Saturday, 23 Nov 2024
AstroG.in

വെറുതെ പേരു ചൊല്ലി വിളിച്ചാൽ മതി
നവദുർഗ്ഗ ഈ 9 അനുഗ്രഹങ്ങൾ ചൊരിയും

അശോകൻ ഇറവങ്കര
പ്രപഞ്ചത്തിന്റെ ഈശ്വരിയായി ആരാധിക്കപ്പെടുന്ന ദുർഗ്ഗയ്ക്ക് അനേകം രൂപങ്ങളുണ്ട്. ഏതാണ്ട് 64 വ്യത്യസ്ത രൂപങ്ങളിൽ ദുർഗ്ഗയെ ആരാധിക്കുന്നുണ്ട്. ഇതിൽ ഉഗ്രരൂപ പ്രധാനം നവദുർഗ്ഗയാണ്.

വെറുതെ പേരുചൊല്ലി നവദുർഗ്ഗയെ നിത്യവും പ്രകീർത്തിച്ചാൽ തന്നെ വ്യക്തിക്കും കുടുംബത്തിനും സകലസൗഭാഗ്യങ്ങളും ദേവി ചൊരിയുമെന്ന് അനുഭവസ്ഥർ പറയുന്നു. പേര്, പ്രശസ്തി, ആരോഗ്യം, ധനം, സന്തോഷം അനുകമ്പ, ജ്ഞാനം, ഭക്തി, ശക്തി തുടങ്ങിയ ഒൻപത് അനുഗ്രഹങ്ങളാണ് നവദുർഗ്ഗ ചൊരിയുന്നത്.

വേദങ്ങൾ മോഷ്ടിച്ച മധുകൈടഭന്മാരെ വഞ്ചനയിലൂടെ വധിക്കാൻ വിഷ്ണുവിനെ ഉപദേശിച്ച മഹാകാളി, മഹിഷാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ച മഹിഷാസുര മർദ്ദിനി, കംസനെ ഭയപ്പെടുത്തുകയും കൃഷ്ണന് ചൈതന്യം പകരുകയും ചെയ്ത യോഗമായ, വിപ്രചിത്തി എന്ന അസുരനെ വധിച്ച രക്തദന്തിക, വരൾച്ചയിൽ നിന്ന് ഭൂമിയെ മോചിപ്പിച്ച ശാകംഭരി, പെൺകുഞ്ഞായി അവതരിച്ച് അസുരനിഗ്രഹം നടത്തിയ ഭ്രാമരീദേവി, ശുംഭനിശുംഭന്മാർ സംഹരിച്ച ചാമുണ്ഡി, പതിനഞ്ചു ശരങ്ങൾ ഒന്നൊന്നായി തൊടുത്ത് ദുർഗ്ഗമനെ നാമാവശേഷമാക്കിയ ദുർഗ്ഗ, ചണ്ഡനെയും മുണ്ഡനെയും തോൽപ്പിച്ച ചണ്ഡിക – നവദുർഗ്ഗമാരെന്ന് ലോകം മുഴുവൻ കീർത്തിക്കപ്പെടുന്നത് ഈ ഒൻപത് ദേവീ രൂപങ്ങളെയാണ്.

ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ച് വെള്ള വസ്ത്രം ധരിച്ച് കിഴക്കഭിമുഖമായി ഇരുന്ന് നവദുർഗ്ഗകളെ സ്മരിക്കുന്നത് പാപശാന്തിക്കും അഭീഷ്ടസിദ്ധിക്കും ഫലപ്രദമാണ്. തുടർച്ചയായി 9 ദിനം അനുഷ്ഠിക്കണം. വെളുത്തപക്ഷത്തിനും പഞ്ചമി, നവമി, പ്രഥമ, കാർത്തിക, രോഹിണി, മകം, വെള്ളിയാഴ്ച ദിവസങ്ങൾ ഇപ്രകാരം ധ്യാനം ആരംഭിക്കുവാൻ ഗുണകരമാണ്. നവദുർഗ്ഗാ ഭജനത്തിന് ഏറ്റവും അനുയോജ്യം നവരാത്രികാലമാണ്.

1.മഹാകാളി
പ്രപഞ്ചം പ്രളയത്തിൽ മുങ്ങിക്കിടക്കുന്ന കാലത്ത് വിഷ്ണുഭഗവാന്റെ ചെവിക്കായത്തിൽ നിന്നും രണ്ട് അസുരന്മാർ ജന്മമെടുത്തു. മധുവെന്നും കൈടഭനെന്നും ആയിരുന്നു ഇവരുടെ പേര്. ദേവി ചൊല്ലിക്കൊടുത്ത വാഗ്ബീജ മന്ത്രം ഉരുവിട്ട് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ഇവർ ആഗ്രഹിക്കുമ്പോൾ മാത്രമേ മരിക്കാവൂ എന്ന വരം നേടി. ജനിച്ചപ്പോൾ ആദ്യം ഇവർ കണ്ടത് ബ്രഹ്മാവിനെ ആയിരുന്നു. കണ്ടതും ആക്രമിക്കാൻ ഓടിയടുത്തു. ബ്രഹ്മദേവൻ വിഷ്ണുവിനെ ശരണം പ്രാപിച്ചു. അവർ വിഷ്ണു ഭഗവാനോട് യുദ്ധത്തിനൊരുങ്ങി. ആ യുദ്ധം അയ്യായിരം വർഷം നീണ്ടുനിന്നു. ക്ഷീണിതനായ വിഷ്ണു ദേവിയെ പ്രാർത്ഥിച്ചു. ഭഗവാനെ രക്ഷിക്കാൻ പരാശക്തിയെത്തി. ദേവി മധുകൈടഭന്മാരുടെ മനസിനെ പ്രലോഭിപ്പിച്ച് കീഴ്‌പ്പെടുത്തി. അസുരന്മാർ വിഷ്ണുവിനോട് ഒരു വരം നൽകാമെന്നു പറഞ്ഞു. അവരെ വധിക്കാൻ വരം നൽകണമെന്ന് ഭഗവാൻ ആവശ്യപ്പെട്ടു. ദേവി പ്രലോഭിച്ചതിനാൽ മധുകൈടഭന്മാർ വരം കൊടുത്തു. അങ്ങനെ മധുകൈടഭന്മാർ വധിക്കപ്പെട്ടു. ഈ അസുരന്മാരെ പ്രലോഭിപ്പിച്ച ദേവിയെ മഹാകാളി എന്നു വിളിക്കുന്നു.

2. മഹാലക്ഷ്മി
മഹിഷാസുരൻ എന്ന അസുരൻ പാതാളവും ഭൂമിയും കീഴ്‌പ്പെടുത്തി. തുടർന്ന് ദേവലോകം ആക്രമിച്ചു. മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവന്മാർ പരാജയപ്പെട്ടു. അവർ വിഷ്ണുവിനെ ശരണം പ്രാപിച്ചു. ദേവന്മാരുടെ സങ്കടം മനസിലാക്കിയ വിഷ്ണുഭഗവാൻ ശ്രീപരമേശ്വരനുമായി ചേർന്നു. അവരുടെ ശരീരങ്ങളിൽ നിന്നും പുറപ്പെട്ട തേജസിൽ നിന്നും ഒരു ദേവീരൂപം ജന്മമെടുത്തു ഈ ദേവിയാണ് മഹിഷാസുരമർദ്ദിനി എന്നറിയപ്പെടുന്ന മഹാലക്ഷ്മി. ദേവി മഹിഷാസുരനെ വധിച്ച് ലോകത്തെ രക്ഷിച്ചു.

3. യോഗമായ
കംസനെ നിഗ്രഹിക്കാൻ ദേവകിയുടെ എട്ടാമത്തെ പുത്രനായി വിഷ്ണുഭഗവാൻ അവതാരമെടുത്ത സമയത്ത് ഗോകുലത്തിൽ യശോദാദേവിയുടെ പുത്രിയായി ഒരു ദേവിയും അവതരിച്ചു. ദേവകിയുടെ ഏഴു കുട്ടികളെയും കാലപുരിക്കയച്ച കംസൻ എട്ടാമത്തെ കുട്ടിയെയും വധിക്കുമെന്ന് മനസ്സിലാക്കിയ വസുദേവർ യശോദയുടെ കുട്ടിയെ ദേവകിയുടെ അടുത്തേക്കും ദേവകിയുടെ കുട്ടിയെ യശോദയുടെ അടുത്തേക്കും മാറ്റി. തന്റെ അന്തകനാകാൻ ജനിച്ച കുട്ടിയെ കൊല്ലാൻ കംസനെത്തിയപ്പോൾ കണ്ടത് ഒരു പെൺകുഞ്ഞിനെയാണ്. കാലിൽ തൂക്കിയെടുത്ത് കല്ലിലടിച്ച് ആ കുഞ്ഞിനെയും വധിക്കാൻ കംസൻ തുടങ്ങിയപ്പോൾ കുട്ടി കൈയിൽ നിന്നും വഴുതി ആകാശത്ത് നിലയുറപ്പിച്ചു. പരിഭ്രാന്തനായ കംസൻ മുകളിലേക്കു നോക്കിയപ്പോൾ കണ്ടത് അപൂർവ്വമായ കാന്തിയോടെ ജ്വലിച്ചുയർന്ന് തീഗോളം പോലെ പ്രശോഭിച്ചു നിൽക്കുന്ന യോഗമായാ ദേവിയെയാണ്. കാലാന്തരത്തിൽ ദേവി അസുരപ്പടയെ നിഗ്രഹിക്കാൻ കൃഷ്ണനെ സഹായിച്ചു. യോഗവിദ്യയും മഹാവിദ്യയുമായാണ് ദേവി കൃഷ്ണനോടൊപ്പം നിന്നത്.

4. രക്തദന്തിക
വിപ്രചിത്തി എന്ന ബലവാനായ ഒരു അസുരരാജാവ് പാതാളത്തിൽ ജനിച്ചു. പാതാളവും ഭൂമിയും യുദ്ധത്തിൽ അയാൾ കീഴ്‌പ്പെടുത്തി. ഋഷിമാരും സദ് വൃത്തരും ഈശ്വര വിശ്വാസികളും ഭൂമിദേവിയും അയാളെക്കൊണ്ട് പൊറുതിമുട്ടി. നിരന്തരം ദേവലോകം ആക്രമിച്ച് ദേവന്മാരെ തോൽപ്പിച്ചു രസിച്ചു. വിപ്രചിത്തിയുടെ ശല്യം സഹിക്കാനാകാതെ ദേവഗണങ്ങളും ഭൂമിദേവിയും ദുർഗ്ഗാ ഭഗവതിയെ സ്മരിച്ചു. ദേവി രക്തദന്തികയായി ഭവിച്ചു. അസുരപ്പടയോട് ഏറ്റുമുട്ടിയ ദേവി വിപ്രചിത്തിയെ വധിച്ച് അവന്റെ രക്തം പാനം ചെയ്തു.

5. ശാകംഭരി
അതികഠിനമായ വരൾച്ചയിൽ ഭൂമി ഉഴലുകയാണ്. നൂറുവർഷത്തോളം മഴ പെയ്തതേയില്ല. വെള്ളം കിട്ടാതെ ജീവജാലങ്ങൾ ചത്തൊടുങ്ങി. യാഗങ്ങളും യജ്ഞങ്ങളും ധാരാളം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മഹർഷി ശ്രേഷ്ഠന്മാർ ഒന്നിച്ചിരുന്നാലോചിച്ച് ദുർഗ്ഗാഭഗവതിയെ പ്രാർത്ഥിച്ചു. ദേവി പ്രത്യക്ഷപ്പെട്ട് അവരുടെ സങ്കടത്തിന് അറുതിവരുത്താമെന്ന് വാക്കുകൊടുത്തു. ദേവീകടാക്ഷത്താൽമഴ തുടങ്ങി. സസ്യജന്തുജാലങ്ങൾ സന്തോഷഭരിതരായി. ഇങ്ങനെ അവതരിച്ച ദേവിയാണ് ശാകംഭരി.

6. ഭ്രാമരീദേവി
ഒരിക്കൽ അരുണൻ എന്ന അസുരൻ ദേവലോകം ആക്രമിച്ചു. ദേവന്മാരെ തോൽപ്പിച്ച ദുഷ്ടനായ ഇവൻ ദേവിമാരെയും ഉപദ്രവിച്ചു. ദേവലോക രക്ഷയ്ക്കായി ദേവപത്‌നിമാർ ദുർഗ്ഗാദേവിയെ ഉപാസിച്ചു. ദേവാംഗനകളുടെ സങ്കടം മനസിലാക്കിയ ദുർഗ്ഗാഭഗവതി ഒരു പെൺവണ്ടിന്റെ രൂപത്തിൽ അസുരപ്പടയെ നേരിട്ട് അരുണനെ വധിച്ചു. ഈ ദേവിയെ ഭ്രാമരീദേവി എന്നു വിളിച്ച് ആരാധിക്കുന്നു.

7. ചാമുണ്ഡി
അസുരന്മാരായ ശുംഭ നിശുംഭന്മാർ ദേവലോകം ആക്രമിച്ച് കീഴ്‌പ്പെടുത്തി. ഗത്യന്തരമില്ലാതെ വലഞ്ഞ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ഭഗവാന്റെ ശരീരത്തിൽ നിന്നും പുറപ്പെട്ട തേജസ് മഹാസരസ്വതിയായി രൂപം പൂണ്ടു. സുന്ദരിയായ ദേവിയെ കണ്ട ശുംഭനിശുംഭന്മാർ ദേവിയെ പട്ടമഹിഷിയാക്കാൻ മോഹിച്ചു. അതിനായി സുഗ്രീവനെന്ന ദൂതനെ ദേവിയുടെ അടുത്തേക്ക് അയച്ചു. ദേവി അവനെ മടക്കിയയച്ചു. ദേവിയെ പിടിച്ചുകെട്ടിക്കൊണ്ടുവരാൻ ശുംഭനിശുംഭന്മാർ ചണ്ഡനെന്നും മുണ്ഡനെന്നും പേരുള്ള രണ്ടസുരന്മാരെ നിയോഗിച്ചു. വലിയ സൈന്യവുമായെത്തിയ അവരെ ഘോരമായ യുദ്ധത്തിൽ ദേവി സംഹരിച്ചു. പിന്നീട് പുറപ്പെട്ടത് രക്തബീന്ദുവെന്ന ഒരസുരനായിരുന്നു. അവന്റെ ഒരു തുള്ളിചോര നിലത്തുവീണാൽ അതിൽ നിന്നും ഒരസുരൻ ജന്മമെടുക്കും. ദേവി മഹാകാളിയുടെ
സഹായത്താൽ അവനെ ചോര നിലത്തുവീഴാതെ സംഹരിച്ചു. ഈ ദേവിയാണ് ചാമുണ്ഡി. അവസാനം ശുംഭനിശുംഭന്മാരെയും ദേവി വധിച്ചു.

8. ദുർഗ്ഗ
ദുർഗ്ഗമനെന്ന അസുരനെ കൊലപ്പെടുത്താൻ അവതരിച്ച ദേവിയാണ് ദുർഗ്ഗ. ബ്രഹ്മാവിനെ തപസ്സുചെയ്ത ദുർഗ്ഗമൻ 4 വേദങ്ങളുടെയും മന്ത്രങ്ങളുടെയും അവകാശം നേടി. അതോടെ ദേവമഹർഷീവര്യന്മാർക്ക് വേദമന്ത്രങ്ങളെല്ലാം അപ്രാപ്യമായി. അവരുടെ ശക്തി ക്ഷയിച്ചു. ഈ തക്കം നോക്കി ദുർഗ്ഗമൻ ദേവലോകം ആക്രമിച്ചു. ദേവന്മാർ പരാജയപ്പെട്ടു. അവർ സ്വർലോകം വിട്ട് ഭൂമിയിൽ അഭയം തേടി. ദുർഗ്ഗമൻ അഹങ്കാരം ശമിപ്പിക്കാൻ ത്രിമൂർത്തികൾ ആലോചന തുടങ്ങി. പരാശക്തിയെ അഭയം പ്രാപിക്കാൻ ശ്രീപരമേശ്വരൻ നിർദ്ദേശിച്ചു. ദേവന്മാരെ ഒന്നടങ്കം വിളിച്ചുവരുത്തിയ ത്രിമൂർത്തികൾ ദേവിയെ സ്തുതിച്ചു.
ദേവന്മാരുടെ അപേക്ഷയിൽ മനസ്സലിഞ്ഞ പരാശക്തി ദുർഗ്ഗമനെ നേരിട്ടു. ഒരേസമയം ഭദ്ര, ലക്ഷ്മി, കാളി, താരിണി, ഭൈരവി, മാതംഗി, ശുംഭിനി, മോഹിനി, രുദ്രണി, ഭവാനി, കാമാക്ഷി എന്നിങ്ങനെ അനേക രൂപമെടുത്ത് ദേവി ദുർഗ്ഗമനോടേറ്റുമുട്ടി. ദുർഗ്ഗമനെ വധിച്ച ദേവി ദുർഗ്ഗ എന്ന പേരിൽ അറിയപ്പെട്ടു.

9. ചണ്ഡികാദേവി
ചണ്ഡനെന്നും മുണ്ഡനെന്നും പേരുള്ള രണ്ടസുരന്മാർ ബലപ്രയോഗത്തിലൂടെ ലോകം കീഴടക്കി. ദേവസൈന്യം പോലും ഇവരോട് പരാജയപ്പെട്ടു. ദേവന്മാർ ആശാകേന്ദ്രമായ ജഗത്ജനനിയെ സ്തുതിച്ചു. എപ്പോഴും ദേവകളുടെയും മനുഷ്യരുടെയും രക്ഷിതാവായ ദേവി ചണ്ഡികയായി പ്രത്യക്ഷപ്പെട്ട് ചണ്ഡമുണ്ഡന്മാരെ വധിച്ചു.

അശോകൻ ഇറവങ്കര

Story Summary: Stories behind the nine manifestations of goddess Durga

error: Content is protected !!