Saturday, 23 Nov 2024
AstroG.in

വിഷ്ണുവും ശിവനും വേലായുധനും അനുഗ്രഹിക്കുന്ന സുബ്രഹ്മണ്യ ക്ഷേത്രം

സരസ്വതി ജനാർദ്ദനക്കുറുപ്പ്

ദക്ഷിണപളനി എന്ന് പ്രസിദ്ധമായ കേരളത്തിലെ ശ്രീമുരുക സന്നിധിയാണ് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം. ഒരേ കൊടിമരത്തിൽ മൂന്നു സങ്കല്പത്തിൽ കൊടിയേറ്റവും വർഷന്തോറും മൂന്ന് ഉത്സവങ്ങളും എന്ന അപൂർവതയും ഈ മഹാക്ഷേത്രത്തിനുണ്ട്. ഇതിൽ ആദ്യത്തെ ഉത്സവം ചിങ്ങമാസത്തിൽ തിരുവോണം നാളിൽ അവസാനിക്കുന്ന വിധത്തിൽ പത്തു ദിവസം നടക്കുന്നു. രണ്ടാമത്തെ ഉത്സവം കൊടിയേറി പത്താം നാൾ ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടോട് കൂടി അവസാനിക്കും. മേടമാസത്തിൽ വിഷു ദിവസം രാത്രി കൊടിയേറി മൂന്നാമത്തെ ഉൽസവം തുടങ്ങും. ആദ്യത്തേത് മഹാവിഷ്ണുവിനെയും രണ്ടാമത്തേത് മഹാദേവനെയും മൂന്നാമത്തേത് ശ്രീസുബ്രഹ്മണ്യ സ്വാമിയെയും സങ്കൽപിച്ചാണ് ആഘോഷിക്കുന്നത്.

ചതുർബാഹുവായ വേലായുധ സങ്കല്പത്തിലുള്ള സുബ്രഹ്മണ്യനാണ് പ്രധാന മൂർത്തി. ഈ മൂർത്തിയെ തന്നെ വിഷ്ണുവായും ശിവനായും സങ്കല്പിച്ച് ഉത്സവം ആഘോഷിക്കുന്നതിനാൽ ഈ മൂന്ന് മൂർത്തികളുടെ സമന്വയ ഭാവമാണ് പ്രതിഷ്ഠ എന്നാണ് വിശ്വാസം. വൃത്താകൃതിയിൽ ശിലയിൽ നിർമ്മിച്ച ശ്രീകോവിൽ ചെമ്പുമേഞ്ഞതാണ്. ശ്രീകോവിലിനുള്ളിൽ തെക്കു ഭാഗത്ത് ഗണപതിക്കും ദക്ഷിണാമൂർത്തിക്കും പ്രത്യേക സ്ഥാനമുണ്ട്. ഹരിപ്പാട് ബസ്‌സ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം. ഇവിടെ കിഴക്കു ദർശനമായി സുബ്രഹ്മണ്യൻ വാഴുന്നു.

മേടത്തിലെ ഉൽസവത്തിന്‌ വിഷു ദിവസം പ്രധാന കൊടിയേറ്റ് കൂടാതെ മൂന്നാം ദിവസം ആദ്യമുണ്ടായിരുന്ന ക്ഷേത്രമായ കീഴ്തൃക്കോവിലും അഞ്ചാംദിവസം തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിലും കൊടിയേറുന്നു. ആറാട്ടുകൾ ഒരുമിച്ചു നടക്കുന്നു. രണ്ടാം ദിവസം പ്രത്യേക കൊടിയേറ്റില്ലാതെ ശാസ്താവിനെ എഴുന്നള്ളിക്കുന്നുണ്ട്. ശാസ്താചൈതന്യം സുബ്രഹ്മണ്യനോടൊപ്പം ഉണ്ടെന്ന വിശ്വാസത്തിലാണ് കൊടിയേറ്റില്ലാതെ ശാസ്താവിനെ എഴുന്നള്ളിക്കുന്നത്.

നെൽവയലുകൾ നിറഞ്ഞ ഈ സ്ഥലം പണ്ടു കാലത്ത് അരിപ്പാട് ആയിരുന്നുവത്രേ. കാലാന്തരത്തിൽ അത് പരിണമിച്ച് ഹരിപ്പാടായി. ഈ ക്ഷേത്രത്തിന്റെ ഉല്പത്തിയെപ്പറ്റി കൃത്യമായ രേഖകളൊന്നുമില്ല. ആകെ ആശ്രയം ഒരു ഐതിഹ്യമാണ്; ദേശവാസികൾ ഒരു ക്ഷേത്രം നിർമ്മാക്കാനും ദേവനായി ശാസ്താവിനെ പ്രതിഷ്ഠിക്കാനും തീരുമാനിച്ചു. പണിപൂർത്തിയായി; തന്ത്രി, മേൽശാന്തി തുടങ്ങിയവരെയും തീരുമാനിച്ചു. ഈ സമയത്ത് ഒരു സ്വപ്നദർശനം ഉണ്ടായി. ശാസ്താവിനെ അല്ല സുബ്രഹ്മണ്യനെയാണ് പ്രതിഷ്ഠിക്കേണ്ടത്. പമ്പയാറ്റിൽ പൂക്കൾ വലംവയ്ക്കുന്ന ചുഴിയിൽ ഒരു സുബ്രഹ്മണ്യ വിഗ്രഹമുണ്ട്. അതാണ് പ്രതിഷ്ഠിക്കേണ്ടത്. ഇതായിരുന്നു സ്വപ്നദർശനം. പലരും ഇത് സ്വപ്നത്തിൽ കണ്ടു. തുടർന്ന് ദേവപ്രശ്‌നത്തിന് തീരുമാനമായി. പ്രശ്‌നവിധിയും ഇതുതന്നെ ആയിരുന്നു. മുങ്ങൽ വിദഗ്ധരെ കൊണ്ടുവന്ന് വിഗ്രഹം മുങ്ങിയെടുത്ത് ജലമാർഗ്ഗം കൊണ്ടു വന്നു. കരുവാറ്റക്കുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തിൽ വിഗ്രഹം ഇറക്കിപൂജയ്ക്ക് ശേഷം വിഗ്രഹഘോഷയാത്ര പായിപ്പാട്ടറ്റിലൂടെ നീങ്ങി. ആറ്റിൻകരയിലുള്ളവർ ചുണ്ടൻ വള്ളങ്ങളിൽ അകമ്പടി സേവിച്ചു. വിഗ്രഹ ഘോഷയാത്ര പാലപ്പുഴ തോടുകടവിൽ എത്തി വിശ്രമത്തിന് തയ്യാറെടുത്തു. അവിടെ നിന്നും വിഗ്രഹ ഘോഷയാത്ര ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. ഭഗവാൻ വിശ്രമിച്ച ഈ സ്ഥലത്തിന് അരനാഴികകടവ് എന്നു പേരുണ്ടായി.

മുങ്ങിയെടുത്ത ഈ ശിലാവിഗ്രഹം കിരീടം ധരിച്ച് ചതുർബാഹുവായ ആറടി ഉയരമുള്ളതായിരുന്നു. വലം കയ്യിൽ വേലും ഇടം കയ്യിൽ വജ്രായുധവും താഴെയുള്ള ഇടതുകൈ അരക്കെട്ടിൽ കുത്തിയും വലംകൈ വരമുദ്രയായും അസാധാരണ ചൈതന്യത്തോടെ തിളങ്ങിയ ഈ വിഗ്രഹം പ്രതിഷ്ഠിക്കാൻ പണികഴിഞ്ഞ ഈ ക്ഷേത്രം മതിയാകില്ല എന്നു കണ്ട് ദേവപ്രശ്‌നം വച്ചു. ഒരു വലിയ ക്ഷേത്രം വേണമെന്നായിരുന്നു പ്രശ്‌നവിധി. അതനുസരിച്ച് പണികഴിപ്പിച്ചിരുന്ന ക്ഷേത്രത്തിന്റെ വടക്കു വശത്ത് വയൽ കുഴിച്ച് മണലെടുത്ത് തെക്കുവശം നിരപ്പാക്കി. അവിടെ ഒരു വലിയ ക്ഷേത്രം നിർമ്മിച്ചു. വലിയ ശ്രീകോവിൽ, മുഖമണ്ഡപം, നാലമ്പലം, ബലിക്കൽ പുര, കൂത്തമ്പലം തുടങ്ങി വിശാലമായ ക്ഷേത്രം ഇവിടെ രൂപം കൊണ്ടു. വീണ്ടും പ്രതിഷ്ഠാ മുഹൂർത്തം നിശ്ചയിച്ചു. രണ്ട് അമ്പലത്തിലും പ്രതിഷ്ഠ നടത്തി. മണലെടുത്ത സ്ഥലം ക്ഷേത്രക്കുളമായി മാറി. ഓണക്കാലത്ത് പമ്പയാറ്റിൽ നടക്കുന്ന പായിപ്പാട്ട് വള്ളംകളിയും ആറാട്ടും വിഗ്രഹ ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൊല്ലവർഷം 1096 ൽ ക്ഷേത്രത്തിൽ അഗ്‌നിബാധ ഉണ്ടായി. തന്ത്രിയും മറ്റും ചേർന്ന് ശ്രീകോവിലിനുള്ളിൽ നിന്നും വിഗ്രഹം എടുത്തു മാറ്റി. അഗ്‌നി ബാധയിൽ കൂത്തമ്പലം തീ പിടിച്ചില്ല. ശില്പഭംഗിയുള്ള ആ പഴയ കൂത്തമ്പലം തന്നെയാണ് ഇന്നും നിലനിൽക്കുന്നത്. ശ്രീമൂലം തിരുനാളിന്റെ കല്പന പ്രകാരം അവിടെ തന്നെ പുതിയ ക്ഷേത്രം പണികഴിപ്പിച്ചു. 1101 ഇടവമാസത്തിലെ അനിഴം നക്ഷത്രത്തിൽ യഥാവിധി വിഗ്രഹ പ്രതിഷ്ഠയും കൊടിമര പ്രതിഷ്ഠയും നടത്തി.

മകരമാസത്തിലെ തൈപ്പൂയം ഇവിടെ പ്രധാന ആട്ടവിശേഷമാണ്. വ്രതാനുഷ്ഠാനങ്ങളോടെ കാവടി എടുക്കുന്നവർ ക്ഷേത്രത്തിൽ ഭജനമിരിക്കുന്നു. കാവടിക്ക് ഇരു കവിളിൽ കൂടി ശൂലം കുത്തുകയോ നാക്കു നീട്ടി ശൂലം തറക്കുകയോ വായ്മൂടി കെട്ടുകയോ ചെയ്യും. അന്ധക്കാവടിയാണെങ്കിൽ കണ്ണുകൾ തുണി കൊണ്ട് മൂടികെട്ടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ കാവടിയുളള ക്ഷേത്രങ്ങളിൽ ഒന്നാണിത്. വൃശ്ചികത്തിലെ തൃക്കാർത്തികയും, കർക്കടകത്തിലെ നിറയും പുത്തരിയും പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളാണ്. കാർത്തിക വിളക്ക്, മകര സംക്രമം, ഇടവത്തിലെ പ്രതിഷ്ഠാ വാർഷികം തുടങ്ങിയവയും പ്രധാനമാണ്.

സുബ്രഹ്മണ്യ ഭഗവാന് പ്രാധാന്യമുള്ള ഷഷ്ഠിവ്രതം അനുഷ്ഠിക്കാൻ ആയിരക്കണക്കിന് ഭക്തർ എത്തുന്നു. ക്ഷേത്രത്തിലെ പ്രധാന കവാടത്തിനു സമീപത്ത് ഗണപതി പ്രതിഷ്ഠയുണ്ട്. ഇവിടെ പൂജ നടത്തുന്നത് തമിഴ് ബ്രഹ്മണരാണ്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് പണിതിരിക്കുന്ന മയിൽ കൂടുകളിൽ മയിലുകളെ വളർത്തുന്നു. കേരളവർമ്മ വലിയ കോയിതമ്പുരാന് മയൂരസന്ദേശമെഴുതാൻ പ്രചോദനമായത് ഇവിടുത്തെ മയിലുകളാണ്. തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ അനന്തുപുരത്ത് കൊട്ടാരത്തിൽ കേരളവർമ്മ വലിയ കോയിതമ്പുരാനെ വീട്ടുതടങ്കലിലാക്കിയപ്പോൾ ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുമതി നൽകിയിരുന്നു. ക്ഷേത്രദർശനത്തിനെത്തിയ തമ്പുരാൻ ഒരു മയിലിന്റെ പക്കൽ തിരുവനന്തപുരത്തുള്ള തന്റെ ഭാര്യയ്ക്ക് സന്ദേശം കൊടുത്തു വിടുന്നതായി സങ്കല്പിച്ച് എഴുതിയ കാവ്യമാണ് പ്രസിദ്ധമായ മയൂരസന്ദേശം.

ഉൽസവബലി, കാവടി അഭിഷേകം, തുലാപായസം, പുഷ്പാഭിഷേകം, കളഭം, പഞ്ചാമൃതം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. തുലാപായസത്തിന് നേരത്തെ ബുക്ക് ചെയ്യണം. ആദ്യമുണ്ടായിരുന്നത് കീഴ്‌കോവിൽ ക്ഷേത്രം. ഇപ്പോൾ മൂലക്ഷേത്രമായി. പുതിയ ക്ഷേത്രത്തിന്റെ മുന്നിലുള്ള പ്രധാന ഗോപുരം അതിമനോഹരമാണ്. അകത്തും പുറത്തും വേലക്കുളത്തിനടുത്തുമായി ഭംഗിയുള്ള മൂന്നു ആനകൊട്ടിലുകൾ, വടക്കവശത്ത് വലിയ കുളം. അകത്ത് കരിങ്കൽ തൂണുകൾ. തുണുകളിൽ മനോഹരമായ കൊത്തുപണികൾ. വലിയ വട്ട ശ്രീകോവിലിൽ കിഴക്കുദർശനമായി സുബ്രഹ്മണ്യൻ. ഉപദേവതകളായി ഗണപതിയും, ദക്ഷിണാമൂർത്തിയും, ശാസ്താവും തിരുവമ്പാടി കൃഷ്ണനും. അഞ്ചുപൂജകൾ. പ്രധാന വഴിപാട് തുലാപ്പായസം. താന്ത്രികാവകാശം കിഴക്കേപുല്ലാംവഴി, പടിഞ്ഞാറെ പുല്ലാംവഴി ഇല്ലത്തിന് . മേൽശാന്തി ഉണ്ടെങ്കിലും എല്ലാ ദിവസവും നവകപൂജയും, നവകാഭിഷേകവും തന്ത്രിമാർ നടത്തുന്നു. ഉച്ചപ്പൂജയ്ക്ക് തന്ത്രി വേണമെന്ന് നിർബ്ബന്ധമാണ്. മേൽശാന്തി വരുന്നത് നിലേശ്വരത്ത് പത്തില്ലത്തിൽ ബ്രാഹ്മണ കുടുംബത്തിൽ നിന്നാണ്. ഒരാൾ 3 വർഷം തുടരും. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാണ് ക്ഷേത്രം.

സരസ്വതി ജനാർദ്ദനക്കുറുപ്പ്

Story Summary: Harippad Subramanya Swamy Temple: History, Deity and Festivals

error: Content is protected !!