വൈക്കത്തഷ്ടമി മഹോത്സവം 13 ദിവസവും തൊഴാം; ആപ്പിൽ ബുക്ക് ചെയ്യണം
പി എം ബിനുകുമാർ
വൈക്കത്തഷ്ടമി മഹോത്സവം നടക്കുന്ന 13 ദിവസവും ഇത്തവണ ക്ഷേത്ര ദർശനം ആപ്നാ ക്യൂ എന്ന മൊബൈൽ ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇക്കുറി വൈക്കത്തഷ്ടമി ചടങ്ങായി നടത്താനാണ് തീരുമാനം. 2020 നവംബർ 27 വെള്ളിയാഴ്ച കൊടിയേറുന്ന 13 ദിവസം നീളുന്ന ഉത്സവത്തിൽ എല്ലാ ചടങ്ങുകളും കൃത്യമായി നടക്കുമെങ്കിലും ഭക്തരുടെ പ്രവേശനം കർശനമായി നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിനുള്ള ബുക്കിംഗ് നവംബർ 26 വ്യാഴാഴ്ച തുടങ്ങും. വൈക്കത്തഷ്ടമി ഡിസംബർ 8 ചൊവ്വാഴ്ചയാണ്. ഡിസംബർ 9 നാണ് ആറാട്ട് . ഇത്തവണ ദർശനത്തിന് ബുക്ക് ചെയ്യേണ്ട ആപ്പ്: apna q. അഷ്ടമി ദർശനം പുലർച്ചെ 4 മുതൽ ഉച്ചക്ക് ഒന്നര വരെ നടക്കും. ഒരു മണിക്കൂറിൽ 700 പേരെ പ്രവേശപ്പിക്കും. ആനയെ എഴുന്നള്ളിക്കുന്ന ചടങ്ങിൽ 26 പേരെ പങ്കെടുപ്പിക്കും. കിഴക്കേ നട വഴി മാത്രമാണ് ഭക്തർക്ക് പ്രവേശനം. ഉത്സവത്തിന്റെ 13 ദിവസവും രാവിലെയും വൈകിട്ടും ദർശനമുണ്ട്. സമയം ദേവസ്വം ബോർഡ് തീരുമാനിക്കും.
വ്യശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിലാണ് വൈക്കത്തഷ്ടമി മഹോത്സവം. അഷ്ടമി ദിവസം ഭഗവാൻ ശ്രീ പരമേശ്വര രൂപത്തിൽ പാർവതീ ദേവിയുമൊത്ത് ഇവിടെ വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രതൃക്ഷപ്പെട്ട് അനുഗ്രഹങ്ങൾ നൽകിയെന്നാണ് ഐതിഹ്യം. വൈക്കത്തപ്പന് പ്രാതൽ വഴിപാട് നടത്തിയാൽ അസാധ്യമായതെന്തും നിഷ്പ്രയാസം നടക്കുമെന്നാണ് വിശ്വാസം. അന്നത്തിന് മുട്ടുവരാതിരിക്കാനും കുടുംബത്തിൽ ഐശ്വര്യം നിറയാനുമാണ് പ്രാതൽ വഴിപാട് നടത്തുന്നതെന്നാണ് വിശ്വാസം.
ഒരിക്കൽ വൈക്കത്തെ ദേഹണ്ണക്കാരനായ മുട്ടസ്സുനമ്പൂതിരിയെ ആയില്യം തിരുനാൾ മഹാരാജാവ് തിരുവനന്തപുരത്ത് കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. വൈക്കത്തെ പ്രാതൽ പോലെ ഒരു സദ്യ ഒരുക്കണമെന്നായിരുന്നു ആവശ്യം. വൈക്കത്തെ കണക്ക് പ്രകാരം സാധനങ്ങൾ വാങ്ങി നൽകി. പക്ഷേ ഊണ് കഴിഞ്ഞപ്പോൾ തമ്പുരാന് വൈക്കത്തെ രുചി കിട്ടിയില്ല. മുട്ടസിനെ വിളിച്ച് രാജാവ് കാരണം തിരക്കി. അപ്പോൾ തിരുമേനി പറഞ്ഞു. ചാർത്തിന്റെ താഴെ വൈക്കം വലിയ അടുക്കള എന്ന് എഴുതിയിരുന്നു. ഇവിടെ അതില്ലല്ലോ. തമ്പുരാന് സംഗതി മനസിലായി. പ്രാതലിന്റെ രുചിമേന്മയ്ക്ക് കാരണം ശ്രീ മഹാദേവന്റെ അനുഗ്രഹമാണെന്ന് മഹാരാജാവ് മനസിലാക്കി.
ഒരിക്കൽ വില്വമംഗലം സ്വാമിയാർ വൈക്കത്ത് എത്തിയപ്പോൾ ഭഗവാൻ പ്രാതൽ കഴിക്കുകയായിരുന്നു. പാർവതി ദേവിയാണ് ചോറും കറികളും വിളമ്പിയത്. സ്വാമിയാരെ കണ്ടപ്പോൾ ചട്ടുകം തിരുമേനിക്ക് കൈമാറി, ഭഗവാന് വേണ്ടത് വിളമ്പി കൊടുക്കൂ എന്ന പറഞ്ഞ് ദേവി അപ്രത്യക്ഷമായായി എന്നാണ് ഐതിഹ്യം. പ്രാതൽ നടക്കുമ്പോൾ ശിവന്റെയും പാർവതിയുടെയും സാന്നിധ്യം വൈക്കത്ത് ഉണ്ട് .
ഒരാൾ ഉയരമുള്ള മഹാശിവലിംഗമാണ് വൈക്കത്തുള്ളത്. രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാത മൂർത്തിയായും വൈകുന്നേരം പാർവതി സമേതനായ സാംബശിവനായും ഭഗവാൻ അധിവസിക്കുന്നു. വലിയ അടുക്കളയിലെ വെണ്ണിറാണ് ക്ഷേത്രത്തിലെ പ്രസാദം.
ദക്ഷിണേന്ത്യയിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം. വലിപ്പച്ചെറുപ്പമോ ജാതി ഉച്ചനീചത്വങ്ങളോ ഇല്ലാതെ ഭക്തരെയെല്ലാം ഒരേ പോലെ കാത്തു രക്ഷിക്കുന്ന അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധി കാശിക്കു തുല്യമാണെന്ന് വിശ്വസിക്കുന്നു.
ഈ ക്ഷേത്ര ചൈതന്യത്തിന്റെ ആവിർഭാവം തേത്രായുഗത്തിലേക്ക് നീളുന്നു. തേത്രായുഗത്തിൽ മാല്യവാൻ എന്ന രാക്ഷസ തപസ്വിയിൽ നിന്നും ശൈവ വിദ്യോപദേശം നേടി ഖരൻ എന്നു പേരുള്ള അസുരൻ ചിദംബരത്ത് പോയി മോക്ഷസിദ്ധിക്ക് അതികഠിനവും അത്യുഗ്രവുമായ തപസ്സ് അനുഷ്ഠിച്ചു. കൊടും തപസ്സിൽ പ്രീതി പൂണ്ട മഹാദേവൻ ഖരൻ ആവശ്യപ്പെട്ട വരത്തോടൊപ്പം ശ്രേഷ്ഠമായ മൂന്നു ശിവലിംഗങ്ങളം നൽകി. ഇതിൽ ഒന്ന് വലതു കൈയ്യിലും മറ്റേത് ഇടതു കൈയ്യിലും ഒന്ന് കഴുത്തിലിറുക്കിയും ആകാശമാർഗ്ഗേ ഖരൻ യാത്ര ചെയ്തു. വഴിമദ്ധ്യേ ഭൂമിയിലിറങ്ങി ശിവലിംഗങ്ങൾ താഴെ വച്ച് വിശ്രമിച്ചു. യാത്ര പുനരാരംഭിക്കാൻ തുടങ്ങിയപ്പോൾ 3 ശിവലിംഗങ്ങളിൽ ഒന്ന് ഭൂമിയിലുറച്ചു പോയെന്ന് മനസിലായി. പിന്നെയും ഉയർത്താൻ ശ്രമിച്ചെങ്കിലും ശ്രമം നിഷ്ഫലമായി. ഖരൻ അഞ്ജലീബദ്ധനായ് പാർവ്വതീപതിയെ സ്തുതിച്ചു. ആ സമയം അശരീരി മുഴങ്ങി: ”എന്നെ ആശ്രയിക്കുന്ന ഭൂലോകവാസികൾക്ക് മോക്ഷം നൽകി ഞാനിവിടെ ഇരുന്നു കൊള്ളാം” ഇത് കേട്ട് ആഹ്ലാദ ചിത്തനായ ഖരൻ കണ്ണു തുറന്നപ്പോൾ സമീപത്ത് വ്യാഘ്രപാദ മഹർഷിയെ കണ്ടു. ഈ ശിവലിംഗം യഥാവിധി പൂജിച്ച് സംരക്ഷിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞ് ഖരൻ കൈലാസം പൂകി മോക്ഷം പ്രാപിച്ചു. ഖരൻ വലതു കൈയ്യിൽ പിടിച്ച ശിവലിംഗമാണ് വൈക്കത്ത് പ്രതിഷ്ഠിക്കപ്പെട്ടത്. കഴുത്തിലിറുക്കി വച്ച ശിവലിംഗം കടുത്തുരുത്തിയിലും ഇടത് കൈയിലേത് ഏറ്റുമാനൂരിലും പ്രതിഷ്ഠിച്ചു. വൈക്കത്തുനിന്ന് കടുത്തുരുത്തിയിലേക്കും അവിടെ നിന്നും ഏറ്റുമാനൂരിലേക്കും തുല്യ ദൂരമാണെന്ന വസ്തുത ഈ ഐതിഹ്യത്തിന് ബലം കൂട്ടുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരു ദിവസം ദർശനം നടത്തിയാൽ കൈലാസത്തിൽ പോയി ശിവദർശനം നടത്തിയതിന് തുല്യമാണെന്ന് വിശ്വാസം.
ക്ഷേത്രങ്ങളുടെ ബന്ധം ഇങ്ങനെയാണെങ്കിലും ഈ ക്ഷേത്രങ്ങളിലെ ദേവന്മാർ ഏക പ്രസാദ സ്വഭാവമുള്ളവരല്ല. വൈക്കത്തപ്പന് ഒന്നിലും പ്രത്യേകിച്ച് ആസക്തിയില്ല. അതുപോലെ എളുപ്പം വാരിക്കോരി നൽകുകയുമില്ല. അല്പം ബോദ്ധ്യപ്പെട്ടാലെ എന്തെങ്കിലും നൽകൂ. പക്ഷേ ഏറ്റുമാനൂരപ്പൻ ക്ഷിപ്രപ്രസാദിയാണ്. എന്ത് തന്നെ ആഗ്രഹിച്ചാലും അപ്പോൾ തന്നെ നൽകും. ന്യായാധിപനായ കൈലാസനാഥന്റെ കോടതിയാണ് കടുത്തുരുത്തി കടുത്തുരുത്തി തളിക്ഷേത്രം.
ഖരൻ ഏൽപ്പിച്ചു പോയ വിഗ്രഹം ശ്രദ്ധയോടെയും ഭക്തിയോടെയും പൂജിച്ചാരാധിച്ച ഭക്തോത്തമനായ വ്യാഘ്രപാദമഹർഷിക്ക് ഒരു വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി ദിവസം ശ്രീ മഹാദേവൻ പർവ്വതീ സമേതനായി ദർശനം നൽകുകയും ഈ സ്ഥലം വ്യാഘ്രപാദപുരം എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞ് അപ്രത്യക്ഷനായി. ഈ ദിവസമാണ് വൈക്കത്തഷ്ടമിയായി ആലോഷിക്കുന്നത്. പിന്നീട്
ക്ഷേത്രപ്രതിഷ്ഠ പരശുരാമൻ നടത്തി ആചാരാനുഷ്ഠാനം ചിട്ടപ്പെടുത്തി എന്നും ഐതിഹ്യം.
വർഷത്തിൽ രണ്ട് തവണ ഉത്സവം നടക്കുന്നതാണ് വൈക്കം ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വ്യാഘ്രപാദ മുനിക്ക് ദർശനം നൽകിയ ദിവസത്തിന്റെ ഓർമ്മ പുതുക്കലാണ് വൈക്കത്തഷ്ടമി. പന്ത്രണ്ടാം ദിവസം അഷ്ടമിയാക്കുന്ന തരത്തിൽ കൊടികയറി വിപുലമായ പരിപാടികളോടുകൂടിയാണ് തിരുവുത്സവം കൊണ്ടാടുന്നത്.
അന്നദാനപ്രഭുവാണ് വൈക്കത്തപ്പൻ. ദേവന്റെ ഏറ്റവും പ്രധാന വഴിപാട് 13 തരം വിഭവങ്ങളടങ്ങിയ പ്രാതലാണ്. വൈക്കത്തപ്പന് പ്രാതൽ കഴിപ്പിക്കുന്നതും ഇവിടുത്തെ പ്രാതൽ കഴിക്കുന്നതും ശ്രേയസ്കരമായി കരുതുന്നു.
പി എം ബിനുകുമാർ, +91 94476 94053