Saturday, 23 Nov 2024
AstroG.in

വൈക്കത്തപ്പന്റെ പെരുമയുടെ സ്തുതിഗീതം ഘട്ടിയം ചൊല്ലൽ

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

വൈക്കം മഹാദേവ ക്ഷേത്രത്തിലെ പൂജാകർമ്മങ്ങളിൽ പ്രത്യേകമായ ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. വെള്ളിപൂശിയ ഋഷഭവാഹനം ഘടിപ്പിച്ച വടി കൈയിൽ പിടിച്ച് ഭഗവാന്റെ കീർത്തനങ്ങൾ ചൊല്ലുന്നതാണ് വൈക്കത്തെ ഘട്ടിയം ചൊല്ലൽ. ദീപാരാധനയ്ക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഘട്ടിയം ചൊല്ലൽ നടത്തുന്നത്. സംഗീത പ്രിയനായ വൈക്കത്തപ്പന്റെ പേരും പെരുമയും അറിയിക്കുന്ന സ്തുതിഗീതമാണ് ഇവിടുത്തെ ഘട്ടിയം ചൊല്ലൽ. ഇതാണ് ആ സ്തുതിഗീതം :

ജയ ഗൗരിപതെ, മഹാദേവ,
ത്രിപുരാന്തക ജയ വിജയി ഭവ,
ദേവ ദേവോത്തമ, സാർവഭൗമ,
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ
നായക സ്വാമിൻ,
വ്യാഘ്രാലയേശ, യ സ്വരികാ ഭരാഹോ

തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് ഘട്ടിയം ചൊല്ലലിന് തുടക്കം കുറിച്ചത്. ശിവഭക്തനായ ഒരു ബ്രാഹ്മണനാണ് ഘട്ടിയം ചൊല്ലലിന് നിമിത്തമായത്. ഈ ബ്രാഹ്മണൻ വൈക്കം ക്ഷേത്രത്തിൽ പ്രാതൽ കഴിച്ചു കൊണ്ടിരിക്കെ മറ്റൊരു ബ്രാഹ്മണൻ ഊണുകഴിക്കാൻ ഇരിക്കാൻ സ്ഥലം ചോദിച്ചെത്തി. ആഗതനെ സ്വീകരിച്ചിരുത്തിയ ശേഷം തന്റെ പരാധീനതകൾ ബ്രാഹ്മണൻ പറഞ്ഞു. ഉടൻ, തിരുവിതാംകൂർ മഹാരാജാവിനെ മുഖം കാണിക്കാനും അദ്ദേഹം എല്ലാത്തിനും പരിഹാരം ഉണ്ടാക്കുമെന്നും ആഗതനായ ബ്രാഹ്മണൻ അറിയിച്ചു.

വൈകാതെ ബ്രാഹ്മണൻ തിരുവനന്തപുരത്ത് എത്തി മഹാരാജാവിനെ മുഖം കാണിച്ചു. വൈക്കത്ത് നിന്നെത്തിയ ബ്രാഹ്മണനെ കണ്ട് രാജാവ് ആശ്ചര്യപ്പെട്ടു. കാരണം, ബ്രാഹ്മണന്റെ വരവോടെ രാജാവ് തലേന്ന് കണ്ട സ്വപ്നം യാഥാർത്ഥ്യമായി. വൈക്കത്തപ്പൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിൽ ഘട്ടിയം ചൊല്ലൽ ഇല്ലെന്നും വൈക്കത്തു നിന്നു എത്തുന്ന ബ്രാഹ്മണനെ അതിന് ചുമതലപ്പെടുത്തണമെന്നും അറിയിച്ചിരുന്നു. ഋഷഭവാഹനം ഉറപ്പിച്ച വെള്ളിവടി കൊടുത്തു വിടണമെന്നും ഭഗവാൻ ഓർമ്മിപ്പിച്ചു. ഈ സ്വപ്നമാണ് ബ്രാഹ്മണന്റെ ആഗമനത്തോടെ രാജാവിന്റെ ഓർമ്മയിൽ വന്നത്. ഉടൻ ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി. തുടർന്ന് ആർഭാടങ്ങളോടെ വൈക്കത്തപ്പന്റെ സന്നിധാനത്തിൽ ഘട്ടിയം ചൊല്ലാനുള്ള ചുമതല അദ്ദേഹത്തെ ഏൽപിച്ചു.

ഇതേ പോലെ ഘട്ടിയം ചെയ്യൽ നടക്കുന്ന മറ്റൊരു സന്നിധിയാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

മേഘശ്യാമം പീതകൗശേയവാസം
ശ്രീവത്സാംഗം കൗസ്തുഭോത് ഭാസിതാംഗം……
പുണ്യോപേതം പുണ്ഡരീകായദാക്ഷം
വിഷ്ണും വന്ദേ സർവ്വലോകൈകനാഥം

എന്ന് തുടങ്ങിയ സ്തുതികൾ ചൊല്ലിയ ശേഷം

ദേവാ വിജയീ ഭവ
ദേവദേവോത്തമ ദേവതാ
സാർവ്വഭൗമ
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ
നായക സ്വാമിൻ!
പാർത്ഥസാരഥി അശരീഭവ:

എന്ന് കൂടി ചൊല്ലുന്നു. അമ്പലപ്പുഴയിലെ മറ്റൊരു ചടങ്ങാണ് സങ്കീർത്തനം. അമ്പലപ്പുഴ രാജാവിൻ്റെ കാലത്ത് ആറന്മുളയിലെ ശംഖ് നാദം അമ്പലപ്പുഴ
ക്ഷേത്രത്തിൽ കേൾക്കാമായിരുന്നത്രേ. ആറന്മുള മറ്റൊരു നാട്ടുരാജ്യമായിരുന്നു. ഇത് രസിക്കാത്ത അമ്പലപ്പുഴ രാജാവ് ഭഗവാൻ്റ മുമ്പിൽ കുറച്ചു പേരെ സന്ധ്യാസമയത്ത് സങ്കീർത്തനം ചൊല്ലുന്നതിന് ചുമതലപ്പെടുത്തി. ഇതു കൂടാതെ നടയടക്കുന്നതിന്
മുമ്പ് മൂന്ന് ദിക്കിലായി വാസുദേവാ എന്ന് വിളിക്കുകയും ചെയ്യുന്നു.ആളുകളുടെ എണ്ണം ലോപിച്ചെങ്കിലും ഇന്നും ഈ ചടങ്ങുകൾ നടന്നു വരുന്നു.

അന്നദാന പ്രഭു കൂടിയാണ് വൈക്കത്തപ്പൻ. ഇവിടുത്തെ പ്രാതൽ വളരെ പ്രസിദ്ധമാണ്. പൊലീസ് സേനയുടെ ഗാർഡ് ഒഫ് ഓണർ ഉള്ള ക്ഷേത്രമാണ് വൈക്കം. അമ്പലപ്പുഴ ക്ഷേത്രം പാൽപ്പായസത്തിന് പ്രസിദ്ധി കേട്ടതാണ്. പന്ത്രണ്ടു വർഷം കൂടുമ്പോൾ വൈക്കത്ത് വടക്കു പുറത്തു പാട്ടും അമ്പലപ്പുഴയിൽ പള്ളിപ്പാനയും നടക്കുന്നു.

– ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

നാഗമ്പള്ളി സൂര്യഗായത്രിമഠം, ഗൗരീശപട്ടം,തിരുവനന്തപുരം.

+ 91 960 500 20 47

error: Content is protected !!