Friday, 22 Nov 2024
AstroG.in

വിശ്വനാഥാഷ്ടകം പതിവായി ജപിച്ചാൽധനം, സുഖം, കീർത്തി, ഐശ്വര്യം

മംഗള ഗൗരി
കാശിനഗരത്തിന്റെ നിയന്താവായ വിശ്വനാഥനെ സ്തുതിക്കുന്ന എട്ട് ശ്ലോകങ്ങളടങ്ങിയ പ്രസിദ്ധമായ സ്തോത്രമാണ് വിശ്വനാഥാഷ്ടകം. അനേകമനേകം ശിവഭക്തർ ഈ സ്തോത്രം പതിവായി ജപിക്കുന്നു. വാരാണസിയുടെ, കാശിപുരത്തിന്റെ നാഥനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിവഭഗവാന്റെ ഈ അഷ്ടക സ്തോത്രം ജപിക്കുന്നവർക്ക് വിദ്യയും സമ്പത്തും ധനവും സുഖവും സന്തോഷവും കീർത്തിയും എല്ലാ വിധ ഐശ്വര്യങ്ങളും ദേഹവിയോഗ ശേഷം മോക്ഷവും ലഭിക്കും. അഷ്ടകശ്ലോകങ്ങൾക്ക് ശേഷം ഫലശ്രുതി കൂടിയടങ്ങിയ വിശ്വനാഥാഷ്ടകം അർത്ഥം സഹിതം ഇവിടെ ചേർക്കുന്നു. കുളിച്ച് ശുദ്ധമായി എല്ലാ ദിവസവും രാവിലെ ഇത് ചൊല്ലുക. ശിവ സന്നിധിയിൽ വച്ച് ജപിക്കാൻ സാധിക്കുമെങ്കിൽ കൂടതൽ നല്ലത്. പ്രദോഷം, തിങ്കളാഴ്ച തുടങ്ങി ശിവ പ്രധാനമായ ദിവസങ്ങളിൽ ജപിക്കുന്നത് ഏറ്റവും ഗുണപ്രദമാണ്. ശിവഭഗവാന്റെ മാത്രമല്ല ശിവ കുടുംബത്തിന്റെ മുഴുവൻ അനുഗ്രഹം വിശ്വനാഥാഷ്ടകം പതിവായി ജപിക്കുന്നവരും കൂടെ എപ്പോഴും ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു.

വിശ്വനാഥാഷ്ടകം
ഗംഗാ തരംഗ രമണീയ ജടാ കലാപം
ഗൗരീ നിരന്തര വിഭൂഷിത വാമഭാഗം
നാരായണ പ്രിയം അനംഗ മദാപഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

( ഗംഗയിലെ ഓളങ്ങൾ കൊണ്ട് മനോഹരമായ ജടാമണ്ഡലത്തോടു കൂടിയവനും, പാർവതീദേവിയാൽ അലങ്കരിക്കപ്പെട്ട ഇടതുഭാഗത്തോടു കൂടിയവനും വിഷ്ണുവിന് പ്രിയപ്പെട്ടവനും, കാമദേവന്റെ അഹങ്കാരം നശിപ്പിച്ചവനും വാരാണസി നഗരാധിപനുമായ കാശിവിശ്വനാഥനെ ഭജിക്കുന്നു.)

വാചാമഗോചരം അനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദപീഠം
വാമേന വിഗ്രഹ വരേണ കളത്രവന്തം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

( വാക്കുകൾ കൊണ്ട് പറയാൻ സാധിക്കാത്ത വിധം അനേകമനേകം ഗുണങ്ങളുടെ സ്വരൂപമായവനും, ബ്രഹ്മാവ്, വിഷ്ണു, ദേവഗണങ്ങൾ എന്നിവരെല്ലാം സേവിക്കുന്ന പാദപീഠങ്ങളോടുകൂടിയവനും ഇടത് ഭാഗത്തെ ശ്രേഷ്ഠ ശരീരം തന്നെ ഭാര്യയായുള്ളവനും (പാർവതിദേവി) വാരാണസി നഗരാധിപനുമായ കാശി വിശ്വനാഥനെ ഭജിക്കുന്നു. )

ഭൂതാധിപം ഭുജഗ ഭൂഷണ ഭൂഷിതാംഗം
വ്യാഘ്രാജിനാംബരധരം, ജടിലം ത്രിനേത്രം
പാശാങ്കുശാഭയ വരപ്രദ ശൂലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

( ഭൂതഗണാധിപനും സർപ്പങ്ങളായ ആഭരണങ്ങളാൽ അലങ്കരിക്കപ്പെട്ട അംഗങ്ങളോട് കൂടിയവനും പുലിയുടെ തോൽ കൊണ്ടുള്ള വസ്ത്രം ഉടുത്തവനും, ജടയോട് കൂടിയവനും, മുക്കണ്ണനും പാശവും ആനത്തോട്ടിയും അഭയം, വരം, ശൂലം എന്നിവ കൈകളിൽ ധരിച്ചവനും വാരാണസി നഗരാധിപനുമായ കാശി വിശ്വനാഥനെ ഭജിക്കുന്നു.)

ശീതാംശു ശോഭിത കിരീട വിരാജമാനം
ഫാലേക്ഷണാനല വിശോഷിത പഞ്ചബാണം
നാഗാധിപാരചിത ഭാസുര കർണ പൂരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

തലയിൽ ചന്ദ്രക്കല ധരിച്ചവനും, നെറ്റിത്തടത്തിലെ തൃക്കണ്ണ് (ഫാലനേത്രം) തുറന്നുള്ള ഒറ്റനോട്ടം കൊണ്ട് കാമദേവനെ ദഹിപ്പിച്ചവനും, നാഗങ്ങളെ കർണാഭരണമായി ധരിച്ചവനും, ആയ വാരാണസി നഗരാധിപനായ കാശി വിശ്വനാഥനെ ഭജിക്കുന്നു.

പഞ്ചാനനം ദുരിത മത്തമതംഗജാനാം
നാഗാന്തകം ദനുജ പുംഗവ പന്നഗാനാം
ദാവാനലം മരണ ശോക ജരാടവീനാം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(പാപങ്ങളാകുന്ന മദയാനകൾക്ക് സിംഹമായുള്ളവനും അസുര ശ്രേഷ്ഠന്മാരാകുന്ന സർപ്പങ്ങൾക്ക് ഗരുഡനും മരണദു:ഖം, വാർദ്ധക്യം എന്നിവയാകുന്ന വനങ്ങൾക്ക് കാട്ടുതീയായുള്ളവനും വാരാണസി നഗരാധിപനുമായ കാശി വിശ്വനാഥനെ ഭജിക്കുന്നു.)

തേജോമയം സഗുണ നിർഗുണമദ്വിതീയം
ആനന്ദകന്ദമപരാജിതമപ്രമേയം
നാദാത്മകം സകളനിഷ്കള മാത്മരൂപം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

( ഭൗതികമായി തേജ:സ്വരൂപനും യഥാർത്ഥത്തിൽ സഗുണനും, നിർഗുണനും, ഏകനും, (രണ്ടാമതായി മറ്റൊന്ന് ഇല്ലാത്തവനും ) ആനന്ദത്തിന് കാരണഭൂതനും ആർക്കും പരാജയപ്പെടുത്താൻ കഴിയാത്തവനും നിർണ്ണയിക്കാനാവാത്ത വൈഭവത്തോട് കൂടിയവനും ശബ്ദബ്രഹ്മ സ്വരൂപനും ശരീരമുള്ളതും ശരീരം ഇല്ലാത്തതുമായ രൂപം കൈകൊള്ളുന്നവനും ആത്മസ്വരൂപനും വാരാണസി നഗരാധിപനുമായ കാശി വിശ്വനാഥനെ ഭജിക്കുന്നു. )

ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം
പാപേ രതിം ച സുനിവാര്യ മനഃ സമാധൗ
ആധായ ഹൃത്കമല മധ്യഗതം പരേശം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(വിഷയചിന്തകൾ വെടിഞ്ഞും, പരനിന്ദയെ പരിഹരിച്ചും പാപകർമ്മങ്ങളിലുള്ള ആസക്തിയെ തടഞ്ഞും മനസ്സിനെ ഏകാഗ്രതയിൽ നിർത്തിയും ഹൃദയ കമലത്തെ പ്രാപിച്ച്, പരേശനും വാരാണസി നഗരാധിപനുമായ കാശി വിശ്വനാഥനെ ഭജിക്കുന്നു. )

രാഗാദി ദോഷ രഹിതം സ്വജനാനുരാഗ –
വൈരാഗ്യ ശാന്തി നിലയം ഗിരിജാ സഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(രാഗം തുടങ്ങിയ ദോഷങ്ങളില്ലാത്തവനും, ഭക്തരിൽ വാത്സല്യമുള്ളവനും വൈരാഗ്യം ശാന്തി തുടങ്ങിയ ഗുണങ്ങളുടെ ഇരിപ്പിടമായവനും പാർവതിദേവിയുടെ സഹായമുള്ളവനും, മാധുര്യം ധൈര്യം എന്നിവയാൽ സുഭഗനും കഴുത്തിലെ വിഷത്താൽ ശോഭിക്കുന്നവനും വാരാണസി നഗരാധിപനുമായ കാശി വിശ്വനാഥനെ ഭജിക്കുന്നു. )

ഫലശ്രുതി
വാരാണസീ പുരപതേ സ്തവനം ശിവസ്യ
വ്യാഖ്യാതം അഷ്ടകമിദം പഠതേ മനുഷ്യ:
വിദ്യാം ശ്രിയം വിപുല സൗഖ്യമനന്ത കീർത്തിം
സംപ്രാപ്ര്യ ദേഹവിലയേ ലഭതേ ച മോക്ഷം

( കാശീപുര നാഥനായ ശിവന്റെ അഷ്ടക സ്തോത്രം ആരാണോ പഠിക്കുന്നത്, അവർക്ക് വിദ്യയും ഐശ്വര്യവും, മഹത്തായ സൗഖ്യവും, അനന്തമായ കീർത്തി എന്നിവയെയും ഒടുവിൽ ദേഹനാശ ശേഷം മോക്ഷത്തെയും പ്രാപിക്കുന്നു.)

വിശ്വനാഥാഷ്ടകമിദം പുണ്യം യഃ പഠേഃ ശിവ സന്നിധൗ
ശിവലോകമവാപ്നോതി ശിവേനസഹ മോദതേ

(വിശ്വനാഥാഷ്ടകം ആരാണോ ശിവ ക്ഷേത്രത്തിൽ വച്ച് ചൊല്ലുന്നത് അയാൾക്ക് മരണാനന്തരം ശിവലോക പ്രാപ്തിയുണ്ടാകും. എക്കാലവും ശിവലോകത്ത് ശിവനോടൊപ്പം സുഖമായിരിക്കാൻ സാധിക്കുകയും ചെയ്യും. മോക്ഷം ലഭിക്കും എന്ന് സാരം)

Story Summary: Vishwanatha Ashtakam is a beautiful
and powerful stotram in praise of the Lord of Varanasi Puram, Kashi Vishwanathan. Ashtakam implies the composition has got 8 stanzas and phala srurhi ( Favorable results ). This is one of the most popular hymns of Lord Mahadeva and recitating thousands of devotees daily.

error: Content is protected !!