വെങ്കല വിളക്ക് കത്തിച്ചാൽ പാപങ്ങൾ അകലും
ദീപം തെളിയിക്കാൻ ഉപയോഗിക്കുന്ന വിളക്കുകൾക്കും എണ്ണയ്ക്കും പ്രത്യേകം ഫലങ്ങളുണ്ട്. പരമ്പരാഗതമായി മിക്കയാളുകളും വെങ്കല വിളക്ക്, അതായത് ഓട് വിളക്കാണ് ഉപയോഗിക്കുന്നത്. വെങ്കല വിളക്ക് കത്തിച്ചാൽ പാപങ്ങൾ അകലുമെന്നാണ് വിധി.
സ്വർണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ഈയം എന്നിവയടങ്ങിയ പഞ്ചലോഹവിളക്ക് പൂജകൾക്ക് ഉചിതമാണ്. ജ്യോത്സ്യന്റെ ഉപദേശ പ്രകാരം മാത്രംചില പ്രത്യേക സാഹചര്യങ്ങളിൽ ഇരുമ്പ് വിളക്ക് കൊളുത്താറുണ്ട്. ജ്യോതിഷ പരിശോധനയിൽ അകാല മൃത്യുദോഷം കാണുമ്പോൾ അതിൽ നിന്നും മോചനം നേടുന്നതിനാണ് ഇരുമ്പ് വിളക്കിൽ തിരിയിട്ട് തെളിക്കുന്നത്. മൺചിരാത് തെളിക്കുന്നത് വീര്യം വർദ്ധിപ്പിക്കുകയും ജീവിതസുഖം നൽകുകയും ചെയ്യുന്നു.
വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന എണ്ണയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങളിൽ വിളക്ക് തെളിക്കുന്നതിന്ശുദ്ധമായ പശുവിൻ നെയ് ഉപയോഗിക്കുന്നു. സാമ്പത്തിക ശേഷിയുള്ളവർക്ക് വീട്ടിലും നെയ്യ്‌വിളക്ക് തെളിക്കാം. നല്ലെണ്ണയും വെളിച്ചെണ്ണയും ഇതിന് ഉത്തമം തന്നെ. വേപ്പെണ്ണ, നെയ്യ്, പുന്നഎണ്ണ എന്നിവ മൂന്നും കലർത്തിയ മിശ്രിതം കൊണ്ട് വിളക്ക് തെളിയിച്ചാൽ സമ്പത്ത് ഉണ്ടാകും. കുടുംബദേവതകൾക്ക് വിളക്ക് കൊളുത്താൻ ഈ എണ്ണ ഉത്തമമാണ്. നെയ്, വെളിച്ചെണ്ണ, വേപ്പെണ്ണ, പുന്നഎണ്ണ, എള്ളെണ്ണ എന്നിവ അഞ്ചും ചേർത്ത് ഒരു മണ്ഡലകാലം മുഴുവൻ ദീപം തെളിയിച്ച് പൂജ ചെയ്യുന്നവർക്ക് ദേവീ കടാക്ഷവും മന്ത്രസിദ്ധിയും ഉണ്ടാവുമെന്ന് വിശ്വസിക്കപ്പെടുന്നു.
ദീപം തെളിയിക്കുമ്പോൾ ഓരോ ദേവതകൾക്കും പ്രത്യേകം എണ്ണകൾ ഉപയോഗിക്കുന്നത് അതിവേഗം ഫലം ലഭിക്കുന്നതിന് നല്ലതാണത്രേ. ഇതനുസരിച്ച് മഹാലക്ഷ്മിക്ക് നെയ് വിളക്ക് തെളിക്കണം. മഹാവിഷ്ണുവിന് എള്ളെണ്ണയും ഗണപതിഭഗവാന് വെളിച്ചെണ്ണയും, ഭദ്രാദിദേവതകൾക്ക് പുന്ന എണ്ണയും ദേവിക്ക് അഞ്ചുവിധം എണ്ണകളും (നെയ്, വിളക്കെണ്ണ, വേപ്പെണ്ണ, പുന്നഎണ്ണ, വെളിച്ചെണ്ണ എന്നിവ) സർവ്വദേവതകൾക്കും എള്ളെണ്ണയുമാണ് ഉപയോഗിക്കേണ്ടത്.ആചാരങ്ങൾ, പൂജകൾ എന്നിവ നടത്തുമ്പോൾ അലങ്കാരങ്ങളില്ലാത്ത നിലവിളക്കാണ് ഉപയോഗിക്കേണ്ടത്. വിളക്ക് കത്തിക്കുമ്പോൾ വീടിന്റെ പ്രധാന വാതിൽ തുറന്നിട്ടിരിക്കണം. ലക്ഷ്മിദേവി പ്രവേശിക്കുന്ന സമയമാണിത്. വിളക്ക് കത്തിച്ചയാൾ വിളക്കിനെ വണങ്ങണം. നിലവിളക്കിന്റെ പ്രകാശത്തിൽ ലക്ഷ്മീദേവിനൃത്തം ചെയ്യുന്നു എന്നാണ് വിശ്വാസം.
പാലക്കാട് ടി.എസ്. ഉണ്ണി,+919847118340