വിഷു തൃപ്രങ്ങോട്ടപ്പന് വിശേഷമായി മാറിയ കഥ അറിയുമോ?
ജ്യോതിഷ ചക്രവർത്തി
പെരിങ്ങോട് ശങ്കരനാരായണൻ
പട്ടാമ്പി, പൊന്നാനി, തിരൂർ, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും അനേകം ഹിന്ദുകുടുംബക്കാർ വിഷുദിവസം തൃപ്രങ്ങോട്ടപ്പനെ വച്ചാരാധിക്കുന്നത് ഇപ്പോഴും പതിവാണ്. ചാണകം വൃത്തത്തിൽ മെഴുകി അതിന് നടുക്ക് ശിവലിംഗം പോലുള്ള കല്ല് വച്ച് അത് ബിംബമായി സങ്കൽപ്പിച്ചാണ് ആരാധന. ഈ ബിംബം അരിമാവു കൊണ്ടണിഞ്ഞ് കൊന്നപ്പൂക്കൾ ചൂടി ചുറ്റും പച്ചപ്ലാവിന്റെ ഇലകൾ കൊണ്ട് കാളയുടെ ആകൃതിയിൽ മടക്കി ചുറ്റും വച്ച് വിളക്ക് കൊളുത്തിയാണ് ശിവനെ പൂജിക്കാറുള്ളത്.
തൃപ്രങ്ങോട്ടപ്പൻ മാർക്കണ്ഡേയനെ രക്ഷിച്ച കഥയുമായി ബന്ധപ്പെട്ടാണ് വിഷു, ശിവന് വളരെ പ്രാധാധ്യമുള്ള ദിവസമായി മാറിയത്. തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ മഹാശിവന്റെ പ്രതിഷ്ഠയാണുള്ളത്. മാർക്കാണ്‌ഡേയനെ എന്നും പതിനാറു വയസുകാരനാക്കി മാറ്റിയാണ് കാലന്റെ കയ്യിൽ നിന്നും ശിവ ഭഗവാൻ രക്ഷിച്ചത്. 16 വയസ് വരെ മാത്രം ആയുസുണ്ടായിരുന്ന മാർക്കണ്‌ഡേയൻ, തന്നെ കൊണ്ടുപോകാൻ വന്ന കാലനിൽ നിന്നും രക്ഷപ്പെടാൻ തൃപ്രങ്ങോട്ടപ്പനെ കെട്ടിപ്പിടിച്ചാണ് രക്ഷിക്കണേയെന്ന് പ്രാർത്ഥിച്ചത്. ശിവലിംഗത്തിൽ ചുറ്റിപ്പിടിച്ച് കിടന്നുള്ള ആ യാചന തുടർന്നപ്പോൾ കാലൻ, മാർക്കണ്‌ഡേയനെയും ശിവലിംഗത്തെയും ഒന്നിച്ച് കയർ എറിഞ്ഞ് ബന്ധിച്ചു. തനിക്കു നേരെ പാശം എറിഞ്ഞ കാലനോട് ശിവൻ ക്ഷോഭിച്ചു. കാലൻ വരിഞ്ഞു കെട്ടിയ പാശം ഭഗവാൻ ത്രിശൂലം കൊണ്ട് പൊട്ടിച്ച് പുറത്തു വന്നു. കോപം കൊണ്ട് ജ്വലിച്ച തൃപ്പങ്ങോട്ടപ്പൻ (മഹാശിവൻ) അപ്പോൾ തന്നെ കാലനെ നിഗ്രഹിച്ചു. അങ്ങനെയാണ് ശിവൻ കാല കാലനായി മാറിയത്. എന്നാൽ പിന്നീട് പ്രപഞ്ചത്തിന്റെ നിലനിൽപ്പിനായി മറ്റ് ദേവഗണങ്ങളുടെയും ലോകത്തിന്റെയും പ്രാർത്ഥന കണക്കിലെടുത്ത് ഭഗവാൻ യമദേവന് പുനർജന്മം നൽകി. ഈ സംഭവം നടന്നത് വിഷു ദിവസമാണെന്നാണ് ഐതിഹ്യം. മാർക്കണ്‌ഡേയനെ രക്ഷിക്കുകയും യമരാജന് പുനർജന്മം നൽകുകയും ചെയ്തതിനാലാണ് വിഷുവിന് ശിവന് പ്രാധാന്യം വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
ജ്യോതിഷ ചക്രവർത്തി
പെരിങ്ങോട് ശങ്കരനാരായണൻ
+91 9447404003
Story Summary: Vishu Festival and Triprangodappan
,