വീട്ടിൽ കർക്കടക ബലിതർപ്പണം ഇങ്ങനെ; യുട്യൂബ് നോക്കി ചെയ്യാം
2020 ജൂലൈ 20 തിങ്കളാഴ്ചയാണ് കർക്കടക വാവ്. ഇത്തവണ പതിവ് പോലെ ക്ഷേത്രസന്നിധികളിലോ സമുദ്ര – നദീ തീരങ്ങളിലോ പോയി കർക്കടക വാവുബലി ഇടാൻ കോവിഡ് മഹാമാരി കാരണം കഴിയില്ല. എന്നാൽ ബലി മുടക്കാനും പാടില്ല. ആണ്ടിൽ ഒരു തവണയെങ്കിലും പിതൃക്കൾക്ക് ബലിയിട്ടേ തീരൂ. അതുകൊണ്ട് നമുക്ക് മുന്നിലുള്ള ഒരേ ഒരു മാർഗ്ഗം വീട്ടിൽ ഇരുന്ന് ബലിയിടുകയാണ്. വീട്ടിൽ എങ്ങനെ ബലിതർപ്പണം ചെയ്യാം എന്നു നോക്കുന്നതിന് മുൻപ് ഒരു കാര്യം മനസിലാക്കുക. ക്രിയകളെക്കാൾ പ്രധാനം നമ്മുടെ സമർപ്പണ മനസാണ്. തികഞ്ഞ ആത്മാർത്ഥതയോടെ ബലിതർപ്പണം ചെയ്താൽ ബലിക്രിയയിലെ പിഴവുകളെല്ലാം ക്ഷമാപണമന്ത്രത്തോടെ ഒഴിഞ്ഞു പോകും. വളരെ ലളിതമായി ബലി തർപ്പണം ചെയ്യേണ്ട വിധം മന്ത്രം സഹിതം ഇവിടെ ചേർക്കുന്നു. ഇതിന്റെ ക്രിയകൾ മനസിലാക്കാനുള്ള വീഡിയോ നേരം ഓൺലൈൻ ഡോട്ട് കോം യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് നോക്കി മനസിലാക്കി ഇവിടെ ചേർത്തിട്ടുള്ള മന്ത്രങ്ങൾ ജപിച്ച് തികഞ്ഞ സംതൃപ്തിയോടെ ബലിയിട്ട് പിതൃ സായൂജ്യം നേടുക.
നാം ഭൂമിയിൽ ജന്മമെടുക്കാൻ വഴി തെളിച്ച മാതാപിതാക്കളോടും പിതാമഹന്മാരും പ്രപിതാമഹന്മാര്യം അടങ്ങുന്ന തലമുറയോടുമുള്ള നന്ദിയും സ്മരണയുമാണ് ബലി തർപ്പണ ക്രിയയെ മഹത്തരമാക്കുന്നത്. അവർ അനുഷ്ഠിച്ച പുണ്യത്തിന്റെയും സത്കർമ്മങ്ങളുടെയും കൂടി അനുഗ്രഹമാണ് അപൂർവ്വമായി ഒരു ജീവനു ലഭിക്കുന്ന മനുഷ്യ ജന്മമെന്ന മഹാഭാഗ്യം. ജ്യോതിഷപ്രകാരം ഒരാളുടെ ജീവിത വിജയത്തിന് തടസ്സം വരാവുന്ന സുപ്രധാന മൂന്ന് കാര്യങ്ങൾ പിതൃകോപം, ധർമ്മ ദേവത അപ്രീതി , സർപ്പകോപം. ഇവയിൽ ഏറ്റവും സുപ്രധാന പിതൃ ഋണം തീരാനും പിത്യക്കളുടെ ആത്മശാന്തിക്കും അതു വഴി അവരുടെ അനുഗ്രഹത്തിനു മായാണ് ബലി തർപ്പണം. യഥാവിധി കാലാനുസരണം ബലിക്രിയകൾ മുടങ്ങിയാൽ ജീവിതത്തിൽ സന്താനദുഃഖം , ഭാഗ്യ തടസ്സം ,രോഗ ദുരിതം , കാര്യതടസ്സം , കുടുംബ ഛിദ്രം , വിവാഹ തടസ്സം ദാമ്പത്യസുഖഹാനി, കട ബാധ്യത ഇവക്ക് വഴി തെളിക്കാം . ആയതിനാൽ എല്ലാവരും അവരവരുടെ കുടുംബത്തിലെങ്കിലും പരിപൂർണ്ണ സമർപ്പണത്തോടെ ബലിയിടണം. ബലിതർപ്പണത്തിനുള്ള മന്ത്രങ്ങൾ, വിധി എന്നിവ ഏറ്റവും ലളിതമായി താഴെ പ്രതിപാദിക്കുന്നു :
ബലി തർപ്പണം ചെയ്യേണ്ട വിധം
ചാണകം കൊണ്ട് ബലിയിടാൻ ഉദ്ദേശിക്കുന്ന സ്ഥലം മെഴുകുക. ചാണകം കിട്ടാനില്ലെങ്കിൽ ജലം കൊണ്ട് തെളിച്ച് ശുദ്ധിവരുത്തിയാലും മതി. ഒരു നിലവിളക്ക് കൊളുത്തി വയ്ക്കുക. രണ്ടു തിരി മാത്രമെ പാടുകയുള്ളു.
ഒരു തിരി തെക്കോട്ടും ഒരു തിരി വടക്കോട്ടുമായി കത്തിക്കണം. മെഴുകിയ സ്ഥലത്ത് ഒരു നാക്കില വയ്ക്കുക. അതിൽ മൂന്നുപിടി പച്ചരിയും എള്ളും ചേർത്ത് കുഴച്ചു വയ്ക്കുക. നാക്കിലയുടെ ഇടതുവശത്ത് ചെറൂള എന്ന ചെടിയുടെ ഇലയും പുഷ്പവും പറിച്ചത് വെയ്ക്കുക. ചെറൂള കിട്ടിയില്ലെങ്കിൽ പൂക്കളും തുളസിയുമായാലും മതി. ബലിയിടുന്ന ആൾ തെക്കോട്ട് തിരിഞ്ഞിരിക്കണം.
1 ഗണപതി ശ്ലോകം
ശുക്ലാംബരധരം വിഷ്ണും
ശശിവർണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ വിഘ്നോപ ശാന്തയേ
2 തീർത്ഥാവാഹനം
ഓം ഗംഗേച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു
കാവേരി ജലേസ്മിൻ
സന്നിധിം കുരു
3 ആചമനം
അച്യുതായ നമഃ
അനന്തായ നമഃ
ഗോവിന്ദായ നമഃ
4 പ്രോഷണം
ശ്രീരാമ രാമ പുണ്ഡരീകാക്ഷ
പുനതു
എന്ന് ചൊല്ലി ശരീരത്തിൽ തീർത്ഥം തളിക്കുക
5 പവിത്രധാരണം
പവിത്രം പാപ നാശനം
ആയുസ് തേജോ ബലം സൗഖ്യം അമാവാസി ശ്രാദ്ധ ക്രിയാർഹകം
പവിത്ര ധാരണം നമഃ
6 സങ്കല്പം
ശുഭയോഗ വിശിഷ്ട പുണ്യ
മുഹൂർത്തേ മ മ വംശ
ദ്വയ പിതൃണാം
അക്ഷയ തൃപ്തിർത്ഥം
അമാവാസി ശ്രാദ്ധേ
പിണ്ഡപ്രധാനം കരിഷ്യേ
(എന്ന് ചൊല്ലി ഒരു ഇല വച്ച് ദർഭ അതായത് കുറുമ്പുല്ലു ഇലയുടെ മധ്യത്തിൽ ഇടതും വലതുമായി വച്ച ശേഷം പുഷ്പം, അക്ഷതമെടുത്ത് എള്ളും ചേർത്ത് കുറുമ്പുല്ലിനു മുകളിൽ രണ്ടു ഭാഗത്തായി വയ്ക്കുക. (കുറുമ്പുല് രണ്ട് തലയും നാല് കടയും ചേർന്ന മൂന്ന് ജോടി എടുക്കുക.) ശേഷം വലതുകൈയിൽ എള്ളും അക്ഷതവും എടുത്തു പിതൃഭാവത്തെ ആവാഹിക്കുക
അസ്മത് കുലേ മൃതായേച
ഗതിർയേഷാം ന: വിദ്യതേ
ആവാഹിഷേൃ താൻ സർവാൻ
ദർഭോപരി തിലാക്ഷതൈ
(എന്ന് ചൊല്ലി പിതൃ ഭാവത്തെ ആവാഹിച്ചു ഒരു ഭാഗം കുറുമ്പുല്ലിന്റെ മുകളിൽ വയ്ക്കുക)
മാതൃഭാവത്തെ ആവാഹിക്കുക
മാതാ മഹാ കുലേശ്ചൈവ
ഗതിർയേഷാം ന: വിദ്യതേ
ആവാഹിഷ്യേ താൻസർവ്വാൻ
ദർഭോപരി തിലാക്ഷതൈ:
( എന്ന് ചൊല്ലി മാതൃഭാവത്തെ ആവാഹിച്ചു രണ്ടാമത്തെ സ്ഥാനത്തു കുറുമ്പുല്ലിനു മുകളിൽ വയ്ക്കുക )
ആവാഹനം
ആവാഹനം നമഃ
ആസനം നമഃ
എന്ന് ചൊല്ലി രണ്ടു സ്ഥാനത്തു ഒരേ പൂവിട്ടു ആരാധിക്കുക . ശേഷം വലതുകൈയിൽ അല്പം എള്ളെടുത്തു
വംശ ദ്യയ പിതൃഭ്യ ദർഭോപരി തിലോദകം മായാദീയതേ
എന്ന് ചൊല്ലി കുറുമ്പുല്ലിന്റെ മുകളിലേക്ക് എളിനൊപ്പം ജലം വീഴ്ത്തുക. അരി വറ്റിച്ച് പിണ്ഡം
നേരത്തേ തയ്യാറാക്കി വയ്ക്കണം. പിണ്ഡം ഉരുട്ടി താഴെ പറയുന്ന അഞ്ച് മന്ത്രങ്ങള്‍ കൊണ്ട് ഒരോ പിണ്ഡവും
സമർപ്പിക്കണം
1
ഓം ആബ്രഹ്മണോയേ
പിതൃവംശജാത:
മാതാ:തഥാ,വംശഭവ മദീയാ:
വംശദ്വയേസ്മിൻ
മ മ ദാസ ഭൂതാ
ഭൃത്യാ തഥൈവാശ്രിതാ
സേവകാശ്ച മിത്രാണി സഖ്യാ
പശപശ്ചവൃക്ഷ: ദൃഷ്ടാശ്ച
പൃഷ്ടാശ്ച കൃതോപകാരാ
ജന്മാന്തരേ യേ മമ
സംങ്കതാശ്ച തേഭ്യാ സ്വധാ
പിണ്ഡമഹം ദദാമി
2
പിതൃവംശേ മൃതായേച
മാതൃവംശേ തഥൈവച
ഗുരുശ്വശുര ബന്ധൂനാം യേചാ
അന്ന്യോബാന്ധവാ മൃത യേ മേ
കുലേ ലുപ്തപിണ്ഡം പുത്രധാര വിവർജ്ജിതാ:
ക്രിയാ ലോപ ഹതാശ്ചൈവ
ജാത്യന്ധാ പങ്കവസ്തഥാ
വിരൂപ ആഗ്മ ഗർഭാശ്ച ജ്ഞാതഅജ്ഞാത കുലേ
മമ ധർമ്മ പിണ്ഡോ
മയാദത്തോ അക്ഷയമുപ്തിഷ്ഠതു
3
അസിപത്രേ വനേ ഘോരേ
കുംഭി ഭാഗേ ചാരൗരവേ തേഷാം മുദ്ധരണാർത്ഥായ
ഇമം പിണ്ഡം ദാദാമ്യഹം
4
ഉത്സന്ന കുല കോടിനാം ഏഷാം
ദാതാ കുലേ നഹി ധർമ്മ പിണ്ഡോ മയാദത്തോ
അക്ഷയമുപതിഷ്ഠതു
5
യേ ബാന്ധവാ യേ ബാന്ധവാ
അന്യ ജന്മനി ബാന്ധവാ തേഷാം ഉദ്ധരണാർത്ഥായ
ഇമം പിണ്ഡം ദാദാമ്യഹം
സ്വധാ നമഃ
എന്ന് ചൊല്ലി പിണ്ഡോപരി ജലം വീഴ്ത്തുക
വീണ്ടും എള്ളെടുത്തു തിലോദകം മായാദീയതേ എന്ന് ചൊല്ലി എള്ളോടുകൂടി ജലം പിണ്ഡോപരി വീഴ്ത്തുക .
പിണ്ഡ പിതൃ ദേവതേഭ്യോ നമ:
എന്ന് ചൊല്ലി ഒരു പൂവ് അർപ്പിക്കുക
പിണ്ഡപൂജ
ദർഭകെട്ടു കൊണ്ട് പിണ്ഡോപരി
ജലം തളിക്കുക
1 . പാദ്യം നമഃ
2 . അർഘ്യം നമഃ
3 . ആചമനീയം നമഃ
4 . സ്നാനം നമഃ
5 . വസ്ത്രം നമഃ
6 . ഉപവസ്ത്രം നമഃ
7 . ഉത്തരീയം നമഃ
8 . ഉപവീതം നമഃ
എന്ന് ഉരുവിടുക. ശേഷം ഒരു പൂവ് എടുത്ത് മാല്യം നമഃ
എന്ന് ചൊല്ലി അർച്ചിക്കുക ദർഭകെട്ടു കൊണ്ട് ഗന്ധം നമ: എന്ന് മൂന്ന് പ്രാവശ്യം ചൊല്ലുക. ( ജല , ഗന്ധ ,പുഷ്പ അക്ഷതങ്ങളെല്ലാം കൂട്ടിയെടുത്തു അത്ര ഗന്ധ ഛത്ര പുഷ്പ ധൂപ നൈവേദ്യ ദക്ഷിണാ പ്രദക്ഷിണാദി സർവ രജോപചാരപൂജാം സങ്കൽപ്പയാമി
സമർപ്പയാമി
പ്രാർത്ഥന
അതസി പുഷ്പ സങ്കാശം
പീത വാസം ജനാർദ്ധനയേ
തമസ്യന്തി ഗോവിന്ദം ന തേഷാം വിദ്യതേ ഭയം അനാദിനിധനോ
ദേവശംഖചക്രഗദാധര അവ്യയ പുണ്ഡരീകാക്ഷ പിതൃമോക്ഷ
പ്രഭോ ഭവ:
എന്ന് പ്രാർത്ഥിച്ചു എഴുന്നേറ്റു താഴെ യുള്ള മന്ത്രം ചൊല്ലിക്കൊണ്ട് മൂന്നുപ്രാവശ്യം നിന്നുകൊണ്ട് പ്രദക്ഷിണം വയ്ക്കണം
പ്രദക്ഷിണമന്ത്രം
യാനി യാനി പാപാനി
ജന്മാന്തര കൃതാനി ച
താനി സർവാണി നശ്യന്തു
പ്രദക്ഷിണം പദേ പദേ
തെക്കു നോക്കി നിന്ന്
ശിവം ശിവകരം ശാന്തം
ശിവത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
എന്ന് ചൊല്ലി പ്രാർത്ഥിക്കുക
നമഃ സർവഹിതർത്ഥായ
ജഗദാധാര ഹേതവേ
സാഷ്ടാംഗോയം പ്രണമസ്തു
എന്ന് ചൊല്ലി മൂന്ന് തവണ പിണ്ഡത്തിൽ തൊട്ടു ശിരസ്സിൽ വയ്ക്കുക .
ഉദ്വസനം
വലതുകൈയിൽ പുഷ്പങ്ങൾ എടുത്തു വംശ ദ്വയ പിതൃഭ്യ: ഉദ്യാസയാമി എന്ന് ചൊല്ലി
ഉദ്വസിക്കുക
കർമ്മസമർപ്പണം
കായേന വാചാ മനസേന്ദ്രിയൈർവാ ബുദ്യാത്മനാവത് പ്രകൃത സ്വഭാവത് കരോമിയദ്യത് സകലം പരസ്മൈ നാരായണായേനി സമർപ്പയാമി
എന്ന് ചൊല്ലി സങ്കല്പിച്ചു പിണ്ഡമെടുത്ത് ജലത്തിൽ പവിത്രം കെട്ടഴിച്ചു വെള്ളത്തിൽ മുങ്ങുക . അല്ലെങ്കിൽ കാക്കയ്ക്ക് ബലി ചോറ്കൊടുക്കുക.
ജ്യോതിഷരത്നം ശ്രീജിത്ത് ശ്രീനി ശർമ്മ
+918802000072