വിഷുവിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്
ആരംഭിക്കുന്ന എല്ലാ സംരംഭങ്ങൾക്കും കർമ്മങ്ങൾക്കും പൂർണ്ണഫലപ്രാപ്തിയും വിജയവും ലഭിക്കുന്ന പത്ത് ദിനങ്ങളാണ് മേടം ഒന്നു മുതൽ പത്ത് വരെ. വിഷു മുതൽ പത്താമുദയം വരെയുള്ള ഈ ദിവസങ്ങൾ അതുകൊണ്ട് തന്നെ പൊതുവേ കർമ്മവിജയത്തിനും ഈശ്വരപ്രീതിക്കും കർമ്മാരംഭത്തിനും എല്ലാമുള്ള ദിവസങ്ങളായി കണക്കാക്കുന്നു. ജ്യോതിഷപ്രകാരം രാശിചക്രം കണക്കാക്കുന്നത് മേടം മുതലാണ്. നക്ഷത്രങ്ങൾ അശ്വതി മുതൽ ആരംഭിക്കുന്നു. ഇപ്രകാരം ചിന്തിച്ചാൽ ഒരു പുതിയ വർഷത്തിന്റെ ആരംഭം പുതുവത്സരപ്പിറവിയാണ് വിഷു. മലയാള വർഷത്തിനും മുമ്പേ വിഷുവും മേടം തുടങ്ങിയ വർഷപരിഗണനയും ഉണ്ടായിരുന്നതായി നമ്മുടെ പൂർവ്വികർ പറയുന്നു. പകലും രാത്രിയും തുല്യമായി കണക്കാക്കുന്ന ദിനമെന്നും വിഷുവിന് ഒരു പ്രത്യേകതയുണ്ട്. ഈ അർത്ഥത്തിലാണ് വിഷു എന്ന പദം ഉണ്ടായത്. ദേവന്മാരുടെ പ്രഭാതം ആരംഭിക്കുന്ന വിഷുദിനമാണെന്നും മറ്റൊരു അഭിപ്രായം ഉണ്ട്.