Sunday, 29 Sep 2024
AstroG.in

വിഷ്ണുവിനെ ഭജിച്ച് ശിവനെ ദർശിക്കുന്ന ശിവാലയ ഓട്ടം; 12 ക്ഷേത്രങ്ങളിൽ ദർശനം

ജോക്സി ജോസഫ്
ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചടങ്ങാണ് ശിവാലയ ഓട്ടം. ശിവരാത്രിയുടെ തലേ ദിവസം മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ നിന്നാണ് ഓട്ടം ആരംഭിക്കുന്നത്. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ. തിരുമലയിൽ തുടങ്ങി തിരുനാട്ടമ്പലം ശങ്കരനാരായണ ക്ഷേത്രത്തിൽ 110 കിലോമീറ്റർ പിന്നിട്ട് ഓട്ടം സമാപിക്കും. ഇതിനിടയിൽ ഈ 12 ക്ഷേത്രങ്ങളിലും ദർശനം നടത്തണം. ഈ 12 ക്ഷേത്രങ്ങളിലും കുളിച്ചു തൊഴുന്നത് പാപമോചനമേകും.

താമ്രപർണ്ണിയിൽ കുളിച്ച് തുടക്കം
ശിവരാത്രി തലേന്ന് വൈകിട്ട് താമ്രപർണ്ണി നദിയിൽ കുളിച്ച് തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകിട്ട് കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കുന്നു. കാവി വസ്ത്രം, തുളസിമാല എന്നിവ അണിഞ്ഞ് കൈകളിൽ വിശറിയും ഭസ്മസഞ്ചിയും കൊണ്ടാണ്‌ ഭക്തർ ദർശനം നടത്തുക. ശിവക്ഷേത്രങ്ങളിലേക്കാണ്‌ യാത്രയെങ്കിലും ഗോവിന്ദാ…. ഗോപാലാ…. എന്നീ വൈഷ്ണവമന്ത്രങ്ങളാണ്‌ ഇവർ ഉരുവിടുന്നത്. അതിനാൽ ഇവർ ഗോവിന്ദന്മാർ എന്ന പേരിലും അറിയപ്പെടുന്നു. വിഷ്ണുവിനെ ഭജിച്ച് ശിവനെ ദർശിക്കുകയാണ് ചടങ്ങിൻ്റെ സാരം. 12 ക്ഷേത്രത്തിലും ദർശനം നടത്തുന്നതോടെ ഭക്തരുടെ പ്രാർത്ഥനയ്ക്ക്
ഫലം കണ്ടു തുടങ്ങും.

ഒരാഴ്ച വ്രതം വേണം
കുംഭത്തിൽ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിലെ നിവേദ്യച്ചോറാണ് ഗോവിന്ദന്മാർ കഴിക്കുക. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശിയിൽ ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞ് താമ്രപർണിയിൽ കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടം ആരംഭിക്കുന്നു. വെള്ള മുണ്ടോ കാവി മുണ്ടോ ആകും വേഷം. കൈകളില്‍ വിശറി വേണം. ഓടി ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും. ഒന്നില്‍ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്ക് ആവശ്യമായ വകകളും ഉണ്ടാകും. സംഘമായാണ് ഓട്ടം. ഓരോ ക്ഷേത്രത്തിലും കുളിച്ച് ഈറനോടെ വേണം ദര്‍ശനം. വഴിയില്‍ ചുക്കുവെളളവും ആഹാരവും കിട്ടും. ഒടുവിലത്തെ ശിവക്ഷേത്രം തിരുനട്ടാലാണ്. ഗോവിന്ദാ …. ഗോപാല….. എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓട്ടം. ചിലർ മുദ്ര ധരിച്ചാണ് ശിവാലയ ദർശനം നടത്തുന്നത്. 12 ക്ഷേത്ര ദർശനം നടത്തി ശുചിന്ദ്രം അല്ലങ്കിൽ തിരുവട്ടാറിൽ പോയി മുദ്രമാല ഊരി വ്രതം അവസാനിപ്പിക്കും.

ശിവനും വിഷ്ണുവും ഒന്ന് തന്നെ
മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം: ധർമ്മപുത്രർ നടത്തിയ യാഗത്തിന് വ്യാഘ്രപാദമുനിയെ ക്ഷണിക്കാൻ ഭഗവാൻ ശ്രീകൃഷ്ണൻ ഭീമസേനനെ അയച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷവുമായാണ് ഭീമൻ പോയത്. കടുത്ത ശിവ ഭക്തനായ വ്യാഘ്രപാദ മുനി തിരുമലയിൽ തപസ് അനുഷ്ഠിക്കുക ആയിരുന്നു. അടുത്തെത്തി യാഗത്തിന് വിളിച്ച് തന്റെ തപസ്സിളക്കിയ ഭീമനോട് മുനി ക്ഷോഭിച്ചു.
ഭയന്നു പോയ ഭീമൻ ഓടാൻ തുടങ്ങി. ഗോവിന്ദാ… ഗോപാലാ……. എന്നു വിളിച്ചായിരുന്നു ഓട്ടം. പിന്നാലെ മുനിയും പാഞ്ഞു. ഓടിയോടി മുനി സമീപം എത്തുമ്പോൾ ഭീമൻ വഴിൽ ഒരു രുദ്രാക്ഷം നിക്ഷേപിച്ചു. അപ്പോൾ തന്നെ അവിടെ ഒരു ശിവലിംഗം ഉയർന്നു വന്നു. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു വരാൻ പ്രേരിപ്പിച്ചു. മുനി വീണ്ടും ഭീമന്റെ പുറകേ ഓടി. ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷം നിക്ഷേപിച്ചു. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിച്ചു. 11 ശിവലിംഗങ്ങൾ ഉയർന്നു വന്നു. ഒടുവിൽ പന്ത്രണ്ടാമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകി. അങ്ങനെ രണ്ടു പേർക്കും ശിവനും വിഷ്ണുവും ഒന്ന് തന്നെയാണ് എന്ന് ബോദ്ധ്യപ്പെട്ടു. മുനി പിന്നീട് ധർമ്മപുത്രരുടെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥാപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ഓട്ടം നടക്കുന്നത്. ഈ ക്ഷേത്രങ്ങൾ പരിചയപ്പെടാം:

1
തിരുമല
തിരുമല ക്ഷേത്രത്തില് ശൂലപാണി ഭാവത്തിലാണ് ശ്രീ പരമേശ്വരൻ കുടിയിരിക്കുന്നത്. രാമായണം, മഹാഭാരതം എന്നിവയുമായി ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ വരെ ശിലാലിഖിതങ്ങൾ ഈ ക്ഷേത്രത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. രാജേന്ദ്രചോളന് ഒന്നാമന്റെ കാലത്തെക്കുറിച്ചുള്ള പരാമർശവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പുരാതന ശിലാലിഖിതപ്രകാരം ഈ ക്ഷേത്രം അറിയപ്പെട്ടത് മുഞ്ചിറൈ തിരുമലൈ തേവർ എന്നാണ്. തിരുവനന്തപുരം – കന്യാകുമാരി പാതയിൽ കുഴിത്തുറയ്ക്കു സമീപം വെട്ടുവെന്നിയിൽ നിന്നു തേങ്ങാപ്പട്ടണം വഴിയിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ഭഗവാൻ വലതു കൈയിൽ പിടിച്ചിരിക്കുന്ന ത്രിശൂലം സത്വ, രജസ്, തമസ് ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു . അത് പരമാധികാരത്തിൻ്റെ ചിഹ്നമാണ്. ഈ മൂന്ന് ഗുണങ്ങളിലൂടെയാണ് അവൻ ലോകത്തെ നിയന്ത്രിക്കുന്നത്. ഇടതു കൈയിലുള്ള ഡമരു ശബ്ദ ബ്രഹ്മത്തെ പ്രതിനിധീകരിക്കുന്നു. കിഴക്കോട്ട് ദർശനം അരുളുന്ന മഹാദേവൻ സർവ്വദാന പ്രഭുവാണ്. ഉപപ്രതിഷ്ഠയായി ഗണപതിയും ,ശാസ്ത്രവും പുറത്ത് നാഗർ പ്രതിഷ്ഠയുമുണ്ട്. മുൻചിറ കുന്നിനു മുകളിൽ സന്ന്യാസികളുടെ സമാധിയുണ്ടിവിടെ. തിരുവിതാംകൂർ ദേശത്തെ വൈദ്യശാലയും ഇവിടെയാണ് ആദ്യമായി
പ്രവർത്തിച്ചിരുന്നത് എന്ന് ഗുഹകൾ വ്യക്തമാക്കുന്നു.

2
തിക്കുറിച്ചി ശിവക്ഷേത്രം
താമ്രപർണി നദീതീരത്തെ തിക്കുറിച്ചി ക്ഷേത്രമാണ് രണ്ടാമത്തേത്. കുന്നുകളാൽ വലയിതമായ തമിഴിലെ ഐന്തിണകളിൽ ഒന്നായ കുറിഞ്ഞി നിലമാണിത്. കുറിഞ്ഞി നിലത്തിൽ നിന്നുമാണ് ഈ സ്ഥലത്തിനു കുറിച്ചി എന്ന പേരു ലഭിച്ചത്. പണ്ട് നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഇപ്പോൾ നന്ദി പ്രതിഷ്ഠ വന്നിട്ടുണ്ട്. സന്ന്യാസിമാർ വിഹരിക്കുന്ന സ്ഥലമായതുകൊണ്ട് ദിക്ക് സഞ്ചാരി എന്നും പറയും. പിന്നീട് ദിഗ്ക്കുറുശ്ശി ലോപിച്ച് തിക്കുറിച്ചിയായി മാറി. മഹാദേവൻ കിഴക്കോട്ട് ദർശനമരുളുന്നു. ഗണപതിയും ശാസ്താവും ദേവിയുമുണ്ട് ഉപപ്രതിഷ്ഠയായി. പുറത്ത് പടിഞ്ഞാറോട്ട് ദർശനമായി നാഗരുണ്ട്.

3
തൃപ്പരപ്പ്
തൃപ്പരപ്പ് മഹാദേവ ക്ഷേത്രത്തിൽ ഭഗവാൻ ജടാധരനായി പടിഞ്ഞാറോട്ട് ദർശനമരുളിയിരിക്കുന്നു. നന്ദി ഭഗവാൻ അല്പം വടക്കോട്ട് മാറിയാണ്. സീതാദേവിയെ അന്വേഷിച്ച് പോകാൻ സേതുബന്ധനം നിർമ്മിച്ച ക്ഷേത്രങ്ങളുടെ മുന്നിൽ ആദരസൂചകമായി തിരു ചേർത്ത് നാമകരണം നടത്തിയിരുന്നു. പ്രകൃതി രമണീയത കനിഞ്ഞനുഗ്രഹിച്ച സ്ഥലം കൂടിയാണ് ഇവിടം. സംസ്കൃതത്തിൽ ഈ സ്ഥലം ശ്രീ വിശാലപുരം എന്ന് അറിയപ്പെട്ടിരുന്നു. കന്യാകുമാരി ജില്ലയിലെ കുഴിത്തുറയ്ക്ക് 15 കിലോമീറ്റർ കിഴക്കാണ് തൃപ്പരപ്പ് ക്ഷേത്രത്തിന്റെ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന കോതയാറ് മനോഹരമായ ദൃശ്യഭംഗി പ്രദാനം ചെയ്യുന്നു. കോതയാറ് 50 അടി താഴ്ചയിലേക്കു നിപതിച്ച് സൃഷ്ടിക്കുന്ന വെള്ളച്ചാട്ടം ആരെയും ആകർഷിക്കും. ക്ഷേത്രത്തിലെ അഭിഷേകം അന്തർവാഹിനിയായി വെള്ളച്ചാട്ടത്തിൽ ലയിക്കുന്നുവെന്ന് സങ്കല്പം. വിശാഖം തിരുനാൾ മഹാരാജാവ് ഇവിടെ ഒരു കൽ മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. ജഗദ്ഗുരു ആദി ശങ്കരാചാര്യർ ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് ഭഗവാൻ ഇവിടെയുള്ളത്. വടക്ക് അഭിമുഖമായി നന്ദിവാഹനം കുടികൊള്ളുന്നു. ക്ഷേത്രത്തിനു പുറത്ത് കൃഷ്ണനും മുരുകനും ഭക്തരെ അനുഗ്രഹിക്കുന്നു. ശാസ്താവ്, നാഗരും ഉപപ്രതിഷ്ഠ
തൃപ്പരപ്പ് ക്ഷേത്രത്തിന് ഒൻപതാം നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്നു. ആയ് രാജാവായ കരുനന്തടക്കന്റെ കാലത്ത് തയ്യാറാക്കിയ രണ്ടു ചെമ്പോലകളാണ് ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. തിക്കുറിച്ചിയിൽ നിന്നും രണ്ട് വഴികളാണു തൃപ്പരപ്പിലേക്കുള്ളത്. ഒന്ന്: തിക്കുറിച്ചിയിൽ നിന്നു ചിതറാൽ – അരുമന – കളിയൽ വഴി. രണ്ടാമത്തെ വഴി: തിക്കുറിച്ചിയിൽ നിന്നു ആറ്റൂർ – തിരുവട്ടാർ – കുലശേഖരം വഴി.

4
തിരുനന്തിക്കര ശിവക്ഷേത്രം
സ്വയംഭൂ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണിത്. കേരളീയ ക്ഷേത്രശില്പ രീതിയിൽ പണികഴിപ്പിച്ചിരിക്കുന്നു. ശ്രീ കോവിൽ വിമാനവും മറ്റും ഇതിനുദാഹരമാണ്. തിരുനന്തിക്കരയിൽ നന്ദികേശ്വര രൂപത്തിലാണ് ശ്രീ പരമേശ്വരൻ ശിവക്ഷേത്രത്തിന് അഭിമുഖമായി വിഷ്ണുക്ഷേത്രമുണ്ട്. വടക്കു ഭാഗത്തായി ഒരു ഗുഹാക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഭൈരവര പ്രതിഷ്ഠ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. എത്തിച്ചേരാനുള്ള വഴി തൃപ്പരപ്പിൽ നിന്നു കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിക്കണം. ഉളുത്തുമലമുകളിൽ നിന്നുത്ഭവിക്കുന്ന നന്തിയാറിൻ്റെ കരയിലാണ് തിരുനന്തിക്കര. തിരുനന്തീശ്വരൻ വാഴുമിടമാണ് ‘തിരുനന്തിക്കര’യായി മാറിയതെന്ന വിശ്വാസം.

5
പൊന്മന ശിവക്ഷേത്രം
പാണ്ഡ്യരാജവംശവുമായി ബന്ധമുള്ള ക്ഷേത്രം. തീമ്പിലാധിപന്‍ എന്നാണ് അറിയപ്പെടുന്നത്. തീമ്പന്‍ എന്ന ഭക്തന് ദര്‍ശനം നല്കിയതുമായി ബന്ധപ്പെട്ടാണ് ഈ പേര്. പൊന്മനയ്ക്കടുത്തുള്ള മംഗലം പഴയ നാഞ്ചിനാടിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നു. തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം പെരുഞ്ചാണി റോഡില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്മനയിൽ എത്താം.

6
പന്നിപ്പാകം ശിവക്ഷേത്രം
അര്‍ജ്ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി പന്നിപ്പാകം ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിനു സമീപം കാട്ടാളന്‍ കോവില്‍ എന്നൊരു ക്ഷേത്രവുമുണ്ട്. പൊന്മന നിന്നു വലിയാറ്റുമുഖം വഴി എത്താം.

7
കല്‍ക്കുളം ശിവക്ഷേത്രം
പാര്‍വതീ സമേതനായ ശിവപ്രതിഷ്ഠയാണിവിടെ. ശിവാലയ ഓട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ പാര്‍വതി പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രം. പാര്‍വതി പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്ന് അറിയപ്പെടുന്നു. ശ്രീ വര്‍ത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കൽക്കുളം എന്ന പേരില്‍ അറിയപ്പെട്ടു. ക്രിസ്തുവര്‍ഷം 1744 ല്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കി പത്മനാഭപുരം എന്ന് പേരിട്ടു. പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളത്തെത്താം.

8
മേലാങ്കോട് ശിവക്ഷേത്രം
എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയം. കാലകാല രൂപത്തിൽ ആണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. പത്മനാഭപുരത്തു നിന്നും രണ്ടു കിലോമീറ്റല്‍ സഞ്ചരിച്ചാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്താം.

9
തിരുവിടൈക്കോട് ശിവക്ഷേത്രം
വിടൈ എന്നാല്‍ കാള എന്നാണ് അര്‍ത്ഥം. ഈ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിനു ജീവന്‍ വച്ചതിനെ തുടര്‍ന്നാണ് തിരുവിടൈക്കോട് എന്ന പേരു വന്നത്. 18 സിദ്ധന്മാരില്‍ ഒരാളായ എടൈക്കാടര്‍ സ്വര്‍ഗ്ഗം പൂകിയത് ഈ ക്ഷേത്രത്തിലാണ്. അങ്ങനെ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു കിട്ടി എന്നും വിശ്വസിക്കുന്നവരുണ്ട്. ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ. മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിടൈക്കോട് എത്താം.

10
തിരുവിതാംകോട് ശിവക്ഷേത്രം
ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ളതാണ് തിരുവിതാംകോട്. മൂന്നു ഏക്കറോളമുണ്ട് ക്ഷേത്ര ഭൂമി. തക്കല കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം.

11
തൃപ്പന്നിക്കോട് ശിവക്ഷേത്രം
മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണ് ഐതിഹ്യം. വരാഹത്തിന്റെ കൊമ്പ് മുറിച്ച രൂപത്തിലാണു പ്രതിഷ്ഠ. കേരള ക്ഷേത്ര ശില്പ മാതൃകയിലുള്ള ദ്വിതല ശ്രീകോവിൽ. കുഴിക്കോട് പള്ളിയാടി വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

12
തിരുനട്ടാലം ശിവക്ഷേത്രം
ശിവാലയ ഓട്ടം പൂർണ്ണമാകുന്നത് തിരുനട്ടാലം ശങ്കരനാരായണ ക്ഷേത്രത്തിലാണ്. ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങള്‍ക്ക് ഇടയിൽ ഒരു കുളവും കാണാം.

ശിവാല ഓട്ടം കഴിഞ്ഞ്
ശിവാല ഓട്ടം പൂർത്തിയാക്കുന്നവർ ശുചീന്ദ്രം അല്ലങ്കിൽ തിരുവട്ടാർ ക്ഷേത്ര ദർശനം നടത്തി മുദ്ര മാല ഊരണം.
ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരെ സങ്കൽപ്പിച്ചുള്ളതാണ്. ഈ ക്ഷേത്രത്തിൽ വച്ച് മാല ഊരുന്ന ഭക്തർ ഹനുമാൻ സ്വാമിയെ സങ്കടങ്ങൾ ധരിപ്പിക്കണം . തിരുവട്ടാർക്ഷേത്രത്തിൽ മുദ്രമാല ഊരുന്ന ഭക്തർ ക്ഷേത്രത്തിനു പുറത്തിറങ്ങി അനന്തപത്മനാഭസ്വാമിയോട് വിഷമങ്ങൾ പറയണം. .തൊടുവെട്ടിയിൽ നിന്നും 10 കിലോമീറ്റർ ദൂരെയുള്ള പ്രദേശമായ തിരുവട്ടാറിൽ ആദികേശവപ്പെരുമാളിന്റെ (വിഷ്ണു) ക്ഷേത്രമാണുള്ളത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പോലെ അനന്തശയനരൂപത്തിലാണ് ഇവിടുത്തെ വിഗ്രഹപ്രതിഷ്ഠ. തിരുവനന്തപുരത്തെ പ്രതിഷ്ഠ കിഴക്കോട്ട് അഭിമുഖമാണെങ്കിൽ ഇവിടുത്തേത് പടിഞ്ഞാറുദിശയിലേക്കാണെന്ന വ്യത്യാസമുണ്ട്. പദ്മനാഭസ്വാമിക്ഷേത്രത്തിലെ വിഗ്രഹത്തെക്കാൾ വലുതാണ് ഈ വിഗ്രഹം. രണ്ടു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും മുഖാമുഖമായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ജോക്സി ജോസഫ്
+91 94950 74921

Story Summary: Shivalaya Ottam: The ritual marathon of the devotees to 12 Shiva temples in Kanyakumari district

Copyright 2024 Neramonline.com. All rights reserved

error: Content is protected !!