വീട്ടിൽ വിഗ്രഹം സൂക്ഷിച്ചാൽ ദോഷം സംഭവിക്കുമോ?
വേദാഗ്നി അരുൺ സുബ്രഹ്മണ്യം
വീട്ടിൽ ഈശ്വര വിഗ്രഹങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ഗൃഹത്തിൽ വിഗ്രഹങ്ങൾ സൂക്ഷിക്കുന്നതിൽ ഒരു തെറ്റുമില്ല. ഗൃഹത്തിൽ ശുദ്ധിയും വൃത്തിയുമുള്ള എവിടെയും കണ്ണിന് കുളിർമ്മകുന്ന ഈശ്വര വിഗ്രഹങ്ങൾ വയ്ക്കാം. പൂജാമുറിയിൽ വിഗ്രഹം വച്ച് ആരാധിക്കുകയും ചെയ്യാം. എന്നാൽ താന്ത്രിക വിധി പ്രകാരം പൂജിക്കരുത്. താന്ത്രികവും പൂജയും വിധിപ്രകാരം പഠിച്ചവർക്ക് മാത്രമേ ആചാരപരമായി അതിന് അനുവാദമുള്ളു. സാധാരണക്കാർക്ക് പൂജാമുറിയാൽ വിഗ്രഹത്തിൽ മുന്നിൽ വിളക്ക് കത്തിച്ചു വച്ചിരുന്ന് സ്തോത്രങ്ങൾ ചെല്ലാം. നാമം ജപിക്കാം. വിഗ്രഹത്തിൽ മാല ചാർത്തുന്നതിലും ഒരു തെറ്റുമില്ല.
കേടുപാടുകൾ ഇല്ലാത്ത പൂർണ്ണകായമായിട്ടുള്ള വിഗ്രഹമേ എവിടെയായാലും സൂക്ഷിക്കാൻ പാടുള്ളു. ആയുധം ശിരസിന് മുകളിലും തിരികെ കുത്തി നിർത്തുന്ന രീതിയിലും ആയിരിക്കരുത്. താമസ ഗുണ ഭാവങ്ങളില്ലാത്ത എല്ലാ വിഗ്രഹങ്ങളും ഗൃഹത്തിൽ വയ്ക്കാം. പൂജാമുറിയിൽ വിഗ്രഹം വയ്ക്കുമ്പോൾ വെറും നിലത്ത് വയ്ക്കരുത്. പീഠത്തിൽ വയ്ക്കണം. വിഗ്രഹങ്ങൾ മാറാലയും പൊടിയും പിടിക്കാതെയും അശുദ്ധമാകാതെയും വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കണം.
കേടുപാടുകൾ വന്ന വിഗ്രഹമോ ചിത്രങ്ങളോ ക്ഷേത്രത്തിൽ സമർപ്പിക്കുകയാ ഉപേക്ഷിക്കുകയോ ചെയ്യരുത്. ഒഴുക്കു വെള്ളത്തിലോ സമുദ്രത്തിലോ നിക്ഷേപിക്കുക.
ഓടക്കുഴലൂതുന്ന കൃഷ്ണനും
പാർത്ഥസാരഥിയും ദോഷമല്ല
ഗണപതി, കൃഷ്ണൻ, ദുർഗ, ശിവകുടുംബം, മുരുകൻ, ശാസ്താവ്, ഹനുമാൻ തുടങ്ങി മൂർത്തികളുടെ വിവിധ ഭാവങ്ങളിലുള്ള വിഗ്രഹങ്ങളാണ് കൂടുതലും വീടുകളിൽ വയ്ക്കുന്നതായി കണ്ടുവരുന്നത്. ഓടക്കുഴലൂതുന്ന കൃഷ്ണന്റെയും പാർത്ഥസാരഥിയുടെയും വിഗ്രഹങ്ങൾ ഗൃഹത്തിൽ വയ്ക്കാവുന്നതാണ്. ഈ രണ്ടു ഭാവങ്ങളിലെ വിഗ്രഹങ്ങൾ വീട്ടിൽ പാടില്ല എന്ന പ്രചരണത്തിൽ ഒരു കഴമ്പുമില്ലെന്ന് തീർത്തു പറയാം.
ശിവലിംഗം എപ്പോഴും
പൂജാമുറിയിൽ മാത്രം
ശിവലിംഗം എപ്പോഴും പൂജാമുറിയിൽ മാത്രം വയ്ക്കണം. ശിവ കുടുംബമായുള്ളതോ പാർവ്വതീ സമേതനായ ശിവനോ ആണ് ഭവനത്തിൽ കൂടുതൽ നല്ലത്. വിഗ്രഹങ്ങൾ മണ്ണ്, ദാരു, ശില, ലോഹം എന്നിങ്ങനെ പല തരത്തിലുണ്ട്. കേരളീയ പാരമ്പര്യ ശൈലിയിലുള്ള ചിത്രങ്ങളും ഗൃഹത്തിൽ വയ്ക്കുന്നതിന് ഉത്തമമാണ്.
ഗണപതിയുടെ വിഗ്രഹങ്ങൾ
വച്ചാലുള്ള ഫലങ്ങൾ
സന്തതിപരമ്പരകളുടെ ക്ഷേമവും ഐശ്വര്യവും ആഗ്രഹിക്കുന്നവർ വീട്ടിൽ ചെമ്പിലുള്ള ഗണേശ വിഗ്രഹം സൂക്ഷിക്കുന്നത് നല്ലതാണ്. ചെമ്പ്‌കൊണ്ടുള്ള ഗണേശ വിഗ്രഹങ്ങൾ കിഴക്കോ തെക്കോ ദിശയിൽ വയ്‌ക്കുക. തെക്ക് പടിഞ്ഞാറോ വടക്ക് കിഴക്കോ ദിശയിൽ വയ്‌ക്കരുത്.
ചന്ദനം ഉൾപ്പടെ വിവിധ തടിയിലുള്ള ഗണേശ വിഗ്രഹങ്ങൾക്ക് നിരവധി ഗുണങ്ങളുണ്ട്. ആരോഗ്യം, ദീർഘായുസ്സ്, വിജയം എന്നിവയ്‌ക്ക് ഇത്തരം വിഗ്രഹങ്ങൾ വച്ച് ആരാധിക്കാറുണ്ട്. അതിനാൽ തടികൊണ്ടുള്ള ഗണേശ വിഗ്രഹങ്ങൾ വടക്ക്, വടക്ക് കിഴക്ക് അല്ലെങ്കിൽ കിഴക്ക് ദിശകളിൽ വയ്‌ക്കുക. തെക്ക്കിഴക്കായി ഇത് ഒരിക്കലും വയ്‌ക്കരുത്.
കളിമണ്ണിൽ തീർത്ത ഗണേശ വിഗ്രഹങ്ങൾ വച്ച്
ആരാധിക്കുന്നതിലൂടെ ആരോഗ്യം, വിജയം എന്നിവ ലഭിക്കും. ഇതിന് പുറമെ തടസ്സങ്ങൾ മാറാൻ
ഉപകരിക്കും. എന്തു തന്നെയായാലും ഇത്തരം വിഗ്രഹങ്ങൾ പടിഞ്ഞാറ് അല്ലെങ്കില് വടക്ക് ദിശകളിൽ വയ്‌ക്കരുത്. തെക്ക് പടിഞ്ഞാറ് ദിക്കിൽ വയ്‌ക്കാം.
പിച്ചളയിൽ തീർത്ത ഗണേശ വിഗ്രങ്ങൾ ഗൃഹത്തിൽ ഐശ്വര്യവും സമൃദ്ധിയും നിറയ്‌ക്കും. പിച്ചളയിൽതീർത്ത വിഗ്രഹങ്ങൾ കിഴക്ക്, തെക്ക്, പടിഞ്ഞാറ് ദിശകളിലായി വയ്‌ക്കാം. അതേസമയം വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ വയ്‌ക്കരുത്.
രോഗികളുടെ മുറിയിൽ
മരുത്വാമല ഹനുമാൻ ആകാം
മാറുപിളർക്കുന്നതും മരുത്വാമല വഹിച്ചു കൊണ്ട് വരുന്നതുമായ ഹനുമാൻ സ്വാമിയുടെ വിഗ്രഹമോ, ചിത്രമോ വീട്ടിൽ വയ്ക്കുന്നത് നന്നല്ല എന്ന് പറയാറുണ്ട്. എന്നാൽ കിടപ്പിലായ രോഗികളുടെ മുറിയിൽ മരുത്വാമലയുമായുള്ള ആഞ്ജനേയ
സ്വാമിയുടെ വിഗ്രഹം വയ്ക്കുന്നത് നല്ലതാണ്. കിഴക്ക്, പടിഞ്ഞാറുദിക്കുകളാണ് നല്ലത്.
സംശയപരിഹാരത്തിന് ബന്ധപ്പെടാം:
വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
+91 9447384985
(തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമി ക്ഷേത്രം
മേൽശാന്തി )