Saturday, 23 Nov 2024
AstroG.in

വിഷ്ണു ദ്വാദശനാമജപം ഐശ്വര്യവും ഭാഗ്യവും തരുന്ന ബുധനാഴ്ച വരുന്നു

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഗ്രഹദോഷ പരിഹാരങ്ങൾക്കും രോഗമുക്തിക്കും ശ്രേഷ്ഠമാണ് വിഷ്ണു ദ്വാദശനാമ മന്ത്ര ജപം. ഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് വ്യാഴ, ബുധഗ്രഹ ദോഷങ്ങളും ഇവയുടെ ദശാദോഷങ്ങളും പരിഹരിക്കാൻ ദ്വാദശനാമ മന്ത്രജപം ഉത്തമമാണ്.വെളുത്ത പക്ഷത്തിലെയും കറുത്തപക്ഷത്തിലെയും പന്ത്രണ്ടാമത്തെ തിഥിയായ ദ്വാദശി വിഷ്ണു പൂജ്യ്ക്കും തുളസീ പൂജയ്ക്കും നല്ലതാണ്. ഏകാദശി വ്രതാനുഷ്ഠാനം അവസാനിക്കുന്നത് ദ്വാദശി തിഥിയിലാണ്. ഇതിന്റെ അധിപൻ ബുധനാണ്. അതിനാൽ ബുധനാഴ്ച വരുന്ന ദ്വാദശി സുപ്രധാനമാണ്. 2021 ഫെബ്രുവരി 24 നും 2021 ജൂലൈ 21 നും ദ്വാദശി വരുന്നത് ബുധനാഴ്ചയാണ്.

ചോറൂണിനും വിവാഹത്തിനും ഉപനയനത്തിനും ഉത്തമമായ ദ്വാദശി തിഥിയിൽ യാത്രയും ഗൃഹപ്രവേശവും ഒഴിവാക്കണമെന്ന് വിധിയുണ്ട്. എല്ലായിടത്തും നിറഞ്ഞിരിക്കുന്നവൻ വിഷ്ണു ; എല്ലാവരെയും സംരക്ഷിക്കുന്നവൻ നാരായണൻ; എല്ലാവരിലും കുടികൊള്ളുന്ന ചൈതന്യം വാസുദേവൻ – ഇത് മൂന്നും ചേരുന്നത് ബ്രഹ്മം. ഇവിടെ മൂന്ന് വ്യത്യസ്ത ഭാവങ്ങൾ, മൂന്ന് പേരുകളിൽ ഒരു മൂർത്തിയിൽ കുടികൊള്ളുന്നു. അതാണ് വിഷ്ണു ഗായത്രിയിൽ തെളിയുന്നത്:

വിഷ്ണു ഗായത്രി
നാരായണായ വിദ്മഹേ
വസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

വിഷ്ണു ഗായത്രിയും ഓം നമോ നാരായണായ എന്ന അഷ്ടാക്ഷര മന്ത്രവും ഓം നമോ ഭഗവതേ വാസുദേവായ നമഃ എന്ന ദ്വാദശാക്ഷരി മന്ത്രവും പോലെ വിഷ്ണുപൂജയിൽ പ്രധാനമാണ് വിഷ്ണു ദ്വാദശനാമങ്ങൾ ജപിച്ചുള്ള ആരാധനയും. ഈ ദ്വാദശ നാമങ്ങളാൽ ആരാധിക്കുന്ന, മഹാവിഷ്ണുവും നാരായണനും ഉൾപ്പെടുന്ന 12 വിഷ്ണുനാമങ്ങളാണ് 12 ശകവർഷ മാസങ്ങളുടെയും അധിപതികൾ. ഇതുപ്രകാരം മാർഗ്ഗശീർഷത്തിൽ കേശവനും പൗഷത്തിൽ നാരായണനും മാഘത്തിൽ മാധവനും ഫാൽഗുനത്തിൽ ഗോവിന്ദനും ചൈത്രത്തിൽ വിഷ്ണുവും വൈശാഖത്തിൽ മധുസൂദനനും ജ്യേഷ്ഠത്തിൽ ത്രിവിക്രമനും ആഷാഡത്തിൽ ശ്രീധരനും ശ്രാവണത്തിൽ വാമനനും ഭാദ്രപദത്തിൽ ഹൃഷികേശനും ആശ്വിനത്തിൽ പത്മനാഭനും കാർത്തികയിൽ ദാമോദരനും ആരാധിക്കപ്പെടുന്നു.

ഒരോ മാസവും ജന്മനക്ഷത്ര ദിവസം ഈ പറഞ്ഞ വിഷ്ണു ഭാവങ്ങളെ ദ്വാദശനാമ മന്ത്രങ്ങൾ ചൊല്ലി ആരാധിക്കുന്നത് നല്ലതാണ്. കൂടാതെ അന്ന് വിഷ്ണു ക്ഷേത്രത്തിൽ പാൽപായസം നേദിച്ച് ദ്വാദശനാമ പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും ദോഷ മുക്തിക്ക് ഗുണകരമാണ്. ഐശ്വര്യവും ഭാഗ്യാനുഭവങ്ങളും വർദ്ധിക്കും. എല്ലാ ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി ദ്വാദശ നാമങ്ങൾ വിഷ്ണു ഭഗവാന്റെ രൂപം സങ്കല്പിച്ച് 108 പ്രാവശ്യം ജപിക്കുന്നത് ഉത്തമമാണ്. ദ്വാദശി തിഥി ദിവസത്തെ നാമജപത്തിന് ഫലപ്രാപ്തി കൂടും. ഇത് കൂടാതെ മറ്റ് ഗ്രഹ – നക്ഷത്ര ദോഷങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ ദർശനം നടത്തി കഴിവിനൊത്ത വഴിപാട് കഴിച്ച് പ്രാർത്ഥിക്കുന്നതും ഗുണാനുഭവങ്ങൾക്ക് വഴിതെളിക്കും. ഏത് ഗ്രഹം അനിഷ്ടസ്ഥിതനാകുന്നുവോ അവർ ദോഷശാന്തിക്ക് ആ ഗ്രഹത്തിന്റെ ദേവതയെയും പ്രീതിപ്പെടുത്തണം. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ശുക്ലപക്ഷ ദ്വാദശി വാമനാവതാര വ്രതമായും ഇടവ മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന കറുത്തപക്ഷ ദ്വാദശി കൂർമ്മാവതാര വ്രതമായും തുലാമാസത്തിലെ കറുത്ത പക്ഷത്തിൽ വരുന്ന ദ്വാദശി ഗോദ്വാദശി വ്രതമായും ആചരിക്കുന്നു.

വിഷ്ണു ദ്വാദശനാമങ്ങൾ
ഓം കേശവായ നമഃ
ഓം നാരായണ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ശ്രീധരായ നമഃ
ഓം വാമനായ നമഃ
ഓം ഹൃഷി കേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Summary: Importance of Vishnu Dwadesha Nama Japam On Wednesday and Dwadeshi falls together

error: Content is protected !!