Friday, 20 Sep 2024
AstroG.in

വൈക്കത്തപ്പന് പ്രാതൽ വഴിപാട് നടത്തിയാൽ അസാധ്യമായതും നിഷ്പ്രയാസം നടക്കും

പി എം ബിനുകുമാർ
അന്നദാനപ്രഭു എന്ന് അറിയപ്പെടുന്ന വൈക്കത്തപ്പന് പ്രാതൽ വഴിപാട് നടത്തിയാൽ അസാധ്യമായതെന്തും നിഷ്പ്രയാസം നടക്കുമെന്നാണ് വിശ്വാസം. അന്നത്തിന് മുട്ടുവരാതിരിക്കാനും കുടുംബത്തിൽ ഐശ്വര്യം നിറയാനുമാണ് പ്രാതൽ വഴിപാട് നടത്തുന്നതെന്നാണ് വിശ്വാസം. രാജഭരണ കാലത്ത് ഈ ക്ഷേത്രത്തിൽ എന്നും സദ്യയുണ്ടായിരുന്നത് കൊണ്ടാണ് അന്നദാനപ്രഭു എന്ന പേര് ലഭിച്ചത്. വൈക്കത്തപ്പന്റെ പ്രാതൽ മാഹാത്മ്യം വിളിച്ചോതുന്ന ഒരു ഐതിഹ്യം പ്രസിദ്ധമാണ്: ഒരിക്കൽ വൈക്കത്തെ ദേഹണ്ണക്കാരനായ മുട്ടസ്സുനമ്പൂതിരിയെ ആയില്യം തിരുനാൾ മഹാരാജാവ് തിരുവനന്തപുരം
കവടിയാർ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. വൈക്കത്തെ പ്രാതൽ പോലെ ഒരു സദ്യ ഒരുക്കണമെന്നായിരുന്നു മഹാരാജാവിന്റെ ആവശ്യം. വൈക്കത്തെ കണക്ക് പ്രകാരം സാധനങ്ങൾ വാങ്ങി നൽകി. പക്ഷേ ഊണ് കഴിഞ്ഞപ്പോൾ തമ്പുരാന് വൈക്കത്തെ രുചി കിട്ടിയില്ല. മുട്ടസിനെ വിളിച്ച് രാജാവ് കാരണം തിരക്കി. അപ്പോൾ മുട്ടസ്സുനമ്പൂതിരിപറഞ്ഞു: ചാർത്തിന്റെ താഴെ വൈക്കം വലിയ അടുക്കള എന്ന് അവിടെ എഴുതിയിരുന്നു. ഇവിടെ അതില്ലല്ലോ. തമ്പുരാന് സംഗതി മനസിലായി. വൈക്കത്ത് പ്രാതലിന്റെ രുചിമേന്മയ്ക്ക് കാരണം ശ്രീ മഹാദേവന്റെ അനുഗ്രഹമാണെന്ന് മഹാരാജാവ് മനസിലാക്കി.

വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രാതൽ നടക്കുമ്പോൾ ശിവ, പാർവതിമാരുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഒരിക്കൽ വില്വമംഗലം സ്വാമിയാർ വൈക്കത്ത് എത്തിയപ്പോൾ ഭഗവാൻ പ്രാതൽ കഴിക്കുകയായിരുന്നു. പാർവതി ദേവിയാണ് ചോറും കറികളും വിളമ്പിയത്. സ്വാമിയാരെ കണ്ടപ്പോൾ ചട്ടുകം തിരുമേനിക്ക് കൈമാറി, ഭഗവാന് വേണ്ടത് വിളമ്പി കൊടുക്കൂ എന്ന പറഞ്ഞ് ദേവി അപ്രത്യക്ഷയായി എന്നാണ് ഐതിഹ്യം. പ്രാതൽ നടക്കുമ്പോൾ ശിവന്റെയും പാർവതിയുടെയും സാന്നിധ്യം ഉള്ളതിനാലാണ് ഇവിടെ പ്രാതൽ വഴിപാട് നടത്തിയാൽ അതിവേഗം അനുഗ്രഹം ലഭിക്കുന്നത്.

രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാത മൂർത്തിയായും വൈകുന്നേരം പാർവതി സമേതനായ സാംബശിവനായും ഭഗവാൻ വൈക്കത്തപ്പനായി കുടികൊള്ളുന്നു. ഒരാൾ ഉയരമുള്ള മഹാശിവലിംഗമാണ് വൈക്കത്തുള്ളത്. രാവിലെ പന്തീരടിപൂജവരെയാണ്
ജ്ഞാനദാതാവായ ദക്ഷിണാമൂർത്തിയുടെ രൂപം. അത് കഴിഞ്ഞ് ഉച്ചവരെ അർജ്ജുനനുമുന്നിൽ പ്രത്യക്ഷപ്പെട്ട കിരാതമൂർത്തിയുടെ രൂപമാണ്. സകലതിലും വിജയം നൽകുന്ന ശൈവഭാവമാണിത്. വൈകിട്ട് പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരോടൊപ്പമുള്ള രൂപമാണ്. എല്ലാ ഐശ്വര്യവും സമ്മാനിക്കുന്ന ചൈതന്യം ആണിത്.

പുലർച്ചെ 3.30 നാണ് പള്ളിയുണർത്ത്. നാലുമണിക്ക് നടതുറന്നാൽ നിർമ്മാല്യദർശനമുണ്ടാകും. തുടർന്ന് ഓരോരോ പൂജകൾ നടക്കും. 11.30 ന് ഉച്ചശ്രീബലിയോടെ നട അടയ്ക്കും. വൈകിട്ട് 5 മണിക്ക് വീണ്ടും നട തുറക്കും. 6.30 ന് ദീപാരാധനയും 7 മണിക്ക് അത്താഴപൂജയും 8 മണിക്ക് അത്താഴശ്രീബലിയും നടക്കും. ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൈക്കത്തഷ്ടമിയാണ്. 2021 ശനിയാഴ്ചയാണ് ഇത്തവണ അഷ്ടമി. വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പനെ ദർശിച്ചാൽ ആഗ്രഹസാഫല്യം ലഭിക്കുമെന്നാണ് വിശ്വാസം.

ചെമ്പ് മേഞ്ഞ വട്ടശ്രീകോവിലാണ് വൈക്കത്തപ്പൻ കുടികൊള്ളുന്നത്. നാലമ്പലവും ചെമ്പ് മേഞ്ഞതാണ്. രണ്ട് മുറികളുണ്ട് ശ്രീകോവിന്. രണ്ടിലും 6 കരിങ്കൽപ്പടി. ഇത് കടന്ന് വൈക്കത്തപ്പനെ ദർശിക്കാം. രണ്ടടി ഉയരം ഉള്ള പീഠത്തിൽ അഞ്ചടി ഉയരത്തിൽ കിഴക്ക് ദർശനമായാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു. സ്വർണ്ണം കൊണ്ടുള്ള ത്രിനേത്രങ്ങളും ചന്ദ്രക്കലയും നാസാപുടം ചാർത്തലും ശിവലിംഗത്തെ ദിവ്യമാക്കുന്നു. ക്ഷേത്രച്ചുവരിൽ ഭഗവാന്റെ ഭാവങ്ങൾ ആലേഖനം ചെയ്ത ചുവർച്ചിത്രങ്ങളുണ്ട്. വലിയ അടുക്കളയിലെ വെണ്ണിറാണ് ക്ഷേത്രത്തിലെ പ്രസാദം.

പി എം ബിനുകുമാർ,+91-944 769 4053

Story Summary: Vaikkam Sree Mahadeva Temple: Significance Of Prathal Vazhipadu

error: Content is protected !!