്രണയം എന്നിവയിൽ പടുത്തുയർത്തുന്ന ബന്ധം. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം മാത്രമല്ല, കുടുംബത്തിന്റെ അടിത്തറയും ഭാവി തലമുറയെ വാർത്തെടുക്കുന്ന മൂശയുമാണത്. സന്താനങ്ങൾ വിവാഹത്തിൽ നിന്നാണ് ഉണ്ടാകുന്നത്. രണ്ട് വ്യക്തികളുടെ സന്മാർഗ്ഗബോധം ധനസ്ഥിതി , ലൈംഗിക ഇച്ഛാശക്തി, ആത്മീയത ഇവ തമ്മിലുള്ള ചേർച്ചയാണ് സന്തോഷമുള്ള ദാമ്പത്യത്തിന് ആധാരം. അതിനാൽ ഏഴാം ഭാവം ലഗ്നാലും ചന്ദ്രാലും ശുക്രാലും വളരെ പ്രാധാന്യത്തോടെ ചിന്തിക്കണം. കൂടാതെ കുടുംബം, സമാധാനം, സന്തോഷം. ലൈംഗിക തൃപ്തി, ദീർഘമംഗല്യം, ശയനസുഖം ഇവയെല്ലാം ഒന്നിക്കുന്നതാണ് വിവാഹ ജീവിതം. അതുകൊണ്ട് 2, 4, 7, 8, 12 ഭാവങ്ങളെ കൊണ്ട് വേണം വിവാഹത്തെ പറ്റി ചിന്തിക്കാൻ.

കേന്ദ്രത്തിലും ത്രികോണത്തിലുമായി ശുഭഗ്രഹങ്ങൾ നിന്നാൽ വിവാഹം നടക്കും. ഏഴാം ഭാവം ശുഭഗ്രഹത്തിന്റെ രാശിയായാൽ സ്വന്തം ജാതിയിൽ നിന്നു തന്നെയാകും വിവാഹം. ഏഴാം ഭാവം പാപരാശിയായാൽ സൗന്ദര്യം കുറഞ്ഞയാളായിരിക്കും കളത്രം. കേന്ദ്രത്തിലും ത്രികോണത്തിലും ശുഭന്മാർ നിന്നാലും സ്വജാതിയിൽ നിന്നാണ് വിവാഹം എന്നു പറയാം. ഏഴാം ഭാവത്തിന്റെ ചില പ്രധാന യോഗങ്ങൾ താഴെ കൊടുക്കുന്നു.

സന്തോഷകരമായ വിവാഹജീവിതം

▪️ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ ഏഴാം ഭാവത്തിൽ ഒമ്പതാം ഭാവാധിപനോ ഏഴാം ഭാവനാഥനോ മറ്റെതെങ്കിലും ശുഭനോ നിൽക്കുന്നുവെങ്കിൽ വിവാഹം വളരെ സന്തോഷകരവും, ഭാര്യ ഭാഗ്യമുള്ളവളും പ്രണയ ചതുരയുമായിരിക്കും.

▪️ 7, 12 ഭാവാധിപർ കേന്ദ്രത്തിലോ, ത്രികോണത്തിലോ നിന്ന് ഇവയിലൊന്നിന് ശുഭ ദ്യഷ്ടിയുമുണ്ടെങ്കിൽ സന്തോഷകരമായ വിവാഹമുണ്ടാകും. സന്താനോൽപ്പാദന ശേഷിയുള്ള ഭാര്യയുമായിരിക്കും.

▪️ ഏഴാം ഭാവാധിപനിൽ നിന്നും 2, 7, 11 ഭാവങ്ങളിൽ ശുഭൻമാർ നിന്നാൽ ജാതന് വിവാഹ ബന്ധത്തിൽ നിന്ന് എല്ലാവിധ സന്തോഷങ്ങളും സുഖങ്ങളുമുണ്ടാകും. ആരോഗ്യവും ഭാഗ്യവുമുള്ള സന്താനങ്ങളെയും ലഭിക്കും.

▪️ കർക്കടക ലഗ്നത്തിന് ഏഴിൽ മകരത്തിൽ ശനിയോ, കുജനോ നിൽക്കുകയാണെങ്കിൽ ഭാര്യ ചാരിത്രവതിയും സുന്ദരിയും ഭാഗ്യവതിയുമായിരിക്കും.

▪️ ഏഴാം ഭാവാധിപൻ ശുക്രൻ ഇവർ യുഗ്‌മ രാശിയിൽ നിൽക്കുക, ഏഴാം ഭാവം യുഗ്മരാശിയാവുക, 5, 7 ഭാവാധിപതികൾക്ക് ബലക്കുറവില്ലാതിരിക്കുക (മൗഢ്യം, നീചം, കടുത്ത പാപയോഗ ദൃഷ്ടാദികൾ ) ഈ വിധമെങ്കിൽ ജാതന് നല്ല ഭാര്യയും കുട്ടികളുമുണ്ടാകും.

▪️ ഏഴിൽ ഗുരു നിന്നാൽ ജാതകൻ ഭാര്യയെ ആരാധിക്കും .

▪️ ശുക്രൻ ഉച്ചത്തിലോ, സ്വന്തം വർഗ്ഗത്തിലോ ഗോപുരാംശത്തിലോ നിന്നാൽ ഭാര്യ നല്ലവളും സൗന്ദര്യവതിയുമായിരിക്കും .

▪️ ഏഴാം ഭാവം ഒരു ശുഭന്റെ ക്ഷേത്രമായിരിക്കുകയോ ശുക്രൻ ഏഴാം ഭാവാധിപനായി ശുഭദൃഷ്ടിയിൽ നിൽക്കുകയോ ചെയ്താൽ കളത്രത്തിന് സൗന്ദര്യം ഉണ്ടാകും. പരസ്പരം അഭിനിവേശമുള്ളയാളായിരിക്കും

വിവാഹനിഷേധം, കളത്രനാശം, കളത്രക്ലേശം

▪️ ശുക്രനിൽ നിന്നും 4, 8, 12 ഭാവങ്ങളിൽ പാപൻ നിൽക്കുകയോ ശുക്രന് പാപ മദ്ധ്യസ്ഥിതി വരികയോ ചെയ്താൽ കളത്രത്തിനു ദോഷം

▪️ ശുക്രനിൽ നിന്നും ഏഴിൽ പാപൻമാർ നിന്നാൽ വിവാഹജീവിതം സന്തോഷരഹിതമായിരിക്കും.

▪️ ഇടവരാശി ലഗ്നക്കാർക്ക് ഏഴിൽ ശുക്രനിരുന്നാൽ കളത്ര നാശമുണ്ടാകും. മൂലക്ഷേത്രത്തിന്റെ ഫലമാണ് ആദ്യം ഗ്രഹം നൽകുക. ഇവിടെ ആറാം ഭാവാധിപത്യമാണ് ആദ്യം അനുഭവിക്കുക

▪️ പുരുഷന്റെ 2, 7 ഭാവങ്ങളിലും സ്ത്രീയുടെ 7, 8 ഭാവങ്ങളിലും പാപയോഗമോ പാപ ദൃഷ്ടിയോ ഉണ്ടെങ്കിൽ കളത്രത്തിന് ദോഷം

▪️ 5, 8 ഭാവാധിപരിലൊരു ഗ്രഹം ഏഴിൽ ഇരുന്നാൽ കളത്ര നാശമുണ്ടാകും.

▪️ 2,7 ലഗ്നം ഇവിടെ പാപൻമാരും 5 ൽ ബലഹീനനായ ചന്ദ്രനും നിന്നാൽ വിവാഹവും സന്താനങ്ങളും നിഷേധിക്കപ്പെടും

▪️ ചന്ദ്രന്റെയും ശുക്രന്റെയും ഏഴിൽ കുജനും ശനിയും നിന്നാൽ വിവാഹം നിഷേധിക്കപ്പെടും

▪️ 2,7, 8 ഭാവങ്ങളിൽ പാപൻമാർ ഇരുന്നാൽ കളത്ര ദോഷം

▪️ ഇടവം ഏഴാം ഭാവമായി അവിടെ ബുധൻ നിൽക്കുക, മകരം ഏഴാം ഭാവമായി അവിടെ ഗുരു നിൽക്കുക, അല്ലെങ്കിൽ മീനം ഏഴാം ഭാവമായി അവിടെ കുജനോ ശനിയോ നിൽക്കുക ഈ വിധം മൂന്നു യോഗങ്ങളും കളത്ര നാശകമാണ്.
(6, 8 ഭാവാധിപൻമാരാണ് ഈ യോഗങ്ങളിലിരിക്കുന്നത്. ഗുരുവിന് നീചരാശിസ്ഥിതിയും )

വിവാഹത്തിന്റെ എണ്ണം

ഏഴാം ഭാവാധിപന്റെ ദൃഷ്ടിയിൽപ്പെട്ട് ഏഴാം ഭാവത്തിൽ നിൽക്കുന്നത്ര ഗ്രഹങ്ങളുടെ എണ്ണം വിവാഹങ്ങൾ ഉണ്ടാകും. ഇപ്രകാരം രണ്ടാം ഭാവത്തെ കൊണ്ടും ചിന്തിക്കണം. എന്നാൽ കൂടുതൽ ബലമുള്ള ഗ്രഹങ്ങളുടെ യോഗം അടിസ്ഥാനമാക്കി വേണം ജ്യോതിഷികൾ കാര്യനിർണ്ണയം നടത്താൻ . ഇക്കാര്യത്തിൽ സൂര്യന് 6, ചന്ദ്രന് 10, ചൊവ്വയ്ക്ക് 7, ബുധൻ വ്യാഴം, ശുക്രൻ , ശനി ഇവർക്ക് 6 വീതം എന്ന തോതിലാണ് ബലം നോക്കുക.

സ്ത്രീ കാരക ഗ്രഹങ്ങൾ കേന്ദ്രത്തിലോ (1,4,7,10) ത്രികോണത്തിലോ (5 ,9) നിൽക്കുബോൾ ഏഴാം ഭാവാധിപനും രണ്ടാം ഭാവാധിപനും സ്വന്തം രാശികളിൽ നിന്നാൽ ജാതകന് ഒരു വിവാഹം മാത്രമേ ഉണ്ടാകൂ. ഏഴാം ഭാവാധിപനും രണ്ടാം ഭാവാധിപനും ശുക്രനും ഒത്ത് 6, 8, 12 ൽ എത്ര പാപഗ്രഹങ്ങളുമൊത്ത് നിൽക്കുന്നുവോ ജാതകന്റെ അത്രയും ഭാര്യമാർക്ക് നാശമുണ്ടാകും. സ്ത്രീ കാരകഗ്രഹങ്ങൾ ശുക്രനും ചന്ദ്രനുമാകുന്നു

വിവാഹകാലം

ഏഴിൽ നിൽക്കുന്ന ഗ്രഹം , അവിടെ നോക്കുന്ന ഗ്രഹം രണ്ടിന്റെയും ഏഴാം ഭാവാധിപൻ, അവ നിൽക്കുന്ന രാശിയുടെ അധിപൻ, ഇവരുടെ നവാംശാധിപൻ, ശുക്രൻ ചന്ദ്രൻ ലഗ്നാധിപന്റെ നവാംശാധിപൻ എന്നിവരുടെ ദശകളിലും അപഹാരങ്ങളിലും വിവാഹമുണ്ടാകും. രാഹുവും വിവാഹം നടത്തുമെന്ന് ചില ആചാര്യൻമാർ പറയുന്നു.

ഇങ്ങനെയുള്ള ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങൾ നടക്കുമ്പോൾ ശുക്രൻ, ലഗ്നാധിപൻ, ഏഴാം ഭാവാധിപൻ ചന്ദ്രരാശ്യാധിപൻ എന്നീ 4 പേർ ഏഴാം ഭാവരാശിയിലോ ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശിയിലോ ഇവ രണ്ടിന്റെയും ഏഴാം ഭാവത്തിലോ ത്രികോണത്തിലോ സഞ്ചരിക്കുന്ന കാലത്ത് വിവാഹം നടക്കും. ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശി നവാംശരാശി ഇവയുടെ ത്രികോണങ്ങൾ ഇവയിലൊന്നിൽ വ്യാഴം സഞ്ചരിക്കുന്ന കാലത്തും വിവാഹം നടക്കും.

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ, Email ID: prabhaseenacp@gmail.com)

Story Summary: Importance of marriage astrology


error: Content is protected !!