വ്യാഴദോഷങ്ങളിൽ നിന്നും മുക്തി നേടി ഭാഗ്യം വർദ്ധിപ്പിക്കാൻ ഇതാണ് വഴി
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
വ്യാഴഗ്രഹ ദോഷപരിഹാരത്തിനുള്ള ഏറ്റവും ഉത്തമായ പരിഹാരമാണ് നിത്യേനയുള്ള മഹാസുദർശന മന്ത്രജപം. ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും വ്യാഴ, ബുധ ഗ്രഹ ദോഷങ്ങൾ കണ്ടാൽ മഹാസുദർശന മന്ത്രജപവും ചക്രഹോമവും ഏറ്റവും നല്ല പരിഹാരമാണ്.
സുദർശന ഹോമത്തെ ചക്രഹോമം എന്നും പറയുന്നു. വ്യാഴത്തിന്റെ രാശിമാറ്റം ഗുണകരമല്ലാത്തവരെല്ലാം പതിവായി മഹാസുദർശന മന്ത്രം ജപിച്ചാൽ എല്ലാവിധ വ്യാഴദോഷങ്ങളും നീങ്ങും. മിക്കവാറും എല്ലാ ഭക്തരുടെയും അനുഭവമാണിത്. വിഷ്ണു ഭഗവാന്റെ കയ്യിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ് സുദർശനം. നല്ല ദൃഷ്ടി എന്നാണ് സുദർശനം എന്ന വാക്കിന്റെ അർത്ഥം. ഭക്തരെ ഉപദ്രവിക്കുന്ന ദോഷ ദൃഷ്ടികളെ സുദർശന മൂർത്തി ആയിരം പല്ലുകളുള്ള ചക്രം കൊണ്ട് അറുത്തു നീക്കി നമ്മിലേക്ക് വിഷ്ണു ഭഗവാന്റെ ശുഭദൃഷ്ടി നൽകും എന്നാണ് വിശ്വാസം.
എല്ലാ ദിവസവും 108 തവണ സുദർശന മന്ത്രം ജപിച്ചാൽ ശത്രുക്കൾ നിഷ്പ്രഭരാകും. അസുഖങ്ങൾ മാറും. ദാമ്പത്യ ക്ലേശങ്ങൾ അകലും. വിവാഹതടസം നീങ്ങും. അങ്ങനെ സകല ദോഷങ്ങളും അകന്ന് ഭാഗ്യം തെളിയും. ദിവസവും ജപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വ്യാഴാഴ്ചകളിൽ മാത്രം 108 തവണ ജപിക്കുക.
ശത്രുദോഷത്തെയും ആഭിചാരദോഷത്തെയും സൂചിപ്പിക്കുന്ന ഗ്രഹസ്ഥിതി ജാതകത്തിൽ വന്നാലും സുദർശന മന്ത്രജപവും, സുദർശന ഹോമവുമാണ് പരിഹാരം. ദോഷത്തിന്റെ തീവ്രതയനുസരിച്ച് ലഘു സുദർശന ഹോമമായും മഹാസുദർശന ഹോമമായും നടത്താറുണ്ട്. കടലാടി, കടുക്, എള്ള്, അക്ഷതം, പഞ്ചഗവ്യം, നെയ്, പാൽപായസം തുടങ്ങിയ സപ്ത ദ്രവ്യങ്ങളാണ് സാധാരണ ഹോമിക്കുന്നത്. കർമ്മ ഭേദമനുസരിച്ച് നാല്പാമരം, എരിക്ക്, അമൃത്, കറുക, ഇല്ലി, നെല്ലി, പ്ലാശ് തുടങ്ങി പല വസ്തുക്കളും ഹോമ ദ്രവ്യങ്ങളായി ഉപയോഗിക്കുന്നു. വ്യാഴം ചാരവശാൽ അനിഷ്ടരായവർക്ക് ദോഷപരിഹാരത്തിന് സുദർശന ഹോമം വീട്ടിലോ, ക്ഷേത്രത്തിലോ നടത്താവുന്നതാണ്.
സുദർശന ചക്രത്തിന്റെ കളം വരച്ച് അതിൽ ഹോമകുണ്ഡം തീർത്താണ് പൂജ നടത്തുന്നത്. രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഹോമത്തിനൊടുവിൽ കളത്തിന് പുറത്ത് കുമ്പളങ്ങ മുറിച്ച് ഗുരുതി തർപ്പണം ചെയ്യും. തുടർന്ന് ആവാഹിച്ച ശക്തികളെ ജലത്തിൽ ഒഴുക്കുന്നതോടെ പൂജ അവസാനിക്കും.
വ്യാഴ, ബുധ ദശാകാലമുള്ളവർക്കും, ശത്രുദോഷം, ആഭിചാരദോഷം എന്നിവ നേരിടുന്നവർക്കും പരിഹാരമായി മഹാസുദർശനയന്ത്രം ധരിക്കാം. ഉത്തമനായ കർമ്മിയെക്കൊണ്ട് ശരിയായ രീതിയാൽ ചെയ്യിച്ച് ധരിച്ചാൽ മാത്രമേ പ്രയോജനപ്പെടൂ. ലോകത്തിലെ ഏതൊരു ദുഷ്ട ശക്തിയെയും സംഹരിക്കാനുള്ള ശേഷി മഹാസുദർശനത്തിനുണ്ട്. നന്മ ചെയ്യുന്നവർക്ക് എതിരായി പ്രവർത്തിക്കുന്ന എല്ലാത്തിനെയും നശിപ്പിച്ച് ശരിയായ ഭക്തരെ രക്ഷിക്കുന്ന ശക്തിയാണ് മഹാസുദർശന മന്ത്രചൈതന്യം. ഹരിയും ഹരനും ഒന്നിച്ച് വസിക്കുന്ന അത്ഭുത ശക്തിയുമാണിത്. മഹാവിഷ്ണുവിനെയും ശിവനെയും ഒന്നിച്ച് വണങ്ങി മഹാസുദർശന ആരാധന നടത്തുന്നവരുടെ എല്ലാ ആഗ്രഹങ്ങളും ഫലിക്കും.
മഹാസുദര്‍ശനമന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്ര
ഔഷധാസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്ത്രേ
ജ്വാലാ പരീതായ
സര്‍വ്വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട്
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088