Monday, 7 Oct 2024
AstroG.in

വീട്ടിൽ കൂവളം നടുന്നത് തെറ്റാണോ?

ജോതിഷരത്നം വേണു മഹാദേവ്

കൂവളം പവിത്രമായ ഒരു വൃക്ഷമാണ്. ശിവപൂജയ്ക്ക് പ്രധാനമായ കൂവളത്തെ പരിപാവനവും അങ്ങേയറ്റം ഗൗരവത്തോടെയുമാണ് ഈശ്വര വിശ്വാസികള്‍ കാണുന്നത്. അതിനാൽ കൂവളം നില്ക്കുന്ന സ്ഥലം പരിശുദ്ധമായി, ദിവ്യമായി സൂക്ഷിക്കണം. ഇതിനുള്ള സൗകര്യം എല്ലാവര്‍ക്കും കാണാത്തത് കൊണ്ടാണ് വീട്ടിൽ കൂവളം നടരുത് എന്ന് പറയുന്നത്. കൂവളം ശിവ ചൈതന്യം ഉള്ള വൃക്ഷമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് കൂവളം നശിക്കുന്നത് ദോഷലക്ഷണം എന്ന് പറയുന്നത്. എന്നാൽ കൂവളം പരിശുദ്ധമായി നടുന്നതിനും വളര്‍ത്തുന്നതിനും സൗകര്യം ഉള്ളവര്‍ക്ക് കൂവളം നടുന്നതില്‍ ദോഷമില്ല എന്നര്‍ത്ഥം. ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണു കൂവളത്തില. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്. വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്. ഭഗവാന് കൂവളത്തില സമർപ്പിച്ചാൽ ജന്മാന്തരപാപങ്ങള്‍ പോലും നശിപ്പിക്കും.

സര്‍വ രോഗസംഹാരിയാണ് കൂവളം. ഈ ശ്രേഷ്ഠ വൃക്ഷത്തെ അഷ്ടാംഗഹൃദയത്തില്‍ ദിവ്യ ഔഷധ വൃക്ഷങ്ങളുടെ ഗണത്തിൽ ഉള്‍പ്പെടുത്തുന്നു. ശിവപാര്‍വതിമാര്‍ക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം അല്ലെങ്കിൽ ബില്വം എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നല്‍കി കൂവളത്തെ പരിപാലിക്കുന്നു. ഭക്തർ ക്ഷേത്ര ദർശന വേളയിൽ കൂവളത്തെ വലം വച്ച് തെഴുന്നത് പതിവാണ്. കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന് പ്രമാണമുണ്ട്.

ചിത്തിര നക്ഷത്രത്തിന്റെ വൃക്ഷമാണു കൂവളം. ഈ നാളുകാര്‍ ശിവനെ ഭജിക്കുകയും ശുദ്ധിയോടെ കൂവളം നട്ടു പരിപാലിക്കുകയും ചെയ്താൽ ഗ്രഹദോഷം കുറയും. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുകയും ചെയ്യും. 27 നക്ഷത്രക്കാരും അവരവരുടെ ജന്മവൃക്ഷത്തെ പരിപാലിച്ചുപോന്നാല്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ ലഭിക്കും.

കൂവളം നടുന്നതും ശ്രദ്ധാപൂര്‍വം പരിപാലിക്കുന്നതും ശിവപ്രീതിക്ക് അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയില്‍ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടില്‍ ദീപം തെളിയിക്കുന്നതും ഐശ്വര്യം നിലനിര്‍ത്താന്‍ ഉത്തമം.

ഒരു കൂവളം നട്ടാല്‍ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുളള ശിവക്ഷേത്രദര്‍ശനം നടത്തിയ ഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയില്‍ നീരാടിയ ഫലം എന്നീ സല്‍ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങളില്‍ പറയുന്നു.

കൂവളം പറിക്കാന്‍ പാടില്ലാത്ത ദിവസങ്ങള്‍ മാസപ്പിറവി, പൗര്‍ണമി, അമാവാസി, അഷ്ടമി, നവമി, ചതുര്‍ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളില്‍ കൂവളത്തില പറിക്കുന്നതു ശിവകോപത്തിനു കാരണമാകുമെന്നാണു വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്.

ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തില്‍ നിന്ന്, ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകള്‍ അടര്‍ത്താവൂ. കൂവളത്തില മരത്തില്‍ കയറിപ്പറിക്കുന്നതാണ് ഉത്തമം. ക്ഷേത്രത്തില്‍ വില്വപത്രം പൂജയ്ക്കായി സമര്‍പ്പിച്ച് ബില്വാഷ്ടകം ചൊല്ലി നമസ്‌കരിക്കുന്നത് ഇരട്ടിഫലം നല്‍കും, പ്രത്യേകിച്ച് ശിവരാത്രിദിനത്തില്‍.
ജോതിഷരത്നം വേണു മഹാദേവ്,

+91 9847475559

Story Summary: Divinity of Koovalam.


error: Content is protected !!