Thursday, 21 Nov 2024
AstroG.in

വൈക്കത്തപ്പന്റെ പൊൻതിടമ്പ് വണങ്ങിയാൽ മഹാഭാഗ്യം

വൈക്കത്തപ്പന്റെ പൊൻതിടമ്പ് കണ്ട് വണങ്ങിയാൽ മഹാഭാഗ്യമുണ്ടാകും. ക്ഷേത്രത്തിലെ ശ്രീബലിക്കും ഉത്സവത്തിനും  എഴുന്നള്ളിക്കുന്നതാണ് ഈ പൊൻതിടമ്പ്. പൂർണമായും സ്വർണ്ണത്തിൽ നിർമ്മിച്ച തിടമ്പിന് ചുറ്റും അലങ്കരിക്കുന്നത് സ്വർണ്ണപ്പൂക്കളാണ്. ദിവസത്തിന്റെ പ്രത്യേകത അനുസരിച്ചാണ്  സ്വർണ്ണപ്പൂക്കൾ ചാർത്തുന്നത്. ഒൻപതും പതിമൂന്നും തുടങ്ങി  70 സ്വർണ്ണപ്പൂക്കൾ കൊണ്ട് മാലകെട്ടി ഭഗവാന് ചാർത്താറുണ്ട്. സ്വർണ്ണപ്പൂക്കൾ എന്നാൽ സ്വർണ്ണം കൊണ്ട് നിർമ്മിച്ച പൂക്കൾ എന്നർത്ഥം. വൈക്കത്തഷ്ടമി ദിവസം 70 സ്വർണ്ണപ്പൂക്കൾ കൊണ്ട് മാല ചാർത്താറുണ്ട്. 

വൃശ്ചികമാസത്തിലെ കറുത്ത പക്ഷത്തിലാണ് വൈക്കത്തഷ്ടമി.  12 ദിവസം നീണ്ടു നിൽക്കുന്ന ഈമഹോത്സവം ഇപ്പോൾ നടക്കുകയാണ്. 2020 ഡിസംബർ 8 ചൊവ്വാഴ്ചയാണ്  ഇത്തവണ വൈക്കത്തഷ്ടമി. ഉത്സവസമാപനം അഷ്ടമി നാളും പൂരം നക്ഷത്രവും ചേർന്നു വരുന്ന  ദിനത്തിലായതിനാലാണ്‌ ഈ പേരു ലഭിച്ചത്. വൈക്കത്തഷ്ടമി ദർശനം അതീവ ശ്രേയസ്കരമാണ്. അന്ന് അരുണോദയത്തിനുമുന്‍പ്‌ വൈക്കത്തപ്പനെ വന്ദിക്കുന്നത്‌  അത്യുത്തമമാണത്രേ. ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിൽ തപസിരുന്ന വ്യാഘ്രപാദമുനിയെ  പാർവതീദേവിയോടൊപ്പം വന്ന് ഭഗവാൻ ശ്രീ പരമേശ്വരൻ ദർശനം നൽകി അനുഗ്രഹിച്ചത് ഈ  പുണ്യമുഹൂർത്തത്തിലാണെന്ന്  വിശ്വസിക്കുന്നു.

സർവാഭരണവിഭൂഷിതനായി എഴുന്നെള്ളി നിൽക്കുന്ന വൈക്കത്തപ്പന്റെ അഷ്ടമിദർശനം ഭഗവത്പ്രീതിക്കും ദുഃഖ, ദുരിത  നിവാരണത്തിനും ആഗ്രഹസാഫല്യത്തിനും അത്യുത്തമമാണ്.
പുലർച്ചെ നാലര മുതൽ അഷ്ടമി ദർശനം ആരംഭിക്കും. ഈ ദിനത്തിൽ ക്ഷേത്രത്തില്‍ പൂജകളും നിവേദ്യങ്ങളുമില്ല. പുത്രനായ സുബ്രഹ്മണ്യൻ താരകാസുരനുമേൽ വിജയം കൈവരിക്കുന്നതിനായി അഷ്ടമിദിവസം വൈക്കത്തപ്പന്‍ പ്രാർഥനയോടെ  ഉപവസിക്കുന്നു  എന്നാണ് സങ്കല്‍പം. ഈ ദിവസം പുത്രവിജയത്തിനായി ഭഗവാൻ  അന്നദാനം നടത്തുന്നു. അന്നദാനപ്രഭുവായ ഭഗവാന് താനൊഴികെ മറ്റാരും അന്നു പട്ടിണി കിടക്കരുത് എന്ന് നിർബന്ധമുണ്ട്. അന്ന് രാത്രി വൈക്കത്തപ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഘോഷയാത്രയിൽ പങ്കു ചേരും. ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ . ഭക്തർക്ക് ദർശനം നിയന്ത്രിച്ചിട്ടുണ്ട്. അഷ്ടമി കഴിഞ്ഞ്‌ പിറ്റേ ദിവസം,  ഡിസംബർ 9 രാത്രിയിലാണ്‌ ആറാട്ട്‌. ഇത് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് നടക്കുന്നത്. വൈക്കത്തുനിന്ന് 3 കിലോമീറ്റർ വടക്കുമാറിയാണ് ഈ ക്ഷേത്രം. വൈക്കത്തപ്പന്റെ മകനാണ്  ഉദയനാപുരത്തപ്പൻ. താരകാസുര നിഗ്രഹ ശേഷം വിജയശ്രീലാളിതനായി ഉദയനാപുരത്തപ്പൻ പിതാവിനെ കാണാനെത്തും. വൈക്കത്തപ്പന്‍ മകനെ സ്വീകരിക്കാന്‍ കിഴക്കെ ആനക്കൊട്ടിലില്‍ കാത്തുനില്‍ക്കും. പിന്നീടുള്ള എഴുന്നള്ളത്ത്‌ രണ്ടുപേരും  കൂട്ടമേല്‍ ഭഗവതിയും ചേര്‍ന്നാകും. അതുകഴിഞ്ഞാല്‍ യാത്രപറയല്‍ ചടങ്ങാണ്‌. ശോകമൂകമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ ചടങ്ങ്‌ നാദസ്വരത്തിലൂടെ വാദ്യമേളങ്ങളിലൂടെ ഗജവീരന്മാരുടെ ഭാവപ്രകടനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം വികാരതീവ്രമാണ്‌.അതുപോലെ ഉദയനാപുരത്തപ്പന്‍ തിരിച്ചുപോകുമ്പോള്‍ വൈക്കത്തപ്പന്‍ ഗോപുരവാതില്‍ വരെ പോയി യാത്രപറയുന്ന രംഗം കണ്ട്‌ നെടുവീര്‍പ്പോടെ കൈകൂപ്പുന്ന ഭക്തരുടെ ചിത്രം  മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ കഴിയില്ല. 

ദക്ഷിണകാശി എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർ രാവിലെ വൈക്കത്തപ്പനെ തൊഴുതാൽ വിദ്യാഭ്യാസത്തിൽ ഉയർച്ച ഉറപ്പാണ്.  വൈക്കത്തപ്പൻ ഒരു ദിവസം തന്നെ മൂന്നു ഭാവങ്ങളിൽ ദർശനം നൽകുന്നു. പ്രഭാതത്തിൽ ആദിഗുരുവായ ദക്ഷിണാമൂർത്തി; ഉച്ചയ്ക്ക് കിരാതമൂർത്തി; വൈകുന്നേരം  പാർവതീസമേതനായി ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി  രാജരാജേശ്വരൻ – ഇത്തരത്തിൽ ഭക്തരെ അനുഗ്രഹിക്കുന്നു. വിദ്യാലാഭത്തിന് പ്രഭാതത്തിലെയും കാര്യസാദ്ധ്യത്തിനും ശത്രുനാശത്തിനും ഉച്ചസമയത്തെയും  കുടുംബസൗഖ്യത്തിന്  വൈകുന്നേരത്തെയും ദർശനം ഉത്തമമാണ്.

അതിവിശിഷ്ടമായ വാസ്തു ശില്പകലയാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലേത്. 64 അടി ഉയരം വരുന്ന സ്വര്‍ണ്ണധ്വജം. കരിങ്കല്‍ പാകിയ തിരുമുറ്റത്ത്‌ 365  തിരികളോടുകൂടിയ വിളക്ക്‌. അശ്വത്ഥവൃക്ഷാകൃതിയിലുള്ള ഈ വിളക്ക്‌ എണ്ണയോ നെയ്യോ ഒഴിച്ചുകത്തിക്കുന്ന വഴിപാടാണ്‌ആലുവിളക്ക്‌ തെളിക്കല്‍.  ക്ഷേത്രത്തിലെ ദാരുശില്‍പ്പങ്ങള്‍ വിസ്മയകരമാണ്. തിരുവൈക്കത്തപ്പന്റെ തിരുമുന്‍പില്‍ എത്തുന്നതിന് മുന്‍പ്‌ ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദികേശനെ വണങ്ങണം. തിരുനടയില്‍ നിന്നും സോപാനം വഴി മുഖമണ്ഡപത്തിലേക്ക്‌ ആറുപടികളുണ്ട്. മുന്‍പില്‍ ഭഗവാന്റെ ത്രിനേത്രങ്ങള്‍. ശ്രീകോവിലിനു പുറത്ത്‌ തെക്കുവശത്ത് മഹാഗണപതി, വടക്ക്  ശക്തി ഗണപതി വിഗ്രഹങ്ങളുണ്ട്. വടക്കേ ചുറ്റമ്പലത്തിന്റെ കിഴക്കേ അറ്റത്താണ്‌ മാന്യസ്ഥാനം. വൈക്കത്തപ്പന്‍ ഒരിക്കൽബ്രാഹ്മണവേഷത്തില്‍ വന്ന് ഭോജനം നടത്തുന്നത്‌ വില്വമംഗലം സ്വാമിയാര്‍ കണ്ടുവെന്നും അന്നു മുതല്‍ മാന്യസ്ഥാനം എന്നപേര്‌ വന്നെന്നും പറയപ്പെടുന്നു. ആ സ്ഥലത്ത്‌ ഒരു കരിങ്കല്ലുണ്ട്‌. അവിടെ ഭദ്രദീപം കൊളുത്തിവച്ചാണ്‌ ഇന്നും പ്രാതലിന്‌ ഇലവയ്ക്കുന്നത്‌. വൈക്കത്തെ പ്രാതല്‍ പ്രസിദ്ധമാണ്. വൈക്കത്തപ്പനുള്ള ഏറ്റവും പ്രധാന വഴിപാടും ഈ പ്രാതലാണ്‌. പ്രാതലിന്‌ വിഭവങ്ങള്‍ പാചകം ചെയ്യുന്നിടമാണ്‌ വലിയ അടുക്കള. 

പരശുരാമന്‍ സ്ഥാപിച്ച 108 ശിവാലയങ്ങളില്‍ ഒന്നായ ഈ  ക്ഷേത്രത്തില്‍  അഞ്ചു പൂജകളും  മൂന്ന്‌ ശീവേലിയുമുണ്ട്.അത്താഴ ശീവേലിക്ക്  എഴുന്നെള്ളത്ത്‌ നടക്കുമ്പോള്‍ ഭഗവദ് സ്തുതികള്‍ ചൊല്ലാറുണ്ട്‌. ഘട്ടിയം ചൊല്ലല്‍ എന്നറിയപ്പെടുന്ന ഈ ചടങ്ങ്‌ മറ്റൊരിടത്തുമില്ല. ഇവിടത്തെ പ്രധാന വഴിപാട്‌ അന്നദാനമാണ്‌. സഹസ്രകലശമാണ് വിശേഷ വഴിപാട്. അപ്പോള്‍ മൂലബിംബം പുറത്തേക്ക്‌ എഴുന്നെള്ളിക്കും. ആ സമയത്തെ ദര്‍ശനം ദിവ്യമാണ്.

 – പി.എം. ബിനുകുമാർ , +91-944 769 4053

error: Content is protected !!